വളരെക്കുറച്ചു ഭക്ഷണം, വാട്ടർപ്രൂഫ് ബൂട്ട്, ഒരു മാപ്പ് എന്നിവയാണ് മലകയറ്റക്കാർ കൊണ്ടുപോകുന്ന ആവശ്യവസ്തുക്കളിൽ ചിലത്. ഈ നടപ്പാതകൾ ഗർത്തങ്ങൾക്കു കുറുകെയും, തടാകങ്ങളെയും വനങ്ങളെയും ചുറ്റിയും പർവ്വതങ്ങൾക്കു മുകളിലേക്കു കുത്തനെയും, അവയ്ക്കു മുകളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ ഇവ സാധ്യമാക്കുന്നു. പർവ്വതത്തിന്റെ ഉയരത്തെ അടിസ്ഥാനമാക്കി ഈ യാത്രകൾക്ക് ചില ആഴ്ചകളെടുക്കുമെന്നതിനാൽ, ശരിയായ അളവിലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നത് നിർണ്ണായകമാണ്. കൂടുതലെടുത്താൽ, ഭാരം കാരണം നിങ്ങളുടെ ശക്തി നഷ്ടപ്പെടും; വളരെ കുറവാണെങ്കിൽ യാത്രയ്ക്കു മതിയായ ഭക്ഷണം നിങ്ങൾക്കില്ലാതെപോകും.

യേശുവിലുള്ള വിശ്വാസികളെന്ന നിലയിൽ, നമ്മുടെ യാത്ര നന്നായി പൂർത്തിയാക്കുന്നതിന് നാം കൊണ്ടുപോകുന്ന കാര്യങ്ങളെ സംബന്ധിച്ച് ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ട്. എബ്രായർ 12-ൽ, ”സകല ഭാരവും മുറുകെ പറ്റുന്ന പാപവും” ഉപേക്ഷിക്കാൻ പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നു. അവൻ നമ്മുടെ ജീവിതത്തെ ”നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടവുമായി” താരതമ്യപ്പെടുത്തുന്നു. അതിൽ നാം ”ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കണം” (വാ. 1, 3). പാപത്തിന്റെ ഭാരം ചുമക്കുകയോ ദൈവത്തിന്റെ ഉദ്ദേശ്യത്തിന് പുറത്തുള്ള കാര്യങ്ങളാൽ വ്യതിചലിക്കപ്പെടുകയോ ചെയ്യുന്നത് അനാവശ്യമായ ഭാരം വഹിക്കുന്നതിനു തുല്യമാണ്.

കാനനപാതകളിൽ സഞ്ചരിക്കുന്നവർക്കു പായ്ക്കിംഗ് ലിസ്റ്റുകൾ ഉള്ളതുപോലെ, യേശുവിനെ അനുഗമിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ ബൈബിളിൽ ദൈവം നൽകിയിട്ടുണ്ട്. ഏതെല്ലാം ശീലങ്ങളും സ്വപ്‌നങ്ങളും മോഹങ്ങളുമാണ് നമുക്കു കൂടെ കൊണ്ടുപോകാൻ കഴിയുന്നതെന്ന്് തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നതിലൂടെ നമുക്കതറിയാൻ കഴിയും. കുറഞ്ഞ ഭാരവുമായി നാം സഞ്ചരിക്കുമ്പോൾ, നമുക്ക് യാത്ര നന്നായി പൂർത്തിയാക്കാൻ കഴിയും.