ഞങ്ങളുടെ വിവാഹത്തലേന്നത്തെ ചടങ്ങിൽ, ലജ്ജാശീലനായ ഞങ്ങളുടെ സുഹൃത്ത് ഡേവ് ഒരു മൂലയിൽ, ഒരു ദീർഘചതുരാകൃതിയിലുള്ള ടിഷ്യു കൊണ്ട് പൊതിഞ്ഞ ഒരു വസ്തു പിടിച്ചുകൊണ്ട് നിന്നു. സമ്മാനം നൽകാൻ അദ്ദേഹത്തിന്റെ ഊഴം വന്നപ്പോൾ, അദ്ദേഹം അത് മുന്നോട്ട് കൊണ്ടുവന്നു. ഇവാനും ഞാനും അത് വാങ്ങി തുറന്നുനോക്കി. തടിയിൽ കൈകൊണ്ട് കൊത്തിയെടുത്ത ഒരു കലാരൂപം ആയിരുന്നു അത്. പൂർണ്ണ ദീർഘചതുരാകൃതിയിലുള്ള അതിൽ ദീർവൃത്താകൃതിയിലുള്ള കൊത്തുപണിയയിൽ “ദൈവത്തിന്റെ ചില അത്ഭുതങ്ങൾ ചെറുതാണ്” എന്ന കൊത്തിയ വാചകവും ഉണ്ടായിരുന്നു. നാൽപ്പത്തിയഞ്ച് വർഷമായി ഞങ്ങളുടെ വീടിനെ ആ ഫലകം അലങ്കരിക്കുന്നു. ചെറിയ കാര്യങ്ങളിൽ പോലും — ബില്ല് അടയ്ക്കൽ. ഭക്ഷണം നൽകൽ. ജലദോഷം സുഖപ്പെടുത്തൽ — ദൈവം പ്രവർത്തിക്കുന്നുവെന്ന് വീണ്ടും വീണ്ടും അതു ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം ദൈവത്തിന്റെ കരുതലിന്റെ ശ്രദ്ധേയമായ ഈ പ്രസ്താവനയുമായി പൊരുത്തപ്പെടുന്നു.
യെരൂശലേമിന്റെയും ആലയത്തിന്റെയും പുനർനിർമ്മാണത്തെക്കുറിച്ചു യെഹൂദയുടെ ദേശാധിപതിയായ സെരുബ്ബാബേലിനു സെഖര്യാ പ്രവാചകൻ മുഖേന സമാനമായ ഒരു സന്ദേശം ദൈവത്തിൽ നിന്നു ലഭിച്ചു. ബാബിലോന്യ അടിമത്തത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, മന്ദഗതിയിലുള്ള പുരോഗതിയുടെ ഒരു കാലം ആരംഭിച്ചു. അത് യിസ്രായേൽമക്കളെ നിരുത്സാഹപ്പെടുത്തി. “അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?” (സെഖര്യാവ് 4:10) എന്നു ദൈവം പ്രഖ്യാപിച്ചു. നമ്മിലൂടെയും ചിലപ്പോൾ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നു, ചിലപ്പോൾ നമ്മളെ വകവെക്കാതെയും. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖര്യാവ് 4:10).
നമുക്കും ചുറ്റുമുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ നിസ്സാരതയിൽ നമ്മുടെ മനസ്സു മടുക്കുമ്പോൾ, അവന്റെ ചില അത്ഭുതങ്ങൾ “ചെറിയത്” ആയിരിക്കാമെന്നു നമുക്കു ഓർക്കാം. തന്റെ മഹത്തായ ലക്ഷ്യങ്ങൾക്കായി അവൻ ചെറിയ കാര്യങ്ങളെ ഉപയോഗിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ചെറിയ അത്ഭുതങ്ങൾ നിങ്ങൾ എപ്പോഴൊക്കെയാണു കണ്ടിട്ടുള്ളത്? നിങ്ങളുടെ ആവശ്യങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾക്കും അവൻ എങ്ങനെയൊക്കെയാണ് ചെറിയ കാര്യങ്ങളെ ഉപയോഗിച്ചത്?
പ്രിയപ്പെട്ട ദൈവമേ, എന്റെ ജീവിതത്തിൽ അങ്ങയുടെ ചെറിയ അത്ഭുതങ്ങൾ പ്രവർത്തിച്ചതിനു നന്ദി. അങ്ങയുടെ എല്ലാ പ്രവൃത്തികളും ശ്രദ്ധിക്കാൻ എന്നെ സഹായിക്കേണമേ!