ബുദ്ധിമാനായ വീടു പണിക്കാരന്‍
ഇസബെല്ലാ ബാംഫ്രീ എന്ന ജനന നാമമുള്ള സൊജേനര്‍ ട്രൂത്ത്, ഒരു അടിമയായി 1797 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. അവളുടെ മക്കളില്‍ മിക്കവരെയും അടിമകളായി വിറ്റെങ്കിലും, 1826 ല്‍ ഒരു മകളോടൊപ്പം അവള്‍ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെട്ടു. അവളുടെ സ്വാതന്ത്ര്യത്തിനായി പണം നല്‍കിയ ഒരു കുടുംബത്തോടൊപ്പം അവള്‍ താമസിച്ചു. തന്റെ കുടുംബത്തെ അകറ്റി നിര്‍ത്താന്‍ അന്യായമായ ഒരു സംവിധാനത്തെ അനുവദിക്കുന്നതിനുപകരം, തന്റെ ചെറിയ മകന്‍ പീറ്ററിനെ വീണ്ടെടുക്കാന്‍ അവള്‍ നിയമനടപടി ആരംഭിച്ചു. ആ കാലത്ത്് ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയെ സംബന്ധിച്ച് ഇത് ഒരു അതിശയകരമായ നേട്ടമായിരുന്നു. ദൈവത്തിന്റെ സഹായമില്ലാതെ തനിക്കു മക്കളെ വളര്‍ത്താന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അവള്‍, ഒരു ക്രിസ്തു വിശ്വാസിയായിത്തീരുകയും തന്റെ പേര് സൊജേനര്‍ ട്രൂത്ത് എന്നു മാറ്റുകയും ചെയ്തു. ദൈവിക സത്യത്തിന്മേലാണു തന്റെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്നു കാണിക്കുന്നതിനായിരുന്നു ഈ പേരുമാറ്റം.
സദൃശവാക്യങ്ങള്‍ 14 ന്റെ എഴുത്തുകാരനായ ശലോമോന്‍ രാജാവു പ്രഖ്യാപിക്കുന്നു, 'സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു'' (വാ. 1). നേരെമറിച്ച്, വിവേകമില്ലാത്തവള്‍ തന്റെ വീടു സ്വന്തകൈകളാല്‍ ''പൊളിച്ചുകളയുന്നു.'' കേള്‍ക്കാന്‍ മനസ്സുവയ്ക്കുന്നവര്‍ക്കു ദൈവം നല്‍കുന്ന ജ്ഞാനത്തെ ഈ വീടുപണിയുടെ സാദൃശ്യം വെളിപ്പെടുത്തുന്നു. ഒരുവന്‍ എങ്ങനെയാണ് ജ്ഞാനത്തോടെ വീടു പണിയുന്നത്? 'കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കുകള്‍''
പറയുന്നതിലൂടെ (എഫെസ്യര്‍ 4:29; 1 തെസ്സലൊനീക്യര്‍ 5:11 കൂടി കാണുക). ഒരുവന്‍ എങ്ങനെയാണ് പൊളിച്ചുകളയുന്നത്? സദൃശവാക്യങ്ങള്‍ 14 ഉത്തരം നല്‍കുന്നു: 'ഭോഷന്റെ വായില്‍ ഡംഭത്തിന്റെ വടിയുണ്ട്'' (വാ. 3).
പ്രക്ഷുബ്ധമായ സമയത്ത് സൊജേനറിന് ഒരു ഉറപ്പുള്ള 'ശരണം'' ഉണ്ടായിരുന്നു (വാ. 26), അതവള്‍ക്കു നല്‍കിയത് ദൈവികജ്ഞാനമാണ്. നിങ്ങള്‍ക്കൊരിക്കലും നിങ്ങളുടെ മക്കളെ അനീതിയില്‍ നിന്ന് രക്ഷിക്കേണ്ടിവരില്ലായിരിക്കാം. എന്നാല്‍ സൊജേനര്‍ ചെയ്തതുപോലെ അതേ അടിസ്ഥാനത്തില്‍ - ദൈവത്തിന്റെ ജ്ഞാനം - നിങ്ങള്‍ക്കു നിങ്ങളുടെ ഭവനം പണിയുവാന്‍ കഴിയും.
