എന്റെ അമ്മ ഡൊറോത്തിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്ന സമയം ഞാൻ ഓർക്കുന്നില്ല. ഒരു കടുത്ത പ്രമേഹരോഗിയായതിനാൽ വർഷങ്ങളോളം അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായിരുന്നു. സങ്കീർണ്ണതകൾ വികസിക്കുകയും തകരാറിലായ വൃക്കകൾക്ക് സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. ന്യൂറോപ്പതിയും ഒടിഞ്ഞ അസ്ഥികളും നിമിത്തം വീൽചെയർ ഉപയോഗിക്കേണ്ട ആവശ്യത്തിലേക്കു നയിച്ചു. അമ്മയുടെ കാഴ്ചയും മങ്ങാൻ തുടങ്ങി.

എന്നാൽ അമ്മയുടെ ശരീരം ബലഹീനമായപ്പോൾ, അമ്മയുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഊർജ്ജസ്വലമായി വളർന്നു. മറ്റുള്ളവർ ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി അവൾ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തിരുവെഴുത്തുകളിലെ വിലയേറിയ വാക്കുകൾ അവൾക്ക് മധുരമായി തീർന്നു. അവളുടെ കാഴ്ച മങ്ങുന്നതിനുമുമ്പ്, 2 കൊരിന്ത്യർ 4-ലെ വാക്കുകൾ ഉൾപ്പെടുത്തി അവൾ തന്റെ സഹോദരി മാർജോറിക്ക് ഒരു കത്ത് എഴുതി: ”ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു” (വാ. 16).

“അധൈര്യപ്പെടുന്നത്” എത്ര എളുപ്പമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 2 കൊരിന്ത്യർ 11-ൽ, അവൻ തന്റെ ജീവിതം -അപകടത്തിന്റെയും വേദനയുടെയും ഇല്ലായ്മയുടെയും – വിവരിക്കുന്നു (വാ. 23-29). എങ്കിലും അവൻ ആ ”പ്രശ്‌നങ്ങൾ” താൽക്കാലികം എന്ന നിലയിൽ വീക്ഷിച്ചു. കാണുന്നതിനെക്കുറിച്ചു മാത്രമല്ല, നമുക്ക് കാണാൻ കഴിയാത്തതിനെ കുറിച്ചും – നിത്യമായവയെ – ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു ( 4:17-18).

നമുക്ക് എന്തു സംഭവിച്ചാലും, നമ്മുടെ സ്‌നേഹവാനായ പിതാവ് എല്ലാ ദിവസവും നമ്മുടെ ആന്തരിക നവീകരണം തുടരുകയാണ്. നമ്മോടൊപ്പം അവന്റെ സാന്നിധ്യം ഉറപ്പാണ്. പ്രാർത്ഥന എന്ന ദാനത്തിലൂടെ, അവൻ ഒരു ശ്വാസം മാത്രം അകലെയാണ്. നമ്മെ ശക്തിപ്പെടുത്താനും പ്രത്യാശയും സന്തോഷവും നൽകാനുമുള്ള അവന്റെ വാഗ്ദാനങ്ങൾ സത്യമായി നിലകൊള്ളുന്നു.