ക്രിസ്തുമസ് സാന്നിധ്യം
''ഈ പാപലോകത്തില്‍ അവന്റെ വരവിനെക്കുറിച്ച് ഒരു കാതും കേട്ടെന്നു വരില്ല, എന്നിട്ടും പ്രിയ ക്രിസ്തു പ്രവേശിക്കുമ്പോള്‍ സൗമ്യതയുള്ള ആത്മാക്കള്‍ അവനെ സ്വീകരിക്കും.' ക്രിസ്തുമസിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന 'ഓ, ലിറ്റില്‍ ടൗണ്‍ ഓഫ് ബെത്‌ലഹേം' എന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനത്തിലെ വരികളാണിവ. നമ്മുടെ പാപത്തില്‍ നിന്ന് നമ്മെ വിടുവിക്കാനും അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവവുമായുള്ള പുതിയതും സജീവവുമായ ഒരു ബന്ധം നല്‍കുവാനുമാണ് യേശു നമ്മുടെ തകര്‍ന്ന ലോകത്തിലേക്ക് വന്നത്.
ഈ ഗാനം എഴുതി ദശാബ്ദങ്ങള്‍ക്കു ശേഷം ഒരു സ്‌നേഹിതന് അയച്ച കത്തില്‍ കവി തന്റെ ജീവിതത്തിലെ ഈ ബന്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിശദമായി വിവരിച്ചു: ''ഇത് എന്നില്‍ എത്രത്തോളം വ്യക്തിപരമായി വളരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവന്‍ ഇവിടെയുണ്ട്. അവന്‍ എന്നെ അറിയുന്നു, ഞാന്‍ അവനെ അറിയുന്നു. ഇതൊരു അലങ്കാരപ്രയോഗമല്ല. ഇത് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ കാര്യമാണ്, മാത്രമല്ല എല്ലാ ദിവസവും ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും അത് എന്തിലേക്കാണു വളരുന്നത് എന്നത് ഒരുവന്‍ ആഹ്ലാദത്തോടെ അത്ഭുതപ്പെടുന്നു.'
തന്റെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ശാന്തമായ ഈ ഉറപ്പ് യെശയ്യാവ് പ്രവചിച്ച യേശുവിന്റെ പേരുകളിലൊന്നിനെ പ്രതിഫലിപ്പിക്കുന്നു: ''കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്നു പേ ര്‍ വിളിക്കും'' (യെശയ്യാവ് 7:14). മത്തായിയുടെ സുവിശേഷം ഇമ്മാനുവേല്‍ എന്ന എബ്രായ നാമത്തിന്റെ അര്‍ത്ഥം നല്‍കുന്നു: ''ദൈവം നമ്മോടുകൂടെ'' (1:23).
ദൈവത്തെ നമുക്ക് വ്യക്തിപരമായി അറിയാനും അവനോടൊപ്പം എന്നേക്കും ജീവിക്കാനും കഴിയേണ്ടതിന് യേശുവിലൂടെ ദൈവം നമ്മുടെ അടുത്തേക്കു വന്നു. നമ്മോടൊപ്പമുള്ള അവന്റെ സ്‌നേഹപൂര്‍വ്വമായ സാന്നിധ്യം എല്ലാറ്റിലും വലിയ സമ്മാനമാണ്.
