”അങ്കിൾ, താങ്കൾ എന്നെ ബാർബർ ഷോപ്പിലേക്കും സൂപ്പർ മാർക്കറ്റിലേക്കും കൊണ്ടുപോയ ദിവസം ഓർക്കുന്നുണ്ടോ? ഞാൻ ടാൻ പാന്റ്‌സും നീല ഷർട്ടും, നേവി-ബ്ലൂ സ്വെറ്ററും ബ്രൗൺ സോക്‌സും ബ്രൗൺ ഷൂസും ആണ് ധരിച്ചിരുന്നത്. തീയതി 2016 ഒക്ടോബർ 20 വ്യാഴാഴ്ചയായിരുന്നു.” എന്റെ അനന്തരവന്റെ ഓട്ടിസത്തോടു ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു അവന്റെ ഓർമ്മശക്തി. ഒരു സംഭവം നടന്നു വർഷങ്ങൾക്കു ശേഷം അതു നടന്ന ദിവസവും തീയതിയും അന്നു ധരിച്ചിരുന്ന വസ്ത്രങ്ങളും ഓർത്തിരിക്കുവാനുള്ള അസാധാരണ ഓർമ്മശക്തി അവനുണ്ടായിരുന്നു.

തന്റെ പ്രത്യേക ശാരീരികാവസ്ഥമൂലം എന്റെ അനന്തരവനു ലഭ്യമായിരുന്ന ഓർമ്മശക്തി, സർവ്വജ്ഞാനിയും സ്‌നേഹവാനുമായ – സമയത്തിന്റെയും നിത്യതയുടെയും സൂക്ഷിപ്പുകാരനായ – ദൈവത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചത്. അവിടുത്തേക്കു വസ്തുതകൾ അറിയാം, തന്റെ വാഗ്ദത്തങ്ങളെയോ ജനത്തെയോ അവിടുന്നു മറക്കുന്നില്ല. മറ്റുള്ളവർ ആരോഗ്യമുള്ളവരോ സന്തുഷ്ടരോ അല്ലെങ്കിൽ കൂടുതൽ വിജയികളോ അല്ലെങ്കിൽ മെച്ചപ്പെട്ടവരോ ആയി കാണപ്പെടുമ്പോൾ, ദൈവം നിങ്ങളെ മറന്നോ എന്നു നിങ്ങൾ ചോദിച്ചുപോയ നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ?  

പുരാതന യിസ്രായേലിന്റെ, പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങൾ, ”യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നു കളഞ്ഞു” (യെശയ്യാവ് 49:14) എന്നു പറയാൻ അവരെ പ്രേരിപ്പിച്ചു. പക്ഷെ വസ്തുത അതായിരുന്നില്ല. ദൈവത്തിന്റെ മനസ്സലിവും കരുതലും അമ്മമാർക്കു മക്കളോടുള്ള സ്വാഭാവിക വാത്സല്യത്തെയും കവിയുന്നതായിരുന്നു (വാ. 15). ”ഉപേക്ഷിക്കപ്പെട്ടത്” അല്ലെങ്കിൽ ”വിസ്മരിക്കപ്പെട്ടത്” എന്ന ലേബലുകൾ സ്വീകരിക്കുന്നതിനുമുമ്പ്, ദൈവം തന്റെ പുത്രനായ യേശുവിലൂടെയും യേശുവിലും ചെയ്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുക. പാപമോചനം നൽകുന്ന സുവിശേഷത്തിൽ, ”ഞാൻ നിന്നെ മറക്കുകയില്ല!” (വാ. 15) എന്നു ദൈവം വ്യക്തമായി പറഞ്ഞിട്ടുണ്ട്.