നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

യേശു എന്ന ലേബൽ

“മകനെ, നിനക്ക് നല്കാൻ എന്റെ പക്കൽ അധികമൊന്നുമില്ല. എന്നാൽ എനിക്ക് ഒരു നല്ല പേരുണ്ട് , നീ അത് മോശമാക്കരുത്.” ജെറോം കോളേജ് പഠനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതാണ് ജ്ഞാനവും കുലീനത്വവും നിറഞ്ഞ ഈ വാക്കുകൾ. ഒരു പ്രൊഫഷണൽ അത്ലെറ്റായി ആദരം ഏറ്റുവാങ്ങാൻ സ്റ്റേജിൽ നിന്നപ്പോൾ ജെറോം പിതാവിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചു. ജെറോമിന്റെ ജീവിതകാലം മുഴുവൻ ഈ വിലയേറിയ വാക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു ; അതുകൊണ്ട് അദ്ദേഹം തന്റെ മകന് നല്കിയ ഉപദേശവും ഇത് തന്നെയായിരുന്നു: “മകനെ, നമുക്കുള്ള നല്ല പേരിനെക്കാൾ അധികമായ ഒന്നും നിനക്ക് നല്കാൻ എന്റെ പക്കലില്ല.”

സൽപ്പേരുണ്ടാകുക എന്നത് യേശുവിൽ വിശ്വസിക്കുന്നവർക്ക് അതിപ്രധാനമാണ്. കൊലോസ്യർ 3:12-17 ലെ പൗലോസിന്റെ വാക്കുകൾ നാം ആരെ പ്രതിനിധീകരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. സ്വഭാവം എന്നത് നാം ധരിക്കുന്ന വസ്ത്രം പോലെയാണ്; ഈ വേദഭാഗം ആ വസ്ത്രത്തിൽ “യേശു എന്ന ലേബൽ” പ്രദർശിപ്പിക്കുന്നു. " അതുകൊണ്ട് ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും തമ്മിൽ ക്ഷമിക്കുകയും ചെയ്യുവിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിക്കുവിൻ. " ( വാ . 12 - 14 ) ഇത് കേവലം നമ്മുടെ “ഞായറാഴ്ച വസ്ത്രമല്ല”. മറിച്ച്, നാം എല്ലായിടത്തും എല്ലായ്പ്പോഴും ഇത് ധരിച്ച് അവിടുത്തെ പ്രതിഫലിക്കുവാൻ ദൈവം നമ്മിൽ പ്രവർത്തിക്കുന്നു. ഈ സത്ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണപ്പെടുമ്പോൾ നാം യേശുവിന്റെ നാമം ധരിക്കുന്നവരെന്ന് വെളിപ്പെടും.

നമുക്ക് ആവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് പ്രാർത്ഥനാപൂർവ്വം സൂക്ഷ്മതയോടെ യേശുവിനെ പ്രതിനിധാനം ചെയ്യാം.

വേദപഠനം

ജെ ഐ പാക്കർ (1926-2020) നോയിങ് ഗോഡ് എന്ന തന്റെ വിശിഷ്ട കൃതിയിൽ വളരെ പരിചിതരായ 4 ക്രിസ്തു വിശ്വാസികളെ, അദ്ദേഹത്തിന്റെ ഭാഷയിൽ "ബൈബിളിനു വേണ്ടിയുള്ള ബീവേഴ്സ്" എന്ന് പറഞ്ഞിരിക്കുന്നു. പരിശീലനം ലഭിച്ചവരല്ലെങ്കിലും, ഓരോരുത്തരും ഒരു ബീവർ ആഴത്തിൽ കുഴിച്ചു ഒരുമരം കാർന്നു തിന്നുന്നത് പോലെ ദൈവ വചനത്തെ ആഴത്തിൽ പഠിച്ചിരുന്നു.  വേദ പഠനത്തിലൂടെ ദൈവത്തെ അറിയുക എന്നത് പണ്ഡിതന്മാർക്കു മാത്രമുള്ളതല്ല എന്ന് പാർക്കർ പിന്നീട് പറയുന്നു. "ദൈവവുമായുള്ള ആത്മബന്ധം ആഴത്തിൽ സ്ഥാപിക്കുവാൻ ദൈവശാസ്ത്രപരമായി കൂടുതൽ പഠിച്ച പണ്ഡിതനേക്കാൾ സാധാരണക്കാരനായ ഒരു ബൈബിൾ വായനക്കാരന് സാധിക്കും".