ദുര്‍ബലരെ രക്ഷിക്കുക
ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് - സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു അവധിക്കാലം അല്ലെങ്കില്‍ പ്രേഗിലെ കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുക? നിക്കോളാസ് വിന്റണ്‍ എന്ന സാധാരണക്കാരന്‍ രണ്ടാമത്തേതു തിരഞ്ഞെടുത്തു. 1938-ല്‍ ചെക്കോസ്ലോവാക്യയും ജര്‍മ്മനിയും തമ്മിലുള്ള യുദ്ധം ചക്രവാളത്തില്‍ ഉരുണ്ടുകൂടിത്തുടങ്ങി. നിരവധി യെഹൂദന്മാര്‍ താമസിക്കുന്ന പ്രേഗിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിക്കോളാസ് സന്ദര്‍ശിച്ച ശേഷം, അവരെ സഹായിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനുമുമ്പ് നൂറുകണക്കിന് കുട്ടികളെ സുരക്ഷിതമായി പ്രേഗില്‍ നിന്ന് ഗ്രേറ്റ് ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം പണം സ്വരൂപിച്ചു, അവരെ ബ്രിട്ടനിലെ കുടുംബങ്ങളില്‍ പാര്‍പ്പിച്ചു.
82-ാം സങ്കീര്‍ത്തനത്തിലെ ആഹ്വാനത്തിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍: ''എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുക്കുവിന്‍'' (വാ. 3). ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാവായ ആസാഫ്, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ തന്റെ ജനത്തെ പ്രേരിപ്പിച്ചു: ''എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍; ദുഷ്ടന്മാരുടെ കൈയില്‍നിന്ന് അവരെ വിടുവിപ്പിന്‍' (വാ. 4). ആ കുട്ടികളെ രക്ഷപ്പെടുത്താന്‍ നിക്കോളാസ് അശ്രാന്തമായി പ്രവര്‍ത്തിച്ചതു പോലെ, സങ്കീര്‍ത്തനക്കാരന്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി - നീതിയും സംരക്ഷണവും ആവശ്യമുള്ള ദരിദ്രര്‍ക്കും വിധവകള്‍ക്കും വേണ്ടി - സംസാരിച്ചു.
ഇന്ന് നാം നോക്കുന്ന എല്ലായിടത്തും യുദ്ധം, കൊടുങ്കാറ്റ്, മറ്റ് ദുരന്തങ്ങള്‍ എന്നിവ കാരണം ആവശ്യത്തിലിരിക്കുന്ന ആളുകളെ കാണുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും, ദൈവം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സാഹചര്യങ്ങളില്‍ സഹായിക്കാന്‍ നമുക്ക് എന്തുചെയ്യാനാകുമെന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിക്കാം.
തീയില്‍ ശുദ്ധീകരിച്ചത്
ഇരുപത്തിനാല് കാരറ്റ് സ്വര്‍ണം അല്പം മാലിന്യങ്ങളുള്ള നൂറു ശതമാനം സ്വര്‍ണ്ണമാണ്. എന്നാല്‍ ആ ശതമാനം നേടാന്‍ പ്രയാസമാണ്. ശുദ്ധീകരണ പ്രക്രിയയ്ക്കായി സാധാരണയായി രണ്ട് രീതികളില്‍ ഒന്ന് ഉപയോഗിക്കുന്നു. മില്ലര്‍ പ്രോസസ്സ് വേഗമേറിയതും ചെലവു കുറഞ്ഞതുമാണ്, പക്ഷേ തത്ഫലമായുണ്ടാകുന്ന സ്വര്‍ണം ഏകദേശം 99.95 ശതമാനം മാത്രമായിരിക്കും ശുദ്ധം. വോള്‍വില്‍ പ്രക്രിയയ്ക്ക് കൂടുതല്‍ സമയമെടുക്കും, ചെലവും കൂടുതലാണ്, പക്ഷേ ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണം 99.99 ശതമാനം ശുദ്ധമായിരിക്കും.
