മുറിപ്പാടിന്റെ കഥകള്‍
എന്റെ അമ്മയുടെ പാന്‍സിച്ചെടിയുടെ പാണ്ട-മുഖമുള്ള പൂക്കളില്‍ പൂമ്പാറ്റ തത്തിക്കളിച്ചുകൊണ്ടിരുന്നു. കൊച്ചുകുട്ടിയായ എനിക്ക് അതിനെ പിടിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ പുറകുവശത്തെ മുറ്റത്തുനിന്നും അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസ് ജാര്‍ എടുത്തുകൊണ്ടുവന്നു. ധൃതിയിലുള്ള എന്റെ ഓട്ടത്തിനിടയില്‍ കാല്‍ വഴുതുകയും കോണ്‍ക്രീറ്റ് തിണ്ണയില്‍ ഇടിച്ചുവീഴുകയും ചെയ്തു. എന്റെ കൈത്തണ്ടയ്ക്കു കീഴില്‍ ജാര്‍ പൊട്ടിച്ചിതറി കൈയില്‍ തറച്ചു കയറി. പതിനെട്ടു തുന്നലുകള്‍ വേണ്ടിവന്നു മുറിവ് അടയ്ക്കാന്‍. ഇന്നും മുറിവിന്റെയും സൗഖ്യത്തിന്റെയും കഥ പറഞ്ഞുകൊണ്ട് ആ മുറിപ്പാട് ഒരു ചിത്രശലഭപ്പുഴു പോലെ എന്റെ കൈത്തണ്ടയില്‍ കാണാം.
തന്റെ മരണശേഷം യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായപ്പോള്‍, അവന്‍ തന്റെ മുറിപ്പാടുകള്‍ കൊണ്ടുവന്നു. തോമസ് 'അവന്റെ കൈകളില്‍ ആണിപ്പഴുതു' കാണാനാവശ്യപ്പെട്ടതായി യോഹന്നാന്‍ റിപ്പോര്‍ട്ടു എഴുതുന്നു. അതിനെത്തുടര്‍ന്നാണ് യേശു അവനോട് 'നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക' (യോഹന്നാന്‍ 20:25,27) എന്ന പറഞ്ഞത്. അതേ യേശു തന്നെയാണ് താന്‍ തന്നെയെന്നു കാണിക്കേണ്ടതിന് അവന്‍ ഇപ്പോഴും ദൃശ്യമായ തന്റെ കഷ്ടപ്പാടുകളുടെ മുറിപ്പാടുകളുമായിട്ടാണ് മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റത്.
യേശുവിന്റെ മുറിപ്പാടുകള്‍ അവന്‍ രക്ഷകനാണെന്നു തെളിയിക്കുകയും നമ്മുടെ രക്ഷയുടെ കഥ പറയുകയും ചെയ്യുന്നു. അവന്റെ കൈയിലെയും കാലുകളിലെയും ആണിപ്പാടുകളും അവന്റെ വിലാപ്പുറത്തെ മുറിപ്പാടും അവന്റെ മേല്‍ ഏല്പിക്കപ്പെട്ടതും അവന്‍ അനുഭവിച്ചതും തുടര്‍ന്ന് സൗഖ്യമാക്കപ്പെട്ടതുമായ -നമുക്കുവേണ്ടി-വേദനയുടെ കഥയാണ് പറയുന്നത്. അവന്‍ ഇതെല്ലാം ചെയ്തത് നാം അവനിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നതിനും നമ്മെ പൂര്‍ണ്ണതയുള്ളവരാക്കുന്നതിനുമാണ്.
ക്രിസ്തുവിന്റെ മുറിപ്പാടുകള്‍ പറയുന്ന കഥ നിങ്ങള്‍ എപ്പോഴെങ്കിലും പരിഗണിച്ചിട്ടുണ്ടോ?
അന്ധകാരത്തില്‍ ഒരു പ്രകാശം
'ദീസ് ആര്‍ ദി ജനറേഷന്‍സ്' എന്ന ഗ്രന്ഥത്തില്‍ മിസ്റ്റര്‍ ബേ, അന്ധകാരത്തെ തുളച്ചു ചെല്ലുന്നതിനുള്ള സുവിശേഷത്തിന്റെ ശക്തിയെയും ദൈവത്തിന്റെ വിശ്വസ്തതയെയും വിവരിച്ചിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം പങ്കുവെച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മുത്തച്ഛനും പിതാവും സ്വന്തം കുടുംബവും പീഡിപ്പിക്കപ്പെട്ടു.