നിർഭാഗ്യവശാൽ, ദൈവവചനം പഠിക്കുന്ന എല്ലാവരും തന്നെ താഴ്മയുള്ള ഹൃദയത്തോടെ രക്ഷകനെ കൂടുതൽ അറിയുവാനും അവിടുത്തെ പോലെയാകുവാനും ശ്രമിക്കാറില്ല. യേശുവിന്റെ കാലത്തു പഴയ നിയമ ഭാഗങ്ങൾ വായിക്കുകയും എന്നാൽ അതിൽ ആരെക്കുറിച്ചു പരാമർശിച്ചിരിക്കുന്നുവെന്നു അവർ തിരിച്ചറിഞ്ഞില്ല. "നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല". (യോഹന്നാൻ 5: 39-40)

ബൈബിൾ വായിക്കുമ്പോൾ താങ്കളെപ്പോഴെങ്കിലും സ്തബ്ദനായിട്ടുണ്ടോ? അല്ലെങ്കിൽ ദൈവവചനം പഠിക്കുന്നത് തന്നെ മുഴുവനായും അവസാനിപ്പിച്ചിട്ടുണ്ടോ? ബൈബിൾ "ബിവേർസ്" (ആഴത്തിൽ പഠിക്കുന്നവർ) ബൈബിൾ വായിക്കുന്നവരേക്കാൾ മുന്നിലാണ്. വേദപുസ്തകത്തിൽ വെളിപ്പെട്ടിരിക്കുന്ന യേശുവിനെ കാണുവാനും സ്നേഹിക്കുവാനും അവരുടെ കണ്ണുകൾ തുറക്കേണ്ടതിന് അവർ പ്രാർത്ഥനയോടും ശ്രദ്ധയോടുകൂടി ദൈവവചനത്തെ കാർന്ന് തിന്നുന്നു. 

ശൂന്യമായ കരങ്ങൾ

സുഹൃത്തിനൊപ്പം ഉച്ചഭക്ഷണത്തിനായി എത്തിച്ചേർന്നപ്പോഴാണ് താൻ പഴ്‌സ് എടുത്തില്ലെന്ന കാര്യം റിതേഷ് ഓർത്തത്. ഇതവനെ പരിഭ്രാന്തനാക്കി. താൻ ഒന്നും കഴിക്കുന്നില്ലെന്ന് അവൻ ആദ്യം ശഠിച്ചു, അല്ലെങ്കിൽ എന്തെങ്കിലും കുടിക്കാൻ മാത്രം മതി എന്നു പറഞ്ഞു. ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനും ഉറപ്പിനും വഴങ്ങി അവൻ എതിർപ്പ് അവസാനിപ്പിച്ചു. അവനും സുഹൃത്തും ഭക്ഷണം കഴിച്ചശേഷം സുഹൃത്ത് സന്തോഷത്തോടെ പണം കൊടുത്തു.

ഒരുപക്ഷേ നിങ്ങൾക്കും ഇത്തരം സന്ദിഗ്ധാവസ്ഥ നേരിട്ടിട്ടുണ്ടാകാം; അല്ലെങ്കിൽ മറ്റൊരാളുടെ നന്മ സ്വീകരിക്കുന്ന സ്ഥാനത്ത് നിങ്ങൾ നിന്നിട്ടുണ്ടാകാം. നമ്മുടെ ചിലവുകൾ സ്വയം വഹിക്കാൻആഗ്രഹിക്കുന്നതു സ്വാഭാവികമാണ്, എങ്കിലും കൃപയോടെ നൽകപ്പെടുന്നവയെ നാം താഴ്മയോടെ സ്വീകരിക്കേണ്ട അവസരങ്ങളുണ്ട്.

