സാന്‍ഫ്രോന്‍സിസ്‌കോ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കറുപ്പിന് അടിമപ്പെട്ട ഭവനരഹിതരായ ആളുകളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് ആരോഗ്യപരിപാലനത്തിനായി തെരുവുകളിലേക്കു പോയിരുന്നു. മയക്കുമരുന്നു കുത്തിവയ്ക്കുന്ന ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ആ പദ്ധതി ആരംഭിച്ചത്. സാധാരണയായി രോഗികള്‍ ക്ലിനിക്കിലേക്കു വരുന്നതിനായി ഡോക്ടര്‍ കാത്തിരിക്കുകയാണു ചെയ്യുന്നത്. പകരം കഷ്ടപ്പെടുന്നവര്‍ക്ക് ആതുരസേവനം അവരുടെയടുത്ത് എത്തിക്കുന്നതിലൂടെ, രോഗികള്‍ക്ക് യാത്രാക്ലേശം സഹിച്ച് ആശുപത്രിയില്‍ എത്തേണ്ടിവരികയോ ഒരു അപ്പോയ്ന്റ്‌മെന്റ് ഓര്‍ത്തിരിക്കയോ ചെയ്യേണ്ടിവരുന്നില്ല.

ശുശ്രൂഷ ആവശ്യമുള്ളവരുടെ അടുത്തേക്ക് ചെല്ലാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സ്, നമ്മുടെ ആവശ്യത്തില്‍ യേശു നമ്മുടെയടുത്തേക്കു വന്നതിനെയാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവന്റെ ശുശ്രൂഷയില്‍, മതനേതാക്കള്‍ അവഗണിച്ച ആളുകളെ യേശു തേടിച്ചെന്നു; അവന്‍ ‘ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും’ ചെയ്തു (വാ. 16). എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവന്റെ മറുപടി, ‘ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല’ (വാ. 17) എന്നായിരുന്നു. നീതിമാന്മാരെയല്ല, പാപികളെയാണ് താനുമായുള്ള ബന്ധത്തിലേക്കു വിളിക്കാനായി താന്‍ വന്നത് എന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു.

നാം എല്ലാവരും ‘ദീന’ക്കാരും വൈദ്യനെ ആവശ്യമുള്ളവരും എന്നു മനസ്സിലാക്കുമ്പോഴാണ് (റോമര്‍ 3:10) ‘ചുങ്കക്കാരോടും പാപികളോടും’ കൂടെ – നമ്മോടു കൂടെ – തിന്നുകയും കുടിക്കുകയും ചെയ്യാനുള്ള യേശുവിന്റെ മനസ്സിനെ നന്നായി അഭിനന്ദിക്കാന്‍ നമുക്കു കഴിയുന്നത്. അതിനു പകരം, സാന്‍ഫ്രാന്‍സിസ്‌കോയിലെ ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ, ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവന്റെ രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ അവന്റെ ‘തെരുവു സംഘ’മായി അവന്‍ നിയമിച്ചിരിക്കുന്നു.