തങ്ങളെ സഹായിച്ച ഓൺലൈൻ കോർപ്പറേഷനോടുള്ള ബഹുമാനാർത്ഥം ഉത്തർപ്രദേശിലെ ഒരു ഗ്രാമം “Snapdeal.com Nagar” എന്നു പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. 2011-നു മുമ്പുവരെ വെള്ളം എടുക്കാൻ ദിവസവും അനേകം കിലോമീറ്ററുകൾ ഗ്രാമവാസികൾക്കു സഞ്ചരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ ഓൺലൈൻ കമ്പനിയുടെ പ്രവർത്തന ഫലമായി, അവർക്കിപ്പോൾ ഹാൻഡ്പമ്പുകൾ വഴി ശുദ്ധജലം നിഷ്പ്രയാസം ലഭ്യമാകുന്നു. സമീപ ഗ്രാമത്തിൽ നിന്നുള്ള പേരു വെളിപ്പെടുത്താത്ത ജീവനക്കാരനാണ് ഇതു സാധ്യമാക്കിയതെന്ന് സിഇഒ കുനാൽ ഭാൽ പറഞ്ഞു. ഈ ജീവനക്കാരൻ ഗ്രാമവാസികളുടെ ദുരവസ്ഥ കോർപ്പറേഷനുമായി പങ്കുവച്ചു. അദ്ദേഹത്തിന്റെ ലളിതമായ സന്ദേശം നൂറുകണക്കിനു ജീവിതങ്ങളിൽ സന്തോഷകരമായ മാറ്റമുണ്ടാക്കി. ഒരു പ്രവാചകന്റെ വിപ്ലവകരമായ പ്രവർത്തനങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരനായ രാജാവായ ആഹാബിനുള്ള ദൈവത്തിന്റെ സന്ദേശം ഈ പ്രവാചകൻ ധൈര്യത്തോടെ അറിയിച്ചു. രാജാവിന് അവൻ നൽകിയ സന്ദേശം സന്തോഷകരമായ ഒന്നായിരുന്നില്ല, പക്ഷേ അതായിരുന്നു സത്യം. അവൻ അതു ദൈവത്തോടുള്ള അനുസരണത്തോടെ പ്രസ്താവിച്ചു (വാ. 42). അതേ കാലഘട്ടത്തിൽ ജീവിക്കുകയും പ്രവചിക്കുകയും ചെയ്ത ഏലീയാവിനെപ്പോലുള്ള മറ്റു പ്രവാചകന്മാരുമുണ്ടായിരുന്നു. അവരുടെ പേരുകളും പ്രവൃത്തികളും പൊതുവെ അറിയാമെങ്കിലും, ഈ പ്രവാചകന്റെ പേര് എങ്ങും പരാമർശിക്കപ്പെടാതെ പോയി. എന്നിരുന്നാലും, ദൈവം തനിക്കുവേണ്ടി നിശ്ചയിച്ച ദൗത്യം അവൻ നിറവേറ്റി.

സ്നാപ്ഡീൽ നഗറിലെ ജീവനക്കാരനെപ്പോലെ, ഈ പേരു പരാമർശിക്കപ്പെടാത്ത പ്രവാചകൻ, നിലവിലുള്ള സ്ഥിതിയെ വെല്ലുവിളിക്കുന്നതാണെങ്കിൽ കൂടി, സത്യം സംസാരിച്ചു. അംഗീകാരം ആവശ്യപ്പെടുന്നതു അപൂർവ്വമല്ലാത്ത ഒരു ലോകത്ത്, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ അനുസരിക്കാൻ നമുക്കു നിശബ്ദമായും താഴ്മയോടെയും പരിശ്രമിക്കാം. നമ്മുടെ ബന്ധങ്ങളിലൂടെയും സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും ദൈവപൈതലെന്ന നിലയിൽ നാം അവന്റെ സന്ദേശം കൈമാറുമ്പോൾ, നമുക്കും മാറ്റത്തിന്റെ ആധാരമാകാൻ സാധിക്കുന്നു. പേരു പരാമർശിച്ചിട്ടില്ലെങ്കിലും, നാം അജ്ഞാതരല്ല. മറ്റാരും കാണാത്തപ്പോഴും ദൈവം നമ്മുടെ പ്രവൃത്തികളെ കാണുകയും നാം ചെയ്യുന്നതു അറിയുകയും ചെയ്യുന്നു (എബ്രായർ 6:10).