അദൃശ്യ വിസ്മയം
ജീവിത സായാഹ്നത്തില്‍, മിസ്സിസ് ഗുഡ്റിച്ചിന് തന്റെ വെല്ലുവിളി നിറഞ്ഞതും കൃപ നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടയ്ക്കിടെ തെളിയുകയും മങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കടല്‍ത്തീരത്തെ വീട്ടിലിരുന്ന് ജനാലയിലൂടെ ജലപ്പരപ്പിലേക്കു നോക്കിയിരുന്ന ഗുഡ്റിച്ച് കൈനീട്ടി നോട്ട്പാഡ് എടുത്തു. അവള് ഇങ്ങനെ കുറിക്കുവാന്‍ തുടങ്ങി (താന്‍ തന്നെ എഴുതിയവയാണ് ആ വാക്കുകള്‍ എന്നു പെട്ടെന്നുതന്നെ അവള് മറന്നുപോകും): 'ഇവിടെ ഞാന്‍ എന്റെ പ്രിയപ്പെട്ട കസേരയില്‍, അതിന്റെ പടിയില്‍ എന്റെ കാലും അന്തരീക്ഷത്തില്‍ എന്റെ ഹൃദയവും വെച്ച് ഇരിക്കുന്നു, താഴെയുള്ള ജലപ്പരപ്പില്‍ സൂര്യതാപമേറ്റുയര്ന്ന തിരമാലകള്‍, നിരന്തരമായ ചലനത്തിലാണ് - എവിടേക്കാണവ നീങ്ങുന്നതെന്നെനിക്കറിയില്ല. എങ്കിലും ഉയരത്തിലെ പിതാവേ, അങ്ങയുടെ എണ്ണമറ്റ ദാനങ്ങള്‍ക്കും നിലയ്ക്കാത്ത സ്നേഹത്തിനും ഞാന്‍ നന്ദി പറയുന്നു! എനിക്കു കാണാന്‍ കഴിയാത്ത ഒരാളുമായി ഞാന്‍ വളരെയധികം സ്നേഹത്തിലാണ് എന്നത് എപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു - ഇതെങ്ങനെ സംഭവിക്കുന്നു?''
അപ്പൊസ്തലനായ പത്രൊസ് അത്തരം അത്ഭുതങ്ങളെ അംഗീകരിച്ചു. പത്രൊസ് യേശുവിനെ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്, പക്ഷേ പത്രൊസിന്റെ ലേഖനം വായിക്കുന്നവര്‍ കണ്ടിട്ടില്ല. 'അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു'' (1 പത്രൊസ് 1:8). നാം യേശുവിനെ സ്നേഹിക്കുന്നതു നമ്മോടു കല്പിച്ചതുകൊണ്ടല്ല, മറിച്ച് ആത്മാവിന്റെ സഹായത്തോടെ (വാ. 11) അവിടുന്നു നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു കാണാന്‍ തുടങ്ങുന്നതുകൊണ്ടാണ്.
നമ്മളെപ്പോലുള്ളവരെ അവിടുന്നു കരുതുന്നുവെന്നു കേള്‍ക്കുന്നതിനേക്കാള്‍ അധികമാണിത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ക്രിസ്തുവിന്റെയും ആത്മാവിന്റെയും അദൃശ്യ സാന്നിധ്യത്തിന്റെ അത്ഭുതം നമ്മെ കാണിക്കാമെന്ന ക്രിസ്തുവിന്റെ വാഗ്ദത്തം നേരിട്ടനുഭവിക്കുന്നതാണത്.
മനുഷ്യനായിരിക്കുക
'മിസ്റ്റര്‍ സിംഗര്‍മാന്‍ , നിങ്ങള്‍ എന്തിനാണ് കരയുന്നത്?' പ്രധാന കരകൗശല വിദഗ്ധന്‍ ഒരു തടിപ്പെട്ടി നിര്‍മ്മിക്കുന്നത് നോക്കിക്കൊണ്ടിരുന്ന പന്ത്രണ്ടു വയസ്സുകാരനായ ആല്‍ബെര്‍ട്ട് ചോദിച്ചു.