ബൈബിള്‍ കാലങ്ങളില്‍, ശുദ്ധീകരിക്കുന്നവര്‍ അഗ്നിയെയാണ് സ്വര്‍ണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിച്ചിരുന്നത്. അഗ്നിയില്‍ മാലിന്യങ്ങള്‍ ഉപരിതലത്തില്‍ ഉയരുകയും എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന് സാധിക്കുകയും ചെയ്തിരുന്നു. ഏഷ്യാമൈനറിലുടനീളം (വടക്കന്‍ തുര്‍ക്കി) പാര്‍ത്തിരുന്നു യേശുവിലുള്ള വിശ്വാസികള്‍ക്ക് എഴുതിയ ആദ്യ കത്തില്‍, ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പരിശോധനകള്‍ പ്രവര്‍ത്തിക്കുന്ന രീതിയുടെ ഒരു രൂപകമായി അപ്പൊസ്തലനായ പത്രൊസ് സ്വര്‍ണ്ണ ശുദ്ധീകരണ പ്രക്രിയയെ ഉപയോഗിച്ചു. അക്കാലത്ത്, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പല വിശ്വാസികളും റോമാക്കാരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. അത് എന്താണെന്ന് പത്രൊസിന് നേരിട്ടറിയാമായിരുന്നു. എന്നാല്‍ പീഡനം 'നമ്മുടെ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം' വെളിപ്പെടുത്തുന്നു എന്നു പത്രൊസ് വിശദീകരിക്കുന്നു (1 പത്രൊസ് 1:7).
ഒരുപക്ഷേ നിങ്ങള്‍ ഒരു ശുദ്ധീകരിക്കുന്നവന്റെ ചൂളയിലാണെന്ന് നിങ്ങള്‍ക്ക് തോന്നും - തിരിച്ചടികളുടെയും രോഗത്തിന്റെയും മറ്റ് വെല്ലുവിളികളുടെയും ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നാല്‍ പലപ്പോഴും നമ്മുടെ വിശ്വാസത്തിന്റെ പൊന്ന് ദൈവം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് പ്രയാസങ്ങള്‍. നമ്മുടെ വേദനയില്‍, പ്രക്രിയ വേഗത്തില്‍ അവസാനിപ്പിക്കാന്‍ നാം ദൈവത്തോട് അപേക്ഷിച്ചേക്കാം, പക്ഷേ ജീവിതം വേദനിപ്പിക്കുമ്പോഴും നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവനറിയാം. രക്ഷകനുമായി ബന്ധപ്പെട്ടിരിക്കുകയും അവനില്‍ ആശ്വാസവും സമാധാനവും തേടിക്കൊണ്ടിരിക്കുകയും ചെയ്യുക.
ഒരു രാജകീയ ധര്‍മ്മം
ഒരു രാജകുടുംബത്തിലെ ഒരാള്‍ സിംഹാസനത്തോട് കൂടുതല്‍ അടുക്കുന്നതനുസരിച്ച് പൊതുജനം അവനെക്കുറിച്ചോ അവളെക്കുറിച്ചോ കൂടുതല്‍ കേള്‍ക്കുന്നു. മറ്റുള്ളവരെ ഏറെക്കുറെ മററക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് അറുപതോളം പേര്‍ ഉള്‍പ്പെടുന്ന അനന്തരാവകാശികളുടെ ഒരു നിരയുണ്ട്. അതിലൊരാളാണ് സിംഹാസനത്തിനായി നാല്‍പത്തിയൊമ്പതാം സ്ഥാനത്തുള്ള ഫ്രെഡറിക് വിന്‍ഡ്സര്‍ പ്രഭു. വെള്ളിവെളിച്ചത്തിലേക്കു വരുന്നതിനുപകരം അദ്ദേഹം നിശബ്ദമായി തന്റെ ജീവിതം നയിക്കുന്നു. അദ്ദേഹം ഒരു ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ''ജോലി ചെയ്യുന്ന രാജകുടുംബാംഗം'' ആയി കണക്കാക്കുന്നില്ല. കുടുംബത്തെ പ്രതിനിധീകരിക്കുന്നതിന് പ്രതിഫലം ലഭിക്കുന്ന പ്രധാന കുടുംബാംഗങ്ങളില്‍ ഒരാളാണദ്ദേഹം.
ദാവീദിന്റെ മകന്‍ നാഥാന്‍ (2 ശമൂവേല്‍ 5:14) പ്രശസ്തിക്കു പുറത്ത് നിശബ്ദ ജീവിതം നയിച്ച മറ്റൊരു രാജകുടുംബാംഗം ആണ്. അവനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. മത്തായിയിലെ യേശുവിന്റെ വംശാവലിയില്‍ അവന്റെ മകന്‍ ശലോമോനെക്കുറിച്ച് പരാമര്‍ശിക്കുന്നു (യോസേഫിന്റെ വംശാവലി, മത്തായി 1:6), മറിയയുടെ കുടുംബരേഖയാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്ന ലൂക്കൊസിന്റെ വംശാവലി, നാഥാനെ പരാമര്‍ശിക്കുന്നു (ലൂക്കൊസ് 3:31). നാഥാന്‍ ഒരു ചെങ്കോല്‍ പിടിച്ചിരുന്നില്ലെങ്കിലും, ദൈവത്തിന്റെ നിത്യരാജ്യത്തില്‍ അവന് ഒരു പങ്കുണ്ട്.
