നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കെന്നത്ത് പീറ്റേർസൺ

മുത്തശ്ശി ഗവേഷണം

എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്‌കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. 'മനോഹരമായ ഘടകം' എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം-അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ 'ആരാധനാ' പാത്രങ്ങളാണ്.

'ശരി, അതു വ്യക്തമാണല്ലോ!' എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: ''അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.''

ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു ''എംആർഐ ചിത്രം'' വരയ്ക്കുന്നു: ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്‌നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും'' (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, 'നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.' സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: 'അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു' (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: 'യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു' (സങ്കീർത്തനം 149:4).

നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.

ദൈവം നമ്മോട് സംസാരിക്കുന്നു

എനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പലപ്പോഴും, അത്തരം കോളുകൾ വോയ്‌സ്‌മെയിലിലേക്ക് പോകാൻ അനുവദിക്കുകയാണു ഞാൻ ചെയ്യുന്നത്. എന്നാൽ ഇത്തവണ ഞാൻ അത് എടുത്തു. വിളിച്ച അപരിചിതനായ ആൾ, ഒരു ചെറിയ ബൈബിൾ ഭാഗം പങ്കിടാൻ എനിക്ക് ഒരു മിനിറ്റ് സമയമുണ്ടോ എന്ന് വിനീതമായി ചോദിച്ചു. ദൈവം എങ്ങനെ ''അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുനീക്കും'' എന്ന വെളിപ്പാട് 21:3-5 ഭാഗം അദ്ദേഹം ഉദ്ധരിച്ചു. തുടർന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു, അവൻ നമ്മുടെ ഉറപ്പും പ്രത്യാശയും ആയിരിക്കുന്നു. എന്റെ വ്യക്തിപരമായ രക്ഷകനായി യേശുവിനെ എനിക്കറിയാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിളിച്ചയാളിന് എന്നോട് 'സാക്ഷിക്കുക' എന്ന ഉദ്ദേശ്യമായിരുന്നില്ല ഉണ്ടായിരുന്നത്്. പകരം, എന്നോടൊപ്പം പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പ്രോത്സാഹനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.

ആ വിളി എന്നെ തിരുവെഴുത്തിലെ മറ്റൊരു 'വിളി'യെ ഓർമ്മിപ്പിച്ചു - ദൈവം അർദ്ധരാത്രിയിൽ ശമൂവേലിനെ വിളിച്ചു (1 ശമൂവേൽ 3:4-10).വൃദ്ധ പുരോഹിതനായ ഏലിയാണെന്ന് കരുതി ശമൂവേൽ മൂന്നു പ്രാവശ്യം അവന്റെയടുത്തക്ക് ടിച്ചെന്നു. അവസാനമായി, ഏലിയുടെ നിർദ്ദേശപ്രകാരം, ദൈവം തന്നെ വിളിക്കുകയാണെന്ന് ശമൂവേൽ മനസ്സിലാക്കി: "അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു'' (വാക്യം 10) എന്ന് അവൻ പ്‌രതിവചിച്ചു. അതുപോലെ, നമ്മുടെ ദിനരാത്രങ്ങളിൽ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കാം. നാം 'ഫോണെടുക്കണം,' അതിനർത്ഥം അവന്റെ സാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുക എന്നതാണ്.

തുടർന്ന് ഞാൻ മറ്റൊരു വിധത്തിൽ 'വിളിയെ'ക്കുറിച്ച് ചിന്തിച്ചു. നമ്മൾ ചിലപ്പോൾ മറ്റൊരാൾക്കുള്ള ദൈവവചനങ്ങളുടെ സന്ദേശവാഹകരായാലോ? മറ്റുള്ളവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് ഒരു സുഹൃത്തിനെ ഫോൺ ചെയ്ത് ചോദിക്കാം, ''ഇന്ന് ഞാൻ താങ്കളോടൊപ്പം പ്രാർത്ഥിക്കട്ടെ?''

