നാശത്തെ നശിപ്പിച്ചു
“പക്ഷിക്കുഞ്ഞുങ്ങൾ നാളെ പറക്കും!’’ ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് ഒരു തൂക്കുകൊട്ടയിൽ കുരുവികളുടെ ഒരു കുടുംബം നടത്തുന്ന വളർച്ചയെക്കുറിച്ച് എന്റെ ഭാര്യ കാരി ആഹ്ലാദിച്ചു. അമ്മ കൂട്ടിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ ചിത്രമെടുക്കുകയും അവയെ ദിവസവും നിരീക്ഷിക്കുകയും ചെയ്തു.
അവയെ നോക്കാനായി കാരി പിറ്റേന്ന് രാവിലെ എഴുന്നേറ്റു. അവൾ കൂടിനെ മൂടിയിരുന്ന കുറച്ച് ഇലകൾ നീക്കി, പക്ഷേ കുഞ്ഞു പക്ഷികളെ കാണുന്നതിനു പകരം ഒരു പാമ്പിന്റെ ഇടുങ്ങിയ കണ്ണുകളാണ് അവളെ എതിരേറ്റത്. പാമ്പ് കൂടിന്റെ വശം തുരന്ന്, കൂടിനുള്ളിലേക്ക് കയറി, അവയെയെല്ലാം വിഴുങ്ങി.
കാരിയുടെ ഹൃദയം തകർന്നു, അവൾ കോപിച്ചു. ഞാൻ പട്ടണത്തിന് പുറത്തായിരുന്നു, അതിനാൽ പാമ്പിനെ നീക്കം ചെയ്യാൻ അവൾ ഒരു സുഹൃത്തിനെ വിളിച്ചു. എന്നാൽ നാശം സംഭവിച്ചുകഴിഞ്ഞിരുന്നു.
തന്റെ പാതയിൽ നാശം വിതച്ച മറ്റൊരു പാമ്പിനെക്കുറിച്ച്ുതിരുവെഴുത്തു പറയുന്നു. ഏദൻ തോട്ടത്തിലെ പാമ്പ് ഹവ്വയെ ചതിച്ചു: “നിങ്ങൾ മരിക്കയില്ല,’’ അവൻ കള്ളം പറഞ്ഞു. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു’’ (ഉല്പത്തി 3:4-5).
ദൈവത്തോടുള്ള ഹവ്വായുടെയും ആദാമിന്റെയും അനുസരണക്കേടിന്റെ ഫലമായി പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു, “പഴയ പാമ്പായ മഹാ സർപ്പം’’ ചെയ്ത വഞ്ചന തുടരുന്നു (വെളിപ്പാട് 20:2). എന്നാൽ യേശു വന്നത് “പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ്’’ (1 യോഹന്നാൻ 3:8), അവനിലൂടെ നാം ദൈവവുമായുള്ള ബന്ധത്തിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു ദിവസം, അവൻ “എല്ലറ്റിനെയും പുതിയതാക്കും’’ (വെളിപ്പാട് 21:5).
ദൈവത്തിന്റെ അപ്രതീക്ഷിത വഴികൾ
വാക്കുകൾ കാണത്തക്കവിധം പേജുകൾ മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് പാസ്റ്റർ തന്റെ പ്രസംഗത്തിൽ കണ്ണു പതിപ്പിച്ചു. അദ്ദേഹം അങ്ങേയറ്റം ഹ്രസ്വദൃഷ്ടിയുള്ളവനായിരുന്നു, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഓരോ വാക്യവും അങ്ങേയറ്റത്തെു ഏകാഗ്ര ശബ്ദത്തോടെ വായിച്ചു. എന്നാൽ ദൈവത്തിന്റെ ആത്മാവ് ജോനാഥൻ എഡ്വേർഡ്സിന്റെ പ്രസംഗത്തിലൂടെ ആദ്യത്തെ മഹത്തായ ഉണർവിന്റെ നവോത്ഥാന തീ ആളിക്കത്തിക്കാനും ആയിരങ്ങളെ ക്രിസ്തുവിൽ വിശ്വാസത്തിലേക്ക് കൊണ്ടുവരാനും വേണ്ടി ചലിച്ചു.
