പാസ്റ്റർ തിമോത്തി യാത്രയ്ക്കിടെ തന്റെ പ്രീച്ചർ കോളർ (ക്രൈസ്തവ വൈദികർ ധരിക്കുന്ന വെളുത്ത കോളർ) ധരിക്കുമ്പോൾ, പലപ്പോഴും അപരിചിതർ അദ്ദേഹത്തെ തടഞ്ഞുനിർത്തുമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ഇരുണ്ട സ്യൂട്ടിന് മുകളിൽ ക്ലറിക്കൽ ബാൻഡ് കാണുമ്പോൾ, “ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ” എന്നു എയർപോർട്ടിൽവച്ചു വ്യക്തികൾ പറയും. അടുത്തയിടെ ഒരു വിമാനയാത്രയിൽ, ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികിൽ മുട്ടുകുത്തി അപേക്ഷിച്ചു: “താങ്കൾ ഒരു പാസ്റ്ററാണോ? എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ?” പാസ്റ്റർ തിമോത്തി അവർക്കുവേണ്ടി പ്രാർത്ഥിച്ചു.

പ്രാർത്ഥന കേട്ടു ദൈവം ഉത്തരം നൽകുന്നതായി നാം മനസ്സിലാക്കുന്നത് എന്തുകൊണ്ടാണെന്നു യിരെമ്യാവിലെ ഒരു ഭാഗം വെളിപ്പെടുത്തുന്നു: ദൈവം കരുതുന്നു! തന്റെ പ്രിയപ്പെട്ടവരും എന്നാൽ പാപികളും ബദ്ധന്മാരുമായ ജനത്തിനു അവൻ ഉറപ്പുനൽകി, “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു” (29:11). അവർ തന്നിലേക്കു മടങ്ങുന്ന ഒരു സമയം ദൈവം പ്രതീക്ഷിച്ചിരുന്നു. “നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും” (വാ. 12-13).

ഇതും ഇതിലധികവും പ്രാർത്ഥനയെക്കുറിച്ചു പ്രവാചകൻ പഠിച്ചത് തടവിൽ കഴിയവേയാണ്. “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും” (33:3) എന്നു ദൈവം അവനു ഉറപ്പുനൽകി. യേശുവും പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ” (മത്തായി 6:8) എന്നു അവൻ പറഞ്ഞു. അതിനാൽ പ്രാർത്ഥനയിൽ “യാചിപ്പിൻ”, “അന്വേഷിപ്പിൻ”, “മുട്ടുവിൻ” (7:7). നാം ഉയർത്തുന്ന ഓരോ യാചനയും ഉത്തരം നൽകുന്നവനിലേക്കു നമ്മെ അടുപ്പിക്കുന്നു. പ്രാർത്ഥനയിൽ നാം ദൈവത്തിന് അപരിചിതരാകേണ്ടതില്ല. അവൻ നമ്മെ അറിയുകയും നമ്മിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ആകുലതകൾ ഇപ്പോൾ തന്നെ അവനിലേക്കു നമുക്ക് എത്തിക്കാവുന്നതാണ്.