കാലുകൾ കഴുകുക...പാത്രങ്ങളും
ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം, ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും പറഞ്ഞു, "ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?" അവർക്ക് ഒന്നും ഇല്ലായിരുന്നു.
അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കോസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.
യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ആ ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകികൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.
സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല, മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്‌ഷ്യം.
നിഴലും ദൈവത്തിന്റെ വെളിച്ചവും
എലെയ്ൻ ക്യാൻസറിന്റെ സങ്കീർണ്ണമായി അവസ്ഥയിലാണെന്നു കണ്ടെത്തിയപ്പോൾ, അവൾ യേശുവിനോടൊപ്പം ചേരാൻ അധികനാളില്ല എന്ന് അവൾക്കും അവളുടെ ഭർത്താവ് ചക്കിനും മനസ്സിലായി. തങ്ങളുടെ അമ്പത്തിനാല് വർഷത്തെ ഏറ്റവും ആഴമേറിയതും പ്രയാസമേറിയതുമായ താഴ്വരയിലൂടെ ഒരുമിച്ചുള്ള യാത്രയിൽ ദൈവം തങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന സങ്കീർത്തനം 23-ലെ വാഗ്ദത്തത്തെ ഇരുവരും നിധിപോലെ സൂക്ഷിച്ചിരുന്നു. ദശാബ്ദങ്ങൾക്കുമുമ്പ് യേശുവിൽ വിശ്വാസം അർപ്പിച്ച എലെയ്ൻ യേശുവിനെ കാണാൻ ഒരുക്കമായിരുന്നു എന്ന വസ്തുതയിൽ അവർ പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ ഭാര്യയുടെ അനുസ്മരണ ചടങ്ങിൽ, താൻ ഇപ്പോഴും “മരണനിഴൽ താഴ്‌വരയിലൂടെ’’ സഞ്ചരിക്കുകയാണെന്ന് ചക്ക് പറഞ്ഞു (സങ്കീർത്തനം 23:4 ). ഭാര്യയുടെ സ്വർഗ്ഗ ജീവിതം അപ്പോഴേക്കും തുടങ്ങിയിരുന്നു. എന്നാൽ “മരണത്തിന്റെ നിഴൽ’’ അപ്പോഴും അദ്ദേഹത്തോടും എലെയ്‌നെ അത്യധികം സ്‌നേഹിച്ചിരുന്ന മറ്റുള്ളവരോടും ഒപ്പമുണ്ടായിരുന്നു.
മരണനിഴൽ താഴ് വരയിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുടെ വെളിച്ചത്തിന്റെ ഉറവിടം എവിടെ കണ്ടെത്താനാകും? അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിക്കുന്നു: ''ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല'' (1 യോഹന്നാൻ 1:5). യോഹന്നാൻ 8:12-ൽ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.''
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നാം “അവന്റെ മുഖപ്രകാശത്തിൽ നടക്കുന്നു’’ (സങ്കീർത്തനം 89:15). ഇരുണ്ട നിഴലിലൂടെ നാം സഞ്ചരിക്കുമ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നും പ്രകാശത്തിന്റെ ഉറവിടമാകുമെന്നും നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്.
അധൈര്യപ്പെടരുത്
എന്റെ അമ്മ ഡൊറോത്തിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്ന സമയം ഞാൻ ഓർക്കുന്നില്ല. ഒരു കടുത്ത പ്രമേഹരോഗിയായതിനാൽ വർഷങ്ങളോളം അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായിരുന്നു. സങ്കീർണ്ണതകൾ വികസിക്കുകയും തകരാറിലായ വൃക്കകൾക്ക് സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. ന്യൂറോപ്പതിയും ഒടുഞ്ഞ അസ്ഥികളും നിമിത്തം വീൽചെയറിന്റെ ഉപയോഗിക്കേണ്ട അവശ്യത്തിലേക്കു നയിച്ചു. അമ്മയുടെ കാഴ്ചയും മങ്ങാൻ തുടങ്ങി.