തിരുവെഴുത്തിന്റെ പരിശീലനം

1800-കളുടെ അവസാനത്തിൽ, വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ഒരേ സമയം സമാനമായ വേദപഠന    പദ്ധതികൾ വികസിപ്പിച്ചെടുത്തു. ആദ്യത്തേത് 1877-ൽ കാനഡയിലെ മോൺട്രിയയിൽ ആയിരുന്നു. പിന്നെ, 1898-ൽ ന്യൂയോർക്ക് സിറ്റിയിൽ മറ്റൊരു സംരംഭം ആരംഭിച്ചു. 1922 ആയപ്പോഴേക്കും, വടക്കേ അമേരിക്കയിൽ ഇതുപോലെ ഏകദേശം അയ്യായിരത്തോളം വേദപഠനപദ്ധതികൾ ഓരോ വേനൽക്കാലത്തും സജീവമായിരുന്നു.

അങ്ങനെ അവധിക്കാല ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം ആരംഭിച്ചു. യുവാക്കൾ ബൈബിൾ അറിയണം എന്ന ആഗ്രഹമായിരുന്നു ആ വി.ബി.എസ്. ഉപജ്ഞാതാക്കളെ അതിനായി ഉത്സാഹിപ്പിച്ചത് . 

തന്റെ യുവ അനുയായി തിമൊഥെയൊസിനോട്, "തിരുവെഴുത്ത് ദൈവശ്വാസീയമാണ്'' എന്നും അതു നമ്മെ "സകല സൽപ്രവൃത്തിക്കും" സജ്ജരാക്കുന്നുവെന്നും (2 തിമൊ. 3:16-17) എഴുതിയപ്പോൾ പൗലൊസിന് സമാനമായ അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ "ബൈബിൾ വായിക്കുന്നത് നല്ലതാണ്'' എന്ന ഉദാരമായ നിർദ്ദേശം മാത്രമായിരുന്നില്ല അത്. "ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത" (വാ.7) വ്യാജ ഉപദേഷ്ടാക്കൻമാർ ഉള്ള "അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും" (വാ.1) എന്ന ഭയാനകമായ മുന്നറിയിപ്പ് നൽകികൊണ്ടാണ് പൗലൊസ് താക്കീത് നല്കിയത്. തിരുവെഴുത്തു കൊണ്ടു നാം നമ്മെത്തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രക്ഷകന്റെ പരിജ്ഞാനത്തിൽ നമ്മെ ആഴ്ത്തി "ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ [നമ്മെ] രക്ഷയ്ക്കു ജ്ഞാനികൾ" (വാ.14) ആക്കുന്നു. 

ബൈബിൾ പഠിക്കുന്നത് കുട്ടികൾക്ക് മാത്രമല്ല; മുതിർന്നവർക്കും നല്ലതാണ്. അത് വെറും വേനൽക്കാലത്തേക്കു മാത്രമല്ല; എല്ലാ ദിവസത്തേക്കും ഉള്ളതാണ്. പൗലൊസ് തിമൊഥെയൊസിന് എഴുതി, "തിരുവെഴുത്തുകളെ [നീ] ബാല്യം മുതൽ അറികയും" (വാ.14) ചെയ്തിരിക്കുന്നു. എന്നാൽ നമുക്ക് വേദപഠനം ആരംഭിക്കുവാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. നാം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും, ബൈബിളിന്റെ പരിജ്ഞാനം നമ്മെ യേശുവിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയാണ്.

യേശുവിനെ കാണുന്നു

നാല് മാസം പ്രായമുള്ള ലിയോ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കാഴ്ച മങ്ങിക്കുന്ന ഒരു അപൂർവ അവസ്ഥയുമായാണ് അവൻ ജനിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ ജീവിക്കുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അതിനാൽ നേത്രരോഗവിദഗ്ദ്ധർ അവനായി ഒരു പ്രത്യേക കണ്ണട ഉണ്ടാക്കി നൽകി.

