അമേരിക്കയില്‍, കെട്ടിടങ്ങള്‍ പൊളിക്കുന്ന ഒരു കമ്പനി ഒരു തെറ്റായ കെട്ടിടം പൊളിച്ചു. പൊളിച്ചുമാറ്റാന്‍ നിശ്ചയിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ പൊളിക്കുന്നത് ഒഴിവാക്കുന്നതിനായി സ്വന്തം വീടിന്റെ നമ്പറുകള്‍ അയല്‍വാസിയുടെ വീടിന്റെ ഭിത്തിയില്‍ പതിപ്പിക്കുകയാണുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

യേശു നേരെ മറിച്ചാണ് ചെയ്തത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ”ഭവനം” തകര്‍ക്കാനുള്ള ഒരു ദൗത്യത്തിലായിരുന്നു അവന്‍. ആ രംഗം സങ്കല്‍പ്പിക്കുക, യേശുവിന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായിക്കാണണം. ‘ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിനകം അതിനെ പണിയും’ (യോഹന്നാന്‍ 2:19) എന്ന് അവന്‍ മതനേതാക്കളെ വെല്ലുവിളിച്ചപ്പോള്‍ അവര്‍ പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കുന്നതു സങ്കല്‍പ്പിക്കുക. ഈ മന്ദിരം നാല്പത്തിയാറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ” എന്ന് മതനേതാക്കള്‍ രോഷാകുലരായി മറുപടി പറഞ്ഞു (വാ. 20). എന്നാല്‍ താന്‍ തന്റെ ശരീരമെന്ന ആലയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യേശു അറിഞ്ഞിരുന്നു (വാ. 21). അവര്‍ അതു മനസ്സിലാക്കിയില്ല.

നാം നമുക്കു തന്നെ ചെയ്യുന്നതും പരസ്പരം ചെയ്യുന്നതുമായ ദോഷം ആത്യന്തികമായി അവനില്‍ പതിക്കുമെന്ന് കാണിക്കാനാണ് അവിടുന്ന് വന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവിടുന്ന്ാണ് അതിനു പ്രായശ്ചിത്തം ചെയ്യുന്നത്.

ദൈവം നമ്മെക്കാള്‍ നന്നായി നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. അതിനാല്‍, അവന്റെ അത്ഭുതങ്ങള്‍ കണ്ട് അവനില്‍ വിശ്വസിച്ചവരെപോലും അവിടുന്ന് തന്റെ പദ്ധതികളുടെ പൂര്‍ണ്ണത ഭരമേല്‍പ്പിച്ചില്ല (വാ. 23-25). അവന്‍ നമ്മോടു പറഞ്ഞാല്‍ പോലും നമുക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത യേശുവിന്റെ വാക്കുകളിലെ സ്‌നേഹവും നന്മയും അവന്‍ ഇപ്പോള്‍ പതുക്കെ നമുക്കു വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.