അദ്ദേഹം പറഞ്ഞു, 'എന്റെ പിതാവ് കരഞ്ഞതിനാലും മുത്തച്ഛന് കരഞ്ഞതിനാലും ഞാന്‍ കരയുന്നു.' തന്റെ ബാലനായ സഹായിയോടുള്ള മരപ്പണിക്കാരന്റെ ഉത്തരം ലിറ്റില്‍ ഹൗസ് ഓണ്‍ ദി പ്രെയറിയിലെ വികാര നിര്‍ഭരമായ ഒരു രംഗമാണ്. 'ശവപ്പെട്ടി ഉണ്ടാക്കുന്നതിനൊപ്പം കണ്ണുനീര് വരും' സിംഗര്‍മാന്‍ വിശദീകരിച്ചു.
'ചില പുരുഷന്മാര് കരയാറില്ല, കാരണം അത് ബലഹീനതയുടെ ലക്ഷണമാണെന്ന് അവര്‍ ഭയപ്പെടുന്നു,' അദ്ദേഹം പറഞ്ഞു. ''കരയാന്‍ കഴിയുമ്പോഴാണ് ഒരു പുരുഷന് പുരുഷനാകുന്നത് എന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.'
യെരൂശലേമിനോടുള്ള തന്റെ കരുതലിനെ ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനോട് താരതമ്യം ചെയ്തപ്പോള്‍ വികാരങ്ങള്‍ യേശുവിന്റെ കണ്ണില്‍ നിറഞ്ഞിരിക്കണം (മത്തായി 23:37). അവന്റെ കണ്ണുകളില്‍ കണ്ടതോ അവന്റെ കഥകളില്‍ കേട്ടതോ ആയ കാര്യങ്ങള്‍ അവന്റെ ശിഷ്യന്മാരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ശക്തനായിരിക്കുക എന്നതിന്റെ അര്‍ത്ഥം സംബന്ധിച്ച് അവന്റെ ആശയം വ്യത്യസ്തമായിരുന്നു. അവര്‍ അവനോടൊപ്പം ആലയത്തില്‍ നിന്നും നടക്കുമ്പോള്‍ അതു വീണ്ടും സംഭവിച്ചു. കൂറ്റന്‍ കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച മതിലുകളിലേക്കും അവരുടെ ആലയത്തിന്റെ അലങ്കാരത്തിലേക്കും (24:1) അവിടുത്തെ ശ്രദ്ധ ക്ഷണിച്ച ശിഷ്യന്മാര് മനുഷ്യനേട്ടത്തിന്റെ കരുത്ത് ശ്രദ്ധയില്‍പെടുത്തി. എ.ഡി. 70 ല്‍ തകര്‍ക്കപ്പെടാന്‍ പോകുന്ന ഒരു ദൈവാലയം യേശു കണ്ടു.
ആരോഗ്യമുള്ള ആളുകള്‍ക്ക് എപ്പോള്‍ കരയണമെന്നും എന്തുകൊണ്ടു കരയണമെന്നും അറിയാമെന്ന് ക്രിസ്തു നമുക്ക് കാണിച്ചുതരുന്നു. അവന് കരഞ്ഞു, കാരണം അവന്റെ ഹൃദയത്തെ തകര്‍ക്കുന്നതെന്താണെന്ന് ഇനിയും കാണാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്കായി പിതാവ് കരുതുകയും ആത്മാവ് ഞരങ്ങുകയും ചെയ്യുന്നു.
ഈ ഭവനം നശിപ്പിക്കുക
അമേരിക്കയില്‍, കെട്ടിടങ്ങള്‍ പൊളിക്കുന്ന ഒരു കമ്പനി ഒരു തെറ്റായ കെട്ടിടം പൊളിച്ചു. പൊളിച്ചുമാറ്റാന്‍ നിശ്ചയിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് പൊളിക്കുന്നത് ഒഴിവാക്കുന്നതിനായി സ്വന്തം വീടിന്റെ നമ്പറുകള്‍ അയല്‍വാസിയുടെ വീടിന്റെ ഭിത്തിയില്‍ പതിപ്പിക്കുകയാണുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
യേശു നേരെ മറിച്ചാണ് ചെയ്തത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ''ഭവനം'' തകര്‍ക്കാനുള്ള ഒരു ദൗത്യത്തിലായിരുന്നു അവന്. ആ രംഗം സങ്കല്‍പ്പിക്കുക, യേശുവിന്റെ ശിഷ്യന്മാര് ഉള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായിക്കാണണം. 'ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിനകം അതിനെ പണിയും' (യോഹന്നാന് 2:19) എന്ന് അവന് മതനേതാക്കളെ വെല്ലുവിളിച്ചപ്പോള്‍ അവര്‍ പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കുന്നതു സങ്കല്‍പ്പിക്കുക. ഈ മന്ദിരം നാല്പത്തിയാറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ'' എന്ന് മതനേതാക്കള്‍ രോഷാകുലരായി മറുപടി പറഞ്ഞു (വാ. 20). എന്നാല്‍ താന്‍ തന്റെ ശരീരമെന്ന ആലയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യേശു അറിഞ്ഞിരുന്നു (വാ. 21). അവര്‍ അതു മനസ്സിലാക്കിയില്ല.