അമ്മ ആദ്യമായി പുതിയ കണ്ണട അവന്റെ കണ്ണുകളിൽ വയ്ക്കുന്നതിന്റെ വീഡിയോ ലിയോയുടെ പിതാവ് പോസ്റ്റ് ചെയ്തു. ലിയോയുടെ കണ്ണുകൾ പതുക്കെ ഫോക്കസ് ചെയ്യുന്നത് നമ്മൾ കാണുന്നു. തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് അമൂല്യമായിരുന്നു. ആ നിമിഷം, ചെറിയ ലിയോയ്ക്ക് അവന്റെ അമ്മയെ വ്യക്തമായി കാണാൻ കഴിഞ്ഞു.

യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ സംഭാഷണം യോഹന്നാൻ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പോസ് അവനോട് ചോദിച്ചു, "പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണമേ" (യോഹന്നാൻ 14:8). ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ മുന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ മറുപടി പറഞ്ഞു: ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? (വാ. 10). "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (വാ. 6) എന്ന് നേരത്തെ യേശു പറഞ്ഞിരുന്നു. യേശുവിന്റെ ഏഴ് "ഞാൻ ആകുന്നു" എന്ന പ്രസ്താവനകളിൽ ആറാമത്തേതാണ് ഇത്. ഈ ലെൻസുകളിലൂടെ അവനെ നോക്കാനും അവൻ യഥാർത്ഥത്തിൽ ആരാണെന്ന് - ദൈവം തന്നെ എന്ന് കാണാനും അവൻ നമ്മോട് പറയുന്നു.

നമ്മൾ ഈ ശിഷ്യന്മാരെപ്പോലെയാണ്. പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ ബുദ്ധിമുട്ടുകയും നമ്മുടെ കാഴ്ച മങ്ങുകയും ചെയ്യുന്നു. ദൈവം ചെയ്തതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചെറിയ ലിയോ പ്രത്യേക കണ്ണട ധരിച്ചപ്പോൾ, മാതാപിതാക്കളെ വ്യക്തമായി കണ്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായി കാണുന്നതിന് ഒരുപക്ഷേ നാം നമ്മുടെ ദൈവത്തിന്റെ കണ്ണട ധരിക്കേണ്ടതുണ്ട്.

നീ ആരാണ് കർത്താവേ?

ലൂയിസ് റോഡ്രിഗസ്സ് കൊക്കൈൻ വിറ്റതിന് തന്റെ പതിനാറാം വയസ്സിൽ ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊലപാതകശ്രമത്തിന് അറസ്റ്റിലായി, അയാൾ വീണ്ടും ജയിലിലായി-ജീവപര്യന്തമാണ്‌. എന്നാൽ ദൈവം അവന്റെ കുറ്റബോധസാഹചര്യത്തിൽ അവനോടു സംസാരിച്ചു. താൻ ഒരു കുട്ടി ആയിരിക്കുമ്പോൾ അവന്റെ 'അമ്മ അവനെ ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരുമ്പഴികൾക്ക് പിന്നിലിരുന്ന് അവൻ ഓർത്തു. ദൈവം അവന്റെ ഹൃദയത്തോട് മല്ലിടുന്നതായി അവനു അനുഭവപ്പെട്ടു. ലൂയിസ് ക്രമേണ തന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും യേശുവിങ്കലേക്കു വരുകയും ചെയ്തു. 

