2018 ല്‍ ബാര്‍ണാ ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തില്‍ മിക്ക അമേരിക്കക്കാരും ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു കണ്ടെത്തി. കേവലം ഏഴു ശതമാനം അമേരിക്കക്കാരാണ് അവര്‍ നിരന്തരമായി ആത്മിക കാര്യങ്ങള്‍ സംസാരിക്കുന്നതായി പറഞ്ഞത്. അമേരിക്കയില്‍ യേശുവിലുള്ള വിശ്വാസം അനുവര്‍ത്തിക്കുന്നവര്‍ പോലും അതില്‍നിന്നു വ്യത്യസ്തരല്ല. സ്ഥിരമായി പള്ളിയില്‍ പോകുന്നവരില്‍ പതിമൂന്നു ശതമാനം മാത്രമാണ് ആഴ്ചയിലൊരിക്കല്‍ തങ്ങള്‍ ആത്മിക കാര്യം സംസാരിക്കുന്നതായി പറഞ്ഞത്.

ആത്മിക സംഭാഷണങ്ങള്‍ക്ക് ഇടിവു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ ഒരുപക്ഷേ അത്ഭുതമില്ല. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് അപകടമാണ്. ധ്രുവീകൃതമായ രാഷ്ട്രീയ അന്തരീക്ഷം കാരണമോ, ആത്മീയകാര്യങ്ങളിലെ വിയോജിപ്പ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നതോ, ആത്മീയ സംസാരം നിങ്ങളുടെ തന്നെ ജീവിതത്തില്‍ വരുത്തേണ്ട ഒരു മാറ്റത്തെക്കുറിച്ചു ബോധ്യപ്പെടാന്‍ കാരണമാകുന്നു എന്നു ഭയന്നോ – അത്യധികം അപകടകരമായ സംഭാഷണങ്ങളായി ഇതു മാറിയേക്കാം.

എങ്കിലും ആവര്‍ത്തന പുസ്തകത്തില്‍, ദൈവജനമായ യിസ്രായേലിനു നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് സാധാരണവും ദൈനംദിന ജീവിതത്തിലെ ഒരു സ്വാഭാവിക ഭാഗവുമായിരിക്കണം എന്നു പറയുന്നു. ദൈവത്തിന്റെ ജനം അവന്റെ വചനങ്ങള്‍ മനഃപാഠമാക്കുകയും എപ്പോഴും കാണത്തക്കവിധം അവയെ പ്രദര്‍ശപ്പിക്കുകയും വേണമായിരുന്നു. ജീവിതത്തിനുവേണ്ടിയുള്ള ദൈവിക പ്രമാണങ്ങളെക്കുറിച്ചു ‘വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും” നിങ്ങളുടെ മക്കളോടു സംസാരിക്കണമെന്ന് ന്യായപ്രമാണം നിഷ്‌കര്‍ഷിക്കുന്നു (11:19).

സംഭാഷണത്തിനായി ദൈവം നമ്മെ വിളിക്കുന്നു. ഒരു അവസരം കണ്ടെത്തുക, ആത്മാവില്‍ ആശ്രയിക്കുക, നിങ്ങളുടെ ചെറിയ സംസാരങ്ങള്‍ ആഴമായ ഒന്നിലേക്കു നയിക്കുക. നാം അവന്റെ വചനങ്ങളെക്കുറിച്ചു സംസാരിക്കുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ ദൈവം നമ്മുടെ സമൂഹങ്ങളെ അനുഗ്രഹിക്കും.