നാം നമുക്കു തന്നെ ചെയ്യുന്നതും പരസ്പരം ചെയ്യുന്നതുമായ ദോഷം ആത്യന്തികമായി അവനില്‍ പതിക്കുമെന്ന് കാണിക്കാനാണ് അവിടുന്ന് വന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവിടുന്ന്ാണ് അതിനു പ്രായശ്ചിത്തം ചെയ്യുന്നത്.
ദൈവം നമ്മെക്കാള്‍ നന്നായി നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. അതിനാല്‍, അവന്റെ അത്ഭുതങ്ങള്‍ കണ്ട് അവനില്‍ വിശ്വസിച്ചവരെപോലും അവിടുന്ന് തന്റെ പദ്ധതികളുടെ പൂര്‍ണ്ണത ഭരമേല്‍പ്പിച്ചില്ല (വാ. 23-25). അവന് നമ്മോടു പറഞ്ഞാല്‍ പോലും നമുക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത യേശുവിന്റെ വാക്കുകളിലെ സ്നേഹവും നന്മയും അവന് ഇപ്പോള്‍ പതുക്കെ നമുക്കു വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഒന്നാന്തരം ഷോട്ട്?
വാള്‍ട്ട് ഡിസ്നിയുടെ ബാംബി (ഒരു മാന്‍കുട്ടിയെക്കുറിച്ചുള്ള ആനിമേറ്റഡ് ഇംഗ്ലീഷ് സിനിമ) വീണ്ടും പുറത്തിറങ്ങിയപ്പോള്‍, അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മക്കളോടു പങ്കുവെച്ചു. മുറി നിറയെ ട്രോഫികള്‍ കൊണ്ടു നിറച്ച ഒരു വേട്ടക്കാരന് ഭര്‍ത്താവായുള്ള ഒരു യുവ മാതാവ് ആ മാതാപിതാക്കളില്‍ ഒരാളായിരുന്നു. തന്റെ കുഞ്ഞുങ്ങളെ അരികിലിരുത്തി ബാംബിയുടെ അമ്മയെ ഒരു വേട്ടക്കാരന് കൊന്ന നിമിഷത്തിന്റെ വിങ്ങലും ഞരക്കവും വേദനയും അവര്‍ക്കൊപ്പം അനുഭവിച്ചു. വേട്ടക്കാരന്റെ ഉന്നം കണ്ട് തിയറ്ററില്‍ ഇരുന്നുകൊണ്ട് അവളുടെ കൊച്ചുകുട്ടി ''നല്ല ഷോട്ട്!'' എന്ന് ആക്രോശിച്ചപ്പോള്‍ അവള്‍ക്കുണ്ടായ നാണക്കേട് കുടുംബസംഗമങ്ങളില്‍ അവള് ഇന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ചില സമയത്ത്, നമ്മുടെ കുട്ടികള്‍ പറയുന്ന ലജ്ജാകരമായ കാര്യങ്ങളില്‍ നാം ചിരിക്കും. 136-ാം സങ്കീര്‍ത്തനത്തിലെ ആളുകള്‍ സമാനമായ എന്തെങ്കിലും ചെയ്യുമ്പോള്‍ നാം എന്തു പറയണം? ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതും രക്ഷിക്കപ്പെട്ടതുമായ യിസ്രായേല്‍, എല്ലാ സൃഷ്ടികള്‍ക്കും തങ്ങള്‍ക്കും വേണ്ടി - പക്ഷേ അതവരുടെ ശത്രുക്കള്‍ക്കല്ല - എന്നേക്കും നില്ക്കുന്ന ഒരു സ്നേഹം ആഘോഷിക്കുന്നു. സങ്കീര്‍ത്തനം ''മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവനെ '' സ്തുതിക്കുന്നു (വാ. 10; പുറപ്പാട് 12:29-30 കൂടി കാണുക).
മറ്റൊരാളുടെ മാതാവ്, സഹോദരി, പിതാവ്, സഹോദരന് എന്നിവരുടെ ചെലവില്‍ ''നല്ല ഷോട്ട്'' എന്ന ഒരു അലര്‍ച്ച പോലെ അത് തോന്നുന്നില്ലേ?