അപ്പോസ്തലപ്രവൃത്തികളുടെ പുസ്‌തകത്തിൽ, പൗലോസ് എന്നു വിളിക്കപ്പെടുന്ന ശൗൽ എന്ന തീക്ഷ്ണതയുള്ള ഒരു യഹൂദനെ നാം കണ്ടുമുട്ടുന്നു. യേശുവിലുള്ള വിശ്വാസികൾക്ക് നേരെയുള്ള കടുത്ത ആക്രമണത്തിൽ അവൻ കുറ്റക്കാരനാണ്, അവന്റെ ഹൃദയത്തിൽ കൊലപാതകം ഉണ്ടായിരുന്നു(പ്രവൃത്തികൾ 9:1). അവൻ ഒരുതരം ഗുണ്ടാനേതാവായിരുന്നുവെന്നും സ്തെഫാനോസിനെ വധിച്ച ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്നും തെളിവുകളുണ്ട് (7:58). എന്നാൽ ദൈവം അക്ഷരാർത്ഥത്തിൽ - ശൗലിന്റെ കുറ്റകരമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ശൗൽ ദമാസ്‌കസിലേക്ക് പോകുന്ന തെരുവിൽവെച്ച്  ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി, യേശു അവനോട്: “നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. (9:4). “നീ ആരാകുന്നു, കർത്താവേ?” എന്ന് ശൗൽ  ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ: എന്ന് അവൻ പറഞ്ഞു (വാ. 5), അത് ശൗലിന്റെ  ജീവിതത്തിന്റെ പുതിയ തുടക്കമായിരുന്നു. അവൻ യേശുവിന്റെ അടുക്കൽ വന്നു. 

 

സമയമെടുത്തെങ്കിലും ലൂയിസ് റോഡ്രിഗസ്സിനു ഒടുവിൽ പരോൾ ലഭിച്ചു. അതിനുശേഷം, അദ്ദേഹം ദൈവത്തെ സേവിച്ചു, യുണൈറ്റഡ് സ്റ്റേറ്റ്സിലും മധ്യ അമേരിക്കയിലും ജയിൽ ശുശ്രൂഷയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചു.

 

നമ്മിൽ ഏറ്റവും മോശമായവരെ വീണ്ടെടുക്കുന്നതിൽ ദൈവം പ്രത്യേകം ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും നമ്മുടെ കുറ്റബോധം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ സംസാരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് യേശുവിന്റെ അടുക്കൽ വരാനുള്ള സമയമാണിത്.

ജീവിതത്തിന്റെ അർത്ഥം

അർജന്റീനിയൻ എഴുത്തുകാരനായ ജോർജ് ലൂയിസ് ബോർഗസിന്റെ ഒരു ചെറുകഥ, “മരണത്തിൽ നിന്നു മനുഷ്യരെ ശുദ്ധീകരിക്കുന്ന ഒരു രഹസ്യ നദിയിൽ’’ നിന്ന് കുടിക്കുന്ന ഒരു റോമൻ പട്ടാളക്കാരനായ മാർക്കസ് രൂഫസിനെക്കുറിച്ച് പറയുന്നു. എന്നിരുന്നാലും, കാലക്രമേണ, അമർത്യതയെ മാത്രമല്ല അത് തകർത്തതെന്ന് മാർക്കസ് മനസ്സിലാക്കുന്നു - പരിധികളില്ലാത്ത ജീവിതം പ്രാധാന്യമില്ലാത്ത ജീവിതവുമായിരുന്നു. സത്യത്തിൽ മരണം തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. മാർക്കസ് ഒരു മറുമരുന്ന് കണ്ടെത്തുന്നു - ശുദ്ധജലത്തിന്റെ ഒരു നീരുറവ. അതിൽ നിന്ന് കുടിച്ച ശേഷം, അവൻ ഒരു മുള്ളിൽ കൈ ഉരസുന്നു, അവന്റെ പുനഃസ്ഥാപിക്കപ്പെട്ട മരണത്തെ സൂചിപ്പിക്കുന്ന ഒരു തുള്ളി രക്തം പൊടിയുന്നു.

