ദക്ഷിണ ഗുജറാത്തിലെ പരമ്പരാഗത റോഗൻ കല ഉപയോഗിച്ച് കൊണ്ടു ഗുണപ്രദമായ ഉദ്ധരണികൾ വരച്ചുചേർത്ത ടീ-ഷർട്ടുകളുടെ രസകരമായ ഒരു ശേഖരം ഒരു സർവകലാശാലയിലെ ടെക്സ്റ്റൈൽ വിദ്യാർത്ഥികൾ കൊണ്ടുവരികയുണ്ടായി. എണ്ണ, പച്ചക്കറി എന്നിവയിൽ നിന്നു നിർമ്മിച്ച പെയിന്റുകൾ ഉപയോഗിക്കുന്ന ഈ കലാകാരന്മാർ എഴുത്താണി ഉപയോഗിച്ച് സങ്കീർണ്ണമായ പാറ്റേണുകൾ വരയ്ക്കുന്നു. സുഖപ്പെടുത്തൽ പ്രമേയമാക്കിയ ആധുനിക ടീ-ഷർട്ടുകളുടെ ഈ ശേഖരം, ഉത്കണ്ഠ, സമ്മർദ്ദം മാനസിക ആഘാതം എന്നിവയിലൂടെ കടന്നുപോകുന്നവർക്കായി ഉപയോഗിച്ചു. അവ ധരിക്കുന്നവർ തങ്ങളുടെ നിരാശയ്ക്കിടയിലും പ്രത്യാശ കണ്ടെത്തുമെന്നായിരുന്നു പ്രതീക്ഷ.
ആദാമിന്റെയും ഹവ്വായുടെയും പതനത്തിനു ശേഷമുള്ള നിരാശാജനകമായ അവസ്ഥയോടു അവരുടെ നഗ്നത മറച്ചുകൊണ്ട് ദൈവവും പ്രതികരിച്ചു. അതായിരുന്നു ആദ്യമായി നിർമ്മിക്കപ്പെട്ട വസ്ത്രം. സർപ്പത്താൽ വഞ്ചിക്കപ്പെട്ട അവർ വിലക്കപ്പെട്ട ഫലം ഭക്ഷിക്കാൻ അഭികാമ്യമാണെന്നു മനസ്സിലാക്കി (വാ. 6). അതിന്റെ അനന്തരഫലം വിനാശകരമായിരുന്നു. അത് അവരുടെ കണ്ണുതുറപ്പിച്ച് അവരുടെ പാപത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. ഭയം, കുറ്റബോധം, ലജ്ജ എന്നീ വികാരങ്ങൾ ആദ്യമായി അനുഭവപ്പെട്ട അവർക്ക് അത്തിയിലയുടെ വസ്ത്രങ്ങൾ (വാ. 7) ഉപയോഗിച്ച് തങ്ങളുടെ നഗ്നത വേണ്ടത്ര “മറയ്ക്കാൻ” കഴിഞ്ഞില്ല. അതിനാൽ, ദൈവം തന്റെ കൃപയാൽ അവർക്കു ധരിക്കാൻ “തോൽകൊണ്ടു ഉടുപ്പു” നിർമ്മിച്ചു നൽകി (വാ. 21). അവരുടെ അടിയന്തിര ആവശ്യഘട്ടത്തിൽ അവൻ അവരെ തേടിയെത്തി.
ദൈവം നമുക്കെല്ലാവർക്കും വേണ്ടി ചെയ്തതിന്റെ പ്രതീകമാണിത്. നമ്മുടെ പാപം വെളിപ്പെട്ടപ്പോൾ, അവന്റെ “രക്ഷാവസ്ത്രവും” അവന്റെ ”നീതി എന്ന അങ്കിയും” കൊണ്ടു നമ്മെ മറയ്ക്കാനായി ദൈവം തന്റെ കൃപയാൽ തന്റെ പുത്രനായ യേശുവിനെ നമുക്കിടയിലേക്ക് അയച്ചു (യെശയ്യാവ് 61:10). ഭയം, ദുഃഖം, കുറ്റബോധം, ലജ്ജ, തകർച്ച എന്നീ വികാരങ്ങൾക്കു നാം അധീനരാകുമ്പോൾ, ദൈവം നമുക്കുവേണ്ടി ഇതിനകം ചെയ്ത കാര്യങ്ങൾ ഓർക്കാൻ നമുക്ക് ഇടയാകട്ടെ. അവന്റെ യാഗത്താൽ നാം മറയ്ക്കപ്പെട്ടിരിക്കുന്നു. അതിനാൽ, നമ്മെ വസ്ത്രം ധരിപ്പിച്ചു അവനിൽ പൂർണ്ണരാക്കിയിരിക്കുന്നു എന്നറിയുന്നതിൽ നമുക്കു പ്രത്യാശ കണ്ടെത്താനാകും.
ആശയറ്റ നിങ്ങളുടെ അവസ്ഥയിൽ പ്രത്യാശ കണ്ടെത്താൻ ദൈവം നിങ്ങളെ എപ്രകാരം സഹായിക്കും? യേശുവിലൂടെ ദൈവത്തിന്റെ നീതി
എന്ന അങ്കി ധരിക്കുക എന്നതിന്റെ അർഥം എന്താണ്?
പ്രിയ കർത്താവേ, ഞാൻ പാപത്താൽ പ്രലോഭിപ്പിക്കപ്പെടുമ്പോഴോ വേദനിക്കുകയും ഉത്കണ്ഠാകുലനാകുകയും ചെയ്യുമ്പോഴോ,
ദയവായി അങ്ങയുടെ പ്രത്യാശ എന്നെ ധരിപ്പിക്കേണമേ.