അതുകൊണ്ടാണ് ബാക്കി കഥ ഞങ്ങള്‍ക്ക് വേണ്ടത്. യേശുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചം വരുമ്പോള്‍ മാത്രമേ ഒരു കുടുംബത്തിന്റെ കഥകളുടെയും കണ്ണീരിന്റെയും ചിരിയുടെയും സന്തോഷത്തിലേക്ക് ലോകത്തെ മുഴുവന്‍ ക്ഷണിക്കാന്‍ കഴിയൂ. യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ച് അവനില്‍ ജീവന് പ്രാപിക്കുമ്പോള്‍ മാത്രമേ എല്ലാവരേയും സ്നേഹിക്കുന്ന ഒരു ദൈവത്തിന്റെ അത്ഭുതം -അവന്റെ സ്വന്തം ചെലവില്‍ - പങ്കിടാന്‍ കഴിയൂ.
എന്തുകൊണ്ട് ഞാന്‍?
ഒരു ദശലക്ഷത്തില്‍ ഒരാള്‍ക്കു വീതം ഇടിമിന്നലേല്‍ക്കുന്നതായി ബുക്ക് ഓഫ് ഓഡ്സ് പറയുന്നു. 25,000 ത്തില്‍ ഒരാള്‍ക്ക് കഠിനമായ ആഘാതത്തിന്റെയോ നഷ്ടത്തിന്റെയോ മുമ്പില്‍ ''ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം'' എന്ന ഒരു മെഡിക്കല്‍ അവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും പുസ്തകം പറയുന്നു. ഓരോ പേജിലും പ്രത്യേക പ്രശ്നങ്ങള്‍ നേരിടുന്നതിലെ അസ്വാഭാവികത ഉത്തരം നല്‍കാതെ കടന്നുവരുന്നു: 'നാമാണ് അതെങ്കില്‍?'
ഇയ്യോബ് എല്ലാ പ്രതിബന്ധങ്ങളെയും ധിക്കരിച്ചു. ദൈവം അവനെക്കുറിച്ചു പറഞ്ഞു, ''അവനെപ്പോലെ
നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ല' (ഇയ്യോബ് 1:8). എന്നിട്ടും എല്ലാ വിരോധാഭാസങ്ങളെയും നിരാകരിക്കുന്ന നഷ്ടങ്ങളുടെ ഒരു നിര തന്നെ അനുഭവിക്കാന്‍ ഇയ്യോബിനെ തിരഞ്ഞെടുത്തു. ഭൂമിയിലുള്ള എല്ലാവരെക്കാളും ഒരു ഉത്തരം തേടാനുള്ള കാരണം ഇയ്യോബിനുണ്ട്. ''എന്തുകൊണ്ട് ഞാന്‍?'' എന്ന് മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടത്തെക്കുറിച്ച് വായിക്കാന്‍ ഓരോ അധ്യായത്തിലും ധാരാളമുണ്ട്.
വിവരിക്കാനാവാത്ത വേദനയുടെയും തിന്മയുടെയും രഹസ്യത്തോട് പ്രതികരിക്കാനുള്ള ഒരു വഴി ഇയ്യോബിന്റെ കഥ നല്കുന്നു. നന്മയും കരുണയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊരുവന്റെ കഷ്ടതകളും ആശയക്കുഴപ്പങ്ങളും വിവരിക്കുന്നതിലൂടെ (അധ്യായം 25), വിതയും കൊയ്ത്തും സംബന്ധിച്ചുള്ള മാറ്റംവരാത്ത നിയമത്തിന് ഒരു പകരം നാം കണ്ടെത്തുന്നു (4:7-8). സാത്താന് വരുത്തുന്ന നാശത്തിന് ഒരു പശ്ചാത്തല കഥ മെനഞ്ഞുകൊണ്ടും (അധ്യായം 1) നമ്മുടെ പാപങ്ങള്‍ വഹിക്കാന്‍ ഒരു ദിവസം തന്റെ പുത്രനെ അനുവദിക്കുന്ന ദൈവത്തില്‍ നിന്ന് ലഭിക്കുന്ന ഒരു ഉപസംഹാരം നല്കിക്കൊണ്ടും (42:7-17) ഇയ്യോബിന്റെ കഥ നമുക്ക് കാഴ്ചയാലല്ല വിശ്വാസത്താല്‍ ജീവിക്കാന്‍ ഒരു കാരണം നല്കുന്നു.
