2023 ജൂലൈ 14-ന്, ബഹിരാകാശ ഗവേഷണ രംഗത്തെ വിശിഷ്ട വിഭാഗത്തിൽ ഇന്ത്യയും പ്രവേശിക്കുകയുണ്ടായി. ചന്ദ്രയാൻ-3 എന്ന ആ വിജയകരമായ ദൗത്യം ഇന്ത്യനേടിയ ഒരു വിജയം മാത്രമായിരുന്നില്ല, ലോകത്ത് ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ചെലവു കുറഞ്ഞ ഉപഗ്രഹം കൂടിയായിരുന്നു അത്. വിജയകരമായ, എന്നാൽ കുറഞ്ഞ ചിലവിലുള്ള ആ സംരംഭത്തെക്കുറിച്ചു സംസാരിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഇന്റർസ്റ്റെല്ലാർ, ഗ്രാവിറ്റി തുടങ്ങിയ ബഹിരാകാശത്തെക്കുറിച്ചുള്ള ചില ഹോളിവുഡ് സിനിമകളേക്കാൾ ചിലവുകുറഞ്ഞതാണ് ഇന്ത്യയുടെ യഥാർത്ഥ ബഹിരാകാശ പര്യവേക്ഷണം എന്നു തമാശയായി അഭിപ്രായപ്പെട്ടു.

ഇന്നത്തെ നമ്മുടെ വായനഭാഗത്ത് വിശ്വാസികളുടെ രക്ഷയ്ക്കായി യേശു നൽകിയ വില പരിഗണിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. യേശുവിനെക്കുറിച്ച് അറിവില്ലാതിരുന്നപ്പോൾ നമുക്കുണ്ടായിരുന്ന “മോഹങ്ങളെ മാതൃകയാക്കാതെ” നടക്കാൻ ലേഖകൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു (1 പത്രൊസ് 1:14). നമുക്കു തലമുറതലമുറയായി കൈമാറിക്കിട്ടിയ “വ്യർത്ഥവും . . . നടപ്പിൽനിന്നു” ദൈവം നമ്മെ രക്ഷിച്ചു (വാ. 18). അതിനാൽ, നമ്മുടെ വീണ്ടെടുപ്പിന്റെ ഉയർന്ന വിലയെക്കുറിച്ച് അജ്ഞരാകരുതെന്ന് എഴുത്തുകാരൻ വിശ്വാസികളെ ഉപദേശിക്കുന്നു. ദൈവത്തിനു പോലും ആ വില വളരെ വലിയതായിരുന്നു. ക്രിസ്തുവിന്റെ “വിലയേറിയ രക്തംകൊണ്ടത്രേ“(വാ. 19) നമ്മെ വിലയ്ക്കു വാങ്ങിയത്. ക്രിസ്തു നമുക്കുവേണ്ടി നൽകിയ ഉയർന്ന വില മനസ്സിലാക്കുമ്പോൾ, ക്രിസ്തു നമുക്കു പ്രദാനം ചെയ്യുന്ന വിശുദ്ധജീവിതത്തെ നമുക്കു യാഥാർത്ഥ്യ ബോധത്തോടെ വിലമതിക്കാനും സ്വീകരിക്കാനും കഴിയും (വാ. 15). നമ്മുടെ ആധുനിക യുഗത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളുടെയും കാതൽ ചെലവിലുള്ള കാര്യക്ഷമതയാണ്. എന്നാൽ ദൈവവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കാൻ ക്രിസ്തു നൽകിയ വില നമുക്ക് ഒരിക്കലും വിലകുറച്ചു കാണാൻ കഴിയാത്ത ഒന്നാണ്. അതിലുപരിയായി, അതിലൂടെ നമുക്കു സാധ്യമാക്കിത്തന്ന വീണ്ടെടുപ്പിന് ഒരിക്കലും അവനു വില തിരികെ നൽകാൻ നമുക്കു കഴികയില്ല. അതിനാൽ, അവൻ കല്പിച്ച പ്രകാരം ദൈവത്തെയും പരസ്പരവും സ്നേഹിക്കാനും ജീവൻ ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു പ്രദാനം ചെയ്ത ജീവിതത്തെ വിലമതിക്കുന്നവിധം ജീവിക്കാനും നമുക്കു തീരുമാനിക്കാം (വാ. 22).