തന്റെ കുടുംബത്തിൽ, മറ്റൊരു വിശ്വാസത്തിൽനിന്നു യേശുവിനെ സ്വീകരിച്ച ഒരേയൊരു വ്യക്തി വിക്രം മാത്രമായിരുന്നു. തങ്ങളുടെ പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടപ്പോൾ, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ അവന് ആശങ്കയുണ്ടായിരുന്നു. അതിനാൽ, “ദൈവമേ, എന്തുചെയ്യണമെന്ന് എനിക്കു കാണിച്ചുതരേണമേ” എന്ന് അവൻ പ്രാർത്ഥിച്ചു. രണ്ടു ദിവസത്തിനു ശേഷം, അവന്റെ മാതാപിതാക്കൾ ആ പ്രശ്നം സ്വയം പരിഹരിച്ചു. അവരുമായുള്ള അവന്റെ ബന്ധത്തെ അതു ബാധിച്ചില്ല. വിക്രമിന്റെ ആശങ്കകൾ പരിഹരിക്കപ്പെട്ടു. തന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകിയതിന് അവൻ ദൈവത്തിനു നന്ദി പറഞ്ഞു. ഒരു പുതിയ രാജ്യത്തിന്റെ പുതിയ രാജാവായ യൊരോബെയാമിന് ഒരു ആശങ്കയുണ്ടായപ്പോൾ അവൻ അതു ദൈവത്തിങ്കലേക്കു കൊണ്ടുചെന്നില്ല. യെഹൂദാ, യിസ്രായേൽ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി ദൈവം യിസ്രായേലിനെ വിഭജിച്ച്, യൊരോബെയാമിനെ യിസ്രായേലിന്റെ രാജാവായി നിയമിച്ചു (1 രാജാക്കന്മാർ 11:31-39). എന്നാൽ ദൈവത്തെ ആരാധിക്കാനായി ജനം യെരൂശലേമിലേക്കു പോയപ്പോൾ, തങ്ങളുടെ മുൻ രാജാവായ രെഹബെയാമിനോട് അവർ കൂറു പ്രഖ്യാപിച്ചാലോ എന്ന് യൊരോബെയാം ഭയപ്പെട്ടു (വാ. 26-27). മുമ്പു തനിക്കു വഴികാട്ടിയിരുന്ന ദൈവത്തിന്റെ സന്നിധിയിൽ തന്റെ ഉത്കണ്ഠ സമർപ്പിക്കുന്നതിനുപകരം, യൊരോബെയാം തന്റെ ഉപദേശകരുടെ അടുക്കലേക്കു തിരിഞ്ഞു (വാ. 28). പൊന്നുകൊണ്ടു അവൻ രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി, “യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം” എന്നു പറഞ്ഞു. ഇതു ദൈവത്തെ കോപിപ്പിക്കുകയും യിസ്രായേലിന്റെ ആത്മീയ അധഃപതനത്തിലേക്കു നയിക്കുകയും ചെയ്തു.

നമ്മുടെ ആശങ്കകളെക്കുറിച്ചു നമ്മൾ ആരുമായി കൂടിയാലോചിക്കുന്നു എന്നതു പ്രധാനമാണ്. യൊരോബെയാം ചെയ്തതുപോലെ നാം മനുഷ്യജ്ഞാനത്തെ ആശ്രയിക്കുമ്പോൾ, ബുദ്ധിക്കു നിരക്കുന്നതായി നാം കരുതിയേക്കാവുന്ന കാര്യങ്ങൾ ചെയ്താലും, യഥാർത്ഥത്തിൽ അങ്ങനെയായിരിക്കില്ല സംഭവിക്കുക (യിരെമ്യാവ് 17:9). നാം ചെയ്യുന്ന കാര്യങ്ങൾ ദൈവത്തിന് അപ്രീതിയുണ്ടാക്കുകയും നമ്മിലും നമ്മുടെ സമൂഹത്തിലും ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ, നമ്മുടെ സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നതിനുപകരം, വിക്രം ചെയ്തതുപോലെ നമ്മുടെ ആശങ്കകളെ ദൈവസന്നിധിയിലേക്കു കൊണ്ടുചെല്ലേണ്ടതുണ്ട് (യാക്കോബ് 1:5). ആദി മുതൽ അന്ത്യം വരെ കാണുന്ന കർത്താവ് നമ്മുടെ ചുവടുകൾക്കു വഴികാട്ടുമെന്നു വാഗ്ദാനം ചെയ്യുന്നു.