ലൂക്കൊസ് 15:17-24 ൽ, പിതാവിനോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള ഒരു കടംവീട്ടൽ ആയിരിക്കാം ഇളയ മകൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക. ''ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കണമേ'' (വാ. 19). കൂലിക്കാരൻ? അവന്റെ പിതാവിന് അങ്ങനെയൊന്നില്ല! പിതാവിന്റെ കണ്ണിൽ, അവൻ വീട്ടിലേക്കു വരുന്ന വളരെ പ്രിയപ്പെട്ട മകനായിരുന്നു. ഒരു പിതാവിന്റെ ആലിംഗനവും സ്നേഹപൂർവ്വമായ ചുംബനവും ആണ് അവനെ എതിരേറ്റത് (വാ. 20). എത്ര മഹത്തായ സുവിശേഷ ചിത്രമാണത്! യേശുവിന്റെ മരണത്താൽ, വെറും കൈയോടെ വരുന്ന മക്കളെ തുറന്ന കൈകളാൽ സ്വാഗതം ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവിനെ അവൻ വെളിപ്പെടുത്തിയതാണ് ഇതു നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരു ഗാനരചയിതാവ് ഇതിനെ ഇപ്രകാരം രേഖപ്പെടുത്തി: ''വെറും കൈയായ് ഞാൻ വരുന്നു, ക്രൂശിൽ മാത്രം നമ്പുന്നേ.''

നമുക്കു മനസ്സിലാകാത്തപ്പോൾ

''അവന്റെ പദ്ധതി എനിക്കു മനസ്സിലാകുന്നില്ല. ഞാൻ എന്റെ ജീവിതം മുഴുവനായി അവനു നൽകി. ഒടുവിൽ ഇതാണു സംഭവിക്കുന്നത്!'' ഒരു പ്രൊഫഷണൽ അത്‌ലറ്റാകാനുള്ള ആഗ്രഹം താൽക്കാലികമായി തടസ്സപ്പെട്ടപ്പോൾ ഒരു മകൻ അമ്മയ്ക്കയച്ച സന്ദേശമാണിത്. നമ്മുടെ മനസ്സിനെ അതിശയത്തിലേക്കും ചോദ്യങ്ങളിലേക്കും നയിക്കുന്ന അപ്രതീക്ഷിതവും നിരാശാജനകവുമായ അനുഭവങ്ങൾ നമ്മിലാർക്കാണ് ഉണ്ടാകാത്തത്? ഒരു കുടുംബാംഗം വിശദീകരണം കൂടാതെ നമ്മോടു സംസാരിക്കുന്നതു നിർത്തുന്നു; ആരോഗ്യം വിപരീത ദിശയിലേക്കു നീങ്ങുന്നു; ഒരു കമ്പനി അപ്രതീക്ഷിതമായി മാറ്റി സ്ഥാപിക്കപ്പെടുന്നു; ജീവിതത്തെ മാറ്റിമറിക്കുന്ന ഒരപകടം സംഭവിക്കുന്നു.

ഇയ്യോബിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളുടെയും തിരിച്ചടികളുടെയും പരമ്പരയെക്കുറിച്ച് ഇയ്യോബ് 1, 2 അധ്യായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. മാനുഷികമായി പറഞ്ഞാൽ, പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതത്തിന് അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ, അത് ഇയ്യോബായിരുന്നു. ''അവൻ നിഷ്‌കളങ്കനുംനേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു'' (ഇയ്യോബ് 1:1). എന്നാൽ ജീവിതം എല്ലായ്‌പ്പോഴും നാം ആഗ്രഹിക്കുന്ന രീതിയിലല്ല പ്രവർത്തിക്കുന്നത് - അത് ഇയ്യോബിനും അങ്ങനെയായിരുന്നില്ല, നമുക്കും അങ്ങനെയായിരിക്കയില്ല. ''ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളയുക'' എന്ന് ഭാര്യ ഉപദേശിച്ചപ്പോൾ (2:9), അവളോടുള്ള ഇയ്യോബിന്റെ വാക്കുകൾ ബുദ്ധിപൂർവ്വവും പ്രബോധനാത്മകവും അഭിമുഖീകരിക്കാൻ നാം മടിക്കുന്ന വലിയതോ ചെറിയതോ ആയ കാര്യങ്ങൾ സംഭവിക്കുമ്പോൾ നമുക്കും അനുവർത്തിക്കാൻ കഴിയുന്നതുമായിരുന്നു: ''നാം ദൈവത്തിന്റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല'' (വാ. 10).   