എന്നാല്‍ ഒരു സുഹൃത്തിനോട് ദൈവത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അതിശയകരമായ ഒരു കാര്യം സംഭവിച്ചു: അദ്ദേഹത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കാര്യത്തിലും അവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടപ്പോഴും ഇതു സത്യമായിരുന്നു: അവര്‍ ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് അവിടെയും പങ്കുവയ്ക്കാന്‍ തുടങ്ങി. 'വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല' എന്ന യോഹന്നാന്‍ 1:5 ലെ വാഗ്ദത്തം സത്യമാണെന്ന് മിസ്റ്റര്‍ ബേ കണ്ടെത്തി.
യേശു തന്റെ അറസ്റ്റിനും ക്രൂശീകരണത്തിനും മുമ്പ്, തന്റെ ശിഷ്യന്മാര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നത്തെക്കുറിച്ച് അവര്‍ക്കു മുന്നറിയിപ്പു നല്‍കി. 'പിതാവിനെയും എന്നെയും അറിയാത്ത' ആളുകളാല്‍ (16:3) അവര്‍ തള്ളപ്പെടും. എന്നാല്‍ യേശു തന്റെ ആശ്വാസവചനം അവര്‍ക്കു നല്‍കി: 'ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു' (വാ. 33).
യേശുവിന്റെ അനേക ശിഷ്യന്മാരും മിസ്റ്റര്‍ ബേയും കുടുംബവും അനുഭവിച്ചതുപോലെയുള്ള പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ലായിരിക്കാം, എങ്കിലും പ്രതിസന്ധികളെ നാമും പ്രതീക്ഷിക്കണം. എങ്കിലും നാം നിരാശപ്പെടുകയോ നീരസപ്പെടുകയോ ചെയ്യരുത്. നമുക്കൊരു സഹായകനുണ്ട്-അയച്ചുതരാമെന്ന് യേശു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവ്. മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ആശ്വാസത്തിനുമായി നമുക്ക് അവങ്കലേക്കു തിരിയാന്‍ കഴിയും (വാ. 7). അന്ധകാര സമയങ്ങളില്‍ നമ്മെ സ്ഥിരതയോടെ നിര്‍ത്തുവാന്‍ ദൈവസാന്നിധ്യത്തിന്റെ ശക്തിക്കു കഴിയും.
സഞ്ചരിക്കാത്ത പാത
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ശുശ്രൂഷകനായി പ്രവര്‍ത്തിച്ച 1960 കളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കാറുണ്ട്. കോളജില്‍ ഞാന്‍ ഒരു ഫിസിക്കല്‍ എജ്യുക്കേഷന്‍ മേജറായിരുന്നുവെങ്കിലും അത് ഏറെ രസകരമായിരുന്നുവെങ്കിലും ഞാന്‍ ഒരു പണ്ഡിതന്‍ എന്ന് അറിയപ്പെട്ടിരുന്നില്ല. എന്റെ പുതിയ സ്ഥാനത്തിന് ഞാന്‍ അപര്യാപ്തനെന്ന് എനിക്കു തോന്നിയിരുന്നു. മിക്ക ദിവസങ്ങളിലും ഇരുട്ടില്‍ തപ്പിത്തടയുന്ന ഒരു മനുഷ്യനെപ്പോലെ, എന്തു ചെയ്യണമെന്ന് എനിക്കു കാണിച്ചുതരാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ കോളജ് ക്യാമ്പസില്‍ അലഞ്ഞുനടക്കുമായിരുന്നു. ഒരു ദിവസം ഒരു വിദ്യാര്‍ത്ഥി ആകാശത്തു നിന്നു പൊട്ടി വീണതുപോലെ എന്റെ മുമ്പില്‍ വന്ന് അവന്റെ സഹപാഠി സംഘത്തിന് ഒരു ബൈബിള്‍ സ്റ്റഡി നടത്താന്‍ എന്നോടാവശ്യപ്പെട്ടു. അതായിരുന്നു ആരംഭം.