ക്രിസ്തുവിലുള്ള വിശ്വാസികളെന്ന നിലയില്‍, നാമും രാജകീയരാണ്. ''ദൈവമക്കളാകാനുള്ള അധികാരം'' ദൈവം നമുക്കു നല്‍കി എന്ന് അപ്പൊസ്തലനായ യോഹന്നാന്‍ എഴുതി (യോഹന്നാന്‍ 1:12). നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും നമ്മള്‍ രാജാവിന്റെ മക്കളാണ്! ഭൂമിയില്‍ അവനെ പ്രതിനിധാനം ചെയ്യാനും ഒരു ദിവസം അവനോടൊപ്പം വാഴാനും ദൈവം നമ്മില്‍ ഓരോരുത്തരെയും പ്രാധാന്യമുള്ളവരായി തിരഞ്ഞെടുത്തു (2 തിമൊഥെയൊസ് 2:11-13). നാഥാനെപ്പോലെ, നാമും ഭൗമിക കിരീടം ധരിക്കണമെന്നില്ല, പക്ഷേ നമുക്കിപ്പോഴും ദൈവരാജ്യത്തില്‍ ഒരു പങ്കു വഹിക്കാനുണ്ട്.
ദുഃഖത്തെ മാറ്റിക്കളഞ്ഞു
ഒരു ഇംഗ്ലീഷ് സിനിമ ചെന്നായ്ക്കളുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും ചിത്രീകരിക്കുന്നു. സന്തോഷമുള്ളപ്പോള്‍ ചെന്നായ്ക്കള്‍ വാലാട്ടുകയും ചുഴറ്റുകയും ചെയ്യുന്നു. എന്നാല്‍ സംഘത്തിലെ ഒരു അംഗത്തിന്റെ മരണശേഷം അവര്‍ ആഴ്ചകളോളം ദുഃഖിക്കുന്നു. സംഘാംഗം മരിച്ച സ്ഥലം അവര്‍ സന്ദര്‍ശിക്കുന്നു, വാലുകള്‍ താഴ്ത്തിയിട്ടും വിലാപ ശബ്ദം പുറപ്പെടുവിച്ചും കൊണ്ട് ദുഃഖം പ്രകടിപ്പിക്കുന്നു.
നാമെല്ലാവരും അനുഭവിച്ചിട്ടുള്ള ശക്തമായ ഒരു വികാരമാണ് ദുഃഖം, പ്രത്യേകിച്ച് പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ അല്ലെങ്കില്‍ അമൂല്യമായ ഒരു പ്രതീക്ഷയുടെ നഷ്ടത്തില്‍. മഗ്ദലനക്കാരത്തി മറിയ അത് അനുഭവിച്ചു. അവള്‍ ക്രിസ്തുവിന്റെ അനുയായിയായിരുന്നു, അവനോടും അവന്റെ ശിഷ്യന്മാരോടും ഒപ്പം യാത്ര ചെയ്തിരുന്നു (ലൂക്കൊസ് 8:1-3). എന്നാല്‍ ക്രൂശിലെ അവന്റെ ക്രൂരമായ മരണം അവരെ ഇപ്പോള്‍ വേര്‍പെടുത്തി. യേശുവിനുവേണ്ടി മറിയയ്ക്ക് ചെയ്യാമായിരുന്ന ഒരേയൊരു കാര്യം, ശവസംസ്‌കാരത്തിനായി അവന്റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുക എന്നതു മാത്രമായിരുന്നു - എന്നാല്‍ ആ ദൗത്യത്തെ ശബ്ബത്ത് തടസ്സപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ കല്ലറയ്ക്കലെത്തി നിര്‍ജീവവും തകര്‍ന്നതുമായ ശരീരമല്ല, ജീവനുള്ള ഒരു രക്ഷകനെ തന്നെ കണ്ടപ്പോള്‍ മറിയയ്ക്ക് എന്തുതോന്നിയെന്ന് സങ്കല്‍പ്പിക്കുക! അവളുടെ മുന്‍പില്‍ നില്‍ക്കുന്ന പുരുഷനെ അവള്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും, അവളുടെ പേരു വിളിച്ച ശബ്ദം അവള്‍ തിരിച്ചറിഞ്ഞു - യേശു! തല്‍ക്ഷണം, ദുഃഖം സന്തോഷത്തിനു വഴിമാറി. ''ഞാന്‍ കര്‍ത്താവിനെ കണ്ടു!'' (യോഹന്നാന്‍ 20:18) മറിയയ്ക്കിപ്പോള്‍ പങ്കുവയ്ക്കാന്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്.