ജീവിതത്തിലെ ദുഷ്‌കരമായ ദിനങ്ങളിൽ, ദൈവം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോഴും, അവിടുത്തെ ശക്തിയാൽ, അവങ്കലുള്ള നമ്മുടെ വിശ്വാസവും അവിടുത്തോടുള്ള ബഹുമാനവും നിലനിർത്താൻ നമുക്കു കഴിയട്ടെ.

വിസ്മരിക്കപ്പെടുന്നില്ല

''അങ്കിൾ, താങ്കൾ എന്നെ ബാർബർ ഷോപ്പിലേക്കും സൂപ്പർ മാർക്കറ്റിലേക്കും കൊണ്ടുപോയ ദിവസം ഓർക്കുന്നുണ്ടോ? ഞാൻ ടാൻ പാന്റ്‌സും നീല ഷർട്ടും, നേവി-ബ്ലൂ സ്വെറ്ററും ബ്രൗൺ സോക്‌സും ബ്രൗൺ ഷൂസും ആണ് ധരിച്ചിരുന്നത്. തീയതി 2016 ഒക്ടോബർ 20 വ്യാഴാഴ്ചയായിരുന്നു.'' എന്റെ അനന്തരവന്റെ ഓട്ടിസത്തോടു ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു അവന്റെ ഓർമ്മശക്തി. ഒരു സംഭവം നടന്നു വർഷങ്ങൾക്കു ശേഷം അതു നടന്ന ദിവസവും തീയതിയും അന്നു ധരിച്ചിരുന്ന വസ്ത്രങ്ങളും ഓർത്തിരിക്കുവാനുള്ള അസാധാരണ ഓർമ്മശക്തി അവനുണ്ടായിരുന്നു.

തന്റെ പ്രത്യേക ശാരീരികാവസ്ഥമൂലം എന്റെ അനന്തരവനു ലഭ്യമായിരുന്ന ഓർമ്മശക്തി, സർവ്വജ്ഞാനിയും സ്‌നേഹവാനുമായ - സമയത്തിന്റെയും നിത്യതയുടെയും സൂക്ഷിപ്പുകാരനായ - ദൈവത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചത്. അവിടുത്തേക്കു വസ്തുതകൾ അറിയാം, തന്റെ വാഗ്ദത്തങ്ങളെയോ ജനത്തെയോ അവിടുന്നു മറക്കുന്നില്ല. മറ്റുള്ളവർ ആരോഗ്യമുള്ളവരോ സന്തുഷ്ടരോ അല്ലെങ്കിൽ കൂടുതൽ വിജയികളോ അല്ലെങ്കിൽ മെച്ചപ്പെട്ടവരോ ആയി കാണപ്പെടുമ്പോൾ, ദൈവം നിങ്ങളെ മറന്നോ എന്നു നിങ്ങൾ ചോദിച്ചുപോയ നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ?  

പുരാതന യിസ്രായേലിന്റെ, പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങൾ, ''യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നു കളഞ്ഞു'' (യെശയ്യാവ് 49:14) എന്നു പറയാൻ അവരെ പ്രേരിപ്പിച്ചു. പക്ഷെ വസ്തുത അതായിരുന്നില്ല. ദൈവത്തിന്റെ മനസ്സലിവും കരുതലും അമ്മമാർക്കു മക്കളോടുള്ള സ്വാഭാവിക വാത്സല്യത്തെയും കവിയുന്നതായിരുന്നു (വാ. 15). ''ഉപേക്ഷിക്കപ്പെട്ടത്'' അല്ലെങ്കിൽ ''വിസ്മരിക്കപ്പെട്ടത്'' എന്ന ലേബലുകൾ സ്വീകരിക്കുന്നതിനുമുമ്പ്, ദൈവം തന്റെ പുത്രനായ യേശുവിലൂടെയും യേശുവിലും ചെയ്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുക. പാപമോചനം നൽകുന്ന സുവിശേഷത്തിൽ, ''ഞാൻ നിന്നെ മറക്കുകയില്ല!'' (വാ. 15) എന്നു ദൈവം വ്യക്തമായി പറഞ്ഞിട്ടുണ്ട്.   

