ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പതിനേഴാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ പറങ്കികൾ” എന്നു വിളിച്ചിരുന്നു. “താഴ്ന്ന ജാതിയിൽ” നിന്നു മതപരിവർത്തനം ചെയ്തവരെ അവരുടെ പോർച്ചുഗീസ് യജമാനന്മാരുമായി ബന്ധപ്പെടുത്തുന്ന ഒരു അപകീർത്തികരമായ പദമായിരുന്നു ഇത്. റോബർട്ട് ഡി നോബിലി തന്റെ ഇറ്റാലിയൻ പദവി ഉപയോഗിച്ചുകൊണ്ടു “ഉയർന്ന ജാതിക്കാർക്ക്” ഇടയിൽ ഇന്ത്യൻ ക്രിസ്ത്യാനികൾക്കു സ്വീകാര്യത കണ്ടെത്താൻ ശ്രമിച്ചു. അദ്ദേഹം തന്റെ കറുത്ത പൗരോഹിത്യ വസ്ത്രങ്ങൾ ഉപേക്ഷിച്ച് സന്യാസിയുടെ കാഷായ വസ്ത്രം ധരിച്ചു, തമിഴിലും സംസ്കൃതത്തിലും വാഗ്വൈഭവം നേടി, ഒരു ബ്രാഹ്മണ പാചകക്കാരനെ വേലയ്ക്കെടുത്തു, നാട്ടുകാരെപ്പോലെ മരത്തടികൊണ്ടുള്ള ചെരുപ്പ് (മെതിയടി) ധരിച്ചു. കുലീനമായ ഇറ്റാലിയൻ വംശജനായ “വെളുത്ത സന്യാസി”യെ കാണാൻ കൗതുകത്തോടെ പലരും തേടി വന്നു.

ന്യായശാസ്ത്രിമാരും പരീശന്മാരും സന്നിഹിതരായിരുന്ന ഒരു സമ്മിശ്ര ജനക്കൂട്ടത്തിൽ, അവരുടെ നേതാക്കളെ അന്ധമായി അനുകരിക്കരുതെന്നു യേശു തന്റെ ശിഷ്യന്മാർക്കും അനുയായികൾക്കും മുന്നറിയിപ്പു നൽകി (വാ. 3). ചരിത്രപരമായി, മറ്റെല്ലാവരേക്കാളും ഈ നേതാക്കൾ തങ്ങളെത്തന്നെ മികച്ചവരായി കണക്കാക്കിയിരുന്നു. ജനം അവരെ ശ്രദ്ധിക്കുന്നതിനായി അവർ വ്യത്യസ്തമായി വസ്ത്രം ധരിച്ചു. “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു (യേശു); നിങ്ങളോ എല്ലാവരും സഹോദരന്മാർ” (വാ. 8) എന്നു പറഞ്ഞുകൊണ്ടു അവരെ മറ്റുള്ളവർക്കു സമന്മാരാക്കി. ആരുടെയും സാമൂഹിക പദവി കണക്കിലെടുക്കാതെ, ഏവർക്കുമായുള്ള ഒരു വിശ്വാസ പദ്ധതി അവൻ അവതരിപ്പിച്ചു.

അറിയാതെയെങ്കിലും നാം പലപ്പോഴും സാമൂഹിക ശ്രേണിയെ പിന്തുടരാറുണ്ട്. എന്നാൽ നമ്മുടെ ജനനം, വിദ്യാഭ്യാസം, സമ്പത്ത്, ലിംഗഭേദം, പ്രായം എന്നിവ മൂലം നാം അവകാശപ്പെടുന്ന ഉയർന്ന പദവി ക്രിസ്തുവിൽ അസാധുവാക്കപ്പെടുന്നു. പൗലൊസ് എഴുതിയതുപോലെ, “അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ” (ഗലാത്യർ 3:28). നമ്മുടെ പശ്ചാത്തലമല്ല നമ്മുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നത്, ക്രിസ്തുവാണ്. ഫിലിപ്പിയർ 3:8-ൽ നാം വായിക്കുന്നതുപോലെ, നമ്മുടെ ഏറ്റവും വലിയ നേട്ടം ക്രിസ്തുവിനെ അറിയുക എന്നതാണ്. മറ്റൊന്നിനും യാതൊരു പ്രാധാന്യവുമില്ല.