1879 ൽ, വില്യം ബീലിനെ കാണുന്ന ആളുകൾക്ക് അദ്ദേഹം വിഡ്ഢിയാണെന്ന് തോന്നുമായിരുന്നു. സസ്യശാസ്ത്ര പ്രൊഫസർ ഇരുപതു കുപ്പികളിൽ പലതരം വിത്തുകൾ നിറയ്ക്കുന്നതും ആഴത്തിലുള്ള മണ്ണിൽ കുഴിച്ചിടുന്നതും അവർ കാണുന്നു. ബീൽ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു വിത്ത് സാധ്യതാ പരീക്ഷണം നടത്തുകയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഇരുപതു വർഷത്തിലൊരിക്കൽ ഒരു കുപ്പി കുഴിച്ചെടുത്ത് അതിന്റെ വിത്തു നടുകയും ഏതു വിത്തുകളാണു മുളയ്ക്കുന്നതെന്നു നോക്കുകയും ചെയ്യും.

വിത്തു നടുന്നതിനെക്കുറിച്ച് യേശു ധാരാളം സംസാരിച്ചു, പലപ്പോഴും, വിത്തു വിതയ്ക്കുന്നതിനെ “വചനം’’ പ്രചരിപ്പിക്കുന്നതിനോട് ഉപമിച്ചു (മർക്കൊസ് 4:15). ചില വിത്തുകളെ സാത്താൻ തട്ടിയെടുക്കുന്നു, മറ്റുള്ളവയ്ക്ക് അടിമണ്ണില്ലാത്തതിനാൽ വേരുപിടിക്കുന്നില്ല, മറ്റുചിലതിനെ ചുറ്റുമുള്ള ജീവിതം തടസ്സപ്പെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുവെന്ന് യേശു പഠിപ്പിച്ചു (വാ. 15-19). നാം സുവാർത്ത പ്രചരിപ്പിക്കുമ്പോൾ, ഏതൊക്കെ വിത്തുകൾ നിലനിൽക്കും എന്നത് നമ്മുടെ വിഷയമല്ല. നമ്മുടെ ജോലി കേവലം സുവിശേഷം വിതയ്ക്കുക എന്നതാണ് – യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുക: “ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക’’ (16:15) എന്നതാണ്.

2021 ൽ ബീലിന്റെ മറ്റൊരു കുപ്പി കുഴിച്ചെടുത്തു. ഗവേഷകർ വിത്തു നട്ടു, ചിലത് മുളച്ചു – 142 വർഷത്തിലേറെ ആ വിത്തുകൾ നിലനിന്നു. ദൈവം നമ്മിലൂടെ പ്രവർത്തിക്കുകയും നമ്മുടെ വിശ്വാസം നാം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ, നമ്മൾ പങ്കിടുന്ന വാക്കു വേരൂന്നുമെന്നോ അതെപ്പോഴാണെന്നോ നമുക്ക് അറിയില്ല. എന്നാൽ നാം വിതയ്ക്കുന്ന സുവാർത്ത “കേൾക്കയും അംഗീകരിക്കയും ചെയ്യുന്ന’’ (4:20) ഒരുവനിലൂടെ വലിയ വിളവു തരുന്നു എന്നത് നമ്മെ ധൈര്യപ്പെടുത്തേണ്ടതാണ്.