എന്നാൽ അമ്മയുടെ ശരീരം ബലഹീനമായപ്പോൾ, അമ്മയുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഊർജ്ജസ്വലമായി വളർന്നു. മറ്റുള്ളവർ ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി അവൾ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തിരുവെഴുത്തുകളിലെ വിലയേറിയ വാക്കുകൾ അവൾക്ക് മധുരമായി തീർന്നു. അവളുടെ കാഴ്ച മങ്ങുന്നതിനുമുമ്പ്, 2 കൊരിന്ത്യർ 4-ലെ വാക്കുകൾ ഉൾപ്പെടുത്തി അവൾ തന്റെ സഹോദരി മാർജോറിക്ക് ഒരു കത്ത് എഴുതി: ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു'' (വാ. 16).
“അധൈര്യപ്പെടുന്നത്'' എത്ര എളുപ്പമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 2 കൊരിന്ത്യർ 11-ൽ, അവൻ തന്റെ ജീവിതം -അപകടത്തിന്റെയും വേദനയുടെയും ഇല്ലായ്മയുടെയും - വിവരിക്കുന്നു (വാ. 23-29). എങ്കിലും അവൻ ആ ''പ്രശ്‌നങ്ങൾ'' താൽക്കാലികം എന്ന നിലയിൽ വീക്ഷിച്ചു. കാണുന്നതിനെക്കുറിച്ചു മാത്രമല്ല, നമുക്ക് കാണാൻ കഴിയാത്തതിനെ കുറിച്ചും - നിത്യമായവയെ - ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു ( 4:17-18).
നമുക്ക് എന്തു സംഭവിച്ചാലും, നമ്മുടെ സ്‌നേഹവാനായ പിതാവ് എല്ലാ ദിവസവും നമ്മുടെ ആന്തരിക നവീകരണം തുടരുകയാണ്. നമ്മോടൊപ്പം അവന്റെ സാന്നിധ്യം ഉറപ്പാണ്. പ്രാർത്ഥന എന്ന ദാനത്തിലൂടെ, അവൻ ഒരു ശ്വാസം മാത്രം അകലെയാണ്. നമ്മെ ശക്തിപ്പെടുത്താനും പ്രത്യാശയും സന്തോഷവും നൽകാനുമുള്ള അവന്റെ വാഗ്ദാനങ്ങൾ സത്യമായി നിലകൊള്ളുന്നു.
വാഗ്ദത്തം നിറവേറി
എന്റെ കുട്ടിക്കാലത്ത് എല്ലാ വേനൽക്കാലത്തും, എന്റെ മുത്തശ്ശിമാർക്കൊപ്പം ഒരാഴ്ച അവധി ആസ്വദിക്കാൻ ഞാൻ ഇരുന്നൂറ് മൈൽ യാത്ര ചെയ്യുമായിരുന്നു. ഞാൻ സ്‌നേഹിച്ച ആ രണ്ട് ആളുകളിൽ നിന്ന് എത്രമാത്രം ജ്ഞാനം ഞാൻ നേടിയെന്ന് വളരെക്കാലത്തിനുശേഷംവരെ ഞാൻ അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതാനുഭവങ്ങളും ദൈവത്തോടൊപ്പമുള്ള നടത്തവും അവർക്ക് എന്റെ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്ത കാഴ്ചപ്പാടുകൾ നൽകി. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവരുമായുള്ള സംഭാഷണങ്ങൾ ദൈവം വിശ്വസ്തനാണെന്നും അവൻ നൽകുന്ന എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റുന്നുവെന്നും എനിക്ക് ഉറപ്പുനൽകി.