തന്റെ പൂർണമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം പലപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങൾ ഉപയോഗിക്കുന്നു. നമുക്കുവേണ്ടിയുള്ള ക്രൂശിലെ യേശുവിന്റെ സ്നേഹനിർഭരമായ മരണത്തിലൂടെ വഴിതെറ്റിയ മനുഷ്യരാശിയെ അടുപ്പിക്കാനുള്ള അവന്റെ പദ്ധതിയെക്കുറിച്ച് എഴുതിയ പൗലൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു, ''ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു'' (1 കൊരിന്ത്യർ 1:27). ദൈവിക ജ്ഞാനം നമ്മുടേത് പോലെ കാണപ്പെടുമെന്നും അപ്രതിരോധ്യമായ ശക്തിയോടെ വരുമെന്നും ലോകം പ്രതീക്ഷിച്ചു. പകരം, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ താഴ്മയോടെയും സൌമ്യതയോടെയും യേശു വന്നു, അങ്ങനെ “അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു” (വാ. 30).
അവനിലേക്കുള്ള വഴി നമുക്ക് സ്നേഹപൂർവ്വം കാണിച്ചുതരാൻ ശാശ്വതനും സർവജ്ഞാനിയുമായ ദൈവം ഒരു മനുഷ്യ ശിശുവായിത്തീർന്നു, അവൻ പ്രായപൂർത്തിയാകുകയും കഷ്ടപ്പെടുകയും മരിക്കുകയും ജീവനിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. നമ്മുടെ സ്വന്തം ശക്തിയിൽ നമുക്ക് ഒരിക്കലും നേടാനാകാത്ത മഹത്തായ കാര്യങ്ങൾ ചെയ്യാൻ എളിയ മാർഗങ്ങളെയും ആളുകളെയും ഉപയോഗിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. നമുക്ക് മനസ്സുണ്ടെങ്കിൽ, അവൻ നമ്മെ ഉപയോഗിച്ചേക്കാം.
“എല്ലാം എനിക്ക് എതിരാണ്’’
“ഇന്ന് രാവിലെ ഞാൻ കരുതി, എനിക്ക് ഒരു വലിയ തുകയുടെ മൂല്യമുണ്ടെന്ന്; ഇപ്പോൾ എന്റെ പക്കൽ ഒരു ഡോളർ തന്നെ ഉണ്ടോയെന്ന് സംശയമാണ്.’’ ഒരു ബിസിനസ് പങ്കാളി തന്റെ ജീവിത സമ്പാദ്യം കബളിപ്പിച്ചെടുത്ത ദിവസം മുൻ യുഎസ് പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്റ് പറഞ്ഞ വാക്കുകളാണിവ. മാസങ്ങൾക്ക് ശേഷം, ഗ്രാന്റിന് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. തന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും കരുതിവയ്ക്കുന്നതിനായി, തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം എഴുത്തുകാരൻ മാർക്ക് ട്വെയ്ന് അദ്ദേഹം നൽകി. താൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹം അതു പൂർത്തിയാക്കി.
കഠിനമായ കഷ്ടതകൾ നേരിട്ട മറ്റൊരു വ്യക്തിയെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. തന്റെ മകൻ യോസേഫിനെ ഒരു “ദുഷ്ടമൃഗം’’ കടിച്ചുകീറിയതായി യാക്കോബ് വിശ്വസിച്ചു (ഉല്പത്തി 37:33). തുടർന്ന് അവന്റെ മകൻ ശിമെയോൻ ഒരു വിദേശരാജ്യത്ത് തടവിലാക്കപ്പെട്ടു, തന്റെ മകൻ ബെന്യാമിനും തന്നിൽ നിന്ന് അകറ്റപ്പെടുമെന്ന് യാക്കോബ് ഭയപ്പെട്ടു. കഠിനവ്യഥയാൽ, “സകലവും എനിക്കു പ്രതികൂലം തന്നേ!’’ എന്ന് അവൻ നിലവിളിച്ചു (42:36).
പക്ഷേ അതുണ്ടായില്ല. തന്റെ മകൻ യോസേഫ് ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കുടുംബത്തെ പുനഃസ്ഥാപിക്കാൻ ദൈവം “തിരശ്ശീലയ്ക്ക് പിന്നിൽ” പ്രവർത്തിക്കുകയാണെന്നും യാക്കോബ് അറിഞ്ഞിരുന്നില്ല. നമ്മുടെ സാഹചര്യങ്ങളിൽ അവന്റെ കൈ കാണാൻ കഴിയാതെ വരുമ്പോൾ പോലും അവനെ എങ്ങനെ വിശ്വസിക്കാമെന്ന് അവരുടെ കഥ വ്യക്തമാക്കുന്നു.