ദൈവം എല്ലാം കേള്‍ക്കുന്നു
ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദീര്‍ഘമായ തപാല്‍ കാലതാമസം 89 വര്‍ഷത്തിന്റേതാണ്. 2008-ല്‍ ഇംഗ്ലണ്ടിലെ ഒരു വീട്ടുടമസ്ഥയ്ക്ക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി 1919-ല്‍ അയച്ച ഒരു ക്ഷണക്കത്ത് ലഭിക്കുകയുണ്ടായി. അവിടെ മുമ്പു പാര്‍ത്തിരുന്ന വ്യക്തിക്കുള്ള ക്ഷണക്കത്തായിരുന്നു അവളുടെ മെയില്‍ബോക്‌സില്‍ വന്നത്. റോയല്‍ മെയില്‍ വഴിയാണ് കത്തു ലഭിച്ചത് എങ്കിലും അതിന്റെ കാലതാമസത്തിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
ആശയവിനിമയത്തിലെ ഏറ്റവും മികച്ച മാനുഷിക ശ്രമങ്ങള്‍ പോലും ചിലപ്പോള്‍ നമ്മെ നിരാശരാക്കുന്നു, എന്നാല്‍ ദൈവം തന്റെ വിശ്വസ്തരായ ആളുകളെ കേള്‍ക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. 1 രാജാക്കന്മാര്‍ 18-ല്‍, പുറജാതി ദൈവമായ ബാലും യഹോവയായ ദൈവവും തമ്മിലുള്ള വ്യത്യാസം ഏലിയാവ് വെളിപ്പെടുത്തി. യഥാര്‍ത്ഥ ദൈവം ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരപ്പരീക്ഷയില്‍, ബാലിന്റെ പ്രവാചകന്മാര്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചശേഷം, ഏലിയാവ് അവരെ പരിഹസിച്ചു: ''ഉറക്കെ വിളിക്കുവിന്‍; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കുകയാകുന്നു; അല്ലെങ്കില്‍
യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തണം' (വാ. 27). തുടര്‍ന്ന് തന്റെ ജനത വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതിനായി യഹോവ ഉത്തരം നല്‍കണമെന്ന് ഏലിയാവ് പ്രാര്‍ത്ഥിച്ചു, ദൈവത്തിന്റെ ശക്തി വ്യക്തമായും പ്രകടമായി.
നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഏലിയാവിന്റേതുപോലെ ഉടനടി ഉത്തരം ലഭിച്ചില്ലെന്നു വന്നേക്കാം, എങ്കിലും ദൈവം അവ കേള്‍ക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം (സങ്കീര്‍ത്തനം 34:17). നമ്മുടെ പ്രാര്‍ത്ഥനകളെ അവന്‍ അമൂല്യമായി വിലമതിക്കുന്നുവെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവ വിലയേറിയ ധൂപവര്‍ഗ്ഗം പോലെ ''സ്വര്‍ണ്ണപാത്രങ്ങളില്‍'' സൂക്ഷിക്കുന്നു (വെളിപ്പാട് 5:8). നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ദൈവം തന്റെ തികഞ്ഞ ജ്ഞാനത്തിലും മാര്‍ഗ്ഗത്തിലും ഉത്തരം നല്‍കും. സ്വര്‍ഗ്ഗത്തില്‍ നഷ്ടപ്പെട്ട കത്തുകള്‍ ഒന്നുമില്ല.
നക്ഷത്രങ്ങള്‍ക്കപ്പുറം ശ്രദ്ധിക്കുക
മൊബൈല്‍ ഫോണുകള്‍, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൈക്രോവേവ് ഓവനുകള്‍ എന്നിവ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കുക. അക്കാരണത്താലാണ് അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലെ ചെറിയ പട്ടണമായ ഗ്രീന്‍ ബാങ്ക് 'അമേരിക്കയിലെ ഏറ്റവും നിശബ്ദമായ പട്ടണം'' എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് നിലകൊള്ളുന്ന ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയുടെ ആസ്ഥാനം കൂടിയാണിത്. ബഹിരാകാശത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള തുടിപ്പുകളും താരാപഥങ്ങളുടെ ചലനങ്ങളും വഴി സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളെ ''കേള്‍ക്കാന്‍'' ദൂരദര്‍ശിനിക്ക് ''നിശബ്ദത'' ആവശ്യമാണ്. ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിയ ഉപരിതല വിസ്തീര്‍ണ്ണമുള്ള ഇത് 13,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള നാഷണല്‍ റേഡിയോ ക്വയറ്റ് സോണിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ദൂരദര്‍ശിനിയുടെ അത്യന്തം ഉന്നതമായ സംവേദനക്ഷമതയെ തകര്‍ക്കാതിരിക്കുന്നതിനാണ് ഇത്രയും വിശാലമായ നിശബ്ദ മേഖല സൃഷ്ടിച്ചിരിക്കുന്നത്.
