നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

അപാര ജ്ഞാനവും ഒരായിരം കണ്ണുകളും

സഭാപിതാവായ ജോൺ ക്രിസോസ്റ്റം എഴുതി: “ ആത്‌മാക്കളുടെ അവസ്ഥ എല്ലാ കോണിൽ നിന്നും പരിശോധിക്കുന്നതിന് ഇടയന്മാർക്ക് അപാര ജ്ഞാനവും ഒരായിരം കണ്ണുകളും വേണം”. മറ്റുള്ളവരെ ആത്മീയമായി സംരക്ഷിക്കുന്നതിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ്  ക്രിസോസ്റ്റം ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ആരേയും ആത്മീയ സൗഖ്യത്തിന് നിർബന്ധിക്കുവാൻ സാധിക്കുകയില്ല  എന്നതിനാൽ  മറ്റുള്ളവരുടെ ഹൃദയത്തെ സ്പർശിക്കുവാൻ വലിയ സഹാനുഭൂതിയും അനുകമ്പയും ആവശ്യമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 പക്ഷെ അതു വിചാരിച്ച് ഒരിക്കലും വേദന ഉണ്ടാക്കരുത് എന്നല്ല എന്നും ക്രിസോസ്റ്റം മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടെന്നാൽ “ ആഴത്തിലുള്ള  ശസ്ത്രക്രിയ ആവശ്യമുള്ള ഒരാളോട് സഹാനുഭൂതി തോന്നി, അനിവാര്യമായ മുറിച്ച് നീക്കൽ നടത്താതിരുന്നാൽ, മുറിച്ചു എന്നാൽ രോഗത്തെ തൊട്ടില്ല എന്ന സ്ഥിതിവരും. മറിച്ച്, ദയ കൂടാതെ ആവശ്യമായ ശസ്ത്രക്രിയ നടത്തിയാൽ, പലപ്പോഴും രോഗിയ്ക്ക് അപ്പോഴത്തെ സഹനത്തിന്റെ ആധിക്യത്താൽ എല്ലാം എറിഞ്ഞു കളയാനും…. നിരാശയിൽ ജീവിതം അപകടപ്പെടുത്താനും ഇടയാകും.

യൂദാ അതിരൂക്ഷമായ വാക്കുകളിൽ വിശേഷിപ്പിക്കുന്ന ദുരുപദേശകന്മാരാൽ നയിക്കപ്പെട്ട് വഴി തെറ്റിപ്പോയവരോട് ഇടപെടുമ്പോൾ,  ഈ  തരത്തിലുള്ള സങ്കീർണ്ണതകളാണ് മുമ്പിലുള്ളത്.(1:12-13, 18-19) ഇത്ര ഗൗരവമേറിയ ഭീഷണികളെയാണ് നേരിടേണ്ടത് എങ്കിലും, പക്ഷേ,  അതിനോട് കോപത്തോടെ പ്രതികരിക്കണമെന്ന് യൂദാ പറയുന്നില്ല. 

അതിനു പകരം യൂദാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് , ദൈവസ്നേഹത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നി ക്കൊണ്ട് ഇത്തരം ഭീഷണിയെ നേരിടാനാണ് (വാ.20-21). ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴത്തിൽ  നങ്കൂരമിട്ടാൽ മാത്രമേ, അതിലൂടെ മറ്റുള്ളവരുടെ പ്രശ്നത്തിന്റെ ഗൗരവം അറിഞ്ഞ്, വിനയത്തോടെയും അനുകമ്പയോടെയും അവരെ സഹായിക്കാനുള്ള ജ്ഞാനം നമുക്ക് ലഭിക്കുകയുള്ളൂ (വാ. 22-23)  - അങ്ങനെ അവർക്ക് ആത്മീയ സൗഖ്യം ലഭിക്കുവാനും  ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ വിശ്രമിക്കാനും ഇടയാകുകയും ചെയ്യും.

ലാബ്രഡോർ മാലാഖ

2019 ൽ , ക്യാപ് ഡാഷ് വുഡും അവന്റെ അരുമയായ കറുത്ത ലാബ്രഡോർ നായ കെയിലയും ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു : 365 ദിവസം അടുപ്പിച്ച് ഓരോ ദിവസവും ഒരു പർവ്വതത്തിന്റെ മുകളിൽ കയറി.

