വടക്കൻ ഇംഗ്ലണ്ടുകാർക്കു വളരെയധികം പ്രിയപ്പെട്ട വ്യക്തിയാണ് കത്ബർട്ട്. ഏഴാം നൂറ്റാണ്ടിൽ, ഭൂരിഭാഗം പ്രദേശത്തിന്റെയും സുവിശേഷീകരണത്തിന് ഉത്തരവാദിത്വം വഹിച്ച കത്ബർട്ട് രാജാക്കന്മാരെ ഉപദേശിക്കുകയും ഭരണകാര്യങ്ങളെ സ്വാധീനിക്കുകയും ചെയ്തു; അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഡർഹാം നഗരം പണിതത്. എന്നാൽ കത്‌ബെർട്ടിന്റെ പൈതൃകം ഇവയെക്കാളെല്ലാം കൂടുതൽ മികച്ച മാർഗ്ഗങ്ങളിൽ നിലകൊള്ളുന്നതാണ്.

ഒരു മഹാമാരി ഈ പ്രദേശത്തെ തകർത്തതിനുശേഷം, രോഗബാധിതർക്ക് ആശ്വാസമേകിക്കൊണ്ട് കത്ബർട്ട് പട്ടണങ്ങളിൽ പര്യടനം നടത്തി. ഒരു പട്ടണത്തിൽനിന്നു വിടവാങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇനിയാർക്കെങ്കിലുംവേണ്ടി പ്രാർത്ഥിക്കാൻ ഉണ്ടോ എന്നദ്ദേഹം പരിശോധിച്ചു. കൊച്ചു കുഞ്ഞിനെ മാറോടുചേർത്തുപിടിച്ച് ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾക്ക് ഇതിനകം ഒരു മകനെ നഷ്ടപ്പെട്ടു, അവളുടെ കൈയിലിരുന്ന കുട്ടിയും മരണത്തോടടുക്കുകയായിരുന്നു. കത്ബർട്ട് പനിപിടിച്ച ആൺകുഞ്ഞിനെ കൈയ്യിൽ എടുത്ത് അവനുവേണ്ടി പ്രാർത്ഥിച്ചു, അവന്റെ നെറ്റിയിൽ ചുംബിച്ചു. ”ഭയപ്പെടേണ്ടാ, നിന്റെ കുടുംബത്തിൽ ഇനി മറ്റാരും മരിക്കുകയില്ല” എന്ന് അവളോടു പറഞ്ഞു. ആ കുഞ്ഞു ജീവിച്ചിരുന്നതായാണ് ചരിത്രം.

മഹത്വത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കാൻ യേശു ഒരിക്കൽ ഒരു കൊച്ചുകുട്ടിയെ കൈയ്യിലെടുത്ത് ഇപ്രകാരം പറഞ്ഞു, ”ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ

കൈക്കൊള്ളുന്നു” (മർക്കൊസ് 9:37). യെഹൂദ സംസ്‌കാരത്തിൽ ആരെയെങ്കിലും ”സ്വാഗതം” ചെയ്യുന്നത് അവരെ സേവിക്കുന്നതിനു തുല്യമാണ്. കുട്ടികൾ മുതിർന്നവരെ സേവിക്കുകയാണു വേണ്ടത്, അവർ സേവിക്കപ്പെടുകയല്ല എന്നതിനാൽ ഈ ആശയം ഞെട്ടിക്കുന്നതായിരുന്നു. യേശുവിന്റെ ആശയം? ഏറ്റവും ചെറിയവരെയും താണവരെയും സേവിക്കുന്നതിലാണ് യഥാർത്ഥ മഹത്വം നിലകൊള്ളുന്നത് (വാ. 35). 

രാജാക്കന്മാർക്ക് ഒരു ഉപദേഷ്ടാവ്. ചരിത്രത്തെ സ്വാധീനിച്ചയാൾ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു നഗരം നിർമ്മിക്കപ്പെട്ടു. പക്ഷേ, കത്‌ബെർട്ടിന്റെ പൈതൃകത്തെ സ്വർഗ്ഗം ഇതുപോലെയായിരിക്കും രേഖപ്പെടുത്തുന്നത്: ശ്രദ്ധിക്കപ്പെട്ട ഒരു അമ്മ. ചുംബിക്കപ്പെട്ട ഒരു നെറ്റി. യജമാനനെ പ്രതിഫലിപ്പിക്കുന്ന ഒരു എളിയ ജീവിതം.