ദൈവം ഒരു നാല്‍ക്കവലയില്‍ നിന്നുകൊണ്ട് വഴി ചൂണ്ടിക്കാണിക്കുകയല്ല, അവന്‍ മുന്നില്‍ നടക്കുന്ന വഴികാട്ടിയാണ്, ചൂണ്ടുപലകയല്ല. നാം ഒരിക്കലും കണ്ടിട്ടില്ലാത്ത വഴിയില്‍ നമ്മെ നടത്തിക്കൊണ്ട് നമ്മോടു ചേര്‍ന്ന് നടക്കുന്നു. നാം ആകെ ചെയ്യേണ്ടത് അവനോടു ചേര്‍ന്നു നടക്കുക എന്നതാണ്.
പാത എളുപ്പമുള്ളതായിരിക്കുകയില്ല, വഴിയില്‍ 'ദുര്‍ഘട മേഖലകള്‍' കണ്ടേക്കാം. എന്നാല്‍ അവന്‍ 'ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും' (വാ. 16) എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. എല്ലാ വഴികളിലും അവന്‍ നമ്മോടുകൂടെയിരിക്കും. 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍' കഴിവുള്ളവനാണ് ദൈവം എന്നു പൗലൊസ് പറയുന്നു (എഫെസ്യര്‍ 3:20). നമുക്ക് പദ്ധതി തയ്യാറാക്കുകയും ദര്‍ശനം കാണുകയും ചെയ്യാം, എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ ഭാവന നമ്മുടെ പദ്ധതികളെക്കാളും അത്യധികം ഉന്നതമാണ്. നാം അവയെ വിട്ടുകൊടുക്കുകയും ദൈവത്തിന്റെ ഹൃദയത്തിലുള്ളതെന്താണെന്ന് കാണുകയും വേണം.
യോദ്ധാവിനെപ്പോലെ നടക്കുക
പതിനെട്ടുകാരിയായ എമ്മായുടെ സന്തോഷത്തെയും ക്രിസ്തുവിനോടുള്ള ഉത്സാഹഭരിതമായ സ്‌നേഹത്തെയും എതിരാളികള്‍ വിമര്‍ശിച്ചുകൊണ്ടിരുന്നിട്ടും അവള്‍ യേശുവിനെക്കുറിച്ച് വിശ്വസ്തതയോടെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചുകൊണ്ടിരുന്നു. ചിലര്‍ അവളുടെ ശാരീരിക അനാകര്‍ഷണീയതയെ എടുത്തുകാട്ടിപ്പോലും അവളെ വിമര്‍ശിച്ചു. മറ്റു ചിലര്‍ ദൈവത്തോടുള്ള അവളുടെ ഭക്തി നിമിത്തം അവള്‍ക്ക് പരിജ്ഞാനമില്ലെന്നു പറഞ്ഞു. കരുണയില്ലാത്ത വാക്കുകള്‍ അവളുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെങ്കിലും അവള്‍ തന്റെ ഉറച്ച വിശ്വാസവും യേശുവിനോടും മറ്റുള്ളവരോടുമുള്ള സ്‌നേഹവും നിമിത്തം സുവിശേഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ, തന്റെ സ്വത്വവും മൂല്യവും മറ്റുള്ളവരുടെ വിമര്‍ശനത്തിനനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നതെന്നു വിശ്വസിക്കാന്‍ അവള്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍, അവള്‍ ദൈവത്തോടു സഹായത്തിനപേക്ഷിക്കുകയും തന്നെ ഉപദ്രവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും, തിരുവചനം ധ്യാനിക്കുകയും ആത്മാവു നല്‍കുന്ന ശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടു പോകയും ചെയ്യും.
ഗിദെയോന്‍ മിദ്യാന്യര്‍ എന്ന കഠിനരായ എതിരാളികളെ നേരിട്ടു (ന്യായാധിപന്മാര്‍ 6:1-10). ദൈവം അവനെ 'പരാക്രമശാലി' എന്നു വിളിച്ചെങ്കിലും ഗിദെയോന്റെ സംശയവും സ്വയം സൃഷ്ടിച്ച പരിമിതികളും അരക്ഷിതാവസ്ഥയും മാറിയില്ല (വാ. 11-15). ഒന്നിലധികം അവസരങ്ങളില്‍, അവന്റെ ദൈവസാന്നിധ്യത്തെയും തന്റെ യോഗ്യതകളെയും ചോദ്യം ചെയ്തു, എങ്കിലും ക്രമേണ വിശ്വാസത്തോടെ സമര്‍പ്പിച്ചു.
നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമ്മെക്കുറിച്ച് അവന്‍ പറയുന്നതു സത്യമാണ് എന്നു വിശ്വസിക്കുന്ന നിലയില്‍ നമുക്കു ജീവിക്കുവാന്‍ കഴിയും. നമ്മുടെ സ്വത്വത്തെ സംശയിക്കുവാന്‍ പീഡനങ്ങള്‍ നമ്മെ പരീക്ഷിച്ചാലും നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു തന്റെ സാന്നിധ്യം നമുക്കുറപ്പിച്ചുതരികയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും. അവന്റെ സമ്പൂര്‍ണ്ണ സ്‌നേഹമാകുന്ന ആയുധം ധരിച്ചും അവന്റെ അനന്തമായ കൃപയാല്‍ സംരക്ഷിക്കപ്പെട്ടും അവന്റെ വിശ്വസനീയ സത്യത്തില്‍ ഭദ്രമാക്കപ്പെട്ടും ശക്തരായ പോരാളികളെപ്പോലെ നടക്കാന്‍ നമുക്കു കഴിയും എന്നവന്‍ നമുക്ക് ഉറപ്പുതരുന്നു.
തെരുവു സംഘത്തില്‍ ചേരുക
സാന്‍ഫ്രോന്‍സിസ്‌കോ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കറുപ്പിന് അടിമപ്പെട്ട ഭവനരഹിതരായ ആളുകളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് ആരോഗ്യപരിപാലനത്തിനായി തെരുവുകളിലേക്കു പോയിരുന്നു. മയക്കുമരുന്നു കുത്തിവയ്ക്കുന്ന ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ആ പദ്ധതി ആരംഭിച്ചത്. സാധാരണയായി രോഗികള്‍ ക്ലിനിക്കിലേക്കു വരുന്നതിനായി ഡോക്ടര്‍ കാത്തിരിക്കുകയാണു ചെയ്യുന്നത്. പകരം കഷ്ടപ്പെടുന്നവര്‍ക്ക് ആതുരസേവനം അവരുടെയടുത്ത് എത്തിക്കുന്നതിലൂടെ, രോഗികള്‍ക്ക് യാത്രാക്ലേശം സഹിച്ച് ആശുപത്രിയില്‍ എത്തേണ്ടിവരികയോ ഒരു അപ്പോയ്ന്റ്‌മെന്റ് ഓര്‍ത്തിരിക്കയോ ചെയ്യേണ്ടിവരുന്നില്ല.
ശുശ്രൂഷ ആവശ്യമുള്ളവരുടെ അടുത്തേക്ക് ചെല്ലാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സ്, നമ്മുടെ ആവശ്യത്തില്‍ യേശു നമ്മുടെയടുത്തേക്കു വന്നതിനെയാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവന്റെ ശുശ്രൂഷയില്‍, മതനേതാക്കള്‍ അവഗണിച്ച ആളുകളെ യേശു തേടിച്ചെന്നു; അവന്‍ 'ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും' ചെയ്തു (വാ. 16). എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവന്റെ മറുപടി, 'ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല' (വാ. 17) എന്നായിരുന്നു. നീതിമാന്മാരെയല്ല, പാപികളെയാണ് താനുമായുള്ള ബന്ധത്തിലേക്കു വിളിക്കാനായി താന്‍ വന്നത് എന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു.
നാം എല്ലാവരും 'ദീന'ക്കാരും വൈദ്യനെ ആവശ്യമുള്ളവരും എന്നു മനസ്സിലാക്കുമ്പോഴാണ് (റോമര്‍ 3:10) 'ചുങ്കക്കാരോടും പാപികളോടും' കൂടെ - നമ്മോടു കൂടെ - തിന്നുകയും കുടിക്കുകയും ചെയ്യാനുള്ള യേശുവിന്റെ മനസ്സിനെ നന്നായി അഭിനന്ദിക്കാന്‍ നമുക്കു കഴിയുന്നത്. അതിനു പകരം, സാന്‍ഫ്രാന്‍സിസ്‌കോയിലെ ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ, ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവന്റെ രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ അവന്റെ 'തെരുവു സംഘ'മായി അവന്‍ നിയമിച്ചിരിക്കുന്നു.