സ്വാതന്ത്ര്യവും ജീവനും കൊണ്ടുവരാന്‍ യേശു നമ്മുടെ ഇരുണ്ട ലോകത്തിലേക്ക് പ്രവേശിച്ചു. അവിടുത്തെ പുനരുത്ഥാനം, താന്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവന്‍ നിറവേറ്റി എന്നതിന്റെ ആഘോഷമാണ്. മറിയയെപ്പോലെ, നമുക്ക് ക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കാനും അവന്‍ ജീവിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത പങ്കിടാനും കഴിയും! ഹല്ലേലൂയ!
കഷ്ടതയുടെ ചിത്രം
അടുത്ത കാലത്ത്, ഒരു ഫോട്ടോഗ്രാഫര്‍ ഒരു കൃഷിക്കാരന്‍ നിരാശനായി തനിച്ച് തന്റെ ഉണങ്ങി വരണ്ട കൃഷിസ്ഥലത്ത് ഇരിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പകര്‍ത്തി. വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പശ്ചാത്തലത്തില്‍ കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി നിരവധി പത്രങ്ങളുടെ മുന്‍ പേജുകളില്‍ ഈ ഫോട്ടോ അച്ചടിച്ചു വന്നു.
യെരുശലേമിന്റെ നാശത്തിന്റെ പശ്ചാത്തലത്തില്‍ യഹൂദയുടെ നിരാശയുടെ മറ്റൊരു ചിത്രം വിലാപങ്ങളുടെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. നഗരം നശിപ്പിക്കാന്‍ നെബൂഖദ്നേസറിന്റെ സൈന്യം എത്തുന്നതിനുമുമ്പ്, ഉപരോധത്തിന്റെ ഫലമായി ജനങ്ങള്‍ പട്ടിണി അനുഭവിച്ചിരുന്നു (2 രാജാക്കന്മാര്‍ 24:10-11). വര്‍ഷങ്ങളോളം ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമായിരുന്നു അവരുടെ തകര്‍ച്ച എങ്കിലും, വിലാപങ്ങളുടെ എഴുത്തുകാരന്‍ തന്റെ ജനത്തിനുവേണ്ടി ദൈവത്തോട് നിലവിളിച്ചു (വിലാപങ്ങള്‍ 2:11-12).
107-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവും യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിരാശാജനകമായ സമയത്തെക്കുറിച്ച് വിവരിക്കുന്നു (യിസ്രായേല്‍ മരുഭൂമിയിലെ അലച്ചിലിനെക്കുറിച്ച്, വാ. 4-5). അവരുടെ പ്രയാസകരമായ സമയങ്ങളില്‍ അവര്‍ ചെയ്ത കാര്യത്തിലേക്ക് പിന്നീട് ശ്രദ്ധ തിരിക്കുന്നു: ''അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു' (വാ. 6). എന്തൊരു അത്ഭുതകരമായ ഫലമാണുണ്ടായത്: ''അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു.''
നിരാശയിലാണോ? മിണ്ടാതിരിക്കരുത്. ദൈവത്തോട് നിലവിളിക്കുക. അവന്‍ കേള്‍ക്കുകയും നിങ്ങളുടെ പ്രത്യാശ പുനഃസ്ഥാപിക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. അവന്‍ എല്ലായ്‌പ്പോഴും നമ്മെ വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് പുറത്തെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
സഹിക്കാനുള്ള വിശ്വാസം
ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ (1874-1922) 1914-ല്‍ നടത്തിയ അന്റാര്‍ട്ടിക്ക പര്യവേഷണം പരാജയപ്പെട്ടു. എന്‍ഡുറന്‍സ് എന്ന് പേരിട്ടിരുന്ന അദ്ദേഹത്തിന്റെ കപ്പല്‍ വെഡ്ഡല്‍ കടലില്‍ കനത്ത ഹിമത്തില്‍ കുടുങ്ങിയപ്പോള്‍, അതിജീവിക്കാനുള്ള ഒരു സഹിഷ്ണുത ഓട്ടമായി ഇത് മാറി. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ, ഏറ്റവും അടുത്ത തീരത്ത് - എലഫന്റ് ദ്വീപ് - എത്താന്‍ ഷാക്കിള്‍ട്ടണും സംഘവും ലൈഫ് ബോട്ടുകള്‍ ഉപയോഗിച്ചു. ഭൂരിഭാഗം ജോലിക്കാരെയും ദ്വീപില്‍ വിട്ടിട്ട്, ഷാക്കിള്‍ട്ടണും അഞ്ച് ജോലിക്കാരും സഹായം തേടി രണ്ടാഴ്ച കൊണ്ട് സമുദ്രത്തിന് കുറുകെ 800 മൈല്‍ യാത്ര ചെയ്ത് സൗത്ത് ജോര്‍ജിയയിലെത്തി. ഷാക്കിള്‍ട്ടന്റെ സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടപ്പോള്‍ ''പരാജയപ്പെട്ട'' പര്യവേഷണം ചരിത്രപുസ്തകങ്ങളിലെ വിജയകരമായ ഒരു സംഭവമായി മാറി - അവരുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും പേരില്‍.