മനഃപൂര്‍വമായ ഈ നിശബ്ദത ശാസ്ത്രജ്ഞരെ ''ഗോളങ്ങളുടെ സംഗീതം'' കേള്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ ശ്രദ്ധിക്കാന്‍ വേണ്ടത്ര നിശബ്ദമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്‍ മുഖാന്തരം വഴിപിഴച്ചതും അശ്രദ്ധമായതുമായ ഒരു ജനതയോട് ദൈവം ആശയവിനിമയം നടത്തി, ''നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍' (യെശയ്യാവ് 55:3). തന്നെ അന്വേഷിക്കുകയും പാപമോചനത്തിനായി തങ്കലേക്ക് തിരിയുകയും ചെയ്യുന്ന എല്ലാവരോടും ദൈവം തന്റെ വിശ്വസ്ത സ്‌നേഹം വാഗ്ദാനം ചെയ്യുന്നു.
തിരുവെഴുത്തിലും പ്രാര്‍ത്ഥനയിലും ദൈവത്തെ കണ്ടുമുട്ടുന്നതിനായി നമ്മുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ നാം മനഃപൂര്‍വ്വം ദൈവത്തെ ശ്രദ്ധിക്കുന്നു. ദൈവം അകലെയല്ല. നാം അവനുവേണ്ടി സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിലും പിന്നീട് നിത്യതയിലും അവന്‍ നമ്മുടെ മുന്‍ഗണനയായിത്തീരും.
നമ്മുടെ പ്രാര്‍ത്ഥനകളാല്‍ മറ്റുള്ളവരെ സ്‌നേഹിക്കുക
''ആളുകള്‍ ഇപ്പോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ?''
ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ തന്റെ ഭാര്യ എത്തുമ്പോഴെല്ലാം ആ മിഷനറി അവളോടു ചോദിച്ച ആദ്യത്തെ ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ രണ്ടു വര്‍ഷമായി ജയിലില്‍ അടച്ചിരുന്നു. ജയിലിലെ അവസ്ഥയും ശത്രുതയും കാരണം അദ്ദേഹത്തിന്റെ ജീവിതം കൂടെക്കൂടെ അപകടത്തിലായിരുന്നു, ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അദ്ദേഹത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ പ്രാര്‍ത്ഥന നിര്‍ത്തുകയില്ലെന്ന് ഉറപ്പു ലഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു, കാരണം ദൈവം അവരുടെ പ്രാര്‍ത്ഥനകളെ ശക്തമായി ഉപയോഗിക്കുന്നുവെന്ന് മിഷനറി വിശ്വസിച്ചു.
മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ - പ്രത്യേകിച്ച് വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളവ - ഒരു സജീവമായ ദാനമാണ്. തന്റെ മിഷനറി യാത്രയില്‍ താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് കൊരിന്തിലെ വിശ്വാസികള്‍ക്കെഴുതിയപ്പോള്‍ പൗലൊസ് ഇക്കാര്യം വ്യക്തമാക്കി. അവന്‍ ''അത്യന്തം ഭാരപ്പെട്ടു.'' അവന്‍ ''ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നി'' (2 കൊരിന്ത്യര്‍ 1:8). എന്നാല്‍ ദൈവം അവനെ വിടുവിച്ചുവെന്നും അവന്‍ അത് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണം എന്താണെന്നും അവന്‍ അവരോട് പറഞ്ഞു: ''ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ'' (വാ. 10-11 ഊന്നല്‍ ചേര്‍ത്തത്).
തന്റെ ജനത്തിന്റെ ജീവിതത്തില്‍ വലിയ നന്മ ഉളവാക്കാന്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്, കാരണം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സഹായം കരസ്ഥമാക്കാന്‍ നാം അവര്‍ക്കായി വാതില്‍ തുറക്കുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്റെ ശക്തിയില്‍ നാം അവരെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്. അവനെക്കാള്‍ വലിയവനോ വലുതായി സ്‌നേഹിക്കുന്നവനോ മറ്റാരുമില്ല.
