
വീണ്ടെടുക്കൽ പരിശീലനം
ഒരു കഥ പറയുന്നതിനിടയിൽ എപ്പോഴെങ്കിലും ഒരു പേരോ തീയതിയോ പോലുള്ള വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ നിങ്ങൾക്കു നിർത്തേണ്ടി വന്നിട്ടുണ്ടോ? കാലക്രമേണ ഓർമ്മകൾ മങ്ങും എന്നു വിശ്വസിച്ചുകൊണ്ടു നമ്മളതിനെ പ്രായമേറുന്നതിൽ ആരോപിക്കാറുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നില്ല. വാസ്തവത്തിൽ, നമ്മുടെ ഓർമ്മശക്തിക്കല്ല പ്രശ്നമെന്നു അവ സൂചിപ്പിക്കുന്നു; ആ ഓർമ്മകൾ വീണ്ടെടുക്കാനുള്ള നമ്മുടെ കഴിവിനാണു പ്രശ്നം. ഏതെങ്കിലും തരത്തിലുള്ള പതിവു പ്രവർത്തനങ്ങൾ ഇല്ലാതെ, ഓർമ്മകൾ വീണ്ടെടുക്കുക പ്രയാസമാണ്.
പതിവായി നിശ്ചിത സമയത്ത് ഒരു നിശ്ചിത ഓർമ്മ ഓർത്തെടുക്കുന്ന പ്രവർത്തനങ്ങളോ അനുഭവങ്ങളോ നടത്തുന്നതാണു ആ വീണ്ടെടുക്കൽ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം. നമ്മുടെ സ്രഷ്ടാവായ ദൈവത്തിന് ഇത് അറിയാമായിരുന്നു. അതിനാൽ ആരാധനയ്ക്കും വിശ്രമത്തിനുമായി ആഴ്ചയിൽ ഒരു ദിവസം മാറ്റിവയ്ക്കാൻ അവൻ യിസ്രായേൽമക്കളോട് നിർദ്ദേശിച്ചു. അത്തരമൊരു വിശ്രമത്തിൽ നിന്ന് ലഭിക്കുന്ന ശാരീരിക വിശ്രമത്തിന് പുറമേ, മാനസിക പരിശീലനത്തിനുള്ള അവസരവും നമുക്ക് ലഭിക്കുന്നു. “ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി” (പുറപ്പാട് 20:11) എന്നത് ഓർത്തെടുക്കാൻ അതു നമുക്ക് അവസരം നൽകുന്നു. ഒരു ദൈവമുണ്ടെന്നും ഇതൊന്നും നമ്മുടെ കഴിവല്ല എന്നും ഓർമ്മിക്കാൻ അത് നമ്മെ സഹായിക്കുന്നു.
നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ദൈവം ചെയ്ത കാര്യങ്ങളുടെ ഓർമ്മകൾ നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലപ്പോഴൊക്കെ നമുക്കു നഷ്ടമായേക്കാം. നമ്മുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ആരാണെന്നും നമുക്ക് അമിതഭാരവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നവൻ ആരാണെന്നും നാം മറന്നുപോയേക്കാം. ഒഴിച്ചുകൂടാനാകാത്ത “വീണ്ടെടുക്കൽ പരിശീലനത്തിന്” നമ്മുടെ ദിനചര്യയിൽ നിന്നുള്ള ഒരു ഇടവേള നമുക്ക് അവസരം നൽകുന്നു - മറ്റു കാര്യങ്ങൾക്ക് ഒരു വിരാമം നൽകിക്കൊണ്ടു നമ്മുടെ ദൈവത്തെ ഓർക്കാനും “അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു” (സങ്കീർത്തനങ്ങൾ 103:2) എന്നത് പ്രവർത്തികമാക്കാനുമുള്ള മനഃപൂർവമായ ഒരു തീരുമാനുള്ള അവസരമാണിത്.

പ്രത്യാശയുടെ വർണ്ണങ്ങൾ
2023 സെപ്റ്റംബർ 11-ന് - അമേരിക്കയ്ക്കെതിരായ ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിന്റെ അന്ന് - ന്യൂയോർക്ക് നഗരത്തിനു മീതേ ആകാശം ഗംഭീരമായ ഇരട്ട മഴവില്ലുകളാൽ അലങ്കരിക്കപ്പെട്ടു. മുൻപ് ഇരട്ട ഗോപുരങ്ങളുടെ ആസ്ഥാനമായിരുന്ന ഈ നഗരമാണ് ആക്രമണങ്ങളിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം, ഇരട്ട മഴവില്ലു കാണാൻ ഇടയായ അവിടെയുണ്ടായിരുന്നവർക്ക് ഒരു പ്രത്യാശയും ശാന്തിയും അതു നൽകി. ആ സമത്ത് പകർത്തിയ ഒരു വീഡിയോ ക്ലിപ്പ്, ആ മഴവില്ലുകൾ വേൾഡ് ട്രേഡ് സെന്റെർ നിലനിന്നിരുന്ന ഇടത്തു നിന്നു തന്നെ ഉയർന്നുവരുന്നതുപോലെയുള്ള തോന്നലുളവാക്കി.