സഹിക്കേണ്ടതിന്റെ അര്‍ത്ഥമെന്താണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വിചാരണ നേരിടാന്‍ റോമിലേക്കുള്ള കടല്‍ യാത്രയ്ക്കിടെ, കൊടുങ്കാറ്റിലകപ്പെട്ട് കപ്പല്‍ മുങ്ങുമെന്ന് പൗലൊസ് ഒരു ദൈവദൂതനില്‍ നിന്ന് മനസ്സിലാക്കി. കപ്പല്‍ നഷ്ടപ്പെട്ടിട്ടും എല്ലാവരും രക്ഷപ്പെടുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന് നന്ദി പറഞ്ഞുകൊണ്ട് അപ്പൊസ്തലന്‍ കപ്പലിലുള്ള ആളുകളെ ധൈര്യപ്പെടുത്തി (പ്രവൃത്തികള്‍ 27:23-24).
ദുരന്തമുണ്ടാകുമ്പോള്‍, ദൈവം ഉടനടി എല്ലാം മികച്ചതാക്കണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ സഹിഷ്ണുതയിലൂടെ വളര്‍ച്ച പ്രാപിക്കാനുള്ള വിശ്വാസം ദൈവം നമുക്കു നല്‍കുന്നു. പൗലൊസ് റോമാക്കാര്‍ക്ക് എഴുതിയതുപോലെ, ''കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു'' (റോമര്‍ 5:3). അത് അറിയുന്നതിലൂടെ, പ്രയാസകരമായ സമയങ്ങളില്‍ ദൈവത്തെ ആശ്രയിക്കാന്‍ നമുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കാം.
വെള്ളമഞ്ഞിന്റെ അത്ഭുതം
പതിനേഴാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടണ്‍ ഒരു പ്രിസം ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ കാണാന്‍ വെളിച്ചം നമ്മെ എങ്ങനെ സഹായിക്കുന്നുവെന്ന് പഠിച്ചു. ഒരു വസ്തുവിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍, വസ്തുവിന് ഒരു പ്രത്യേക നിറം ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരൊറ്റ ഐസ് പരല്‍ അര്‍ദ്ധസുതാര്യമായി കാണപ്പെടുമ്പോള്‍, മഞ്ഞ് പല ഐസ് പരലുകള്‍ ചേര്‍ന്നതാണ്. എല്ലാ പരലുകളിലൂടെയും വെളിച്ചം കടന്നുപോകുമ്പോള്‍ മഞ്ഞ് വെളുത്തതായി കാണപ്പെടുന്നു.
ഒരു പ്രത്യേക നിറമുള്ള മറ്റൊന്നിനെക്കുറിച്ചും ബൈബിള്‍ പരാമര്‍ശിക്കുന്നു - പാപം. യെശയ്യാ പ്രവാചകനിലൂടെ ദൈവം യഹൂദജനതയുടെ പാപങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ പാപത്തെ '' കടുഞ്ചുവപ്പ്'' എന്നും ''രക്താംബരംപോലെ ചുവപ്പ്'' എന്നും വിശേഷിപ്പിച്ചു. എന്നാല്‍ അവര്‍ ''ഹിമംപോലെ വെളുപ്പാകും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു (യെശയ്യാവു 1:18). എങ്ങനെ? യഹൂദയ്ക്ക് തെറ്റുകളില്‍ നിന്ന് പിന്തിരിയുകയും ദൈവത്തിന്റെ പാപമോചനം തേടുകയും വേണം.