മുന്‍വിധിയും ക്ഷമയും

അനീതി തിരുത്തുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം കേട്ട ശേഷം, ഒരു സഭാംഗം കരഞ്ഞുകൊണ്ടു പാസ്റ്ററെ സമീപിച്ചു, ക്ഷമ ചോദിക്കുകയും, തന്റെ മുന്‍വിധിയെത്തുടര്‍ന്ന് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ശുശ്രൂഷകനെ തങ്ങളുടെ സഭയുടെ പാസ്റ്ററായി വിളിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തില്ലെന്നു സമ്മതിക്കുകയും ചെയ്തു. ''താങ്കള്‍ എന്നോടു ദയവായി ക്ഷമിക്കണം. മുന്‍വിധിയുടെയും ജാതീയതയുടെയും ചപ്പുചവറുകള്‍ എന്റെ കുട്ടികളുടെ ജീവിതത്തിലേക്കു വ്യാപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ താങ്കള്‍ക്കു വോട്ടു ചെയ്തിട്ടില്ല, ഞാന്‍ ചെയ്തതു തെറ്റാണ്.'' അദ്ദേഹത്തിന്റെ കണ്ണുനീരും കുറ്റസമ്മതവും ശുശ്രൂഷകനെയും കണ്ണീരണിയിക്കുകയും അദ്ദേഹം ക്ഷമിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം, ദൈവം തന്റെ ഹൃദയത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള ആ മനുഷ്യന്റെ സാക്ഷ്യം കേട്ടപ്പോള്‍ സഭ മുഴുവന്‍ സന്തോഷിച്ചു.

യേശുവിന്റെ ശിഷ്യനും ആദ്യകാല സഭയിലെ ഒരു പ്രധാന നേതാവുമായിരുന്ന പത്രൊസിനെപ്പോലും തിരുത്തേണ്ടിവന്നത് യെഹൂദേതര ജനതയെക്കുറിച്ചുള്ള തെറ്റായ ധാരണകളായിരുന്നു. വിജാതീയരോടൊപ്പം ഭക്ഷണം കഴിക്കുന്നതും (അശുദ്ധരെന്നു കരുതപ്പെട്ടിരുന്നവര്‍) സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു. പത്രൊസ് പറഞ്ഞു, ''അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ'' (പ്രവൃ. 10:28). ''ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുത്'' എന്നവനെ ബോധ്യപ്പെടുത്താന്‍ (വാ. 28) ദൈവത്തിന്റെ അമാനുഷിക പ്രവര്‍ത്തനം വേണ്ടിവന്നു (വാ. 9-23).

തിരുവെഴുത്തുകളുടെ പ്രസംഗം, ആത്മാവിന്റെ ബോധ്യപ്പെടുത്തല്‍, ജീവിതാനുഭവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ദൈവം മനുഷ്യഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ''ദൈവത്തിനു മുഖപക്ഷമില്ല'' (വാ. 34) എന്നു മനസ്സിലാക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.

ഇതൊന്നു സങ്കല്പിച്ചു നോക്കുക!

ഒരു ജനപ്രിയ, ഭവന നവീകരണ ടെലിവിഷന്‍ പ്രോഗ്രാമിനിടെ, 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!' എന്ന് അവതാരക കൂടെക്കൂടെ പറയുന്നത് പ്രോക്ഷകര്‍ കേള്‍ക്കാറുണ്ട്. തുടര്‍ന്ന്, പഴയ വസ്തുക്കള്‍ പുനര്‍നിര്‍മ്മിക്കുകയോ ഭിത്തികളും തറയും പെയിന്റടിക്കുകയോ നിറംപിടിപ്പിക്കുകയോ ചെയ്തത് അവള്‍ അനാവരണം ചെയ്യുന്നു. ഒരു എപ്പിസോഡില്‍, നവീകരണത്തിനുശേഷം വീട്ടുടമസ്ഥ വളരെയധികം സന്തോഷിക്കുന്നതു പ്രേക്ഷകര്‍ കണ്ടു. വിവിധ സന്തോഷപ്രകടനങ്ങളോടൊപ്പം, 'അത് മനോഹരമാണ്!' എന്ന വാക്കുകള്‍ അവളുടെ നാവില്‍ നിന്നു മൂന്നു പ്രാവശ്യം പുറപ്പെട്ടു.

