ഒരു വിശാലമായ സിംഹാസന മുറി സങ്കല്പിക്കുക. സിംഹാസനത്തില്‍ ഒരു മഹാനായ രാജാവ് ഇരിക്കുന്നു. എല്ലാ പദവികളിലുള്ളവരും മികച്ച സ്വഭാവ വിശേഷമുള്ളവരുമായ സേവകന്മാര്‍ അവന്റെ ചുറ്റും നില്‍ക്കുന്നു. രാജാവിന്റെ കാല്‍ക്കല്‍ ഒരു പെട്ടി ഇരിക്കുന്നതായി ഇനി സങ്കല്പിക്കുക. സമയാസമയങ്ങളില്‍ രാജാവ് കൈനീട്ടി അതിലെ ഉള്ളടക്കം പരിശോധിക്കുന്നു. എന്താണ് പെട്ടിയിലുള്ളത്? രാജാവിനു പ്രിയങ്കരമായ ആഭരണങ്ങള്‍, സ്വര്‍ണ്ണം, രത്‌നക്കല്ലുകള്‍. ഈ പെട്ടിയില്‍ രാജാവിന്റെ നിക്ഷേപമാണുള്ളത്, അവനു മഹാസന്തോഷം പകരുന്ന ശേഖരം. നിങ്ങളുടെ ഹൃദയക്കണ്ണില്‍ ആ ചിത്രം കാണുവാന്‍ കഴിയുന്നുണ്ടോ?

ഈ സമ്പത്തിനുള്ള എബ്രായ പദം സെഗുലാഹ് ആണ്. അതിനര്‍ത്ഥം ‘പ്രത്യേക സമ്പത്ത്.’ ഈ പദം പുറപ്പാട് 19:5; ആവര്‍ത്തനം 7:6; സങ്കീര്‍ത്തനം 135:4 തുടങ്ങിയ വാക്യങ്ങളില്‍ കാണാം; അവിടെയത് യിസ്രായേല്‍ രാഷ്ട്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതേ വാങ്മയ ചിത്രം അപ്പൊസ്തലനായ പത്രൊസിന്റെ എഴുത്തിലൂടെ പുതിയ നിയമത്തില്‍ കാണാം. അവന്‍ ദൈവജനത്തെ ‘കരുണ ലഭിച്ചവര്‍” (വാ. 10) എന്നു വിളിക്കുന്നു. യിസ്രായേല്‍ ജനത്തിനും അപ്പുറത്തായുള്ള ഒരു സംഘമാണത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, യേശുവില്‍ വിശ്വസിക്കുന്ന, യെഹൂദനും ജാതികളും അടങ്ങിയ ആളുകളെക്കുറിച്ചാണവന്‍ സംസാരിക്കുന്നത്. ‘നിങ്ങളോ … സ്വന്തജനവും ആകുന്നു’ എന്ന് അവന്‍ എഴുതുന്നു (വാ. 9).

അതു സങ്കല്പിച്ചു നോക്കൂ! മഹാനും ശക്തനുമായ സ്വര്‍ഗ്ഗത്തിലെ രാജാവ് നിങ്ങളെ അവന്റെ പ്രത്യേക സമ്പത്തായി എണ്ണുന്നു. അവന്‍ നിങ്ങളെ പാപത്തിന്റെയും മരണത്തിന്റെയും പിടിയില്‍നിന്നു വിടുവിച്ചു. നിങ്ങളെ തന്റെ സ്വന്തമായി അവന്‍ അവകാശപ്പെടുന്നു. രാജാവിന്റെ വാക്കുകള്‍ പറയുന്നു, ‘ഇതു ഞാന്‍ സ്‌നേഹിക്കുന്നവനാണ്. ഇവന്‍ എന്റേതാണ്.’