അവന് പിടിച്ചുലയ്ക്കുന്ന ഒരു കഥ പറയാനുണ്ടായിരുന്നു. 16-ാം വയസിൽ "വീട്ടിലെ സാഹചര്യം മോശമാണ്" എന്ന് പഴിച്ചു കൊണ്ട് അയാൾ വീടുവിട്ടു. എന്നാൽ ഈ മുറിവുണക്കാനായി അയാൾ മറ്റെന്തെങ്കിലും വഴി തേടണമായിരുന്നു. അയാൾ വിശദീകരിച്ചു: "ചിലപ്പോൾ ആളുകൾ നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ നിങ്ങൾ മറ്റെന്തിലേക്കെങ്കിലും തിരിയും. അല്ലേ ?" ഈ പര്യവേഷകന് പർവതാരോഹണവും തന്റെ കറുത്ത ലാബ്രഡോർ സുഹൃത്തിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും ആയിരുന്നു ആ " മറ്റെന്തെങ്കിലും".

നമ്മിൽ പലരും, എന്നെപ്പോലെ വളർത്തുമൃഗങ്ങളെ അധികമായി സ്നേഹിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന് കാരണം അവ നല്കുന്ന, മനുഷ്യരിൽ ഇന്ന് അപൂർവമായിരിക്കുന്ന മനോഹരവും നിസ്വാർത്ഥവുമായ സ്നേഹം ആണ്. അവ ലാഘവത്തോടെ നല്കുന്ന സ്നേഹം മനുഷ്യരുടെ പരാജയം എന്നതിനേക്കാൾ ആഴമായ മറ്റൊരു കാര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് - ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന, ഇളകാത്തതും പരിധികളില്ലാത്തതുമായ ദൈവ സ്നേഹം.

തന്റെ മറ്റ് പല പ്രാർത്ഥനകളിലുമെന്നപോലെ , തന്റെ ഏകാന്തതയുടെ വേളകളിൽ ദൈവത്തിന്റെ മാറ്റമില്ലാത്തതും "സുനിശ്ചിതവുമായ സ്നേഹത്തിൽ " പ്രത്യാശ വെക്കുവാനുള്ള ദാവീദിന്റെ അനന്യമായ വിശ്വാസമാണ് 143-ാം സങ്കീർത്തനത്തിലും കാണുന്നത്. ഒരു ജീവിതം മുഴുവൻ ദൈവത്തോടു കൂടി നടന്നതിനാൽ "രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കണമേ" (വാ.8) എന്ന് വിശ്വസിക്കുവാനുള്ള ശക്തി ദാവീദിനുണ്ടായി.

 ദൈവത്തിൽ ആശ്രയിക്കുവാനും നമുക്ക് നിശ്ചയമില്ലാത്ത വഴികളിൽ (വാ. 8) നമ്മെ നടത്തുവാൻ ദൈവത്തെ അനുവദിക്കാനും മതിയായ പ്രത്യാശ നമുക്കുണ്ടാകട്ടെ.

സംസാരിക്കുക, വിശ്വസിക്കുക, അനുഭവിക്കുക.

ഫ്രഡറിക് ബുച്നർ തന്റെ പ്രശസ്തമായ ഓർമ്മകുറിപ്പായ "ടെല്ലിങ് സീക്രെട്സിൽ" പറയുന്നത് "സംസാരിക്കരുത്, വിശ്വസിക്കരുത്, തോന്നരുത് മുതലായവയാണ്" നാം ജീവിച്ചുവരുന്ന നിയമങ്ങളെന്നും "അത് തെറ്റിക്കുന്നവന് എത്ര കഷ്ടമാണ്" എന്നുമാണ്. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ ഓഹരി നഷ്ടപെട്ട കുടുംബങ്ങളുടെ അലിഖിത നിയമങ്ങൾ എന്ന് താൻ  വിളിക്കുന്ന തന്റെ അനുഭവങ്ങളെ ബുച്നർ വിവരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ കുടുംബത്തിന് "നിയമം" എന്നാൽ, തന്റെ പിതാവിന്റെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കാനോ ദുഖിക്കാനോ ബുച്ച്‌നറെ അനുവദിച്ചില്ല, അതിനാൽ തന്റെ വേദനയിൽ ആശ്രയിക്കാൻ അദ്ദേഹത്തിന് ആരുമില്ലായിരുന്നു.

