ഇന്ത്യൻ ദേശീയ പതാകയുടെ യഥാർത്ഥ ഡിസൈനർ എന്ന ബഹുമതി അലങ്കരിക്കുന്നതു പിംഗളി വെങ്കയ്യയാണ്. ഒരു ദാർശനികനായിരുന്ന അദ്ദേഹം സ്വാതന്ത്ര്യം നേടുന്നതിനു വളരെ മുമ്പുതന്നെ ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമായി കാണുകയും ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു പതാകയെക്കുറിച്ചു സ്വപ്നം കാണുകയും ചെയ്തു. പതാകയ്ക്കുള്ള 24 ഡിസൈനുകൾ പരിഗണനയ്ക്കായി വാഗ്ദാനം ചെയ്തുകൊണ്ട്, “എ നാഷണൽ ഫ്ലാഗ് ഫോർ ഇന്ത്യ” എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന്, വിജയവാഡയിൽ വെച്ചു മഹാത്മാഗാന്ധിയെ കണ്ട അദ്ദേഹം, സ്വാതന്ത്ര്യം ഒരു വിദൂരസ്വപ്നമായിരുന്നപ്പോൾ തന്നെ ദേശീയ പതാകയുടെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം മൂലം, 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വളരെ മുമ്പുതന്നെ ഗാന്ധിജി നിർദ്ദേശിച്ച ഏതാനും ഭേദഗതികളോടെ പതാകയ്ക്ക് അന്തിമരൂപം നൽകപ്പെട്ടു.

മറ്റൊരാളുടെ സ്ഥിരോത്സാഹത്തെക്കുറിച്ചു യേശു പറയുന്നുണ്ട്: ഒരു വിധവയുടെ. തനിക്കു ന്യായം പാലിച്ചുതരാൻ താൽപര്യം കാണിക്കാതിരുന്ന അനീതിയുള്ള ഒരു ന്യായാധിപനെക്കൊണ്ടു തന്റെ സ്ഥിരോത്സാഹത്താൽ ന്യായം നടത്തിയെടുത്ത ഒരു വിധവയുടെ ഉപമ ലൂക്കൊസ് 18:1-8-ൽ പറഞ്ഞിരിക്കുന്നു. തന്റെ ശിഷ്യന്മാർ താമസംവിനാ അനേകം പീഡകൾക്കു ഇരയാകേണ്ടി വരുമായിരുന്ന് യേശുവിന് അറിയാമായിരുന്നു. അവരെയാണ് ഈ ഉപമയിലെ വിധവ പ്രതിനിധീകരിക്കുന്നത് (വാ. 1). ന്യായാധിപന്റെ കാര്യത്തിൽ വിധവ ചെയ്തതുപോലെ, അത്തരം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ പ്രത്യാശ കൈവിടാതെ, മടുത്തുപോകാതെ, പ്രാർത്ഥിക്കാൻ ക്രിസ്തു അവരെ പ്രബോധിപ്പിച്ചു (വാ. 6). തീക്ഷ്ണവും നിരന്തരവുമായ പ്രാർഥനയും സ്ഥിരോത്സാഹവും ഉള്ളിടത്തു ദൈവത്തിന്റെ വിശ്വസ്തത നീതി ഉറപ്പാക്കും (വാ. 8).

പീഡയും അന്യായവും നമ്മുടെ ലോകത്തു ധാരാളമുണ്ട്. അക്രമം, വിദ്വേഷം, ദുർനടപടി എന്നിവയ്ക്കിടയിൽ, മടുത്തുപോകാതെ പ്രാർത്ഥനയിൽ തുടരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം സ്ഥിരതയോടെ നിൽക്കുമ്പോൾ, നമ്മുടെ സ്വർഗ്ഗീയ ന്യായാധിപൻ നമുക്കു നീതി നൽകുമെന്നു വാഗ്ദാനം ചെയ്യുന്നു. യേശു നമ്മെ പഠിപ്പിച്ചതുപോലെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” (മത്തായി 6:10) എന്നു നമുക്കു പ്രാർത്ഥിക്കാം. അവന്റെ മടങ്ങിവരവിൽ പ്രാർത്ഥനയിൽ വിശ്വസ്തരായി നാം കാണപ്പെടട്ടെ (ലൂക്കൊസ് 18:8).