ഒരു ജനപ്രിയ, ഭവന നവീകരണ ടെലിവിഷന്‍ പ്രോഗ്രാമിനിടെ, ‘ഇതൊന്നു സങ്കല്പിച്ചു നോക്കുക!’ എന്ന് അവതാരക കൂടെക്കൂടെ പറയുന്നത് പ്രോക്ഷകര്‍ കേള്‍ക്കാറുണ്ട്. തുടര്‍ന്ന്, പഴയ വസ്തുക്കള്‍ പുനര്‍നിര്‍മ്മിക്കുകയോ ഭിത്തികളും തറയും പെയിന്റടിക്കുകയോ നിറംപിടിപ്പിക്കുകയോ ചെയ്തത് അവള്‍ അനാവരണം ചെയ്യുന്നു. ഒരു എപ്പിസോഡില്‍, നവീകരണത്തിനുശേഷം വീട്ടുടമസ്ഥ വളരെയധികം സന്തോഷിക്കുന്നതു പ്രേക്ഷകര്‍ കണ്ടു. വിവിധ സന്തോഷപ്രകടനങ്ങളോടൊപ്പം, ‘അത് മനോഹരമാണ്!’ എന്ന വാക്കുകള്‍ അവളുടെ നാവില്‍ നിന്നു മൂന്നു പ്രാവശ്യം പുറപ്പെട്ടു.

ബൈബിളിലെ, നമ്മെ അതിശയിപ്പിക്കുന്ന ‘ഇതൊന്നു സങ്കല്പിച്ചു നോക്കുക!” ഭാഗങ്ങളിലൊന്നാണ് യെശയ്യാവ് 65:17-25. എത്ര വര്‍ണ്ണാഭമായ പുനഃസൃഷ്ടി രംഗമാണത്! ആകാശത്തിന്റെയും ഭൂമിയുടെയും ഭാവിയിലെ പുതുക്കലാണവിടെ കാണുന്നത് (വാ. 17). അതു കേവലം സൗന്ദര്യവല്കരണമല്ല. ഇത് ആഴമേറിയതും യഥാര്‍ത്ഥവുമാണ്, ജീവിതത്തിനു മാറ്റം വരുത്തുന്നതും ജീവന്‍ സംരക്ഷിക്കുന്നതുമാണത്. ‘അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം

അനുഭവിക്കും” (വാ. 21). അക്രമം പഴങ്കഥയായി മാറും: ‘എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല’ (വാ. 25).

യെശയ്യാവ് 65 ല്‍ ദര്‍ശിക്കുന്ന ഫലങ്ങള്‍ ഭാവിയില്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ തന്നേ, പ്രപഞ്ച നവീകരണം ആസൂത്രണം ചെയ്യുന്ന ദൈവം ഇപ്പോള്‍ ജീവിതനവീകരണത്തിന്റെ ബിസിനസ്സിലാണ്. അപ്പൊസ്തലനായ പൗലൊസ് നമുക്ക് ഉറപ്പു നല്‍കുന്നു, ‘ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു’ (2 കൊരിന്ത്യര്‍ 5:17). പുനഃസ്ഥാപനം ആവശ്യമുണ്ടോ? നിങ്ങളുടെ ജീവിതം സംശയം, അനുസരണക്കേട്, വേദന എന്നിവയാല്‍ തകര്‍ന്നിട്ടുണ്ടോ? യേശുവിലൂടെയുള്ള ജീവിതരൂപാന്തരം യഥാര്‍ത്ഥവും മനോഹരവും ആണ്; അതു ചോദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭ്യവുമാണ്.