ഗ്രാന്റിന്റെ ഓർമ്മക്കുറിപ്പുകൾ വലിയ വിജയമായി മാറുകയും അദ്ദേഹത്തിന്റെ കുടുംബം നന്നായി പരിപാലിക്കപ്പെടുകയും ചെയ്തു. അത് കാണാൻ ഗ്രാന്റ് ജീവിച്ചില്ലെങ്കിലും ഭാര്യ അത് കണ്ടു. നമ്മുടെ കാഴ്ച പരിമിതമാണ്, എന്നാൽ ദൈവത്തിന്റേത് അങ്ങനെയല്ല. നമ്മുടെ പ്രത്യാശയായ യേശുവിനൊപ്പം, “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?’’ (റോമർ 8:31). ഇന്ന് നമുക്ക് അവനിൽ ആശ്രയിക്കാം.
പ്രത്യാഘാതങ്ങൾക്ക് അപ്പുറമുള്ള പ്രത്യാശ
പിന്നീട് പശ്ചാത്തപിക്കേണ്ടവിധം ദേഷ്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൻ മയക്കുമരുന്നിന് അടിമപ്പെട്ടപ്പോൾ, അവന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചുകൊണ്ട് ഞാൻ ചില പരുഷമായ കാര്യങ്ങൾ പറഞ്ഞു. എന്റെ ദേഷ്യം അവനെ കൂടുതൽ തളർത്തി. എന്നാൽ ഒടുവിൽ അവനോട് ജീവനും പ്രത്യാശയും സംസാരിക്കുന്ന വിശ്വാസികളെ അവൻ കണ്ടുമുട്ടി, കാലക്രമേണ അവൻ അതിൽനിന്നു സ്വതന്ത്രനായി.
വിശ്വാസത്തിനു മാതൃകയായ മോശയെപ്പോലെയുള്ള ഒരാൾ പോലും പിന്നീട് പശ്ചാത്തപിച്ചു. യിസ്രായേൽമക്കൾ മരുഭൂമിയിൽ വെ്ച്ച് വെള്ളം കിട്ടാതായപ്പോൾ കഠിനമായി പിറുപിറുത്തു. അതുകൊണ്ട് ദൈവം മോശയ്ക്കും അഹരോനും പ്രത്യേക നിർദ്ദേശങ്ങൾ നൽകി: “അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും” (സംഖ്യ. 20:8). എന്നാൽ മോശ കോപത്തോടെ പ്രതികരിച്ചു, ദൈവത്തിനു പകരം താനും അഹരോനും ഈ അത്ഭുതംചെയ്തതായി സൂചിപ്പിച്ചു: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” (വി. 10). പിന്നെ അവൻ ദൈവത്തോട് നേരിട്ട് അനുസരണക്കേട് കാണിച്ചു: “കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു” (വാക്യം 11).
വെള്ളം ഒഴുകിയെത്തിയെങ്കിലും ദാരുണമായ പ്രത്യാഘാതങ്ങളുണ്ടായി. തന്റെ ജനത്തിന് വാഗ്ദത്തം ചെയ്ത ദേശത്ത് പ്രവേശിക്കാൻ മോശയെയോ അഹരോനെയോ ദൈവം അനുവദിച്ചില്ല. എന്നാൽ അവൻ അപ്പോഴും കരുണയുള്ളവനായിരുന്നു, ദൂരെ നിന്ന് ദേശം കാണാൻ മോശയെ അനുവദിച്ചു (27:12-13).
മോശയോടെന്നപോലെ, അവനോടുള്ള അനുസരണക്കേടിന്റെ മരുഭൂമിയിൽ ദൈവം ഇപ്പോഴും കരുണാപൂർവം നമ്മെ കണ്ടുമുട്ടുന്നു. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ ദയാപൂർവം നമുക്ക് ക്ഷമയും പ്രത്യാശയും നൽകുന്നു. നാം എവിടെയായിരുന്നാലും എന്ത് ചെയ്താലും, നാം അവനിലേക്ക് തിരിയുകയാണെങ്കിൽ, അവൻ നമ്മെ ജീവനിലേക്ക് നയിക്കും.