യേശുവിന്റെ അമ്മയായ മറിയയുടെ കൗമാരപ്രായത്തിൽ ഒരു ദൂതൻ അവളെ സന്ദർശിച്ചിരുന്നു. ഗബ്രിയേൽ കൊണ്ടുവന്ന അവിശ്വസനീയമായ വാർത്തകൾ അതിശയിപ്പിക്കുന്നതായിരിക്കണം, എന്നിട്ടും അവൾ കൃപയോടെ ആ ദൗത്യം സ്വീകരിച്ചു (ലൂക്കൊ. 1:38). ഒരുപക്ഷേ, അവളുടെ വൃദ്ധ ബന്ധുവായ എലിശബേത്തിനെ അവൾ സന്ദർശിച്ചത് അവളുടെ അത്ഭുതകരമായ ഗർഭാവസ്ഥയുടെ നടുവിലായിരുന്നു (അവൾക്ക് അറുപത് വയസ്സ് പ്രായമുണ്ടെന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു)-അവൾ വാഗ്ദത്ത മശിഹായുടെ അമ്മയാണെന്ന ഗബ്രിയേലിന്റെ വാക്കുകൾ എലിശബേത്ത് ആവേശത്തോടെ സ്ഥിരീകരിച്ചത് അവൾക്ക് ആശ്വാസം പകർന്നു (വാ. 39-45).
ക്രിസ്തുവിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോൾ, എന്റെ മുത്തശ്ശിമാരെപ്പോലെ, അവൻ തന്റെ വാഗ്ദത്തങ്ങൾ പാലിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എലിശബേത്തിനും അവളുടെ ഭർത്താവായ സെഖര്യാവിനും ഒരു പൈതലിനെ നൽകുമെന്ന തന്റെ വാഗ്ദാനം അവൻ പാലിച്ചു (വാ. 57-58). ആ മകൻ, സ്‌നാപക യോഹന്നാൻ നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൽകിയ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹാ-ലോകത്തിന്റെ രക്ഷകൻ-വരുന്നു എന്ന വാഗ്ദത്തത്തിന്റെ -മനുഷ്യരാശിയുടെ ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന ഒന്ന് - തുടക്കക്കാരനായിത്തീർന്നു (മത്തായി 1:21-23).
നിശബ്ദതയ്ക്കുള്ള മുറി
നിങ്ങൾ അമേരിക്കയിൽ സമാധാനപരവും ശാന്തവുമായ ഒരു സ്ഥലമാണ് തിരയുന്നതെങ്കിൽ, മിനസോട്ടയിലെ മിനിയാപൊലീസിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മുറിയുണ്ട്. ഇത് എല്ലാ ശബ്ദത്തിന്റെയും 99.99 ശതമാനം ആഗിരണം ചെയ്യുന്നു! ഓർഫീൽഡ് ലബോറട്ടറീസിന്റെ ലോകപ്രശസ്ത അനക്കോയിക് (എക്കോ-ഫ്രീ) ചേമ്പറിനെ “ഭൂമിയിലെ ഏറ്റവും ശാന്തമായ സ്ഥലം” എന്നു വിളിക്കുന്നു. ഈ ശബ്ദരഹിതമായ ഇടം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ശബ്ദത്തിന്റെ അഭാവം മൂലം വഴിതെറ്റിപ്പോകാതിരിക്കാൻ ഇരിക്കേണ്ടതാണ്. മാത്രമല്ല ആർക്കും നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ മുറിയിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.
നമ്മളിൽ വളരെക്കുറച്ചുപേർക്കു മാത്രമേ അത്രമാത്രം നിശബ്ദത ആവശ്യമുള്ളു എന്നിരുന്നാലും, ശബ്ദമാനമായതും തിരക്കേറിയതുമായ ലോകത്ത് അൽപ്പം നിശബ്ദതയ്ക്കായി നാം ചിലപ്പോൾ ആഗ്രഹിച്ചു പോകുന്നു. നമ്മൾ കാണുന്ന വാർത്തകളും സോഷ്യൽ മീഡിയയും പോലും നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ഒരുതരം ബഹളമയമായ “ശബ്ദം” കൊണ്ടുവരുന്നു. നിഷേധാത്മകവികാരങ്ങൾ ഉണർത്തുന്ന വാക്കുകളും ചിത്രങ്ങളുമാണ് അതിൽ അധികവും. അതിൽ മുഴുകിയാൽ ദൈവശബ്ദത്തെ അത് അനായാസം അടിച്ചമർത്തും.