മാർക്കസിനെപ്പോലെ, ജീവിതത്തിന്റെ തകർച്ചയിലും മരണത്തിന്റെ യാഥാർത്ഥ്യത്തിലും നാമും ചിലപ്പോൾ നിരാശരാണ് (സങ്കീർത്തനം 88:3). മരണം ജീവിതത്തിന് പ്രാധാന്യം നൽകുന്നുവെന്ന് നാം സമ്മതിക്കുന്നു. എന്നാൽ ഇവിടെയാണ് കഥകൾ വ്യതിചലിക്കുന്നത്. മാർക്കസിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നത് ക്രിസ്തുവിന്റെ മരണത്തിലാണെന്ന് നമുക്കറിയാം. ക്രൂശിൽ തന്റെ രക്തം ചൊരിഞ്ഞുകൊണ്ട്, ക്രിസ്തു മരണത്തെ കീഴടക്കി, അതിനെ നീക്കി വിജയം കൈവരിച്ചു (1 കൊരിന്ത്യർ 15:54). നമ്മെ സംബന്ധിച്ചിടത്തോളം മറുമരുന്ന് യേശുക്രിസ്തു എന്ന “ജീവജലം’’ ആണ്' (യോഹന്നാൻ 4:10). നാം അത് കുടിക്കുന്നതിനാൽ, ജീവിതം, മരണം, അനശ്വരമായ ജീവിതം എന്നിവയുടെ എല്ലാ നിയമങ്ങൾക്കും മാറ്റം വന്നു (1 കൊരിന്ത്യർ 15:52).

ശാരീരിക മരണത്തിൽ നിന്ന് നാം രക്ഷപ്പെടില്ല എന്നതുസത്യമാണ്, പക്ഷേ അതല്ല കാര്യം. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നമ്മുടെ എല്ലാ നിരാശയും യേശു തകിടംമറിക്കുന്നു (എബ്രായർ 2:11-15). ക്രിസ്തുവിൽ, സ്വർഗത്തെക്കുറിച്ചുള്ള പ്രത്യാശയുടെയും അവനോടൊപ്പമുള്ള നിത്യജീവിതത്തിന്റെ അർത്ഥവത്തായ സന്തോഷത്തിന്റെയും ഉറപ്പു നമുക്കു ലഭിക്കുന്നു.

ദൈവത്തിന്റെ സ്‌നേഹം

1917 ൽ, കാലിഫോർണിയയിലെ ഒരു ബിസിനസുകാരനായ ഫ്രെഡറിക് ലേമാൻ, സാമ്പത്തികത്തകർച്ച നേരിട്ട സമയത്ത്  “ദൈവത്തിന്റെ സ്‌നേഹം’’ എന്ന ഗാനത്തിന്റെ വരികൾ എഴുതി. അദ്ദേഹത്തിന്റെ പ്രചോദനം, ആദ്യ രണ്ട് ചരണങ്ങൾ പെട്ടെന്ന് എഴുതാൻ പ്രേരിപ്പിച്ചു, പക്ഷേ മൂന്നാമത്തേതിൽ അദ്ദേഹം നിന്നുപോയി. വർഷങ്ങൾക്കുമുമ്പ് ജയിലിന്റെ ചുവരുകളിൽ എഴുതിയ ഒരു കവിത അദ്ദേഹം ഓർത്തു. ദൈവസ്‌നേഹത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം പ്രകടിപ്പിച്ചുകൊണ്ട് ഒരു തടവുകാരൻ അത് കല്ലിൽ കോറിവയ്ക്കുകയായിരുന്നു. ലേമാന്റെ സ്തുതിഗീതത്തിന്റെ അതേ വൃത്തത്തിലാണ് ആ കവിതയും എഴുതപ്പെട്ടത്. അദ്ദേഹം അത് തന്റെ മൂന്നാമത്തെ ചരണമാക്കി.

ലേമാനെയും ജയിലറയിലെ കവിയെയും പോലെ, പ്രയാസകരമായ തിരിച്ചടികൾ നാം നേരിടുന്ന സമയങ്ങളുണ്ട്. നിരാശയുടെ സമയങ്ങളിൽ, സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നതും “[ദൈവത്തിന്റെ] ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നതും’’ (സങ്കീർത്തനം 57:1) നമുക്കു നന്നായിരിക്കും. നമ്മുടെ പ്രശ്‌നങ്ങളിൽ “ദൈവത്തെ വിളിച്ചപേക്കുന്നത്’’ നല്ല കാര്യമാണ് (വാ. 2), “സിംഹങ്ങളുടെ ഇടയിൽ’’ ആയിരിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയങ്ങളെയും നമ്മുടെ നിലവിലെ പരീക്ഷണങ്ങളെയും കുറിച്ച് അവനോട് സംസാരിക്കുക (വാ. 4). കഴിഞ്ഞ കാലങ്ങളിലെ ദൈവത്തിന്റെ കരുതലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് നാം പെട്ടെന്നുതന്നെ ഓർമ്മിക്കുകയും, “ഞാൻ പാടുകയും ഞാൻ കീർത്തനം ചെയ്യുകയും. ... ഞാൻ അതികാലത്തെ ഉണരുകയും’’ (വാ. 7-8) ചെയ്യും.

