ഫ്രഞ്ച് ക്വാർട്ടറിലെ ഒരു പരേഡ്, മ്യൂസിയം സന്ദർശനം, പൊരിച്ച മത്സ്യം പരീക്ഷിച്ചുനോക്കൽ എന്നിവയടങ്ങിയ പോണ്ടിച്ചേരിയിലെ എന്റെ വാരാന്ത്യം എനിക്ക് വളരെധികം ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ സുഹൃത്തിന്റെ ഭവനത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ, എനിക്ക് എന്റെ ഭാര്യയെയും കുട്ടികളെയും കാണാനുള്ള അതിയായ ആശയുണ്ടായി. മറ്റ് നഗരങ്ങളിൽ പ്രസംഗിക്കാനുള്ള അവസരങ്ങൾ ഞാൻ ആസ്വദിക്കാറുണ്ടെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വീട്ടിലായിരിക്കാനാണ്.
യേശുവിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ പലതും വഴിയിൽവച്ചു സംഭവിച്ചു എന്നതാണ് അവന്റെ ജീവിതത്തിൽ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു വശം. തന്റെ സ്വർഗീയ ഭവനത്തിൽ നിന്നു കണക്കുകൂട്ടാൻ കഴിയാത്തത്ര ദൂരെയും തന്റെ കുടുംബത്തിന്റെ ജന്മനാടായ നസറെത്തിൽ നിന്നും വളരെ അകലെയുമുള്ള ബേത്ത്ലേഹെമിൽവച്ചു ദൈവപുത്രൻ നമ്മുടെ ലോകത്തേക്ക് പ്രവേശിച്ചു. ജനസംഖ്യാ കണക്കെടുപ്പിനായി എത്തിയ കുടുംബങ്ങളാൽ ബേത്ത്ലേഹെം നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. അതിനാൽ ഒരു അധിക കറ്റാലമ അഥവാ “വഴിയമ്പലത്തിലെ മുറി” പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:7).
യേശുവിന്റെ ജനനസമയത്തു ലഭിക്കാതിരുന്നത് അവന്റെ മരണസമയത്തു ലഭ്യമായി. യേശു തന്റെ ശിഷ്യന്മാരെ യെരൂശലേമിലേക്കു നയിച്ചപ്പോൾ, പെസഹാ അത്താഴത്തിനായി ഒരുങ്ങാൻ അവൻ പത്രൊസിനോടും യോഹന്നാനോടും ആവശ്യപ്പെട്ടു. ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരു മനുഷ്യനെ അവന്റെ വീട്ടിലേക്ക് അവർ അനുഗമിച്ചിട്ടു, വീട്ടുടമയോട് കറ്റാലമ – ക്രിസ്തുവിനും അവന്റെ ശിഷ്യന്മാർക്കും അന്ത്യത്താഴം കഴിക്കാൻ കഴിയുന്ന അതിഥി മുറി – ആവശ്യപ്പെടണം എന്നവൻ അവരോടു പറഞ്ഞു (22:10-12). അവിടെ, കടമെടുത്ത സ്ഥലത്ത്, ഇപ്പോൾ തിരുവത്താഴം എന്നു വിളിക്കപ്പെടുന്ന ചടങ്ങു യേശു സ്ഥാപിച്ചു. അത് ആസന്നമായ അവന്റെ ക്രൂശീകരണത്തെ സംബന്ധിച്ചുള്ള ഭാവി സൂചനയായിരുന്നു (വാ. 17-20). നാം നമ്മുടെ ഭവനത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം യേശുവിന്റെ ആത്മാവിനൊപ്പം സഞ്ചരിക്കുകയാണെങ്കിൽ, ഒരു അതിഥി മുറി പോലും അവനുമായുള്ള കൂട്ടായ്മയുടെ സ്ഥലമായി മാറും.
നിങ്ങളെ സംബന്ധിച്ച് ഏറ്റവും അർത്ഥവത്തായ നിമിഷങ്ങൾ എവിടെവച്ചാണു സംഭവിച്ചത്? എന്തായിരുന്നു അവയെ അവിസ്മരണീയമാക്കിയത്? നിങ്ങൾ വഴിയിലായിരിക്കുമ്പോൾ, നിങ്ങളുടെ താൽക്കാലിക താമസം ക്രിസ്തുവിനുവേണ്ടി എങ്ങനെ നിങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താം?
യേശുവേ, ഭവനത്തിൽ നിന്ന് അകലെയുള്ള സഞ്ചാരിയുടെ സുഹൃത്തേ, അങ്ങ് എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് ഓർമിക്കാൻ എന്നെ സഹായിക്കേണമേ.