ഒരു കാരണത്താലുള്ള മന്ദഗതി
സസ്തനികളുടെ ജീവിതം എന്ന ബിബിസി വീഡിയോ പരമ്പരയില്‍ അവതാരകനായ ഡേവിഡ് ആറ്റന്‍ബറോ ഒരു ഒരു സ്ലോത്തിനെ കാണാനായി ഒരു മരത്തില്‍ കയറുന്നു. ലോകത്തിലെ ഏറ്റവും മന്ദഗതിയില്‍ ചലിക്കുന്ന സസ്തനിയെ മുഖാമുഖം കണ്ട അദ്ദേഹം അതിനെ ''ബൂ!'' എന്ന് അഭിവാദ്യം ചെയ്യുന്നു. ഒരു പ്രതികരണം നേടുന്നതില്‍ പരാജയപ്പെട്ട അദ്ദേഹം, സാവകാശം ദഹിക്കുന്നതും പോഷകഗുണമില്ലാത്തതുമായ ഇലകള്‍ മാത്രം ഭക്ഷിക്കുന്നതും മൂന്നു വിരല്‍ മാത്രവുമുള്ള ഒരു കരടിയാണു നിങ്ങളെങ്കില്‍ നിങ്ങള്‍ക്കു പതുക്കെ മാത്രമേ സഞ്ചരിക്കാനാവൂ എന്ന് വിശദീകരിച്ചു.
യിസ്രായേലിന്റെ ചരിത്രത്തിന്റെ ഒരു തിരിഞ്ഞുനോട്ടത്തില്‍, മന്ദഗതിയിലാകുന്നതിന്റെ മറ്റൊരു ഉദാഹരണവും വിശദീകരണവും നെഹെമ്യാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (9:9-21), എന്നാല്‍ ഇത് ഹാസ്യാത്മമകല്ല. നെഹെമ്യാവിന്റെ അഭിപ്രായത്തില്‍, കോപത്തിന്റെ കാര്യത്തില്‍ മന്ദഗതിയിലാകാനുള്ള ആത്യന്തിക ഉദാഹരണമാണ് നമ്മുടെ ദൈവം. ദൈവം തന്റെ ജനത്തെ എങ്ങനെ പരിപാലിച്ചുവെന്നും ജീവന് നല്കുന്ന നിയമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഈജിപ്തില്‍ നിന്നുള്ള യാത്രയില്‍ അവരെ നിലനിര്‍ത്തുകയും വാഗ്ദത്തഭൂമി നല്‍കുകയും ചെയ്തതായും നെഹെമ്യാവ് വിവരിച്ചു (വാ. 9-15). യിസ്രായേല്‍ നിരന്തരം മത്സരിച്ചുവെങ്കിലും (വാ. 16), ദൈവം അവരെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചില്ല. നെഹെമ്യാവിന്റെ വിശദീകരണം? നമ്മുടെ സ്രഷ്ടാവ് സ്വഭാവത്താല്‍ ''ക്ഷമിക്കുവാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവന്'' (വാ. 17). അങ്ങനെയെങ്കില്‍ തന്റെ ജനത്തിന്റെ പരാതികളും അവിശ്വാസവും ആശ്രയമില്ലായ്മയവും നാല്പതു വര്‍ഷമായി അവിടുന്ന് ഇത്ര ക്ഷമയോടെ വഹിക്കുന്നത് എന്തുകൊണ്ടാണ്? (വാ. 21). അത് ദൈവത്തിന്റെ ''മഹാ കരുണ'' മൂലമാണ് (വാ. 19).
നമ്മുടെ കാര്യമോ? ഒരു തിളയ്ക്കുന്ന കോപം ഒരു തണുത്ത ഹൃദയത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ ഹൃദയത്തിന്റെ മഹത്വം അവനോടൊപ്പം നമുക്ക് ക്ഷമയോടെ ജീവിക്കാനും സ്നേഹിക്കാനും ഇടം നല്കുന്നു.
വിശുദ്ധം എന്നു വിളിക്കപ്പെട്ട ഒരു അഗ്നി
നിരവധി വര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം, അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ, അവ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിച്ചു. വാര്‍ത്താ സ്രോതസ്സുകള്‍ അതിലൊന്നിനെ വിശുദ്ധ അഗ്നി എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ അസ്വസ്ഥജനകമായ ധാരണ കൂടുതല്‍ ശക്തിപ്പെട്ടു. എന്നിരുന്നാലും ഈ പ്രദേശത്തെ ''ഹോളി ജിം മലയിടുക്ക് പ്രദേശം'' എന്നാണ് വിളിച്ചിരുന്നത് എന്നത് പലര്‍ക്കും അറിയാത്ത കാര്യമായിരുന്നു.
