ആട്ടിടയന്മാർ തങ്ങളുടെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതു ചിത്രീകരിക്കുന്ന ഒരു കലാസൃഷ്ടി എന്റെ മാതാപിതാക്കളുടെ ഭവനത്തിലുണ്ട്. ഒരു പെയിന്റിംഗു പോലെ അതു തോന്നുമെങ്കിലും, ക്യാൻവാസിനും പെയിന്റിനും പകരം പൂർണ്ണമായും മരത്തടി കൊണ്ടാണ് അതു നിർമ്മിച്ചിരിക്കുന്നത്. വസ്തുക്കളുടെയും കഥാപാത്രങ്ങളുടെയും നിറം, ഗാഢത, രൂപരേഖ എന്നിവ രൂപപ്പെടുത്താൻ വ്യത്യസ്ത തരം തടികൾ അതിൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള കലയെ “മൈസൂർ വുഡ് ഇൻലേ വർക്ക്” എന്നാണു വിളിക്കുന്നതെന്നു പിന്നീടു ഞങ്ങൾ മനസ്സിലാക്കി. ദൈവം എന്റെ ഇടയനാണെന്ന് അതെന്നെ ഓർമ്മിപ്പിക്കുന്നതിനാൽ, ഓരോ തവണയും അതു കാണുമ്പോൾ ഞാൻ പ്രത്യാശയാൽ നിറയുന്നു. എന്നെ ആശ്വസിപ്പിക്കാനും തന്റെ സാന്നിദ്ധ്യത്തെ എന്നിൽ വീണ്ടും ഉറപ്പിക്കാനും ദൈവം ഈ കലാസൃഷ്ടിയെ ഉപയോഗിക്കുന്നു. ഈ പ്രചോദിത കലാസൃഷ്ടിക്കും അതിനുള്ള സർഗ്ഗാത്മകതയാൽ അനുഗ്രഹിക്കപ്പെട്ട മരപ്പണിക്കാർക്കുമായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

ദൈവം കാലാകാലങ്ങളായി കലയെയും കലാകാരന്മാരെയും പ്രചോദിപ്പിക്കുന്നു. പുറപ്പാടിൽ, തിരുനിവാസത്തിലെ വസ്തുക്കൾ എങ്ങനെ കാണപ്പെടണമെന്നു ദൈവം മോശയോടു പറഞ്ഞിരിക്കുന്നു (വാ. 6). “ഞാൻ പേർ ചൊല്ലി വിളിച്ചിരിക്കുന്നു”, “കൂടെ ആക്കിയിരിക്കുന്നു”, “ജ്ഞാനം നൽകിയിരിക്കുന്നു”, “ദിവ്യാത്മാവിനാൽ . . . നിറെച്ചിരിക്കുന്നു” എന്നിങ്ങനെ അരുളിച്ചെയ്തുകൊണ്ട് ആരാധനയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നിർമ്മിക്കാൻ അവൻ ബെസലേലിനെയും ഒഹൊലീയാബിനെയും ചുമതലപ്പെടുത്തുന്നു. “കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്വാനും രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും” (വാ. 4) അവൻ അവർക്കു ജ്ഞാനവും സാമർത്ഥ്യവും നൽകി. ആരാധനയിൽ ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാൻ ദൈവം കലാകാരന്മാരെ തിരഞ്ഞെടുക്കുകയും പ്രചോദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു.

ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കാര്യത്തിലെന്നപോലെ, നമ്മുടെ കലാപരമായ ദാനങ്ങൾ ദൈവത്തിന്റെ ആത്മാവാണു നമുക്കു നൽകിയിരിക്കുന്നത്. തനിക്കുവേണ്ടി സൃഷ്ടിക്കുവാനായി ദൈവമാണു നമ്മെ തെരഞ്ഞെടുത്തതും നമ്മെ നിയോഗിച്ചതും അവന്റെ ആത്മാവിനാൽ നമ്മെ നിറച്ചതും. ആരെയാണ് അതു സഹായിക്കുന്നതെന്നു നമുക്ക് അറിയില്ലായിരിക്കാം. എന്നാൽ ദൈവത്തിന്റെ നടത്തിപ്പിനും പ്രചോദനത്തിനും കീഴിൽ നാം കലാസൃഷ്ടി നടത്തുകയാണെങ്കിൽ, വ്യക്തികളെ ആശ്വസിപ്പിക്കാനും അവരുടെയും നമ്മുടെയും ജീവിതങ്ങളെ സമ്പന്നമാക്കാനും അവൻ അത് ഉപയോഗിക്കും.