ഏലീയാ പ്രവാചകൻ ഹൊരേബ് പർവതത്തിൽ ദൈവത്തെ കാണാൻ പോയപ്പോൾ, ഉച്ചത്തിലുള്ള വിനാശകരമായ കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അവനെ കണ്ടില്ല (1 രാജാക്കന്മാർ 19:11-12). “ഒരു മൃദുസ്വരം” ഏലിയാവ് കേട്ടതിനുശേഷം 'സൈന്യങ്ങളുടെ ദൈവമായ യഹോവയെ' (വാ. 12-14) കാണാൻ അവൻ തന്റെ മുഖം മൂടിക്കൊണ്ട് ഗുഹയ്ക്കു പുറത്തേക്ക് വന്നു.
നിങ്ങളുടെ ആത്മാവ് ശാന്തമായിരിക്കാൻ കൊതിച്ചേക്കാം, എന്നാൽ അതിലുപരിയായി - അത് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നുണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ നിശബ്ദതയ്ക്കുള്ള ഇടം കണ്ടെത്തുക, അങ്ങനെ നിങ്ങൾക്ക് ഒരിക്കലും ദൈവത്തിന്റെ “മൃദുസ്വരം” (വാ. 12) നഷ്ടപ്പെടുകയില്ല.
എപ്പോഴും വിശ്വസിക്കാൻ കൊള്ളാകുന്നവൻ
ഞാൻ എപ്പോലും ആകുലപ്പെടുന്നവനാണ്. ഏറ്റവും മോശം പ്രഭാതമാണ്. കാരണം അപ്പോഴാണ് ഞാൻ തനിച്ചിരുന്നു ചിന്തിക്കുന്നത്. അതിനാൽ ഹഡ്‌സൺ ടെയ്‌ലറുടെ (ചൈനയിലെ ബ്രിട്ടീഷ് മിഷനറി) ഈ ഉദ്ധരണി ഞാൻ എന്റെ കുളിമുറിയിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചു. ഞാൻ ദുർബലനാണെന്ന് തോന്നുമ്പോൾ എനിക്ക് അത് കാണാൻ കഴിയും: ''ജീവനുള്ള ഒരു ദൈവമുണ്ട്. അവൻ ബൈബിളിൽ സംസാരിച്ചിട്ടുണ്ട്. അവൻ പറയുന്നത് അവൻ അർത്ഥമാക്കുന്നു, അവൻ വാഗ്ദാനം ചെയ്തതെല്ലാം നിവർത്തിക്കും.''
ടെയ്‌ലറുടെ വാക്കുകൾ വർഷങ്ങളോളം ദൈവത്തോടൊപ്പമുള്ള നടത്തത്തിൽ നിന്നാണ് വന്നത്, അവൻ ആരാണെന്നും നമ്മുടെ രോഗം, ദാരിദ്ര്യം, ഏകാന്തത, ദുഃഖം എന്നിവയുടെ നടുവിലും അവന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം വിശ്വസ്തനാണെന്ന് അദ്ദേഹം കോവലം അറിയുക മാത്രല്ലായിരുന്നു, അവന്റെ വിശ്വാസ്യത അനുഭവിക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തതിനാൽ, ആയിരക്കണക്കിന് ചൈനക്കാർ തങ്ങളുടെ ജീവൻ യേശുവിന് സമർപ്പിച്ചു.