''പരിശുദ്ധാത്മാവിലും തീയിലും'' ഉളള സ്നാനത്തെക്കുറിച്ചുള്ള യോഹന്നാന് സ്നാപകന്റെ പരാമര്‍ശവും അതിനെ സംബന്ധിച്ച കഥയോടും വിശദീകരണത്തോടുമൊപ്പമാണ് നമുക്കു ലഭിക്കുന്നത് (ലൂക്കോസ് 3:16). പുറകോട്ടു തിരിഞ്ഞുനോക്കി, മലാഖി പ്രവാചകന് മുന്‍കൂട്ടി കണ്ട തരത്തിലുള്ള മശിഹായെക്കുറിച്ചും തീകൊണ്ടുള്ള ശുദ്ധീകരണത്തെക്കുറിച്ചുമായിരിക്കാം അവന് ചിന്തിച്ചിരിക്കുക (3:1-3; 4:1). എന്നാല്‍, ദൈവാത്മാവ് കാറ്റും തീയും പോലെ യേശുവിന്റെ അനുയായികളുടെമേല്‍ വന്നതിനുശേഷം മാത്രമാണ് മലാഖിയുടെയും യോഹന്നാന്റെയും വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത് (പ്രവൃ. 2:1-4).
യോഹന്നാന് പ്രവചിച്ച അഗ്നിയല്ല അവര്‍ പ്രതീക്ഷിച്ചത്. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവൃത്തി എന്ന നിലയില്‍, വ്യത്യസ്തമായ ഒരു മശിഹായെയും വിശുദ്ധ അഗ്നിയെയും കുറിച്ചു പ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യത്തോടെ വന്നു. യേശുവിന്റെ ആത്മാവില്‍, അത് നമ്മുടെ വ്യര്‍ത്ഥമായ മനുഷ്യ ശ്രമങ്ങളെ തുറന്നുകാട്ടുകയും നശിപ്പിക്കുകയും ചെയ്തു- അപ്പോള്‍ തന്നേ, പരിശുദ്ധാത്മാവിന്റെ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ നമ്മില്‍ ഇടം പിടിക്കുന്നു (ഗലാത്യര്‍ 5:22-23 കാണുക). അവ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന അവന്റെ പ്രവൃത്തികളാണ്.
മൂത്ത സഹോദരന്
എഴുത്തുകാരനായ ഹെന്റി ന്യൂവെന്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു മ്യൂസിയം സന്ദര്‍ശിച്ച കാര്യം ഓര്‍മ്മിക്കുന്നു. അവിടെ അദ്ദേഹം റംബ്രാന്റിന്റെ മുടിയനായ പുത്രന് എന്ന ചിത്രം കണ്ട് അതിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് മണിക്കൂറുകള്‍ ചിലവഴിച്ചു. പകല്‍ അസ്തമിക്കാറായപ്പോള്‍ ജനാലയിലൂടെ വന്ന വെളിച്ചം ചിത്രത്തില്‍ പതിക്കുകയും വെളിച്ചത്തിനുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അത്രയും വ്യത്യസ്ത ചിത്രങ്ങളാണു താന്‍ കാണുന്നതെന്ന ചിന്ത അദ്ദേഹത്തിനുണ്ടാകുകയും ചെയ്തു. ഓരോന്നും തകര്‍ന്നുപോയ തന്റെ മകനോടുള്ള പിതാവിന്റെ സ്നേഹത്തെക്കുറിച്ച് പുതിയതൊന്ന് തനിക്കു വെളിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
എതാണ്ട് നാലു മണിക്ക് പെയിന്റിംഗിലെ മൂന്നു കഥാപാത്രങ്ങള്‍ 'മുന്നോട്ടു കയറി നില്ക്കുന്നതായി' തോന്നി എന്ന് ന്യൂവെന്‍ വിവരിക്കുന്നു. ഒന്ന്, മുടിയനായിപ്പോയ തന്റെ ഇളയ സഹോദരന്റെ മടങ്ങിവരവില്‍ ചുവപ്പു പരവതാനി വിരിച്ച് അവനെ സ്വീകരിക്കാന്‍ തയ്യാറായ പിതാവിനോടു നീരസമുള്ള മൂത്ത സഹോദരനായിരുന്നു. ഒന്നുമല്ലെങ്കിലും കുടുംബസ്വത്ത് അന്യാധീനപ്പെടുത്തുകയും അവര്‍ക്ക് വേദനയും മനോഭാരവും വരുത്തുകയും ചെയ്തവനല്ലേ അവന്? (ലൂക്കൊസ് 15:28-30)
മറ്റു രണ്ടു കഥാപാത്രങ്ങള്‍, യേശു ഈ ഉപമ പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന മതനേതാക്കളെയാണ് ന്യൂവെനെ ഓര്‍മ്മിപ്പിച്ചത്. യേശു സ്വീകരിക്കുന്ന പാപികളെക്കുറിച്ച് പുറകില്‍ നിന്നു പിറുപിറുക്കുന്നവരായിരുന്നു അവര്‍ (വാ. 1-2).
