കൃഷിക്കായി ഞാന്‍ നിലം ഒരുക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു വലിയ ചുവട് ശൈത്യകാല കള ഞാന്‍ പിഴുതു മാറ്റി. . . എന്നിട്ട് ആകാശത്തേക്കു വലിച്ചെറിഞ്ഞു! എന്റെ കൈക്കു തൊട്ടുതാഴെയായി ഒരു വിഷപ്പാമ്പ് ചെടിയുടെ ചുവട്ടില്‍ ഒളിച്ചിരിക്കുന്നു-ഒരു ഇഞ്ച് താഴെ! ഞാന്‍ അതിനെ അബദ്ധത്തില്‍ പിടിക്കുമായിരുന്നു. ഞാന്‍ ചെടി ഉയര്‍ത്തിയ ഉടനെ അതിന്റെ നിറമുള്ള വലയങ്ങള്‍ കണ്ടു; അതിന്റെ ബാക്കിഭാഗം എന്റെ കാലുകള്‍ക്കിടയിലെ കളകളില്‍ ചുറ്റിയിരുന്നു.

ഏതാനും അടി അകലേക്ക് ഞാന്‍ എടുത്തു ചാടിയപ്പോള്‍, അതെന്നെ കടിക്കാത്തതിനു ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവിടെ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത അപകടങ്ങളില്‍നിന്ന് ദൈവം എന്നെ എത്ര തവണ സൂക്ഷിച്ചുവെന്നു ഞാന്‍ ചിന്തിച്ചു.

ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പ് മോശെ യിസ്രായേല്‍ മക്കളോടു പറഞ്ഞു, ‘യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്’ (ആവര്‍ത്തനം 31:8). അവര്‍ക്ക് ദൈവത്തെ കാണാന്‍ കഴിയുമായിരുന്നില്ല, എന്നിരുന്നാലും ദൈവം അവരോടൊപ്പമുണ്ടായിരുന്നു.

ചിലപ്പോള്‍ നമുക്കു മനസ്സിലാകാത്ത വിഷമകരമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നാം അറിയാതെ തന്നെ ദൈവം എത്ര തവണ നമ്മെ സംരക്ഷിച്ചുവെന്നതിനെക്കുറിച്ചും നമുക്കു ചിന്തിക്കാനാകും!

അവിടുത്തെ സമ്പൂര്‍ണ്ണവും കരുതലോടെയുമുള്ള പരിചരണം എല്ലാ ദിവസവും അവിടുത്തെ ജനങ്ങളുടെ മേല്‍ നിലനില്‍ക്കുന്നുവെന്ന് തിരുവെഴുത്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28:20).