ആത്യന്തിക തരംഗം
ആളുകള്‍ ''തരംഗം'' ഇഷ്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിലും സംഗീത കച്ചേരികളിലും, കുറച്ച് ആളുകള്‍ എഴുന്നേറ്റുനിന്ന് കൈകള്‍ ഉയര്‍ത്തി വീശുമ്പോള്‍ ഇതാരംഭിക്കുന്നു. നിമിഷം കഴിഞ്ഞ് അവരുടെ സമീപേ ഇരിക്കുന്നവരും അതുതന്നെ ചെയ്യുന്നു. ഒരു സ്റ്റേഡിയം മുഴുവന്‍ തുടര്‍ച്ചയായി അലയടിക്കുന്ന തരംഗം പോലെ പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത് അവസാനിച്ചുകഴിഞ്ഞാല്‍, അത് ആരംഭിച്ചവര്‍ പുഞ്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു - ഒപ്പം ചലനം തുടരുകയും ചെയ്യുന്നു.
1981-ല്‍ അമേരിക്കയില്‍ നടന്ന ഒരു പ്രൊഫഷണല്‍ കായിക മത്സരത്തിലാണ് തരംഗത്തിന്റെ ആദ്യ സംഭവം രേഖപ്പെടുത്തിയത്. അതു രസകരമായതിനാല്‍ തരംഗത്തില്‍ ചേരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, അത് ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സന്തോഷവും ഒരുമയും സുവിശേഷത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നി - യേശുവിലുള്ള രക്ഷയുടെ സുവിശേഷം എല്ലായിടത്തും വിശ്വാസികളെ സ്തുതിയിലും പ്രത്യാശയിലും ഒന്നിപ്പിക്കുന്നു. ഈ ''ആത്യന്തിക തരംഗം'' നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യെരൂശലേമില്‍ ആരംഭിച്ചു. കൊലൊസ്യയിലെ സഭയിലെ അംഗങ്ങള്‍ക്ക് എഴുതിയ പൗലൊസ് ഈ വിധത്തില്‍ അതിനെ വിശദീകരിച്ചു: ''ആ സുവിശേഷം സര്‍വ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു'' (കൊലൊസ്യര്‍ 1:6). ഈ സുവാര്‍ത്തയുടെ സ്വാഭാവിക ഫലം ''സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശയും' 'സകല വിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്‌നേഹവും'' ആണ് (വാ. 5).
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ തരംഗത്തിന്റെ ഭാഗമാണ് നാം. ഇത് തുടരുക! അത് ചെയ്തുകഴിഞ്ഞാല്‍, അത് ആരംഭിച്ചവന്റെ പുഞ്ചിരി നാം കാണും.
സോദ്ദേശ്യപരമായി ജീവിക്കുക
''നമ്മള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നു!'' ഞങ്ങളുടെ യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ എന്റെ ഭാര്യ ഞങ്ങളുടെ മൂന്ന് വയസ്സുള്ള ചെറുമകന്‍ അജയിനോട് ആവേശത്തോടെ പറഞ്ഞു. കുഞ്ഞ് അജയ് അവളെ ശ്രദ്ധയോടെ നോക്കിയിട്ടു പ്രതികരിച്ചു, ''ഞാന്‍ അവധിക്കാലം ആഘോഷിക്കാനല്ല പോകുന്നത്. ഞാന്‍ ഒരു ദൗത്യത്തിനായിട്ടാണു പോകുന്നത്!'
'ഒരു ദൗത്യത്തിനു'' പോകുക എന്ന ആശയം ഞങ്ങളുടെ കൊച്ചുമകന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷേ അവന്റെ അഭിപ്രായം, വിമാനത്താവളത്തിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടയില്‍ കുറച്ചു ചിന്തിക്കാന്‍ എനിക്കു വക നല്‍കി: ഞാന്‍ ഈ അവധിക്കാലത്തിനായി പോയി കുറച്ച് ദിവസത്തേക്ക് വിശ്രമിക്കുമ്പോള്‍, ഓരോ നിമിഷവും ദൈവത്തോടൊപ്പം ജീവിക്കുന്നതിനായി ഞാന്‍ ഇപ്പോഴും ''ഒരു ദൗത്യത്തിലാണ്'' എന്ന് ഞാന്‍ ഓര്‍ക്കാറുണ്ടോ? ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവനെ സേവിക്കാന്‍ ഞാന്‍ ഓര്‍ക്കാറുണ്ടോ?
റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായ റോമില്‍ താമസിക്കുന്ന വിശ്വാസികളെ ''ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍'' (റോമര്‍ 12:11) എന്നു പൗലൊസ് ഉത്സാഹിപ്പിക്കുന്നു. അവന്‍ പറയുന്നത്, യേശുവിലുള്ള നമ്മുടെ ജീവിതം ഉദ്ദേശത്തോടെയും ഉത്സാഹത്തോടെയും ആയിരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് എന്നാണ്. നാം ദൈവത്തെ പ്രതീക്ഷയോടെ നോക്കുകയും അവന്റെ ഉദ്ദേശ്യങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ലൗകികമായ നിമിഷങ്ങള്‍ക്കു പോലും പുതിയ അര്‍ത്ഥം കൈവരുന്നു.
വിമാനത്തിലെ ഞങ്ങളുടെ സീറ്റുകളില്‍ ഞങ്ങള്‍ ഇരുന്നശേഷം ഞാന്‍ പ്രാര്‍ത്ഥിച്ചു, ''കര്‍ത്താവേ, ഞാന്‍ അങ്ങയുടേതാണ്. ഈ യാത്രയില്‍ ഞാന്‍ ചെയ്യാന്‍ അങ്ങ് എനിക്കായി നിശ്ചയിക്കുന്നതെന്തായിരുന്നാലും, അത് നഷ്ടപ്പെടാതിരിക്കാന്‍ എന്നെ സഹായിക്കണമേ.'
എല്ലാ ദിവസവും അവനോടൊപ്പം നിത്യപ്രാധാന്യമുള്ള ഒരു ദൗത്യമാണ്!
ദീര്‍ഘശ്രമം നടത്തുക!
ലോകം അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. 1700-കളില്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വില്യം കാരി വളര്‍ന്നത്, അദ്ദേഹത്തിന് വിദ്യാഭ്യാസം തീരെയില്ലായിരുന്നു. താന്‍ തിരഞ്ഞെടുത്ത തൊഴിലില്‍ കാര്യമായ വിജയം നേടാനാവാതെ അദ്ദേഹം ദാരിദ്ര്യത്തില്‍ ജീവിച്ചു. എന്നാല്‍ സുവാര്‍ത്ത പങ്കുവെക്കാനുള്ള ഒരു അഭിനിവേശം ദൈവം അവനു നല്‍കി അവനെ ഒരു മിഷനറിയായി വിളിച്ചു. കാരി ഗ്രീക്ക്, ഹീബ്രു, ലാറ്റിന്‍ ഭാഷകള്‍ പഠിക്കുകയും ഒടുവില്‍ ആദ്യമായി പുതിയ നിയമം ബംഗാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇന്ന് അദ്ദേഹത്തെ ''ആധുനിക മിഷനറി പ്രസ്ഥാനങ്ങളുടെ പിതാവായി'' കണക്കാക്കുന്നു. എന്നാല്‍ തന്റെ അനന്തരവന് എഴുതിയ ഒരു കത്തില്‍ അദ്ദേഹം തന്റെ കഴിവുകളെക്കുറിച്ച് വളരെ എളിയ നിലയിലാണ് വിലയിരുത്തിയത്്: ''എനിക്ക് കഠിനമായി അധ്വാനിക്കാന്‍ കഴിയും. എനിക്ക് സ്ഥിരോത്സാഹം കാണിക്കാന്‍ കഴിയും.'
ദൈവം നമ്മെ ഒരു ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍, നമ്മുടെ പരിമിതികള്‍ കണക്കിലെടുക്കാതെ അത് നിറവേറ്റാനുള്ള ശക്തിയും അവന്‍ നല്‍കുന്നു. ന്യായാധിപന്മാര്‍ 6:12-ല്‍ കര്‍ത്താവിന്റെ ദൂതന്‍ ഗിദെയോന് പ്രത്യക്ഷനായി, 'അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്' എന്നു പറഞ്ഞു. തങ്ങളുടെ പട്ടണങ്ങളും വിളകളും കൊള്ളയടിക്കുന്ന മിദ്യാന്യരില്‍ നിന്ന് യിസ്രായേലിനെ രക്ഷിക്കാന്‍ ദൂതന്‍ അവനോടു പറഞ്ഞു. ''പരാക്രമശാലി'' എന്ന പദവി നേടാന്‍ തക്കവിധം ഒന്നും ചെയ്തിട്ടില്ലാത്ത ഗിദെയോന്‍ താഴ്മയോടെ പ്രതികരിച്ചു, ''ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും?... ഞാന്‍ ചെറിയവനും അല്ലോ' (വാ. 15). എന്നിട്ടും, തന്റെ ജനത്തെ മോചിപ്പിക്കാന്‍ ദൈവം ഗിദെയോനെ ഉപയോഗിച്ചു.