ബൈബിളിലെ, നമ്മെ അതിശയിപ്പിക്കുന്ന 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!'' ഭാഗങ്ങളിലൊന്നാണ് യെശയ്യാവ് 65:17-25. എത്ര വര്‍ണ്ണാഭമായ പുനഃസൃഷ്ടി രംഗമാണത്! ആകാശത്തിന്റെയും ഭൂമിയുടെയും ഭാവിയിലെ പുതുക്കലാണവിടെ കാണുന്നത് (വാ. 17). അതു കേവലം സൗന്ദര്യവല്കരണമല്ല. ഇത് ആഴമേറിയതും യഥാര്‍ത്ഥവുമാണ്, ജീവിതത്തിനു മാറ്റം വരുത്തുന്നതും ജീവന്‍ സംരക്ഷിക്കുന്നതുമാണത്. 'അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം

അനുഭവിക്കും'' (വാ. 21). അക്രമം പഴങ്കഥയായി മാറും: 'എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല' (വാ. 25).

യെശയ്യാവ് 65 ല്‍ ദര്‍ശിക്കുന്ന ഫലങ്ങള്‍ ഭാവിയില്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ തന്നേ, പ്രപഞ്ച നവീകരണം ആസൂത്രണം ചെയ്യുന്ന ദൈവം ഇപ്പോള്‍ ജീവിതനവീകരണത്തിന്റെ ബിസിനസ്സിലാണ്. അപ്പൊസ്തലനായ പൗലൊസ് നമുക്ക് ഉറപ്പു നല്‍കുന്നു, 'ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). പുനഃസ്ഥാപനം ആവശ്യമുണ്ടോ? നിങ്ങളുടെ ജീവിതം സംശയം, അനുസരണക്കേട്, വേദന എന്നിവയാല്‍ തകര്‍ന്നിട്ടുണ്ടോ? യേശുവിലൂടെയുള്ള ജീവിതരൂപാന്തരം യഥാര്‍ത്ഥവും മനോഹരവും ആണ്; അതു ചോദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭ്യവുമാണ്.

ഭാരമേറിയതാണെങ്കിലും പ്രത്യാശയുള്ളതാണ്

ഒരു പീനട്ട്‌സ് കോമിക്ക് സ്ട്രിപ്പില്‍, ലൂസി എന്ന കഥാപാത്രം “അഞ്ചു രൂപയ്ക്കു

മനോരോഗചികിത്സ'' എന്നു പരസ്യം ചെയ്തു. ലിനസ് എന്ന വ്യക്തി അവളുടെ ഓഫീസിലെത്തി, തനിക്ക് ആഴമായ വിഷാദരോഗം ഉണ്ടെന്നു പറഞ്ഞു. തന്റെ അവസ്ഥയെ സംബന്ധിച്ച് എന്തുചെയ്യാന്‍ കഴിയുമെന്ന് അയാള്‍ അവളോടു ചോദിച്ചപ്പോള്‍, ലൂസിയുടെ പെട്ടെന്നുള്ള മറുപടി ഇതായിരുന്നു, “അത് കാര്യമാക്കേണ്ട! എന്റെ അഞ്ചു രൂപ എടുക്ക്.’’

ഇത്തരം ലഘുവായ വിനോദം ഒരു നിമിഷനേരത്തെ പുഞ്ചിരി സമ്മാനിക്കുമെങ്കിലും, യഥാര്‍ത്ഥജീവിതത്തിലെ ദുഃഖവും ഇരുട്ടും എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. നിരാശതയും വിഷാദവും യാഥാര്‍ത്ഥ്യങ്ങളാണ്. ചിലപ്പോള്‍ അതിനു വിദഗ്ധസഹായവും വേണ്ടിവരും.

