സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ശുശ്രൂഷകനായി പ്രവര്‍ത്തിച്ച 1960 കളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കാറുണ്ട്. കോളജില്‍ ഞാന്‍ ഒരു ഫിസിക്കല്‍ എജ്യുക്കേഷന്‍ മേജറായിരുന്നുവെങ്കിലും അത് ഏറെ രസകരമായിരുന്നുവെങ്കിലും ഞാന്‍ ഒരു പണ്ഡിതന്‍ എന്ന് അറിയപ്പെട്ടിരുന്നില്ല. എന്റെ പുതിയ സ്ഥാനത്തിന് ഞാന്‍ അപര്യാപ്തനെന്ന് എനിക്കു തോന്നിയിരുന്നു. മിക്ക ദിവസങ്ങളിലും ഇരുട്ടില്‍ തപ്പിത്തടയുന്ന ഒരു മനുഷ്യനെപ്പോലെ, എന്തു ചെയ്യണമെന്ന് എനിക്കു കാണിച്ചുതരാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ കോളജ് ക്യാമ്പസില്‍ അലഞ്ഞുനടക്കുമായിരുന്നു. ഒരു ദിവസം ഒരു വിദ്യാര്‍ത്ഥി ആകാശത്തു നിന്നു പൊട്ടി വീണതുപോലെ എന്റെ മുമ്പില്‍ വന്ന് അവന്റെ സഹപാഠി സംഘത്തിന് ഒരു ബൈബിള്‍ സ്റ്റഡി നടത്താന്‍ എന്നോടാവശ്യപ്പെട്ടു. അതായിരുന്നു ആരംഭം.

ദൈവം ഒരു നാല്‍ക്കവലയില്‍ നിന്നുകൊണ്ട് വഴി ചൂണ്ടിക്കാണിക്കുകയല്ല, അവന്‍ മുന്നില്‍ നടക്കുന്ന വഴികാട്ടിയാണ്, ചൂണ്ടുപലകയല്ല. നാം ഒരിക്കലും കണ്ടിട്ടില്ലാത്ത വഴിയില്‍ നമ്മെ നടത്തിക്കൊണ്ട് നമ്മോടു ചേര്‍ന്ന് നടക്കുന്നു. നാം ആകെ ചെയ്യേണ്ടത് അവനോടു ചേര്‍ന്നു നടക്കുക എന്നതാണ്.

പാത എളുപ്പമുള്ളതായിരിക്കുകയില്ല, വഴിയില്‍ ‘ദുര്‍ഘട മേഖലകള്‍’ കണ്ടേക്കാം. എന്നാല്‍ അവന്‍ ‘ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും’ (വാ. 16) എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. എല്ലാ വഴികളിലും അവന്‍ നമ്മോടുകൂടെയിരിക്കും. ‘നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍’ കഴിവുള്ളവനാണ് ദൈവം എന്നു പൗലൊസ് പറയുന്നു (എഫെസ്യര്‍ 3:20). നമുക്ക് പദ്ധതി തയ്യാറാക്കുകയും ദര്‍ശനം കാണുകയും ചെയ്യാം, എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ ഭാവന നമ്മുടെ പദ്ധതികളെക്കാളും അത്യധികം ഉന്നതമാണ്. നാം അവയെ വിട്ടുകൊടുക്കുകയും ദൈവത്തിന്റെ ഹൃദയത്തിലുള്ളതെന്താണെന്ന് കാണുകയും വേണം.