“ദൈവത്തിന്റെ സ്‌നേഹം വളരെ വലുതാണ്,’’ ഈ ഗാനം ഉദ്‌ഘോഷിക്കുന്നു, “അത് അത്യുന്നത നക്ഷത്രത്തിനപ്പുറം പോകുന്നു’’ എന്ന് കൂട്ടിച്ചേർക്കുന്നു. ദൈവത്തിന്റെ സ്‌നേഹം യഥാർത്ഥത്തിൽ എത്ര മഹത്തായതാണെന്ന് - തീർച്ചയായും “സ്വർഗ്ഗത്തോളം എത്തുന്നതാണെന്ന്’’ - നാം ഉൾക്കൊള്ളേണ്ടത് നമ്മുടെ ഏറ്റവും വലിയ ആവശ്യമായ സമയത്താണ് (വാ. 10).

ആയുർദൈർഘ്യം

1990 ൽ, ഫ്രഞ്ച് ഗവേഷകർക്ക് ഒരു കമ്പ്യൂട്ടർ പ്രശ്‌നമുണ്ടായി: ജീൻ കാൽമെന്റിന്റെ പ്രായം കണക്കുകൂട്ടിയപ്പോൾ ഉണ്ടായ ഒരു ഡാറ്റാ പിശക്. അവൾക്ക് 115 വയസ്സായിരുന്നു, സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ പാരാമീറ്ററുകൾക്കു പുറത്തുള്ള ഒരു പ്രായം! ആർക്കും ഇത്രയും കാലം ജീവിക്കാൻ കഴിയില്ലെന്ന് പ്രോഗ്രാമർമാർ ഊഹിച്ചു! വാസ്തവത്തിൽ, ജീൻ 122 വയസ്സു വരെ ജീവിച്ചു.

സങ്കീർത്തനക്കാരൻ എഴുതുന്നു, “ങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം” (സങ്കീർത്തനം 90:10). നമ്മൾ ഏതു പ്രായം വരെ ജീവിച്ചാലും, ജീൻ കാൽമെന്റിന്റെ അത്രയും കാലം ജീവിച്ചാലും, ഭൂമിയിലെ നമ്മുടെ ജീവിതം തീർച്ചയായും പരിമിതമാണെന്ന് പറയുന്നതിനുള്ള ഒരു ആലങ്കാരിക മാർഗമാണിത്. നമ്മുടെ ജീവിതകാലം സ്‌നേഹവാനായ ഒരു ദൈവത്തിന്റെ പരമാധികാര കരങ്ങളിലാണ് (വാ. 5). എന്നിരുന്നാലും, ആത്മീയ മണ്ഡലത്തിൽ, “ദൈവത്തിന്റെ സമയം” യഥാർത്ഥത്തിൽ എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു: “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെ... മാത്രം ഇരിക്കുന്നു” (വാ. 4).

യേശുക്രിസ്തുവിൽ “ആയുർദൈർഘ്യം” എന്നതിന് ഒരു പുതിയ അർത്ഥം നൽകപ്പെട്ടിരിക്കുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് ”(യോഹന്നാൻ 3:36). “ഉണ്ട് ”എന്നത് വർത്തമാനകാലത്തിലാണ്: ഇപ്പോൾ, നമ്മുടെ ശാരീരിക പ്രശ്‌നങ്ങളുടെയും കണ്ണീരിന്റെയുമായ ഈ നിമിഷത്തിൽ, നമ്മുടെ ഭാവി അനുഗ്രഹിക്കപ്പെട്ടതാണ്, നമ്മുടെ ആയുസ്സ് പരിധിയില്ലാത്തതാണ്.

