ഇരുനൂറു വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിൽ മോഹൻദാസ് കെ. ഗാന്ധിയും മറ്റുള്ളവരും പ്രധാന പങ്കുവഹിച്ചു. തന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളിൽ ഗാന്ധി ഇപ്രകാരം എഴുതുന്നു, “ഗിരിപ്രഭാഷണങ്ങൾ എന്റെ ഹൃദയത്തെ നേരിട്ടു സ്പർശിച്ചവയാണ്… ‘ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക’ എന്ന വേദവാക്യം അളവറ്റവിധം എന്നെ സന്തോഷിപ്പിച്ചു.” അഹിംസയിലൂടെയും അക്രമരാഹിത്യത്തിലൂടെയും കൊളോണിയൽ ഭരണത്തിനെതിരായ ഗാന്ധിയുടെ സഹനസമരത്തെ യേശുവിന്റെ വചനങ്ങൾ പ്രോത്സാഹിപ്പിച്ചു.
അക്രമരാഹിത്യം വെറുതെ ഉപദേശിക്കുകയല്ല യേശു ചെയ്തത്. സഹനസമരത്തിന് അതീതമായിട്ടുള്ള ഒരു സാധകാത്മക പ്രവൃത്തിയായ സ്നേഹത്തെ അവൻ പഠിപ്പിച്ചു. അക്രമം തിരഞ്ഞെടുക്കുന്നതു ചിന്തിക്കാൻപോലും പാടില്ല എന്നു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ കാണിച്ചുതന്നു. നീതിമാനെങ്കിലും യേശു കുറ്റം ചുമത്തപ്പെട്ടു. എന്നിട്ടും, നമ്മോടുള്ള അവന്റെ സ്നേഹം നിമിത്തം, മൗനം പാലിച്ചുകൊണ്ടു ലജ്ജാകരമായ ഒരു മരണശിക്ഷയിലേക്കു അവൻ നയിക്കപ്പെട്ടു (വാ. 7-8). കൊടിയ വിദ്വേഷത്തിനും ക്രോധത്തിനും അപ്പുറത്തേക്കു യേശു നോക്കി. മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം അതാണെന്ന് അറിയാമായിരുന്നതിനാൽ അവൻ കഷ്ടങ്ങൾ സഹിച്ചു. യേശുവിന്റെ സ്നേഹയാഗം നമ്മെ പാപത്തിൽ നിന്നു മോചിപ്പിച്ചു.
കോപമോ വിദ്വേഷമോ അക്രമമോ നിറഞ്ഞ വാക്കുകളും പ്രവൃത്തികളുമായി ജനം നമുക്കെതിരെ വരുമ്പോൾ സ്നേഹവും സമാധാനവും പിന്തുടരുന്നതു ചില സമയങ്ങളിൽ അർത്ഥശൂന്യമായി തോന്നിയേക്കാം. എന്നാൽ നാം അടിച്ചമർത്തപ്പെടുമ്പോൾ, സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുകയും സ്നേഹം കാട്ടിത്തരികയും ഉപദ്രവങ്ങളെ ക്ഷമയോടെ സഹിക്കുകയും ചെയ്ത നമ്മുടെ യജമാനനെ നാം അനുകരിക്കണം. നമ്മിലൂടെ പരിവർത്തനവും ശാന്തിയും കൊണ്ടുവരാൻ അവനു കഴിയും വിധം നമ്മുടെ പ്രവൃത്തികളും വാക്കുകളും, നമ്മുടെ ഉദ്ദേശ്യങ്ങൾ പോലും, അവനെ പ്രതിഫലിപ്പിക്കണം.
എതിർപ്പിനെ സമാധാനപരമായി പരിഹരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അനുകൂലമല്ലാത്ത ഒരു സാഹചര്യത്തിൽ
സമാധാനം നേടാൻ ദൈവം നിങ്ങളെ എങ്ങനെ സഹായിക്കും?
കർത്താവേ, എന്തുതന്നെ പ്രകോപനമുണ്ടായാലും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ ഉറച്ചുനിൽക്കാനായി അങ്ങയുടെ
സ്നേഹത്താൽ സജ്ജമാവാൻ എന്നെ സഹായിക്കേണമേ.