നിങ്ങൾക്ക് ഇതുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? നമ്മിൽ പലരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വികൃതമായ തരത്തിലുള്ള സ്നേഹവുമായി ജീവിക്കാൻ പഠിച്ചിരിക്കുന്നു, നമ്മെ അപായപ്പെടുത്തിയതിനെക്കുറിച്ചു അവിശ്വസ്ഥതയോ നിശബ്ദതയോ ആവശ്യപ്പെടുന്ന ഒന്ന്. അത്തരത്തിലുള്ള "സ്നേഹം" നമ്മെ നിയന്ത്രിക്കുന്നതിനുള്ള ഭയത്തിൽ അധിഷ്ടിതമാണ്. അത് ഒരു തരത്തിൽ അടിമത്തമാണ്.

നാം അനുഭവിക്കുന്ന വ്യവസ്ഥകളോട് കൂടിയ , നഷ്ടപ്പെടുമോ എന്ന് നാം ഏപ്പോഴും ഭയക്കുന്ന സ്നേഹത്തിൽ നിന്ന് എത്രയോ വിഭിന്നമാണ് യേശുവിന്റെ സ്നേഹത്തിലേക്കുള്ള ക്ഷണം എന്നത് മറക്കാനാവാത്തതാണ്. പൗലോസ് വിവരിക്കുന്നതുപോലെ ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ നമുക്ക് ഭയമില്ലാതെ ജീവിക്കുന്നതിങ്ങനെയെന്ന് മനസ്സിലാകുന്നു (റോമ.8:15). ഒപ്പം തന്നെ ആഴത്തിൽ, സത്യസന്ധമായി നിരുപാധികം സ്നേഹിക്കപ്പെടുന്നു എന്നറിയുമ്പോഴാണ് നമുക്ക് മഹത്തായ സ്വാതന്ത്ര്യത്തെ (വാ.21) മനസ്സിലാക്കുവാൻ കഴിയുന്നത്. 

ഹോട്ടൽ കൊറോണ

യെരുശലേമിലെ ഡാൻ ഹോട്ടൽ 2020 ൽ മറ്റൊരു പേരിൽ അറിയപ്പെട്ടു—“ഹോട്ടൽ കൊറോണ.” കോവിഡ് 19 ൽ നിന്ന് മുക്തിപ്രാപിക്കുന്ന രോഗികൾക്കായി സർക്കാർ ഹോട്ടലിനെ സമർപ്പിച്ചു. പ്രതിസന്ധി കാലത്ത് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അപൂർവ്വ സ്ഥലമായി ഹോട്ടൽ അറിയപ്പെട്ടു. താമസക്കാർക്ക് ഇതിനകം തന്നെ വൈറസ് വന്നുപോയിരുന്നതിനാൽ, അവർക്ക് ഒരുമിച്ച് പാടാനും നൃത്തം ചെയ്യാനും ചിരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അവർ അങ്ങനെ ചെയ്തു! വ്യത്യസ്ത രാഷ്ട്രീയ, മത വിഭാഗങ്ങൾക്കിടയിൽ സംഘർഷങ്ങൾ കൂടുതലുള്ള ഒരു രാജ്യത്ത്, പങ്കിടപ്പെട്ട പ്രതിസന്ധി ആളുകൾക്ക് പരസ്പരം മനുഷ്യരായി കാണാനും — സുഹൃത്തുക്കളാകാൻ പോലും — കഴിയുന്ന ഒരു ഇടം സൃഷ്ടിച്ചു.

നമ്മുടേതിന് സമാനമായ കാര്യങ്ങൾ അനുഭവിക്കുന്നവരിലേക്ക്, നാം സംശയത്തോടെ വീക്ഷിക്കുന്ന ആളുകളിലേക്കുപോലും നാം ആകർഷിക്കപ്പെടുന്നത് സ്വാഭാവികവും സാധാരണവുമായ കാര്യമാണ്. എന്നാൽ അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ, “സാധാരണം” എന്നു നാം കാണുന്ന, മനുഷ്യർ തമ്മിലുള്ള ഏതൊരു തടസ്സത്തിനും സുവിശേഷം ഒരു വെല്ലുവിളിയാണ് (2 കൊരിന്ത്യർ 5:15). സുവിശേഷത്തിന്റെ ലെൻസിലൂടെ, നമ്മുടെ വ്യത്യാസങ്ങളേക്കാൾ വലിയ ഒരു ചിത്രം നാം കാണുന്നു — പങ്കിടപ്പെട്ട തകർച്ചയും പങ്കിട്ട ആഗ്രഹവും, ദൈവസ്‌നേഹത്തിൽ രോഗസൗഖ്യം അനുഭവിക്കേണ്ടതിന്റെ ആവശ്യകതയും.

“എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചു” എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ഉപരിപ്ലവമായ അനുമാനങ്ങളിൽ നമുക്ക് മേലിൽ സംതൃപ്തരാകാൻ കഴികയില്ല. പകരം, അവന്റെ സ്നേഹം പങ്കുവയ്ക്കാനും നാം നാമെല്ലാവരും സങ്കല്പിക്കുന്നതിനെക്കാൾ ഉപരിയായി ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നവരോടു ചേർന്നു ദൗത്യം നിർവഹിപ്പാനും ''ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു'' (വാ. 14).

നിർഭയ സ്‌നേഹം

ഒരിക്കലും മറക്കാനാവാത്തവിധം ശക്തമായ ചില ചിത്രങ്ങളുണ്ട്. അന്തരിച്ച വെയിൽസിലെ രാജകുമാരി ഡയാനയുടെ പ്രസിദ്ധമായ ഒരു ഫോട്ടോ കണ്ടപ്പോൾ എന്റെ അനുഭവം അതായിരുന്നു. ഒറ്റനോട്ടത്തിൽ, അതൊരു സാധാരണ ചിത്രമാണെന്ന് തോന്നും: രാജകുമാരി ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്, അജ്ഞാതനായ ഒരു മനുഷ്യനു ഹസ്തദാനം നൽകുന്നു. എന്നാൽ ചിത്രത്തിന്റെ പിന്നിലെ കഥയാണ് അതിനെ ശ്രദ്ധേയമാക്കുന്നത്.

1987 ഏപ്രിൽ 19 ന് ഡയാന രാജകുമാരി ലണ്ടൻ മിഡിൽസെക്‌സ് ആശുപത്രി സന്ദർശിച്ചപ്പോൾ, ഇംഗ്ലണ്ട് എയ്ഡ്‌സ് മഹാമാരിയെ നേരിടുന്നതിന്റെ പരിഭ്രാന്തിയിലായിരുന്നു. ഭയാനകമായ വേഗതയിൽ ആളുകളെ കൊല്ലുന്ന ഈ രോഗം എങ്ങനെയാണ് പടർന്നതെന്ന് അറിയാതെ, ചില സമയങ്ങളിൽ എയ്ഡ്‌സ് ബാധിതരെ സാമൂഹിക ഭ്രഷ്ടരായിട്ടാണ് പൊതുജനങ്ങൾ കണ്ടിരുന്നത്.

അതിനാൽ ആ ദിവസം, ഡയാന, യഥാർത്ഥ പുഞ്ചിരിയോടെ ഗ്ലൗസിടാത്ത കൈകൾകൊണ്ട് ഒരു എയ്ഡ്‌സ് രോഗിയുടെ കൈ കുലുക്കിയത് ഞെട്ടിക്കുന്ന നിമിഷമായിരുന്നു. ആദരവിന്റെയും ദയയുടെയും ആ ചിത്രം രോഗബാധിതരോട് സമാനമായ കരുണയോടും അനുകമ്പയോടും കൂടെ പെരുമാറാൻ ലോകത്തെ പ്രേരിപ്പിച്ചു.

യേശുവിന്റെ സ്‌നേഹം മറ്റുള്ളവർക്ക് സൗജന്യമായും ഉദാരമായും വാഗ്ദാനം ചെയ്യുന്നത് മൂല്യവത്തായ കാര്യമാണ് എന്ന് ഞാൻ പലപ്പോഴും മറന്നുപോകുന്നു എന്ന് ചിത്രം എന്നെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്തുവിലുള്ള ആദ്യകാല വിശ്വാസികളെ യോഹന്നാൻ ഓർമ്മിപ്പിച്ചത്, നമ്മുടെ ഭയത്തിന്റെ മുൻപിൽ സ്‌നേഹം വാടിപ്പോകാനും അല്ലെങ്കിൽ മറയ്ക്കപ്പെടാനും അനുവദിക്കുന്നത് യഥാർത്ഥത്തിൽ ''മരണത്തിൽ'' വസിക്കുന്നതിനു തുല്യമാണ് എന്നാണ് (1 യോഹന്നാൻ 3:14). ആത്മാവിന്റെ സ്വയ-ത്യാഗ സ്‌നേഹത്താൽ നിറയുകയും ശക്തിപ്പെടുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായും ഭയരഹിതമായും സ്‌നേഹിക്കുന്നത്, പുനരുത്ഥാനജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുന്നതിനു തുല്യമാണ് (വാ. 14, 16). 