ദൈവത്തെയും അവന്റെ വഴികളെയും അനുഭവിച്ചറിഞ്ഞത് അവൻ വിശ്വസ്തനാണെന്ന് അറിയാൻ ദാവീദിനെ സഹായിച്ചു. ദൈവം നല്ലവനും മനസ്സലിവുള്ളവനും തന്റെ എല്ലാ വാഗ്ദാനങ്ങളോടും വിശ്വസ്തനുമാണെന്ന് അനുഭവിച്ചറിഞ്ഞ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവൻ സങ്കീർത്തനം 145 എഴുതി. നാം ദൈവത്തെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, തന്നെക്കുറിച്ച് അവൻ പറയുന്നതു സത്യമാണെന്നും അവൻ തന്റെ വചനത്തോട് വിശ്വസ്തനാണെന്നും (വാ. 13). നാം തിരിച്ചറിയുന്നു (അല്ലെങ്കിൽ നന്നായി മനസ്സിലാക്കുന്നു). കൂടാതെ, ദാവീദിനെപ്പോലെ, നാം അവനെ സ്തുതിച്ചുകൊണ്ടും അവനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ടും പ്രതികരിക്കുന്നു (വാ. 10-12).
നാം ആശങ്കാജനകമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തിൽ വീഴ്ച വരുത്താതിരിക്കാൻ ദൈവം നമ്മെ സഹായിക്കും, കാരണം അവൻ വിശ്വസ്തനാണ് (എബ്രായർ 10:23).
വളരെ മനോഹരം
ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോഴാണ് ഹോസ്പിറ്റൽ നഴ്‌സറിയുടെ ജനാലയിലൂടെ നോക്കിആദ്യമായി ഒരു നവജാത ശിശുവിനെ കാണുന്നത്. എന്റെ അറിവില്ലായ്മയിൽ, രോമമില്ലാത്ത, കോണാകൃതിയിലുള്ള തലയും ശരീരത്തു ചുളിവുകളുമുള്ള കുട്ടിയെ കണ്ട് ഞാൻ പരിഭ്രാന്തനായി. എന്നാൽ ഞങ്ങളുടെ അടുത്തു നിന്നിരുന്ന കുഞ്ഞിന്റെ അമ്മയ്ക്ക്, “അവൻ സുന്ദരനല്ലേ?’’ എന്ന് ചുറ്റുംനില്ക്കുന്നവരോടു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു ചെറുപ്പക്കാരനായ പിതാവ് തന്റെ പെൺകുഞ്ഞിനോട് “നീ വളരെ സുന്ദരിയാണ്’’ എന്ന ഗാനം ആർദ്രമായി ആലപിക്കുന്ന വീഡിയോ കണ്ടപ്പോൾ ആ നിമിഷത്തെ ഞാൻ ഓർത്തു. അവളുടെ ആഹ്ലാദഭരിതനായ ഡാഡിക്ക് - ആ കൊച്ചു പെൺകുട്ടി ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു.
അങ്ങനെയാണോ ദൈവം നമ്മെ നോക്കുന്നത്? നാം അവന്റെ “കൈപ്പണി’’—അവന്റെ മാസ്റ്റർപീസ് ആണെന്ന് എഫെസ്യർ 2:10 പറയുന്നു. നമ്മുടെ പരാജയങ്ങളെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, അവിടുന്നു നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നത് അംഗീകരിക്കാനോ അവിടുത്തെ മുമ്പിൽ നമുക്കു മൂല്യമുള്ളവരാകാൻ കഴിയുമെന്നു വിശ്വസിക്കാനോ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ നാം അവിടുത്തെ സ്‌നേഹത്തിന് അർഹരായതിനാലല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത് (വാ. 3-4); അവിടുന്നു സ്‌നേഹമായതുകൊണ്ടാണ് അവിടുന്നു നമ്മെ സ്‌നേഹിക്കുന്നത് (1 യോഹന്നാൻ 4:8). അവന്റെ സ്‌നേഹം കൃപയുടേതാണ്, നാം നമ്മുടെ പാപങ്ങളിൽ മരിച്ചവരായിരുന്നപ്പോൾ യേശുവിന്റെ മരണത്തിലൂടെ ദൈവം നമ്മെ അവനിൽ ജീവിപ്പിച്ചുകൊണ്ട് അതിന്റെ ആഴം കാണിച്ചുതന്നു (എഫെസ്യർ 2:5, 8).