അവരിലെല്ലാം ന്യൂവെന്‍ തന്നെത്തന്നെ കണ്ടു-തന്റെ ഇളയ മകന്റെ തകര്‍ന്നുപോയ ജീവിതത്തില്‍, കുറ്റംവിധിക്കുന്ന മൂത്ത സഹോദരനിലും മതനേതാക്കളിലും, ഏതൊരുവനെയും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പമുള്ള പിതാവിന്റെ ഹൃദയത്തിലും.
നമ്മുടെ കാര്യമോ? റംബ്രാന്റിന്റെ പെയിന്റിംഗില്‍ എവിടെയെങ്കിലും നമുക്കു നമ്മെത്തന്നെ കാണാന്‍ കഴിയുന്നുണ്ടോ? ചില കാര്യങ്ങളില്‍ യേശു പറഞ്ഞ ഓരോ കഥയും നമ്മെക്കുറിച്ചാണ്.
കാലുകള്‍ക്ക് സുവാര്‍ത്ത
'കാലുകളുടെ ചരിത്രത്തിലെ ഏറ്റവും സുഖപ്രദമായ സോക്സ്' എന്ന പരസ്യം എന്റെ ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു. തുടര്‍ന്ന് കാലുകള്‍ക്കുള്ള സുവാര്‍ത്ത കുറെക്കൂടി വിശദീകരിച്ച്, ഭവനരഹിതര്‍ക്കുള്ള കേന്ദ്രങ്ങളിലെ ഏറ്റവും ആവശ്യമുള്ള വസ്ത്രം സോക്സായതുകൊണ്ട് വില്‍ക്കുന്ന ഓരോ ജോഡി സോക്സിനും ഓരോ ജോഡി വീതം കമ്പനി ആവശ്യത്തിലിരിക്കുന്ന ഒരുവന് കമ്പനി സംഭാവന ചെയ്യുന്നതായിരിക്കും എന്ന് പരസ്യദാതാവ് പ്രഖ്യാപിച്ചു.
മുപ്പത്തിയെട്ടു വര്‍ഷമായി നടക്കാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന്റെ കാലുകള്‍ യേശു സൗഖ്യമാക്കിയപ്പോള്‍ അയാളുടെ പുഞ്ചിരി സങ്കല്പ്പിച്ചു നോക്കൂ (യോഹന്നാന് 5:2-8). ഇനി, കാലുകള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ കരുതലോ, ദീര്‍ഘനാളുകളായി സഹായം ലഭ്യമാകാതിരുന്ന ഒരുവന്റെ ഹൃദയമോ കണ്ടിട്ട് യാതൊരു ചലനവും ഹൃദയത്തില്‍ ഉണ്ടാകാതിരുന്ന ദൈവാലയ പ്രമാണിമാരുടെ മുഖത്തെ എതിര്‍പ്പിന്റെ നോട്ടം സങ്കല്പ്പിച്ചു നോക്കൂ. ശബ്ബത്തില്‍ വേല ചെയ്യുന്നതിനെ വിലക്കുന്ന മതനിയമത്തെ ലംഘിച്ചതായി അവര്‍ യേശുവിന്റെയും ആ മനുഷ്യന്റെയും മേല്‍ കുറ്റം ആരോപിച്ചു (വാ. 9-10, 16-17). അവര്‍ നിയമം കണ്ടപ്പോള്‍ യേശു കരുണയുടെ ആവശ്യം കണ്ടു.