ദൈവത്തിന്റെ പുനഃസ്ഥാപന വഴികള്‍

ഇംഗ്ലീഷ് സംഗീത ആല്‍ബമായ ദി ഗ്രേറ്റസ്റ്റ് ഷോമാനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനങ്ങളിലൊന്ന് ആലപിക്കപ്പെട്ടത്, താന്‍ കുടുംബത്തെയും സുഹൃത്തുക്കളെയും മുറിപ്പെടുത്തി എന്നു പ്രധാന കഥാപാത്രം വേദനാപൂര്‍വ്വം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ്. തിരികെ വീട്ടിലേക്കു വന്ന്, നമുക്കു ലഭ്യമായതെല്ലാം ആവശ്യത്തിലധികമാണെന്നു കണ്ടെത്തുന്നതിന്റെ സന്തോഷമാണ് ഗാനം ആഘോഷിക്കുന്നത്.

ഹോശേയയുടെ പുസ്തകം സമാനമായ സ്വരത്തിലാണ് അവസാനിക്കുന്നത് - ദൈവം തന്നിലേക്കു മടങ്ങിവരുന്നവര്‍ക്കു നല്‍കുന്ന പുനഃസ്ഥാപനത്തിലുള്ള നിര്‍ന്നിമേഷമായ സന്തോഷവും നന്ദിയും. ദൈവവും തന്റെ ജനവും തമ്മിലുള്ള ബന്ധത്തെ അവിശ്വസ്ത പങ്കാളിയുമായുള്ള പ്രവാചകന്റെ ബന്ധത്തോടു താരതമ്യപ്പെടുത്തുന്ന പുസ്തകത്തിന്റെ ഭൂരിഭാഗവും, തന്നെ സ്‌നേഹിക്കുന്നതിലും തനിക്കുവേണ്ടി ജീവിക്കുന്നതിലുമുള്ള യിസ്രായേലിന്റെ പരാജയത്തെ ഓര്‍ത്തു ദുഃഖിക്കുന്ന ദൈവത്തെ അവതരിപ്പിക്കുന്നു.

എന്നാല്‍ 14-ാം അധ്യായത്തില്‍, തങ്ങള്‍ ദൈവത്തെ ഉപേക്ഷിച്ചുകളഞ്ഞ വഴികളെക്കുറിച്ചു ഹൃദയം തകര്‍ന്നു മടങ്ങിവരുന്നവര്‍ക്കായി സൗജന്യമായി ലഭ്യമാകുന്ന ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹം, കൃപ, പുനഃസ്ഥാപനം എന്നിവയുടെ വാഗ്ദത്തം ഹോശേയ ഉയര്‍ത്തിക്കാണിക്കുന്നു (വാ. 1-3). ''ഞാന്‍ അവരുടെ പിന്‍മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; ... ഞാന്‍ അവരെ ഔദാര്യമായി സ്‌നേഹിക്കും'' (വാ. 4). നന്നാക്കാന്‍ കഴിയാതെവണ്ണം തകര്‍ന്നതായി തോന്നിയത്, ഒരിക്കല്‍ കൂടി സമ്പൂര്‍ണ്ണതയും സമൃദ്ധിയും കണ്ടെത്തും, കാരണം ദൈവകൃപ, മഞ്ഞുപോലെ, തന്റെ ജനത്തെ ''തളിര്‍ക്കുവാന്‍'' സഹായിക്കുകയും അവര്‍ ''ധാന്യം വിളയിക്കുകയും'' ചെയ്യും (വാ. 5-7). 

നാം മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴോ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നന്മയെ നിസ്സാരമായി കാണുമ്പോഴോ, നമുക്കു ലഭിച്ച നല്ല ദാനങ്ങളെ നാം എന്നെന്നേക്കുമായി നശിപ്പിച്ചുവെന്നു കരുതുക എളുപ്പമാണ്. എന്നാല്‍ നാം താഴ്മയോടെ ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, അവിടുത്തെ സ്‌നേഹം എല്ലായ്‌പ്പോഴും നമ്മെ ആലിംഗനം ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നമ്മിലേക്കെത്തുന്നു.