ദൈവത്തിന്റെ സ്‌നേഹം ചഞ്ചലമല്ല - സ്ഥിരമാണ്. അവിടുന്ന് അപൂർണരെയും തകർന്നവരെയും ദുർബലരെയും കുഴപ്പക്കാരെയും സ്‌നേഹിക്കുന്നു. നാം വീഴുമ്പോൾ, നമ്മെ ഉയർത്താൻ അവിടുന്ന്് അവിടെയുണ്ട്. നാം അവിടുത്തെ നിധിയാണ്, നാം അവന് വളരെ സുന്ദരന്മാരും സുന്ദരികളുമാണ്.
ധാരാളം സമയം
എന്റെ സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ ലിയോ ടോൾസ്റ്റോയിയുടെ "യുദ്ധവും സമാധാനവും" എന്ന പുസ്തകത്തിന്റെ വലിയ പതിപ്പ് കണ്ടപ്പോൾ "എനിക്ക് ഒരിക്കലും അത് പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല" എന്ന് ഞാൻ പറഞ്ഞു. മാർട്ടി അടക്കിയ ചിരിയോടെ പറഞ്ഞു "അത് ഞാൻ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചപ്പോൾ ഇനിയെങ്കിലും നിനക്ക് വായിക്കാൻ സമയം കിട്ടുമെന്ന് പറഞ്ഞു എന്റെ ഒരു സുഹൃത്ത് നൽകിയ സമ്മാനമാണ്".
സഭാപ്രസംഗി 3-ന്റെ ആദ്യത്തെ എട്ട് വാക്യങ്ങൾ, വളരെ സാധാരണമായ ജീവിതത്തിലെ ചില പ്രക്രിയകളുടെ, താളാത്മകവും നിയന്ത്രണാതീതവുമായ തിരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്നു.
സഭാപ്രസംഗി 3-ന്റെ ആദ്യത്തെ എട്ട് വാക്യങ്ങൾ, ജീവിതത്തിലെ സാധാരണമായ ചില പ്രക്രിയകളുടെ, അനിയന്ത്രണമായ തിരഞ്ഞെടുപ്പുകളെപ്പറ്റി താളാത്മകമായി പറയുന്നു. നാം ജീവിതത്തിന്റെ ഏതു ഘട്ടത്തിലുമായിക്കൊള്ളട്ടെ, നാം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സമയം നമുക്ക് കിട്ടാറില്ല. സമയത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുവാൻ ശരിയായ ഒരു പ്ലാൻ ആവശ്യമാണ് (സങ്കീർത്തനം 90:12).
ദൈവത്തോടൊപ്പം നാം ദിവസവും ചിലവഴിക്കുന്ന സമയം നമ്മുടെ ആത്മീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. ഫലപ്രദമായ കാര്യങ്ങൾ ചെയ്യുന്നത് ആത്മാവിന് തൃപ്തി നൽകുന്നതാണ് (സഭാപ്രസംഗി 3:13). ദൈവത്തെ സേവിക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീക പദ്ധതികളെ സാധൂകരിക്കുന്നു (എഫെസ്യർ 2:10). വിശ്രമത്തിന്റെയും ആനന്ദത്തിന്റയും സമയം, സമയം പാഴാക്കലല്ല, ശരീരത്തിനും ആത്മാവിനും ഉണർവ്വേകുകയാണ്.
തീർച്ചയായും ഇപ്പോൾ സംഭവിക്കുന്നവയിൽ - നമ്മെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ സഭാപ്രസംഗി 3:11 പറയുന്നു, ദൈവം നമ്മിൽ നിത്യതയും വച്ചിരിക്കുന്നു - നിത്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുവാൻ ഓർമ്മപ്പെടുത്തുന്നു. ഇത് നമ്മെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെ മുഖാമുഖം കാണുവാൻ ഇടയാക്കും. പ്രത്യേകിച്ചും "ആരംഭം മുതൽ അവസാനം വരെയുള്ള" ദൈവത്തിന്റെ നിത്യമായ കാഴ്ചപ്പാടിനെ.