നോഹയുടെ കാലം മുതൽ ആകാശത്തിലെ മഴവില്ലുകൾ ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു ഉറപ്പു സുദൃഢമാക്കുന്നു. സങ്കൽപ്പിക്കാനാവാത്ത നാശത്തിൽ കലാശിച്ച പാപത്തെ സംബന്ധിച്ചുള്ള ദൈവന്യായവിധിയുടെ പശ്ചാത്തലത്തിൽ, “ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമത്തിന്റെ” (ഉല്പത്തി 9:16) ദൃഷ്ടിഗോചരമായ ഓർമ്മപ്പെടുത്തലായി വർണ്ണാഭമായ പ്രതിഭാസം അവൻ സ്ഥാപിച്ചു. മഴ പെയ്തുകൊണ്ടിരുന്ന നാൽപ്പത് ഇരുണ്ട ദിവസങ്ങൾക്കും മാസങ്ങൾ നീണ്ട വെള്ളപ്പൊക്കത്തിനും ശേഷം (7:17-24), നോഹയെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം മഴവില്ല് — “ഉടമ്പടിയുടെ അടയാളം” — എത്രമാത്രം ആശ്വാസദായകമായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ (9:12-13) . “ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല” (വാ. 11) എന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
പ്രകൃതിദുരന്തമോ ശാരീരികമോ വൈകാരികമോ ആയ പീഡയോ രോഗത്തിന്റെ ദുരവസ്ഥയോ കാരണം നാം ഇരുണ്ട ദിനങ്ങളും ദാരുണമായ നഷ്ടങ്ങളും അഭിമുഖീകരിക്കുമ്പോൾ, അവയുടെ നടുവിൽ പ്രത്യാശയ്ക്കായി ദൈവത്തിലേക്ക് നമുക്കു നോക്കാം. ആ നിമിഷങ്ങളിൽ അവന്റെ മഴവില്ലിന്റെ ഒരു മിന്നൊളി നമുക്ക് ലഭിച്ചില്ലെങ്കിലും, തന്റെ വാഗ്ദാനങ്ങളോടുള്ള അവന്റെ വിശ്വസ്തതയെക്കുറിച്ചു നമുക്ക് ഉറപ്പുണ്ടായിരിക്കേണ്ടതാണ്.

ആത്മീയ രാജപദവി
അമേരിക്കയിലെ ജെയ് സ്പെയിറ്റ്സ് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അയാൾ സ്വപ്നത്തിൽ കരുതാത്തതായിരുന്നു ലഭിച്ച ഫലം. അയാൾക്കു വലിയ ആശ്ചര്യം നൽകുന്ന ഒരു കാര്യം അതിൽ ഉൾക്കൊണ്ടിരുന്നു — അയാൾ പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിലെ ഒരു രാജകുമാരനായിരുന്നു! താമസിയാതെ അയാൾ വിമാനത്തിൽ കയറി ആ രാജ്യം സന്ദർശിച്ചു. അയാൾ എത്തിച്ചേർന്നപ്പോൾ, നൃത്തം, സംഗീതം, ഘോഷയാത്ര എന്നിവയോടുകൂടി അയാളെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷപൂർണ്ണമായ വരവേല്പ് രാജകുടുംബം അവനു നൽകി.
ദൈവത്തിന്റെ സുവാർത്തയുടെ പ്രഖ്യാപനമായിട്ടാണു യേശു ഭൂമിയിൽ അവതരിച്ചത്. സുവാർത്ത അറിയിക്കാനും അന്ധകാരത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കാനുമായി അവൻ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുത്തേക്കു ചെന്നു. എന്നാൽ “യഥാർത്ഥ വെളിച്ചം” (യോഹന്നാൻ 1:9) നിരസിച്ച്, അവനെ മശിഹായായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു അനേകർ നിസ്സംഗതയോടെ ആ സന്ദേശം കേട്ടു (വാ. 11). എന്നാൽ അവിശ്വാസവും നിസ്സംഗതയും സാർവത്രികമായിരുന്നില്ല. ചില വ്യക്തികൾ താഴ്മയോടെയും സന്തോഷത്തോടെയും ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവനെ പാപത്തിനായുള്ള ദൈവത്തിന്റെ അന്തിമ യാഗമായി സ്വീകരിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിച്ചു. ഈ വിശ്വസ്ത ശേഷിപ്പിനെ കാത്ത് ഒരു അത്ഭുതമുണ്ടായിരുന്നു. “[അവർക്ക്] ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (വാ. 12) — ആത്മീയ പുനർജനനത്തിലൂടെ അവന്റെ രാജകീയ മക്കളാകാനുള്ള അധികാരം.
പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും തിരിഞ്ഞ് യേശുവിനെ സ്വീകരിച്ച് അവന്റെ നാമത്തിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് രാജകീയമായി ദത്തെടുക്കപ്പെട്ട തന്റെ മക്കളാണു നാമെന്ന് നാം മനസ്സിലാക്കുന്നു. രാജാവിന്റെ മക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ നമുക്ക് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.

യേശുവിൽ നിലനില്ക്കുക
ഒരു തീപിടിത്തത്തിൽ ബൽസോറ ബാപ്റ്റിസ്റ്റ് പള്ളി നിലംപതിക്കുകയുണ്ടായി. തീ അണച്ചതിന് ശേഷം അഗ്നിശമന പ്രവർത്തകരും സമൂഹത്തിലെ അംഗങ്ങളും ഒത്തുകൂടിയപ്പോൾ, പുകയ്ക്കും ചാരത്തിനുമിടയിൽ കത്തിക്കരിഞ്ഞ ഒരു ക്രൂശ് നാട്ടിയ നിലയിൽ നിൽക്കുന്നത് കണ്ട് അവർ ആശ്ചര്യപ്പെട്ടു. തീ “കെട്ടിടത്തെ ഇല്ലാതാക്കിയെങ്കിലും ക്രൂശിനെ ബാക്കിയാക്കി. ആ കെട്ടിടം വെറുമൊരു കെട്ടിടമായിരുന്നു [എന്ന ഓർമ്മപ്പെടുത്തലാണ് ഇത്]. “സഭയെന്നത് അവിടുത്തെ സഭാംഗങ്ങളാണ്” എന്ന് ഒരു അഗ്നിശമന സേനാംഗം അഭിപ്രായപ്പെട്ടു.
സഭ ഒരു കെട്ടിടമല്ല, മറിച്ച് മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിന്റെ ക്രൂശിനാൽ ഏകീകരിക്കപ്പെട്ട ഒരു സമൂഹമാണ്. താൻ തന്റെ ലോകമെമ്പാടുമുള്ള സഭയെ പണിയുമെന്നും, ഒന്നും അതിനെ നശിപ്പിക്കില്ല (മത്തായി 16:18) എന്നും ഭൂമിയിൽ ജീവിച്ചിരുന്ന വേളയിൽ യേശു പത്രൊസിനോട് പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികളെ യേശു ഒരു കൂട്ടമായി കൂട്ടിച്ചേർക്കും. അത് കാലകാലങ്ങളോളം തുടരും. തീവ്രമായ കഷ്ടത ഈ സമൂഹം നേരിടേണ്ടിവരുമെങ്കിലും ആത്യന്തികമായി അവർ അതിനെ തരണം ചെയ്യും. ദൈവം അവരുടെ ഉള്ളിൽ വസിച്ച് അവരെ നിലനിർത്തും (എഫെസ്യർ 2:22).
വൈഷമ്യങ്ങളെ തരണം ചെയ്തു പ്രാദേശിക സഭകൾ സ്ഥാപിച്ചിട്ടും അവ സ്തംഭനാവസ്ഥയിലാകുകയും ചിതറിപ്പോകുകയും ചെയ്യുമ്പോൾ, സഭാ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞെരുക്കമനുഭവിക്കുന്ന വിശ്വാസികളെക്കുറിച്ചു ഭാരപ്പെടുമ്പോൾ, ദൈവജനത്തെ സഹിഷ്ണുതയോടെ ജീവിക്കാൻ പ്രാപ്തരാക്കുന്ന യേശു ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് ഓർക്കാം. അവൻ ഇന്ന് നിർമ്മിക്കുന്ന സഭയുടെ ഭാഗമാണ് നാം. അവൻ നമ്മോടൊപ്പവും നമുക്കുവേണ്ടിയും ഉണ്ട്. അവന്റെ ക്രൂശ് നിലനില്ക്കുന്നു.