ഈ സമയത്ത് തനിക്കു പുതിയ കാലുകള്‍ തന്നതാരെന്നുപോലും ആ മനുഷ്യന് അറിയില്ലായിരുന്നു. പിന്നീട് മാത്രമാണ് തന്നെ സൗഖ്യമാക്കിയത് യേശു ആണ് എന്നയാള്‍ക്കു പറയാന്‍ കഴിഞ്ഞത് (വാ. 13-15). ആ മനുഷ്യനും - നമുക്കും - തകര്‍ന്ന ശരീരങ്ങളുടെയും മനസ്സുകളുടെയും ഹൃദയങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും നല്ല വാര്‍ത്ത നല്‍കുന്നതിനായി തന്റെ സ്വന്തം കാലുകള്‍ ഒരു മരത്തോടു ചേര്‍ത്ത് ആണിയടിക്കാന്‍ അനുവദിച്ചുകൊടുത്ത അതേ യേശുവാണവന്‍.
നാമങ്ങളുടെ നാമം
അന്റോണിയോ സ്ട്രാഡിവരി (1644-1737) സംഗീത ലോകത്തെ ഇതിഹാസ സമാനമായ നാമമാണ്. അദ്ദേഹത്തിന്റെ വയലിനും ചെല്ലോയും വയോലാസും ശില്പചാതുരിയിലും ശബ്ദസൗകുമാര്യത്തിലും ഉന്നതമായവയെന്ന നിലയില്‍ നിധിപോലെ പരിഗണിക്കപ്പെടുന്നവയും അവയുടെ സ്വന്തമായ പേരുകള്‍ നല്കപ്പെട്ടവയുമാണ്. ഉദാഹരണത്തിന് അവയില്‍ ഒന്ന് അറിയപ്പെടുന്നത് 'മശിഹ-സലാബു സ്ട്രാഡിവേരിയസ്' എന്നാണ്. വയലിന് വിദ്വാനായ ജോസഫ് ജോയാക്കി (1831-1907) അതു വായിച്ചിട്ട് പറഞ്ഞു, 'സ്ട്രാഡിന്റെ ശബ്ദം, ആ അതുല്യമായ 'മെസ്സി' അതിന്റെ മാധുര്യവും പ്രൗഢിയും കൊണ്ട് എന്റെ ഓര്‍മ്മയില്‍ വിണ്ടു വീണ്ടും ഉയര്‍ന്നു വരുന്നു.'
എന്നിരുന്നാലും സ്ട്രാഡിവേരിയസിന്റെ പേരും ശബ്ദവും പോലും അതിനെക്കാള്‍ ഉന്നതമായ ഒരു പ്രവൃത്തിയോടു താരതമ്യം ചെയ്യാന്‍ പോലും യോഗ്യതയുള്ളതല്ല. മോശെ മുതല്‍ യേശുവരെ, ദൈവാധി ദൈവം സകല നാമത്തിനും മേലായ ഒരു നാമം കൊണ്ട് തന്നെത്തന്നെ പരിചയപ്പെടുത്തി. നമ്മെ പ്രതി, അവന്റെ ജ്ഞാനവും സ്വന്ത കൈകളുടെ പ്രവൃത്തിയും അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും സംഗീതത്തിന്റെ ശബ്ദത്തോടെ ആഘോഷിക്കപ്പെടുകയും വേണമെന്നവന്‍ ആഗ്രഹിച്ചു (പുറ. 6:1; 15:1-2).
എങ്കിലും കഷ്ടതയനുഭവിക്കുന്ന ജനത്തിന്റെ ഞരക്കത്തിനുള്ള പ്രതികരണമായ ഈ ശക്തിയുടെ വിടുതല്‍ ആരംഭം മാത്രമായിരുന്നു. ക്രൂശിക്കപ്പെട്ട കരങ്ങളുടെ ബലഹീനതയിലൂടെ നിത്യവും അനന്തവുമായ ഒരു പൈതൃകം അവന് നമുക്കായി അവശേഷിപ്പിക്കുമെന്ന് ആരു മുന്‍കണ്ടിരുന്നു? അവന് നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണിക്കുന്നതിനായി നമ്മുടെ പാപത്തിന്റെ നിന്ദയും തിരസ്കരണവും വഹിച്ചുകൊണ്ട് മരണം വരിച്ച ഒരുവന്റെ നാമത്തെ സ്തുതിച്ചുകൊണ്ട് ആലപിക്കുന്ന സംഗീതം ഉളവാക്കുന്ന വിസ്മയവും പ്രൗഢിയും ആര്‍ക്കു പ്രവചിക്കുവാന്‍ കഴിയുമായിരുന്നു?