ഗിദെയോന്റെ വിജയത്തിന്റെ താക്കോല്‍ 'യഹോവ നിന്നോടുകൂടെ ഉണ്ട്'' (വാ. 12) എന്ന വാക്കുകളിലുണ്ട്. നാം താഴ്മയോടെ നമ്മുടെ രക്ഷകനോടൊപ്പം നടക്കുകയും അവന്റെ ശക്തിയില്‍ ആശ്രയിക്കുകയും ചെയ്യുമ്പോള്‍, അവനിലൂടെ മാത്രം സാധ്യമായത് നിറവേറ്റാന്‍ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തും.
പരാജയത്തില്‍ ഒരു സ്‌നേഹിതന്‍
1939 നവംബര്‍ 27 ന് അമേരിക്കയിലെ പ്രശസ്തമായ സിനിമാ നിര്‍മ്മാണ മേഖലയായ 'ഹോളിവുഡിനു' പുറത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ മൂന്ന് നിധി വേട്ടക്കാര്‍ കുഴിക്കാനാരംഭിച്ചു. അതു ചിത്രീകരിക്കാനായി ഒരു ഫിലിം ക്രൂവും ഒപ്പമുണ്ടായിരുന്നു. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ കുഴിച്ചിട്ടതായി അഭ്യൂഹമുണ്ടായിരുന്ന സ്വര്‍ണം, വജ്രം, പവിഴം എന്നിവ അടങ്ങിയ നിധി അന്വേഷിക്കുകയായിരുന്നു അവര്‍.
അവര്‍ ഒരിക്കലും അതു കണ്ടെത്തിയില്ല. ഇരുപത്തിനാല് ദിവസം കുഴിച്ചതിനുശേഷം അവര്‍ ഒരു പാറക്കല്ലില്‍ തട്ടി നിര്‍ത്തി. അവര്‍ ആകെ നേടിയത് ഒന്‍പത് അടി വീതിയും നാല്‍പ്പത്തിരണ്ട് അടി ആഴവുമുള്ള ഒരു കുഴി മാത്രമായിരുന്നു. അവര്‍ നിരാശരായി മടങ്ങി.
തെറ്റ് സംഭവിക്കുന്നത് മാനുഷികമാണ് - നാമെല്ലാവരും ചിലപ്പോള്‍ പരാജയപ്പെടുന്നു. ചെറുപ്പക്കാരനായ മര്‍ക്കൊസ് ഒരു മിഷനറി യാത്രയില്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും വിട്ടുപോയതായും ''അവരോടൊപ്പം പ്രവൃത്തിക്കു വരാതിരുന്നതായും'' തിരുവെഴുത്ത് പറയുന്നു. ഇക്കാരണത്താല്‍, തന്റെ അടുത്ത യാത്രയില്‍ ''അവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല'' എന്നു പൗലൊസ് കരുതി (പ്രവൃത്തികള്‍ 15:38). ഇത് ബര്‍ന്നബാസുമായി കടുത്ത വിയോജിപ്പിന് കാരണമായി. തന്റെ പ്രാരംഭ പരാജയങ്ങള്‍ക്കിടയിലും, മര്‍ക്കൊസ് വര്‍ഷങ്ങള്‍ക്കുശേഷം അത്ഭുതകരമായ രീതിയില്‍ രംഗത്തുവരുന്നു. ജീവിതാവസാനം പൗലൊസ് ഏകാന്തതയിലും ജയിലിലും ആയിരുന്നപ്പോള്‍, 'മര്‍ക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക'' (2 തിമൊഥെയൊസ് 4:11) എന്ന് തിമൊഥെയൊസിന് എഴുതുകയും ചെയ്തു. അവന്റെ പേര് വഹിക്കുന്ന സുവിശേഷം എഴുതാന്‍ ദൈവം മര്‍ക്കൊസിനെ പ്രേരിപ്പിച്ചു.