ഇതിൽ ഞങ്ങൾ സന്തോഷിക്കുകയും സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുന്നു, “കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും” (സങ്കീർത്തനം 90:14).

സമയത്തിന്റെ വിത്തുകൾ

1879 ൽ, വില്യം ബീലിനെ കാണുന്ന ആളുകൾക്ക് അദ്ദേഹം വിഡ്ഢിയാണെന്ന് തോന്നുമായിരുന്നു. സസ്യശാസ്ത്ര പ്രൊഫസർ ഇരുപതു കുപ്പികളിൽ പലതരം വിത്തുകൾ നിറയ്ക്കുന്നതും ആഴത്തിലുള്ള മണ്ണിൽ കുഴിച്ചിടുന്നതും അവർ കാണുന്നു. ബീൽ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു വിത്ത് സാധ്യതാ പരീക്ഷണം നടത്തുകയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഇരുപതു വർഷത്തിലൊരിക്കൽ ഒരു കുപ്പി കുഴിച്ചെടുത്ത് അതിന്റെ വിത്തു നടുകയും ഏതു വിത്തുകളാണു മുളയ്ക്കുന്നതെന്നു നോക്കുകയും ചെയ്യും.

വിത്തു നടുന്നതിനെക്കുറിച്ച് യേശു ധാരാളം സംസാരിച്ചു, പലപ്പോഴും, വിത്തു വിതയ്ക്കുന്നതിനെ “വചനം’’ പ്രചരിപ്പിക്കുന്നതിനോട് ഉപമിച്ചു (മർക്കൊസ് 4:15). ചില വിത്തുകളെ സാത്താൻ തട്ടിയെടുക്കുന്നു, മറ്റുള്ളവയ്ക്ക് അടിമണ്ണില്ലാത്തതിനാൽ വേരുപിടിക്കുന്നില്ല, മറ്റുചിലതിനെ ചുറ്റുമുള്ള ജീവിതം തടസ്സപ്പെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുവെന്ന് യേശു പഠിപ്പിച്ചു (വാ. 15-19). നാം സുവാർത്ത പ്രചരിപ്പിക്കുമ്പോൾ, ഏതൊക്കെ വിത്തുകൾ നിലനിൽക്കും എന്നത് നമ്മുടെ വിഷയമല്ല. നമ്മുടെ ജോലി കേവലം സുവിശേഷം വിതയ്ക്കുക എന്നതാണ് - യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുക: “ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക’’ (16:15) എന്നതാണ്.

2021 ൽ ബീലിന്റെ മറ്റൊരു കുപ്പി കുഴിച്ചെടുത്തു. ഗവേഷകർ വിത്തു നട്ടു, ചിലത് മുളച്ചു - 142 വർഷത്തിലേറെ ആ വിത്തുകൾ നിലനിന്നു. ദൈവം നമ്മിലൂടെ പ്രവർത്തിക്കുകയും നമ്മുടെ വിശ്വാസം നാം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ, നമ്മൾ പങ്കിടുന്ന വാക്കു വേരൂന്നുമെന്നോ അതെപ്പോഴാണെന്നോ നമുക്ക് അറിയില്ല. എന്നാൽ നാം വിതയ്ക്കുന്ന സുവാർത്ത “കേൾക്കയും അംഗീകരിക്കയും ചെയ്യുന്ന’’ (4:20) ഒരുവനിലൂടെ വലിയ വിളവു തരുന്നു എന്നത് നമ്മെ ധൈര്യപ്പെടുത്തേണ്ടതാണ്.