ഒരു നല്ല നീക്കം
“ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്” എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന സ്കൗട്ട്സ് മൂവ്മെന്റിനു വളരെ രസകരമായ ഒരു മുദ്രാവാക്യമുണ്ട്, ”ദിവസവും ഒരു നല്ല നീക്കം നടത്തുക.“ അതിലെ അംഗങ്ങൾ എല്ലാ ദിവസവും ആരെയെങ്കിലും സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്നാണ് അതിന്റെ അർത്ഥം. തങ്ങളുടെ രാജ്യത്തെ മികച്ചൊരു ഇടമാക്കി മാറ്റാനുള്ള ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ദയയും സഹായവും നിറഞ്ഞ എന്തെങ്കിലും ചെറിയ പ്രവൃത്തിയായിരിക്കാം അത്. ആ “നല്ല കാര്യം” എത്തരത്തിലുള്ളതായിരിക്കണം എന്നതിനെക്കുറിച്ചു നിർവചനമൊന്നും നൽകിയിട്ടില്ലെങ്കിലും, മറ്റൊരാളുടെ ജീവിതം അൽപ്പമെങ്കിലും എളുപ്പമുള്ളതാക്കി തീർക്കുന്നതുമായി ഇതിനു ബന്ധമുണ്ടെന്നു പൊതുവെ മനസ്സിലാക്കാം.
“ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ” എന്നു സങ്കീർത്തനങ്ങൾ 90:12 പറയുന്നു. പ്രാരംഭത്തിൽ ഇതു പ്രായമായവർക്കുള്ള ഒരു ഉപദേശമായി തോന്നിയേക്കാം. എന്നിരുന്നാലും, അത് അടുത്തു വായിക്കുമ്പോൾ, ഇത് എല്ലാവർക്കും, ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ, ഉദ്ദേശിച്ചുള്ളതാണെന്നു നാം മനസ്സിലാക്കുന്നു. നമ്മുടെ ആയുസ്സ് എഴുപതു വർഷമാണെന്നും അല്ലെങ്കിൽ ചില പഴയ പതിപ്പുകളിൽ കാണുന്നതുപോലെ “ഇരുപതുകളുടെ മൂന്നു വർഷം അധികം പത്ത്” (വാ. 10) ആണെന്നും സങ്കീർത്തനക്കാരൻ പറയുന്നു. വർഷങ്ങളുടെ എണ്ണം പറയുന്നതു മനുഷ്യജീവിതത്തിന്റെ ദീർഘായുസ്സിനെ സൂചിപ്പിക്കുന്നതായി പ്രാരംഭത്തിൽ തോന്നുമെങ്കിലും, സൂക്ഷ്മപരിശോധനയിൽ സങ്കീർത്തനക്കാരൻ ഒരു വ്യക്തിയുടെ ആയുർദൈർഘ്യത്തെ അക്ഷരാർത്ഥത്തിൽ പരാമർശിക്കുകയല്ല ചെയ്യുന്നതെന്നും മറിച്ചു ഭൂമിയിലെ നമ്മുടെ ദിനങ്ങൾ പ്രാധാന്യമുള്ളതാണെന്ന് ഉറപ്പുവരുത്താൻ അവൻ നമ്മോട് ആവശ്യപ്പെടുകയാണെന്നും നമുക്കു മനസ്സിലാകും.
ദയനിറഞ്ഞ ചെറിയ പ്രവൃത്തികൾ, മര്യാദയുള്ള ഉപചാരങ്ങൾ, ഉപകാരപ്രദമായ ഇടപാടുകൾ, മറ്റുള്ളവരുടെ നില പരിഗണിക്കാതെ അവരോടുള്ള നിഷ്പക്ഷമായ പെരുമാറ്റം എന്നിവ നമ്മുടെ നാളുകൾ നേരോടെ ജീവിക്കാനുള്ള ചില ലളിതമായ മാർഗങ്ങളാണ്. ഭൂമിയിൽ നമുക്കുള്ള സമയം നിർണ്ണയിക്കാൻ ഒരിക്കലും സാധിക്കില്ലെങ്കിലും, ദിനംതോറും നന്മ ചെയ്യുന്നത് ഗുണകരമായ മാറ്റത്തിനു ഇടയാക്കുമെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് അതിനായി തീരുമാനമെടുക്കാം. നാം ക്രിസ്തുവിൽ വളർന്ന് അവന്റെ ഉത്കൃഷ്ട ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ, നമ്മുടെ ഓരോ ദിവസവും വിലയേറിയതായി എണ്ണപ്പെടുമെന്ന് ഉറപ്പാണ്.