നമ്മുടെ തെറ്റുകളും പരാജയങ്ങളും നാം തനിയെ അഭിമുഖീകരിക്കാന്‍ ദൈവം നമ്മെ വിടുകയില്ലെന്ന് മര്‍ക്കൊസിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. എല്ലാ തെറ്റുകളേക്കാളും വലിയ ഒരു സ്‌നേഹിതന്‍ നമുക്കുണ്ട്. നാം നമ്മുടെ രക്ഷകനെ പിന്തുടരുമ്പോള്‍ നമുക്ക് ആവശ്യമായ സഹായവും ശക്തിയും അവന്‍ നമുക്കു നല്‍കും.
വീണ്ടെടുപ്പിന്‍ പ്രത്യാശ
ആ മനുഷ്യന്‍ വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നി. അയാളുടെ കുറ്റകൃത്യങ്ങളില്‍ എട്ട് വെടിവയ്പുകളും (ആറ് പേര്‍ കൊല്ലപ്പെട്ടു) 1970 കളില്‍ ന്യൂയോര്‍ക്ക് നഗരത്തെ ഭയപ്പെടുത്തുന്ന 1,500 ഓളം തീപിടുത്തങ്ങള്‍ക്കു കാരണമായതും ഉള്‍പ്പെടുന്നു. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് പോലീസിനെ നിന്ദിച്ചുകൊണ്ട് അയാള്‍ കത്തുകള്‍ നിക്ഷേപിച്ചിരുന്നു. ഒടുവില്‍ അയാളെ പിടികൂടുകയും ഓരോ കൊലപാതകത്തിനും തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷം വീതം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.
എന്നിട്ടും ദൈവം ഈ മനുഷ്യന്റെ അടുത്തെത്തി. ഇന്ന് അവന്‍ ക്രിസ്തുവിലുള്ള ഒരു വിശ്വാസിയാണ്, അവന്‍ ദിവസവും തിരുവെഴുത്തുകളില്‍ സമയം ചെലവഴിക്കുകയും ഇരകളുടെ കുടുംബങ്ങളോട് അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നാലു പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും, വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നിയ ഈ മനുഷ്യന്‍ ദൈവത്തില്‍ പ്രത്യാശ കണ്ടെത്തി, ''എന്റെ സ്വാതന്ത്ര്യം ഒരൊറ്റ വാക്കില്‍ കണ്ടെത്തി: യേശു'' എന്നയാള്‍ പറയുന്നു.
സാധ്യതയില്ലാത്ത മറ്റൊരു മാനസാന്തരത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദമാസ്‌കൊസിലേക്കുള്ള യാത്രയില്‍ കണ്ടുമുട്ടുന്നതിനുമുമ്പ്, ശൗല്‍ (പിന്നീട് അപ്പൊസ്തലനായ പൗലൊസ് ആയി) ''കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിക്കുകയായിരുന്നു'' (പ്രവൃത്തികള്‍ 9:1). എന്നിട്ടും പൗലൊസിന്റെ ഹൃദയവും ജീവിതവും യേശുവിനാല്‍ രൂപാന്തരപ്പെട്ടു (വാ. 17-18), ചരിത്രത്തിലെ ഏറ്റവും ശക്തനായ സാക്ഷികളില്‍ ഒരാളായി അദ്ദേഹം മാറി . ഒരിക്കല്‍ ക്രിസ്ത്യാനികളുടെ മരണത്തിന് ഗൂഢാലോചന നടത്തിയ മനുഷ്യന്‍ സുവിശേഷത്തിന്റെ പ്രത്യാശ പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു.
വീണ്ടെടുപ്പ് എപ്പോഴും ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയാണ്. ചില കഥകള്‍ കൂടുതല്‍ നാടകീയമാണ്, എന്നാല്‍ അന്തര്‍ലീനമായ സത്യം അതേപടി നിലനില്‍ക്കുന്നു: നമ്മില്‍ ആരും അവന്റെ പാപമോചനത്തിന് അര്‍ഹരല്ല, എന്നിട്ടും യേശു ശക്തനായ ഒരു രക്ഷകനാണ്! അവന്‍ 'താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിക്കുന്നു' (എബ്രായര്‍ 7:25).
വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍
അവര്‍ അവരെ ''വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍'' എന്ന് വിളിക്കുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ നോര്‍ത്ത് കരോലിന തീരത്ത് സ്ഥിതിചെയ്യുന്ന ഹാറ്റെറാസ് ദ്വീപിലെ വിളക്കുമാടത്തില്‍, 1803 മുതല്‍ അവിടെ സേവനം അനുഷ്ഠിച്ച സൂക്ഷിപ്പികാര്‍ക്കുവേണ്ടി ഒരു സ്മാരകം ഉണ്ട്. തീരദേശത്തെ മണ്ണൊലിപ്പ് കാരണം നിലവിലുള്ള കെട്ടിടം കൂടുതല്‍ ഉള്ളിലേക്ക് മാറ്റിയതിനുശേഷം, സൂക്ഷിപ്പുകാരുടെ പേരുകള്‍ പഴയ അടിസ്ഥാന കല്ലുകളില്‍ പതിക്കുകയും പുതിയ സൈറ്റിന് അഭിമുഖമായി ഒരു ആംഫിതിയേറ്റര്‍ ആകൃതിയില്‍ ക്രമീകരിക്കുകയും ചെയ്തു. ആ നിലയില്‍ - ഒരു പ്ലാക്കാര്‍ഡ് വിശദീകരിക്കുന്നതുപോലെ - ഇന്നത്തെ സന്ദര്‍ശകര്‍ക്ക് ചരിത്രപരമായ സൂക്ഷിപ്പുകാരുടെ കാല്‍പ്പാട് പിന്തുടരാനും വിളക്കുമാടത്തെ ''സംരക്ഷിക്കാനും'' കഴിയും.
യേശുവാണ് ആത്യന്തിക വെളിച്ച ദാതാവ്. അവന്‍ പറഞ്ഞു, ''ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ, ജീവന്റെ വെളിച്ചമുള്ളവന്‍ ആകും' (യോഹന്നാന്‍ 8:12). ആര്‍ക്കും അവകാശപ്പെടാവുന്ന സമൂലമായ കാര്യമാണിത്. എന്നാല്‍ തന്നെ അയച്ച വെളിച്ചത്തിന്റെയും ജീവന്റെയും സ്രഷ്ടാവായ സ്വര്‍ഗ്ഗീയപിതാവുമായുള്ള തന്റെ ബന്ധം സ്ഥിരീകരിക്കുന്നതിനാണ് യേശു ഇത് പറഞ്ഞത്.
രക്ഷയ്ക്കായി നാം യേശുവിലേക്ക് നോക്കുകയും അവന്റെ പഠിപ്പിക്കലുകള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലേക്കു നാം പുനഃസ്ഥാപിക്കപ്പെടുകയും അവന്‍ നമുക്ക് പുതിയ ശക്തിയും ലക്ഷ്യവും നല്‍കുകയും ചെയ്യുന്നു. അവന്റെ പരിവര്‍ത്തനാത്മക ജീവനും സ്‌നേഹവും - ''എല്ലാ മനുഷ്യരുടെയും വെളിച്ചം'' (1:4) നമ്മിലും നമ്മിലൂടെയും ഇരുണ്ടതും ചിലപ്പോള്‍ അപകടകരവുമായ ഒരു ലോകത്തിലേക്ക് പ്രകാശിക്കുന്നു.
യേശുവിന്റെ അനുഗാമികള്‍ എന്ന നിലയില്‍ നാം ''വെളിച്ചത്തിന്റെ കാവല്‍ക്കാര്‍'' ആയിത്തീരുന്നു. അവന്റെ വെളിച്ചം നമ്മില്‍ നിന്ന് പ്രകാശിക്കുന്നത് മറ്റുള്ളവര്‍ കാണുകയും അവനു മാത്രം നല്‍കാന്‍ കഴിയുന്ന ജീവനും പ്രത്യാശയും കണ്ടെത്തുകയും ചെയ്യട്ടെ!