ഏകദേശം ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ മാതുവിനു ജോലിയൊന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, അനിശ്ചിതത്വം നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള ഭയാനകമായ ചിന്തകൾ അവളുടെ മനസ്സിനു മങ്ങലേൽപ്പിച്ചു. ഈ സമയത്ത് ആളുകൾ അവളോടു പറഞ്ഞ ദയയില്ലാത്ത വാക്കുകൾ നിമിത്തം അവൾക്ക് ഉറക്കവും ജീവിക്കാനുള്ള മോഹം പോലും നഷ്ടപ്പെട്ടു. എന്നാൽ ഒരു ദിനം, സൂര്യകിരണം പോലെ, ഒരു ബൈബിൾ വാക്യം അവളുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിച്ചു. അവൾ അതൊരു പ്ലക്കാർഡിൽ എഴുതി. അത് ഉറക്കെ വായിക്കുമ്പോഴെല്ലാം അവളുടെ വിശ്വാസം ശക്തിപ്പെട്ട്, അവളുടെ ഭയം കുറഞ്ഞ്, അവൾ സമാധാനം കൈവരിച്ചു.

സമാധാനം നിറഞ്ഞ ഒരു മനസ്സ് പരിപോഷിപ്പിച്ചെടുക്കുന്നതിനുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ യെശയ്യാവ് 26 നൽകുന്നു. നമ്മെ രക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം (വാ. 2-3). ദൈവത്തിൽ വിശ്വസിക്കുന്നതിനു പുറമേ, നമ്മുടെ മനസ്സും ചിന്തകളും അവനിൽ ഉറപ്പിച്ചുനിർത്തണം (വാ. 3). അവനിൽ നാം വിശ്വസിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ മനസ്സിനെ അവൻ കാക്കുമെന്നും നമുക്കു “പൂർണ്ണസമാധാനം” (വാ. 3) നൽകുമെന്നും അവൻ വാഗ്ദത്തം ചെയ്യുന്നു. മനസ്സാക്ഷിയുടെ സമാധാനം, അകൃത്യഭാരത്തിൽ നിന്നുള്ള സമാധാനം, ഉത്കണ്ഠയിൽ നിന്നുള്ള സമാധാനം, നമുക്കു നിയന്ത്രണമില്ലാത്ത സാഹചര്യങ്ങളിന്മേലുള്ള സമാധാനം എന്നിവ ഈ “പൂർണ്ണസമാധാനത്തിൽ” ഉൾപ്പെടുന്നു. നാം വിശ്വസിക്കുന്നവൻ “ശാശ്വതമായോരു പാറ” (വാ.4) ആണെന്നുള്ളതാണു നമ്മുടെ ഉറപ്പ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, അവന്റെ സ്വഭാവത്തിനും സ്നേഹത്തിനും ഒരിക്കലും മാറ്റം സംഭവിക്കില്ല. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഉത്കണ്ഠയോടും അസ്വസ്ഥവുമായ ചിന്തകളോടും നമ്മുടെ മനസ്സ് പോരാടിയേക്കാം. എന്നാൽ, മാതു ചെയ്തതുപോലെ, ദൈവസന്നിധിയിലേക്കു നമ്മുടെ കഷ്ടതകൾ കൊണ്ടുചെന്ന്, അവന്മേൽ മനസ്സുറപ്പിച്ച് അവന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളാൽ നമ്മുടെ ചിന്തകളെ നിറച്ചാൽ, ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾക്കിടയിലും നമുക്ക് അവന്റെ സമാധാനം അനുഭവിക്കാൻ സാധിക്കും. ദൈവത്തെ വിശ്വസിച്ചു നമ്മുടെ അശാന്തത അവനിൽ സമർപ്പിക്കുമ്പോൾ, അവൻ തന്റെ “പൂർണ്ണസമാധാനത്താൽ” നമ്മുടെ മനസ്സിനെ ശാന്തമാക്കി നമ്മുടെ ഭയത്തെ ഇല്ലാതാക്കുന്നു. അനിശ്ചിതത്വത്തെക്കുറിച്ച് ഓർത്തു വിചാരപ്പെടുന്നതിനുപകരം, പരാജയപ്പെടാത്ത ഒരുവനിൽ — യേശുവിൽ — നമുക്കു വിശ്വാസമർപ്പിക്കാം.