എഴുത്തുകാരനായ ഹെന്റി ന്യൂവെന്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു മ്യൂസിയം സന്ദര്‍ശിച്ച കാര്യം ഓര്‍മ്മിക്കുന്നു. അവിടെ അദ്ദേഹം റംബ്രാന്റിന്റെ മുടിയനായ പുത്രന്‍ എന്ന ചിത്രം കണ്ട് അതിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് മണിക്കൂറുകള്‍ ചിലവഴിച്ചു. പകല്‍ അസ്തമിക്കാറായപ്പോള്‍ ജനാലയിലൂടെ വന്ന വെളിച്ചം ചിത്രത്തില്‍ പതിക്കുകയും വെളിച്ചത്തിനുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അത്രയും വ്യത്യസ്ത ചിത്രങ്ങളാണു താന്‍ കാണുന്നതെന്ന ചിന്ത അദ്ദേഹത്തിനുണ്ടാകുകയും ചെയ്തു. ഓരോന്നും തകര്‍ന്നുപോയ തന്റെ മകനോടുള്ള പിതാവിന്റെ സ്‌നേഹത്തെക്കുറിച്ച് പുതിയതൊന്ന് തനിക്കു വെളിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

എതാണ്ട് നാലു മണിക്ക് പെയിന്റിംഗിലെ മൂന്നു കഥാപാത്രങ്ങള്‍ ‘മുന്നോട്ടു കയറി നില്‍ക്കുന്നതായി’ തോന്നി എന്ന് ന്യൂവെന്‍ വിവരിക്കുന്നു. ഒന്ന്, മുടിയനായിപ്പോയ തന്റെ ഇളയ സഹോദരന്റെ മടങ്ങിവരവില്‍ ചുവപ്പു പരവതാനി വിരിച്ച് അവനെ സ്വീകരിക്കാന്‍ തയ്യാറായ പിതാവിനോടു നീരസമുള്ള മൂത്ത സഹോദരനായിരുന്നു. ഒന്നുമല്ലെങ്കിലും കുടുംബസ്വത്ത് അന്യാധീനപ്പെടുത്തുകയും അവര്‍ക്ക് വേദനയും മനോഭാരവും വരുത്തുകയും ചെയ്തവനല്ലേ അവന്‍? (ലൂക്കൊസ് 15:28-30)

മറ്റു രണ്ടു കഥാപാത്രങ്ങള്‍, യേശു ഈ ഉപമ പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന മതനേതാക്കളെയാണ് ന്യൂവെനെ ഓര്‍മ്മിപ്പിച്ചത്. യേശു സ്വീകരിക്കുന്ന പാപികളെക്കുറിച്ച് പുറകില്‍ നിന്നു പിറുപിറുക്കുന്നവരായിരുന്നു അവര്‍ (വാ. 1-2).

അവരിലെല്ലാം ന്യൂവെന്‍ തന്നെത്തന്നെ കണ്ടു-തന്റെ ഇളയ മകന്റെ തകര്‍ന്നുപോയ ജീവിതത്തില്‍, കുറ്റംവിധിക്കുന്ന മൂത്ത സഹോദരനിലും മതനേതാക്കളിലും, ഏതൊരുവനെയും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പമുള്ള പിതാവിന്റെ ഹൃദയത്തിലും.

നമ്മുടെ കാര്യമോ? റംബ്രാന്റിന്റെ പെയിന്റിംഗില്‍ എവിടെയെങ്കിലും നമുക്കു നമ്മെത്തന്നെ കാണാന്‍ കഴിയുന്നുണ്ടോ? ചില കാര്യങ്ങളില്‍ യേശു പറഞ്ഞ ഓരോ കഥയും നമ്മെക്കുറിച്ചാണ്.