യഥാര്‍ത്ഥ മനഃപീഡ പരിഹരിക്കുന്നതിനു ലൂസിയുടെ ഉപദേശം സഹായകരമല്ല. എന്നിരുന്നാലും, 88-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്, പ്രബോധനപരവും പ്രത്യാശ നല്‍കുന്നതുമായ ഒരു കാര്യം വാഗ്ദത്തം ചെയ്യുന്നു. പ്രശ്‌നത്തിന്റെ ഒരു വലിയ ചുമട്, അവന്റെ വീട്ടുവാതില്‍ക്കല്‍ എത്തിയിരുന്നു. പച്ചയായ സത്യസന്ധതയോടെ അവന്‍ തന്റെ ഹൃദയം ദൈവത്തിങ്കല്‍ പകര്‍ന്നു. 

“എന്റെ പ്രാണന്‍ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു'' (വാ. 3). 'നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു'' (വാ. 6). “എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ'' (വാ. 18). സങ്കീര്‍ത്തനക്കാരന്റെ വേദന നാം കള്‍ക്കുന്നു, അനുഭവിക്കുന്നു, തിരിച്ചറിയുന്നു. എങ്കിലും അതുകൊണ്ടു തീരുന്നില്ല. അവന്റെ വിലാപം പ്രത്യാശ നിറഞ്ഞതാണ്. “എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു; എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ'' (വാ. 1-2; വാ. 9,13 കാണുക). 

ഭാരമേറിയ കാര്യങ്ങള്‍ വരും, കൗണ്‍സിലിങ്ങും വൈദ്യസഹായവും പോലുള്ള പ്രായോഗിക നടപടികള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഒരിക്കലും ദൈവത്തിലുള്ള പ്രത്യാശ ഉപേക്ഷിക്കരുത്.

ദൈവവുമായുള്ള പോരാട്ടങ്ങളെ അഭിമുഖീകരിക്കുക

യുഎസ് ആര്‍മി സൈനികനായ ഡെസ്മണ്ട് ഡോസിന്റെ വീരകൃത്യങ്ങള്‍ 2016 ല്‍ പുറത്തിറങ്ങിയ ഹാക്‌സോ റിഡ്ജില്‍ ചിത്രീകരിച്ചിരിക്കുന്നു. ഡോസിന്റെ ബോധ്യങ്ങള്‍ മനുഷ്യ ജീവന്‍ എടുക്കാന്‍ അനുവദിക്കില്ലെങ്കിലും, ഒരു സൈനിക ഡോക്ടര്‍ എന്ന നിലയില്‍, സ്വന്തം ജീവന്‍ പണയം വെച്ചു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. 1945 ഒക്ടോബര്‍ 12 ന് ഡോസിന്റെ മെഡല്‍ ഓഫ് ഓണര്‍ ചടങ്ങില്‍ വായിച്ച ഈ വാക്കുകള്‍ അതു സൂചിപ്പിക്കുന്നു: 'പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഡോസ് സൈനിക സംരക്ഷണം തേടാന്‍ വിസമ്മതിക്കുകയും വെടിവയ്പ്പു നടക്കുന്ന പ്രദേശത്ത് മുറിവേറ്റവര്‍ക്കൊപ്പം തുടരുകയും ചെയ്തു, അവരെ ഓരോരുത്തരെയായി സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോയി . . . . ഒരു ആര്‍ട്ടിലറി ഓഫീസറെ സഹായിക്കാനായി അദ്ദേഹം ശത്രു ഷെല്ലിങ്ങിനെയും ചെറിയ ആയുധമുപയോഗിച്ചുള്ള വെടിവയ്പ്പിനെയും ധൈര്യത്തോടെ നേരിട്ടു.''   

സങ്കീര്‍ത്തനം 11 ല്‍, തന്റെ അഭയം ദൈവത്തിലാണെന്ന ദാവീദിന്റെ ബോധ്യം ശത്രുക്കളെ അഭിമുഖീകരിക്കുന്നതിനുപകരം ഓടിപ്പോകാനുള്ള നിര്‍ദ്ദേശങ്ങളെ ചെറുക്കാന്‍ അവനെ നിര്‍ബന്ധിച്ചു (വാ. 2-3). ലളിതമായ മൂന്നു വാക്കുകള്‍ ദാവീദിന്റെ വിശ്വാസപ്രസ്താവന ഉള്‍ക്കൊള്ളുന്നു: 'ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു' (വാ. 1). നന്നായി വേരൂന്നിയ ആ ബോധ്യമാണ് ദാവീദിന്റെ പെരുമാറ്റത്തെ നയിച്ചത്.  