ദൈവത്തിന്റെ ഉദ്യാനം
ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും ഹ്രസ്വതയുടെയും ഒരു ഓർമ്മപ്പെടുത്തൽ എന്റെ മുൻവാതിലിനു പുറത്ത് വളരുന്നുണ്ട്. കഴിഞ്ഞ വസന്തകാലത്ത്, എന്റെ ഭാര്യ മൂൺഫ്ളവർ ചെടിയുടെ വള്ളികൾ നട്ടുപിടിപ്പിച്ചു, പൂർണ്ണ ചന്ദ്രനെപ്പോലെ വലുതും വൃത്താകൃതിയിലുള്ളതുമായ വെളുത്ത പൂക്കൾ കാരണമാണ് ചെടിക്ക് ഈ പേര് ലഭിച്ചത്. ഓരോ പൂവും ഒരു രാത്രി വിടർന്ന് പിറ്റേന്നു രാവിലെ സൂര്യപ്രകാശത്തിൽ വാടിപ്പോകും, പിന്നൊരിക്കലും വിടരുകയില്ല. എന്നാൽ ചെടി പൂക്കളാൽ സമൃദ്ധമാണ്, എല്ലാ വൈകുന്നേരവും പുഷ്പങ്ങളുടെ ഒരു പുതിയ പരേഡ് അവതരിപ്പിക്കുന്നു. ഓരോ ദിവസവും വീട്ടിൽ വരുമ്പോഴും പോകുമ്പോഴും അത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു, മടങ്ങിവരുമ്പോൾ എന്ത് പുതിയ സൗന്ദര്യം നമ്മെ സ്വീകരിക്കുമെന്ന് ആശ്ചര്യപ്പെടുന്നു.
ഈ ദുർബലമായ പൂക്കൾ തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു സുപ്രധാന സത്യത്തെ ഓർമ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് അപ്പൊസ്തലനായ പത്രൊസ് എഴുതി, ''കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
''സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി'' (1 പത്രൊസ് 1:23-25). എന്നാൽ ദൈവം തന്റെ വാഗ്ദാനങ്ങൾ എന്നേക്കും പാലിക്കുമെന്ന് അവൻ നമുക്ക് ഉറപ്പുനൽകുന്നു! (വാ. 25).
ഒരു പൂന്തോട്ടത്തിലെ പൂക്കൾ പോലെ, നിത്യതയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയിലെ നമ്മുടെ ജീവിതം ഹ്രസ്വമാണ്. എന്നാൽ നമ്മുടെ ഹ്രസ്വതയിൽ ദൈവം സൗന്ദര്യം ആവേശിച്ചിരിക്കുന്നു. യേശുവിന്റെ സുവാർത്തയിലൂടെ, നാം ദൈവവുമായി ഒരു പുതിയ തുടക്കം കുറിക്കുകയും അവന്റെ സ്നേഹനിർഭരമായ സാന്നിധ്യത്തിൽ പരിധിയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അവന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഭൂമിയിലെ സൂര്യനും ചന്ദ്രനും ഒരു ഓർമ്മ മാത്രമാകുന്ന കാലത്തും, നാം എപ്പോഴും അവനെ സ്തുതിക്കും.
പിടിച്ചു നിർത്തുന്ന പ്രത്യാശ
'എനിക്ക് പൂക്കൾ അയച്ചുതന്നതിനാൽ ഡാഡി വീട്ടിലേക്ക് വരുമെന്ന് എനിക്കറിയാം.' യുദ്ധസമയത്ത് പപ്പയെ കാണാതായപ്പോൾ ഞങ്ങളുടെ അമ്മയോട് ഏഴുവയസ്സുള്ള എന്റെ സഹോദരി പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് തന്റെ ദൗത്യത്തിനായി പുറപ്പെടുന്നതിന് മുമ്പ്, എന്റെ സഹോദരിയുടെ ജന്മദിനത്തിനായി പൂക്കൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് അവ എത്തി. പക്ഷേ അവൾ പറഞ്ഞത് ശരിയായിരുന്നു: ഡാഡി വീട്ടിലേക്ക് വന്നു-ഒരു ഭീകരമായ പോരാട്ടത്തിനു ശേഷം. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അവൾ പ്രതീക്ഷയിൽ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലായി പൂക്കൾ വെച്ചിരുന്ന പാത്രം സൂക്ഷിക്കുന്നു.
