അന്താരാഷ്ട്ര അതിഥികളുടെ സംസ്കാരങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ സഭയിൽ ഒരു ക്രിസ്തുമസ് വിരുന്നു നടക്കുകയായിരുന്നു. പരമ്പരാഗത പശ്ചിമേഷ്യ കരോൾ ഗാനമായ “ലൈലത്ത് അൽ-മിലാദ്” ഒരു സംഗീത സംഘം ആലപിച്ചപ്പോൾ, ഞാൻ ദർബുകയുടെയും (ഒരു തരം വാദ്യോപകരണം) ഔദിന്റെയും (ഗിറ്റാർ പോലുള്ള ഉപകരണം) മേളത്തിനൊപ്പം സന്തോഷത്തോടെ കൈകൊട്ടി. ആ ഗാനത്തിന്റെ അർത്ഥം “ക്രിസ്തുവിന്റെ ജനന രാത്രി” എന്നാണെന്നു സംഘത്തിലെ ഗായകൻ വിശദീകരിച്ചു. ദാഹിക്കുന്ന ഒരാൾക്കു വെള്ളം നൽകുകയോ കരയുന്ന ഒരാളെ ആശ്വസിപ്പിക്കുകയോ പോലെയുള്ള മാർഗ്ഗങ്ങളിലുടെ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലാണ് ക്രിസ്തുമസിന്റെ ആത്മാവു കാണപ്പെടുന്നതെന്നു ആ വരികൾ ശ്രോതാക്കളെ ഓർമ്മിപ്പിക്കുന്നു.
തന്നെ അനുഗമിക്കുന്നവർ തനിക്കുവേണ്ടി ചെയ്ത പ്രവൃത്തികൾക്കു യേശു അവരെ പ്രശംസിക്കുന്ന ഒരു ഉപമയിൽ നിന്നായിരിക്കാം ഈ കരോൾ ഗാനം ആശയമെടുത്തിരിക്കുന്നത്: അവനു വിശന്നപ്പോൾ ഭക്ഷണം നൽകി, ദാഹിച്ചപ്പോൾ കുടിപ്പാൻ കൊടുത്തു, രോഗിയും തനിച്ചും ആയിരുന്നപ്പോൾ സഹവാസവും പരിചരണവും നൽകി (മത്തായി 25:34-36). യേശുവിന്റെ പ്രശംസാവചനം സ്വീകരിക്കുന്നതിനുപകരം, തങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തുവിനുവേണ്ടി ഇപ്പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നു ചിന്തിച്ചുകൊണ്ട്, ഉപമയിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾ ആശ്ചര്യപ്പെടുന്നു. “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു . . .” (വാ. 40) എന്നു അവൻ പ്രത്യുത്തരം നൽകി.
അവധിക്കാലത്ത്, ക്രിസ്തുമസിന്റെ ആത്മാവിനെ ഏറ്റെടുക്കാനുള്ള പ്രോത്സാഹനം പലപ്പോഴും ഒരു ഉത്സവ മനോഭാവം പ്രകടിപ്പിക്കാനുള്ള പ്രേരണയാണ്. മറ്റുള്ളവരെ പരിപാലിക്കുന്നതിലൂടെ യഥാർത്ഥ ക്രിസ്തുമസ് ചൈതന്യം നമുക്ക് പ്രായോഗത്തിൽ വരുത്താൻ കഴിയുമെന്നാണ് “ലൈലത്ത് അൽ-മിലാദ്” നമ്മെ ഓർമ്മിപ്പിക്കുന്നത്. അപ്രകാരം നാം ചെയ്യുമ്പോൾ, നാം മറ്റുള്ളവരെ മാത്രമല്ല, അതിശയമെന്നു പറയട്ടെ, യേശുവിനെയും ശുശ്രൂഷിക്കുന്നു.
ക്രിസ്തുമസിന്റെ ആത്മാവ് എപ്രകാരമാണെന്നാണു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? ഈ കാലത്തു നിങ്ങൾക്ക്
എങ്ങനെ മറ്റുള്ളവരെ സേവിക്കാൻ കഴിയും?
പ്രിയപ്പെട്ട യേശുവേ, ശുശ്രൂഷിക്കപ്പെടാനല്ല മറിച്ചു ശുശ്രൂഷിക്കാനായി ഭൂമിലേക്കു വന്നുകൊണ്ടു അങ്ങു മാതൃക കാട്ടിയ ക്രിസ്തുമസിന്റെ
ആത്മാവിനെ പ്രതിഫലിപ്പിക്കാൻ എന്നെ സഹായിക്കേണമേ.