ദേശീയ താങ്ക്സ്ഗിവിംഗ് അവധിയോട് അനുബന്ധിച്ച്, യുഎസ് പ്രസിഡന്റ് രണ്ട് ടർക്കിക്കോഴികൾക്കു പ്രസിഡൻഷ്യൽ മാപ്പ് നൽകുന്നതിനായി വൈറ്റ് ഹൗസിലേക്കു സ്വാഗതം ചെയ്തു. പരമ്പരാഗത താങ്ക്സ്ഗിവിംഗ് ഭക്ഷണത്തിന്റെ പ്രധാന വിഭവമായി വിളമ്പുന്നതിനുപകരം, ഈ ടർക്കികൾക്കു ജീവിതകാലം മുഴുവൻ ഒരു ഫാമിൽ സുരക്ഷിതമായി ജീവിക്കാൻ അവസരം ലഭിച്ചു. തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം മനസ്സിലാക്കാൻ ടർക്കികൾക്കു കഴിയില്ലെങ്കിലും, അസാധാരണമായ ഈ വാർഷിക പാരമ്പര്യം ഒരു മാപ്പിന്റെ ജീവദായകമായ ശക്തിയെ എടുത്തുകാണിക്കുന്നു.
യെരൂശലേമിൽ ഇപ്പോഴും ജീവിക്കുന്ന യിസ്രായേൽമക്കൾക്കു ശക്തമായ മുന്നറിയിപ്പ് എഴുതിയപ്പോൾ, ക്ഷമയുടെ പ്രാധാന്യം പ്രവാചകനായ മീഖാ മനസ്സിലാക്കിയിരുന്നു. ഒരു നിയമപരമായ പരാതിക്ക് സമാനമായി, തിന്മ ആഗ്രഹിച്ചതിനും അത്യാഗ്രഹം, വ്യാജം, അക്രമം എന്നിവയിൽ ഏർപ്പെട്ടതിനും (മീഖാ 6:10-15) രാഷ്ട്രത്തിനെതിരെ ദൈവം സാക്ഷ്യം വഹിക്കുന്നതായി മീഖാ രേഖപ്പെടുത്തി (1:2).
ഈ കലഹപ്രിയമായ പ്രവൃത്തികൾക്കിടയിലും, ദൈവം എന്നേക്കും കോപിക്കുകയില്ല, പകരം “അകൃത്യം ക്ഷമിക്കയും അതിക്രമം മോചിക്കയും” (7:18) ചെയ്യും എന്ന വാഗ്ദത്തത്തിൽ വേരൂന്നിയ പ്രത്യാശ മീഖായിൽ അവശേഷിക്കുന്നു. സ്രഷ്ടാവും ന്യായാധിപനും എന്ന നിലയിൽ, ആത്യന്തികമായി യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും നിവൃത്തിയായ അബ്രഹാമിനോടുള്ള അവന്റെ വാഗ്ദത്തം (വാ. 20) നിമിത്തം, നമ്മുടെ പ്രവൃത്തികൾ നമുക്കെതിരായി അവൻ കണക്കാക്കില്ലെന്ന് ആധികാരികമായി പ്രഖ്യാപിക്കാൻ അവനു കഴിയും (വാ. 20).
ദൈവത്തിന്റെ നിലവാരങ്ങൾക്കു യോജിച്ചു ജീവിക്കുന്നതിൽ നാം പരാജയപ്പെടുന്ന എല്ലാ വിധങ്ങളിൽനിന്നും മാപ്പുനൽകുന്നത്, വലിയ അനുഗ്രഹങ്ങൾ കൈവരുത്തുന്ന അനർഹമായ ഒരു ദാനമാണ്. അവന്റെ പൂർണ്ണമായ ക്ഷമയുടെ പ്രയോജനങ്ങൾ നാം കൂടുതലായി ഉൾക്കൊള്ളുന്ന വേളയിൽ, സ്തുതിയിലും നന്ദിയിലും നമുക്ക് പ്രതികരിക്കാം.
ദൈവം വാഗ്ദാനം ചെയ്യുന്ന ക്ഷമയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? അത് എങ്ങനെയാണ് കൃതജ്ഞത അർപ്പിക്കാൻ പ്രേരിപ്പിക്കുന്നത്?
കാരുണ്യവാനായ പിതാവേ, അങ്ങ് എന്റെ അകൃത്യങ്ങൾ ക്ഷമിച്ചതു കാരണം നന്ദിയോടെ ഞാൻ ജീവിക്കട്ടെ.