തകർന്നതും പാപപങ്കിലവുമായ ലോകത്ത് ചിലപ്പോൾ പ്രത്യാശ മുറുകെ പിടിക്കുന്നത് എളുപ്പമല്ല. പിതാക്കന്മാർ എപ്പോഴും വീട്ടിൽ വരാറില്ല, കുട്ടികളുടെ ആഗ്രഹങ്ങൾ ചിലപ്പോൾ നടക്കാതെ പോകും. എന്നാൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപോലും ദൈവം പ്രത്യാശ നൽകുന്നു. മറ്റൊരു യുദ്ധസമയത്ത്, പ്രവാചകനായ ഹബക്കൂക്ക് യഹൂദയിലെ ബാബിലോണിയൻ അധിനിവേശത്തെ പ്രവചിച്ചു (ഹബക്കൂക്ക് 1:6; 2 രാജാക്കന്മാർ 24 കാണുക) എന്നാൽ ദൈവം എപ്പോഴും നല്ലവനാണെന്ന് അപ്പോഴും ഉറപ്പിച്ചു പറഞ്ഞു (ഹബക്കൂക്ക് 1:12-13). പണ്ട് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയ ഓർത്തുകൊണ്ട് ഹബക്കൂക്ക് ഇങ്ങനെ പ്രഖ്യാപിച്ചു: ''അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.' (3:17-18).
ചില വ്യാഖ്യാതാക്കൾ ഹബക്കൂക്കിന്റെ പേരിന്റെ അർത്ഥം 'പറ്റിനിൽക്കുക' എന്നാണ് എന്നു വിശ്വസിക്കുന്നു. പരിശോധനകളിൽപ്പോലും നമുക്ക് നമ്മുടെ ആത്യന്തികമായ പ്രത്യാശയും സന്തോഷവുമായി ദൈവത്തോട് പറ്റിനിൽക്കാൻ കഴിയും, കാരണം അവൻ നമ്മെ മുറുകെ പിടിക്കുന്നു, ഒരിക്കലും കൈവിടുകയില്ല.
വാലുകളും നാവുകളും ആട്ടുന്നു
ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.
1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.
യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.
മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.
സ്തുതിക്കുവാൻ ഓർക്കുക
ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ''അങ്ങു വളരെ നല്ലവനാണ്!'' എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.
ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. "യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും" (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, "അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു" (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.
ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.
അമൂല്യമായ പ്രാർത്ഥന
ക്ലാർക്ക്സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം - മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം - ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).
എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).
പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു - സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.
ദൈവവചനം ഗ്രഹിക്കുക
എന്റെ വലിയച്ഛന്റെ പഴയ ഫാം ഹൗസിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങിക്കിടക്കുന്ന പരുക്കൻ, കാസ്റ്റ് അയണിന്റെ വളയം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതായിരുന്നു. നൂറ് അടിയിലധികം അകലെ മറ്റൊരു വളയം പശുത്തൊഴുത്തിൽ ഉറപ്പിച്ചിരുന്നു. വലിയ മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ, എന്റെ അങ്കിൾ രണ്ടു വളയങ്ങൾക്കിടയിലൂടെ ഒരു കയർ ബന്ധിക്കും, അങ്ങനെ വീടിനും തൊഴുത്തിനും ഇടയിലുള്ള വഴി കണ്ടെത്താനാകും. കാഴ്ച മറയ്ക്കുന്ന മഞ്ഞുവീഴ്ചയിലും വഴിതെറ്റാതെ കയറിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിനു നടക്കുവാൻ കഴിയുമായിരുന്നു.
എന്റെ അങ്കിൾ കനത്ത മഞ്ഞുവീഴ്ചയിൽ ഈ സുരക്ഷാ കയർ ഉപയോഗിക്കുന്നത്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ജീവിതത്തിലൂടെ എങ്ങനെ നയിക്കുകയും പാപത്തിൽ നിന്നും തെറ്റുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നറിയാൻ ദാവീദ് എബ്രായ കവിതയുടെ വരികൾ ഉപയോഗിച്ചതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു: “യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു’’ (സങ്കീർത്തനം 19:9-11).
നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് നൽകുന്ന തിരുവെഴുത്തുകളിലെ സത്യങ്ങളുടെ ദൃഢമായ ഗ്രാഹ്യം, വഴിതെറ്റിപ്പോകുന്നതിൽ നിന്ന് നമ്മെ തടയുകയും ദൈവത്തെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിന്ന് അലഞ്ഞുതിരിയുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുകയും വീട്ടിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷകന്റെ അമൂല്യമായ സ്നേഹത്തെക്കുറിച്ചും അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. തിരുവെഴുത്ത് ഒരു ജീവൻരക്ഷാ കയറാണ്! അതിനെ എപ്പോഴും മുറുകെ പിടിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.