അരിമ്പാറയും എല്ലാം
"ഇംഗ്ലണ്ടിന്റെ സംരക്ഷകൻ" എന്നറിയപ്പെട്ട ഒലിവർ ക്രോംവെൽ, പതിനേഴാം നൂറ്റാണ്ടിലെ സൈനിക മേധാവിയായിരുന്നു.പ്രധാനപ്പെട്ട വ്യക്തികൾ തങ്ങളുടെ ഛായാചിത്രങ്ങൾ വരയ്പ്പിക്കുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു. ഒരു വ്യക്തിയുടെ മുഖത്തിന്റെ ആകർഷകമല്ലാത്ത വശങ്ങൾ ചിത്രകാരൻ വരയ്ക്കാതെ ഒഴിവാക്കുന്നതും സാധാരണമായിരുന്നു. എന്നിരുന്നാലും ക്രോംവെൽ തന്റെ മുഖസ്തുതിക്കു വേണ്ടിഒരു ഛായാചിത്രത്തെആഗ്രഹിച്ചില്ല. അദേഹം ചിത്രകാരന് മുന്നറിയിപ്പ് നൽകി, "ഞാൻ ആയിരിക്കുന്ന പോലെ തന്നെ നിങ്ങൾ എന്നെ വരയ്ക്കണം - അരിമ്പാറയും എല്ലാം - അല്ലെങ്കിൽ ഞാൻ നിങ്ങൾക്ക് പണം നൽകില്ല.''
തീർച്ചയായും, ആ കലാകാരൻ അതിനു വഴങ്ങി. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതിനു മുമ്പ് ഫിൽട്ടർ ചെയ്യുകയോ എയർബ്രഷ് ചെയ്യുകയോ ചെയ്തേക്കാവുന്ന മുഖത്തെ രണ്ട് വലിയ അരിമ്പാറകളുമായി ക്രോംവെല്ലിന്റെഛായാചിത്രം പൂർത്തിയായി.
"അരിമ്പാറയും എല്ലാം" എന്ന പ്രയോഗത്തിന്, മനുഷ്യരെ, അവർ ആയിരിക്കുന്നതു പോലെ തന്നെ- തങ്ങളുടെ എല്ലാ അലോസരപ്പെടുത്തുന്ന തെറ്റുകളും, മനോഭാവങ്ങളും, പ്രശ്നങ്ങളോടും കൂടെ തന്നെ അംഗീകരിക്കണം എന്ന അർത്ഥംഅങ്ങനെ കൈവന്നു.ചില സന്ദർഭങ്ങളിൽ, അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കൃത്യമായിനമുക്ക് അനുഭവപ്പെടും. എന്നാൽവളരെസൂക്ഷ്മമായി ഉള്ളിലേക്ക് നോക്കിയാൽ, നമ്മുടെ സ്വന്തം സ്വഭാവത്തിന്റെ ആകർഷകമല്ലാത്ത ചില വശങ്ങൾ നാം കണ്ടെത്തിയേക്കാം.
ദൈവം നമ്മുടെ "അരിമ്പാറകൾ" ക്ഷമിച്ചതിൽ നാം നന്ദിയുള്ളവരാണ്. കൊലൊസ്സ്യർ 3-ൽ മറ്റുള്ളവർക്ക് കൃപ പകർന്നു നൽകാൻ നമ്മെ പഠിപ്പിക്കുന്നു. സ്നേഹിക്കുവാൻ എളുപ്പമല്ലാത്തവരോടു പോലും കൂടുതൽ ക്ഷമയും ദയയും അനുകമ്പയും ഉള്ളവരായിരിക്കുവാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുന്ന രീതി മൂലം, ക്ഷമിക്കുന്ന ആത്മാവ് ഉണ്ടായിരിക്കുവാൻഅദ്ദേഹം നമ്മെ ഉദ്ബോധിപ്പിക്കുന്നു (വാ.12-13). ദൈവം നമ്മെ സ്നേഹിക്കുന്നതു പോലെ, അവിടുത്തെ മാതൃകയിലൂടെ മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു - അരിമ്പാറയും എല്ലാം.