സഞ്ചരിക്കുന്ന ദൈവകൃപ

ഇന്ത്യയിലെ റോഡ് യാത്ര നിങ്ങളെ ചില അപകടകരമായ റോഡുകളിൽ എത്തിക്കും. ജമ്മു കാശ്മീരിലെ "കില്ലർ - കിഷ്ത്വാർ റോഡ് " ആണ് അതിൽ ഒന്നാമത്തേത്. വടക്കുപടിഞ്ഞാറേക്ക് നീങ്ങിയാൽ ഗുജറാത്തിലെ ദൂമാസ് ബീച്ച് അടുക്കുമ്പോൾ നിങ്ങൾ ഭീതിദമായ മനോനിലയിലാകും. മദ്ധ്യ ഭാരതത്തിലേക്ക് നീങ്ങിയാൽ, ചത്തീസ്ഗഡിലെ ബസ്തർ എന്ന അപകടകരമായ സ്ഥലത്ത് എത്തിയാൽ ഒന്ന് നിർത്താൻ പോലും നിങ്ങൾ ധൈര്യപ്പെടില്ല. തെക്കോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിലെ കൊല്ലി ഹിൽ റോഡ് നിങ്ങളെ ഒരു ഭൂതത്തെപ്പോലെ ഭയപ്പെടുത്തും. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയുടെ മണ്ണിൽ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടെന്ന് ഓർക്കണം.

ചിലപ്പോൾ ജീവിതയാത്രയും യഥാർത്ഥമായി ഇതുപോലെയാണ്. ഇസ്രായേലിന്റെ മരുഭൂമിയാത്ര നാം നമ്മുടെ ജീവിത യാത്രയോട് ചേർത്ത് ചിന്തിക്കാറുണ്ട്. (ആവർത്തനം 2:7). നമ്മുടെ ജീവിതവും അതുപോലെ പ്രയാസകരമാകാം. എന്നാൽ മറ്റ് ചില സാധർമ്യങ്ങളും നമുക്ക് കണ്ടെത്താനാകില്ലേ? നാം നമ്മുടെ ജീവിതയാത്രക്ക്, ദൈവത്തെ കൂടാതെ, സ്വന്തം കാര്യപരിപാടി തയ്യാറാക്കാറില്ലേ? (1:42-43) ഇസ്രായേൽമക്കളെ പോലെ, നാം നമ്മുടെ ആഗ്രഹപൂർത്തികരണത്തിനായി പിറുപിറുക്കുന്നു (സംഖ്യ 14:2). അനുദിന പ്രയാസങ്ങളിൽ നാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു (വാ.11). ഇസ്രായേലിന്റെ ചരിത്രം നമ്മുടെ ജീവിതത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നു.

നാം അവിടുത്തെ പാതകൾ പിന്തുടർന്നാൽ, ഈ ലോകത്തിലെ അപകട വഴികൾ നമ്മെ  എത്തിക്കുന്നതിനേക്കാൾ നല്ലയിടങ്ങളിൽ എത്തിക്കാമെന്ന് ദൈവം ഉറപ്പ് തരുന്നു. ഒന്നിനും കുറവില്ലാത്ത വിധം അവൻ നമ്മെ കരുതും (ആവർത്തനം 2: 7; ഫിലിപ്പിയർ 4:19). ഇതൊക്കെയറിയാമെന്നിട്ടും അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു. ദൈവത്തിന്റെ റോഡ്മാപ്പ് പ്രകാരം തന്നെ നാം സഞ്ചരിക്കണം.

വീണ്ടും നമ്മുടെ യാത്ര തുടർന്ന്, ഭയാനകമായ കൊല്ലിഹില്ലിൽ നിന്നും ഏതാനും മണിക്കൂറുകൾ പിന്നിട്ടാൽ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ വയനാട്ടിൽ എത്തിച്ചേരും. നമ്മുടെ പാതകളെ നിയന്ത്രിക്കുവാൻ നാം ദൈവത്തെ അനുവദിച്ചാൽ (സങ്കീർത്തനങ്ങൾ 119:35), നാം അവിടുത്തോടുകൂടെ ആനന്ദപൂർവ്വം യാത്ര ചെയ്യും; ഇതെത്ര അനുഗ്രഹകരമായ ഉറപ്പാണ്!