ഇതിഹാസ സംഗീതജ്ഞനായ ഗിസെപ്പി വെര്‍ഡി (1813-1901) ബാലനായിരുന്നപ്പോള്‍, അംഗീകാരത്തിനുള്ള ദാഹം അവനെ വിജയത്തിലേക്കു നയിച്ചു. വാരന്‍ വിയേഴ്‌സ്ബി അദ്ദേഹത്തെക്കുറിച്ചെഴുതി: ‘വെര്‍ഡി ഫ്‌ളോറന്‍സില്‍ വെച്ച് തന്റെ ആദ്യത്തെ ഓപ്പറാ നിര്‍മ്മിച്ചപ്പോള്‍, അദ്ദേഹം ഏകനായി നിഴലില്‍ മറഞ്ഞുനിന്നുകൊണ്ട് സദസ്സിലുള്ള ഒരു മനുഷ്യന്റെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു-മഹാനായ റോസ്സിനിയുടെ മുഖത്തേക്ക്. ഹാളിലുള്ള ആളുകള്‍ തന്നെ അഭിനന്ദിക്കുന്നോ ആരവം മുഴക്കുന്നോ എന്നത് വെര്‍ഡിക്കു വിഷയമായിരുന്നില്ല; അദ്ദേഹത്തിനാകെ വേണ്ടിയിരുന്നത് മഹാനായ സംഗീതജ്ഞനില്‍ നിന്ന് അംഗീകാരത്തിന്റെ ഒരു പുഞ്ചിരിയായിരുന്നു.’

ആരുടെ അംഗീകാരമാണു നാം തേടുന്നത്? മാതാപിതാക്കളുടെ? തൊഴിലുടമയുടെ? സ്‌നേഹഭാജനത്തിന്റെ? പൗലൊസിനെ സംബന്ധിച്ച് ഒരൊറ്റ ഉത്തരമേ ഉള്ളു. അവനെഴുതി, ‘ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്’ (1 തെസ്സലൊനീക്യര്‍ 2:4).

ദൈവത്തിന്റെ അംഗീകാരം തേടുക എന്നാല്‍ എന്താണര്‍ത്ഥം? കുറഞ്ഞപക്ഷം അതില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു: മറ്റുള്ളവരുടെ കൈയടി നേടാനുള്ള ആഗ്രഹത്തില്‍ നിന്നു മാറി, നമ്മെ സ്‌നേഹിക്കുകയും തന്നെത്താന്‍ നമുക്കു വേണ്ടി നല്‍കുകയും ചെയ്ത ക്രിസ്തുവിനോട് നമ്മെ കൂടുതല്‍ തുല്യരാക്കുന്നതിന് പരിശുദ്ധാത്മാവിനെ അനുവദിക്കുക. നമ്മിലും നമ്മിലൂടെയുമുള്ള അവന്റെ സമ്പൂര്‍ണ്ണ ഉദ്ദേശ്യത്തിന് നാം ഏല്പിച്ചുകൊടുക്കുമ്പോള്‍, നാം ഏറ്റവും വിലമതിക്കുന്ന ഒരുവന്റെ അംഗീകാരത്തിന്റെ പുഞ്ചിരി നാം അനുഭവിക്കുന്ന ഒരു ദിവസം നമുക്കു പ്രതീക്ഷിക്കാം.