ഞങ്ങള്‍ക്ക് ദൈവത്തിന്റെ പാപമോചനത്തിലേക്ക് സ്ഥിരമായ പ്രവേശനം ലഭിച്ചതിന് യേശുവിനു നന്ദി. യേശു തന്നെത്തന്നെ ''ലോകത്തിന്റെ വെളിച്ചം'' എന്ന് വിളിക്കുകയും അവനെ അനുഗമിക്കുന്നവന്‍ ''ഒരിക്കലും അന്ധകാരത്തില്‍ നടക്കാതെ ജീവന്റെ വെളിച്ചം ഉള്ളവരാകുകയും ചെയ്യും'' (യോഹന്നാന്‍ 8:12) എന്നു പറയുകയും ചെയ്തു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം നമ്മോട് ക്ഷമിക്കുകയും ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ വെളിച്ചത്തിലൂടെ നമ്മെ കാണുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം, യേശുവിനെ കാണുന്നതുപോലെ ദൈവം നമ്മെ കുറ്റമറ്റവരായി കാണുന്നു.
നാം തെറ്റ് ചെയ്തതിന്റെ കുറ്റബോധത്തിലും ലജ്ജയിലും ജീവിക്കേണ്ടതില്ല. പകരം, ദൈവത്തിന്റെ പാപമോചനത്തിന്റെ സത്യം മുറുകെ പിടിക്കാന്‍ നമുക്കു കഴിയും, അത് നമ്മെ ''ഹിമംപോലെ വെളുത്തതാക്കുന്നു.''
ബലഹീനനെ ശക്തീകരിക്കുക
ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, 'അവന്‍ എന്റെ തെറ്റിനു അപ്പുറമായി നോക്കി എന്റെ ആവശ്യം കണ്ടു'' എന്ന പേരിലുള്ള ഒരു പാട്ടു കേട്ടു. 1967 ല്‍ അമേരിക്കന്‍ ഗായികയായ ഡോട്ടി റാംബോ ആണ് ഈ പാട്ട് എഴുതിയത്. അവളുടെ സഹോദരനായ എഡ്ഢി ചെയ്ത തെറ്റുകളുടെ പേരില്‍ താന്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്നുള്ള അവന്റെ വിശ്വാസത്തിനോടുള്ള പ്രതികരണമായി ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തെക്കുറിച്ചാണ് ഡോട്ടി ഈ ഗാനം രചിച്ചത് എന്ന് പില്‍ക്കാലത്ത് അറിയുന്നതു വരെ ഈ ഗാനത്തിന്റെ ആഴമായ അര്‍ത്ഥം ഞാന്‍ ഗ്രഹിച്ചിരുന്നില്ല. ദൈവം അവന്റെ ബലഹീനതകളെ കാണുന്നു എങ്കിലും അവനെ സ്‌നേഹിക്കുന്നു എന്ന് പാട്ടുകാരി അവനെ ഉറപ്പിക്കുന്നു.
ദൈവത്തിന്റെ നിരുപാധിക സ്‌നേഹം യിസ്രായേല്‍ ജനത്തിന്റെയും യെഹൂദയുടെയും അനേക ബലഹീന നിമിഷങ്ഹളില്‍ വ്യക്തമായിരുന്നു. വഴിതെറ്റിയ തന്റെ ജനത്തിനോടുള്ള സന്ദേശങ്ങളുമായി ദൈവം യെശയ്യാവിനെപ്പോലെയുള്ള ധാരാളം പ്രവാചകന്മാരെ അയച്ചു. യെശയ്യാവ് 35 ല്‍ ദൈവം നല്‍കുന്ന യഥാസ്ഥാപനത്തിന്റെ പ്രത്യാശ പ്രവാചകന്‍ പങ്കുവയ്ക്കുന്നു.. പ്രത്യാശയെ ആശ്ലേഷിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രോത്സാഹനം 'തളര്‍ന്ന കൈകളെ ബലപ്പെടുത്തുകയും കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കയും'' ചെയ്യും (വാ. 3). അവര്‍ക്കു ലഭിച്ച പ്രോത്സാഹന ഫലമായി, ദൈവജനം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രാപ്തരാകും. അതുകൊണ്ടാണ് വാ. 4 ല്‍ യെശയ്യാവ് നിര്‍ദ്ദേശിക്കുന്നത്, 'മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ... എന്നു പറവിന്‍.''