മധുരമുള്ള ഉറക്കം
എന്റെ സുഹൃത്ത് രാത്രിയിൽ ഉണർന്നിരിക്കുമ്പോൾ, "മൈ ജീസസ് ഐ ലവ് ദി" എന്ന ഗാനത്തിന്റെ വരികൾ ചിന്തിക്കും. ദൈവത്തിന്റെ വാഗ്ദാനങ്ങളും, അവനെ സ്നേഹിക്കുവാൻ ഇടയാക്കുന്ന പല കാരണങ്ങളും അതു ഓർമ്മിപ്പിക്കുന്നതിനാൽ അവൾ .അതിനെ അവളുടെ "അർദ്ധരാത്രി" ഗാനം എന്ന് വിളിക്കുന്നു.
ഉറക്കം ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണ്; പക്ഷേ ചിലപ്പോൾ അത് ലഭിക്കുവാൻ ബുദ്ധിമുട്ടാണ്. ചില സമയങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശബ്ദം നമ്മുടെ അനുതപിക്കാത്ത പാപങ്ങളെ മനസ്സിലേക്ക് കൊണ്ടുവരും. അല്ലെങ്കിൽ നമ്മുടെ ജോലി, ബന്ധങ്ങൾ, സാമ്പത്തിക അവസ്ഥ, ആരോഗ്യം, അല്ലെങ്കിൽ നമ്മുടെ കുട്ടികൾ എന്നിവയെക്കുറിച്ച് നമ്മൾ വിഷമിക്കുവാൻ തുടങ്ങും. അല്ലെങ്കിൽ നമ്മുടെ തലച്ചോറിലെ ഒരു ഭാഗം, ഒരു കാല്പനിക ഭാവിയെക്കുറിച്ചു ചിന്തിക്കുവാൻ തുടങ്ങും. അൽപ്പം ഉറങ്ങി എന്നു നമ്മൾ വിചാരിക്കും, പക്ഷേ ക്ലോക്കിൽ നോക്കുമ്പോൾ ഒട്ടും ഉറങ്ങിയിട്ടില്ല എന്നു മനസ്സിലാകും.
സദൃശവാക്യങ്ങൾ 3: 19-24 -ൽ, ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിന്റെ ജ്ഞാനവും വിവേകവും വകതിരിവും നമ്മുടെ മനസ്സിൽ ഉൾക്കൊണ്ടാൽസമാധാനമായി ഉറങ്ങുവാനുള്ള അനുഗ്രഹം നമുക്ക് ഉണ്ടാകുമെന്ന് ശലോമോൻ രാജാവ് നിർദ്ദേശിച്ചു. വാസ്തവത്തിൽ, അദ്ദേഹം പറയുന്നത്, "അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും... നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും."(3:22, 24).
നമ്മുടെ കുഴഞ്ഞുമറിഞ്ഞ ചിന്തകളിൽ നിന്ന് ദൈവത്തിലേക്കും അവന്റെ സ്വഭാവത്തിലേക്കും നമ്മുടെ ശ്രദ്ധ പൂർണ്ണമായി കേന്ദ്രീകരിക്കുവാൻ ഒരുപക്ഷേ നമുക്ക് ഒരു "അർദ്ധരാത്രി" പാട്ടോ, പ്രാർത്ഥനയോ അല്ലെങ്കിൽ ഒരു ബൈബിൾ വാക്യമോ മൃദുവായി മന്ത്രിക്കുവാൻ ആവശ്യമായിരിക്കാം. ശുദ്ധമായമനസ്സാക്ഷിയും, ദൈവത്തിന്റെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നേരെ നന്ദിയുള്ള ഒരു ഹൃദയവും നമുക്ക് മധുരമുള്ള ഉറക്കം പ്രദാനം ചെയ്യും.