4 മുതല്‍ 7 വരെയുള്ള വാക്യങ്ങളിലെ ദാവീദിന്റെ വാക്കുകള്‍ ദൈവത്തിന്റെ മഹത്വത്തെ എടുത്തു കാണിക്കുന്നു. ജീവിതം ചിലപ്പോള്‍ ഒരു യുദ്ധഭൂമി പോലെയാകാം. ആരോഗ്യപരമായ വെല്ലുവിളികളും സാമ്പത്തികവും ബന്ധപരവും ആത്മീയവുമായ സമ്മര്‍ദ്ദങ്ങളാല്‍ നാം ആക്രമിക്കപ്പെടുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ നമുക്കു പ്രേരണയുണ്ടാകാം. അതിനാല്‍, നമ്മള്‍ എന്തു ചെയ്യണം? ദൈവം പ്രപഞ്ചത്തിന്റെ രാജാവാണെന്ന് അംഗീകരിക്കുക (വാ. 4); കൃത്യതയോടെ വിധിക്കാനുള്ള അവിടുത്തെ അത്ഭുതകരമായ കഴിവില്‍ ആനന്ദിക്കുക (വാ. 5-6); നേര്, നീതി, തുല്യത എന്നിവയില്‍ അവന്‍ സന്തോഷിക്കുന്നു എന്നറിഞ്ഞു വിശ്രമിക്കുക (വാ. 7). നമുക്ക് അഭയത്തിനായി ദൈവത്തിലേക്കു വേഗത്തില്‍ ഓടിച്ചെല്ലാന്‍ കഴിയും!

ദൈവം പ്രവര്‍ത്തനനിരതനാണ്

'ദൈവം കരയുന്നു.'' വിവിധ ജാതികളില്‍നിന്നുള്ള ഒരു കൂട്ടം ക്രിസ്തുവിശ്വാസികള്‍ക്കൊപ്പം മഴയത്തു നില്‍ക്കുമ്പോള്‍ ബില്‍ ഹാലിയുടെ പത്തുവയസ്സുള്ള മകള്‍ മന്ത്രിച്ച വാക്കുകള്‍ ആയിരുന്നു അവ. ദൈവത്തെ അന്വേഷിക്കാനും അമേരിക്കയിലെ വംശീയവിയോജിപ്പിന്റെ പാരമ്പര്യത്തെക്കുറിച്ചു മനസ്സിലാക്കാനും എത്തിയതായിരുന്നു അവര്‍. മുന്‍ അടിമകളെ അടക്കം ചെയ്ത സ്ഥലത്ത് അവര്‍ നില്‍ക്കുമ്പോള്‍, അവര്‍ കൈകോര്‍ത്തു നിന്നു പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് കാറ്റു വീശാനും മഴ പെയ്യാനും തുടങ്ങി. വംശീയവിഭജനം സൗഖ്യമാകുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്കു നേതാവ് ആഹ്വാനം ചെയ്തപ്പോള്‍, മഴ ശക്തിയാര്‍ജ്ജിച്ചു. അനുരഞ്ജനവും പാപമോചനവും നല്‍കാന്‍ ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന് ഒത്തുകൂടിയവര്‍ വിശ്വസിച്ചു.

കാല്‍വരിയിലും അങ്ങനെ സംഭവിച്ചു - ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. ക്രൂശിക്കപ്പെട്ട യേശു അന്ത്യശ്വാസം വലിച്ചപ്പോള്‍, 'ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു' (മത്തായി 27:52). യേശു ആരാണെന്ന് ചിലര്‍ നിഷേധിച്ചെങ്കിലും, അവനു കാവല്‍നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ശതാധിപന്‍ മറ്റൊരു നിഗമനത്തിലെത്തി: 'ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചത് കണ്ടിട്ട്: അവന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു' (വാ. 54). 

യേശുവിന്റെ മരണത്തില്‍, തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പാപമോചനം നല്‍കിക്കൊണ്ട് ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. 'ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു' (2 കൊരിന്ത്യര്‍ 5:19). ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചുവെന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം പരസ്പരം പാപങ്ങളെ ക്ഷമിക്കുന്നതല്ലാതെ മറ്റെന്താണ്?