ബലഹീനനെന്നു തോന്നുന്നുവോ? നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനോടു സംസാരിക്കുക. തിരുവചനത്തിന്റെ സത്യത്തിലൂടെയും തന്റെ സാന്നിധ്യത്തിന്റെ ശക്തികൊണ്ടും അവന്‍ ബലഹീനരെ ശക്തീകരിക്കും. എന്നിട്ട് മറ്റുള്ളവരെ ശക്തീകരിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും.
പരാജയം അസാധ്യമാണ്
''പരാജയം അസാധ്യമാണ്!'' സൂസന്‍ ബി. ആന്തണി (1820-1906) ആണ് ഈ വാക്കുകള്‍ പറഞ്ഞത്. അമേരിക്കയിലെ സ്്ത്രീകളുടെ അവകാശത്തിനായി എടുത്ത ഉറച്ച നിലപാടുകളുടെ പേരില്‍ പ്രശസ്തയായിരുന്നു അവര്‍. നിരന്തരമായ വിമര്‍ശനവും പിന്നീട് നിയമവിരുദ്ധമായി വോട്ടുചെയ്തതിന്റെ പേരില്‍ അറസ്റ്റും വിചാരണയും കുറ്റക്കാരിയെന്ന വിധിയും അവള്‍ നേരിട്ടുവെങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും നിര്‍ത്തുകയില്ല എന്നവള്‍ ശപഥം ചെയ്തു. തന്റെ പോരാട്ടം നീതിയുക്തമാണ് എന്നവള്‍ വിശ്വസിച്ചു. തന്റെ അധ്വാനത്തിന്റെ ഫലം കാണാന്‍ അവള്‍ ജീവിച്ചിരുന്നില്ലെങ്കിലും അവളുടെ പ്രഖ്യാപനം ശരിയാണെന്നു തെളിഞ്ഞു. 1920 ല്‍ ഭരണഘടനയുടെ പത്തൊമ്പതാമത് ഭേദഗതി സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പാക്കി.
നെഹെമ്യാവിനെ സംബന്ധിച്ചു പരാജയം ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. പ്രധാന കാരണം അവന് ശക്തനായ ഒരു സഹായി ഉണ്ടായിരുന്നു എന്നതായിരുന്നു-ദൈവം. തന്റെ ലക്ഷ്യത്തെ -യെരൂശലേമിന്റെ മതില്‍ പുനര്‍ നിര്‍മ്മിക്കുക - അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിച്ചതിനുശേഷം നെഹെമ്യാവും ബാബിലോന്യ പ്രവാസത്തില്‍ നിന്നു യെരൂശലേമിലേക്കു മടങ്ങിവന്ന ആളുകളും അതു സംഭവിക്കുന്നതിനായി അധ്വാനിച്ചു. ശത്രുക്കളില്‍ നിന്നും ജനത്തെ സംരക്ഷിക്കുന്നതിനു മതില്‍ ആവശ്യമായിരുന്നു. എന്നാല്‍ ആ ലക്ഷ്യത്തിനെതിരായ എതിര്‍പ്പു വന്നത്് വഞ്ചനയുടെയും ഭീഷണിയുടെയും രൂപത്തിലായിരുന്നു. എതിര്‍പ്പു തന്നെ വ്യതിചലിപ്പിക്കുന്നതിനെ നെഹെമ്യാവു വിസമ്മതിച്ചു. വേലയെ തടസ്സപ്പെടുത്തിയവരോട് അവന്‍ പറഞ്ഞു, 'ഞാന്‍ ഒരു വലിയ വേല ചെയ്തുവരുന്നു'' (6:3). അതിനുശേഷം അവന്‍ പ്രാര്‍ത്ഥിച്ചു, 'ദൈവമേ, എന്നെ ധൈര്യപ്പെടുത്തണമേ'' (വാ. 9). സ്ഥിരോത്സാഹത്തിനു നന്ദി, വേല പൂര്‍ത്തീകരിച്ചു (വാ. 15).
എതിര്‍പ്പിന്റെ നടുവില്‍ മുന്നോട്ടു പോകുവാന്‍ ദൈവം നെഹെമ്യാവിനു ശക്തി നല്‍കി. ഉപേക്ഷിക്കാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഒരു ജോലി നിങ്ങള്‍ക്കുണ്ടോ? മുന്നോട്ടു പോകുന്നതിന് നിങ്ങള്‍ക്കു വേണ്ടുന്നതെല്ലാം നല്‍കുവാന്‍ ദൈവത്തോടപേക്ഷിക്കുക.