ദൈവിക സംരക്ഷണം

സൂചികള്‍, പാല്‍, കൂണ്‍, എലിവേറ്ററുകള്‍, ജനനങ്ങള്‍, തേനീച്ചകള്‍, ബ്ലെന്‍ഡറുകളിലെ ഈച്ചകള്‍ - മങ്ക് എന്ന റ്റിവി ഷോയിലെ കുറ്റാന്വേഷകനും പ്രധാന കഥാപാത്രവുമായ മിസ്റ്റര്‍ അഡ്രിയാന്‍ മങ്കിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. അയാളും ദീര്‍ഘകാല എതിരാളിയായ ഹാരോള്‍ഡ് ക്രെന്‍ഷോയും ഒരുമിച്ച് ഒരു കാറിന്റെ ഡിക്കിയില്‍ പൂട്ടപ്പെട്ടപ്പോള്‍, തന്റെ ഭയത്തിന്റെ പട്ടികയില്‍ നിന്ന് ഒന്നിനെയെങ്കിലും - ക്ലോസ്‌ട്രോഫോബിയ - മറികടക്കാന്‍ മങ്കിന് അവസരം ലഭിച്ചു.

മങ്കും ഹാരോള്‍ഡും ഒരുപോലെ പരിഭ്രാന്തരായിക്കൊണ്ടിരിക്കുമ്പോഴാണ് മങ്കിന് വെളിപ്പാടുണ്ടായത്. 'ഒരുപക്ഷേ നാമിതിനെ തെറ്റായ രീതിയിലാണു നോക്കുന്നതെന്നു ഞാന്‍ കരുതുന്നു,' അയാള്‍ ഹരോള്‍ഡിനോടു പറഞ്ഞു. 'ഈ ഡിക്കി, ഈ ഭിത്തികള്‍. . . അവ നമ്മെ അടച്ചുവയ്ക്കുകയല്ല. . . അവ നമ്മെ സംരക്ഷിക്കുകയാണ്, ശരിക്കും. അണുക്കള്‍, പാമ്പുകള്‍, ഹാര്‍മോണിയങ്ങള്‍ എന്നിവയില്‍നിന്നു അവ നമ്മെ സംരക്ഷിക്കുകയാണ്.' വിടര്‍ന്ന കണ്ണുകളോടെ, അയാള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കി ഹാരോള്‍ഡ്  അത്ഭുതത്തോടെ മന്ത്രിച്ചു, 'ഈ ഡിക്കി നമ്മുടെ സുഹൃത്താണ്.'

63-ാം സങ്കീര്‍ത്തനത്തില്‍, ദാവീദിന് സമാനമായ വെളിപ്പാട് ഉണ്ടായതുപോലെ തോന്നുന്നു. ''ഉണങ്ങിവരണ്ട ഒരു ദേശത്ത്'' ആയിരുന്നിട്ടും, ദൈവത്തിന്റെ ശക്തി, മഹത്വം, ദയ എന്നിവ ദാവീദ് ഓര്‍മ്മിക്കുമ്പോള്‍ (വാ. 1-3), മരുഭൂമി ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരിടമായി മാറുന്നതുപോലെ തോന്നി. ഒരു പക്ഷിക്കുഞ്ഞ് അമ്മയുടെ ചിറകിന്റെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുന്നതുപോലെ, ദാവീദ് ദൈവത്തോടു പറ്റിനില്‍ക്കുമ്പോള്‍, ആ ശൂന്യമായ സ്ഥലത്തുപോലും, ''ഏറ്റവും സമ്പന്നമായ ഭക്ഷണംകൊണ്ടെന്നപോലെ'' വിരുന്നു കഴിക്കാന്‍ കഴിയുമെന്ന് ദാവീദു കണ്ടെത്തുന്നു (വാ. 5), അതില്‍ ''ജീവനെക്കാള്‍ നല്ലതായ'' (വാ. 3) പോഷണവും ശക്തിയും അവന്‍ കണ്ടെത്തുന്നു.

ശരിയായ വാക്കുകള്‍

കഴിഞ്ഞ വര്‍ഷമോ മറ്റോ, നിരവധി എഴുത്തുകാര്‍ നമ്മുടെ വിശ്വാസത്തിന്റെ 'പദാവലി' പുനഃപരിശോധിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഉദാഹരണമായി, അമിതപരിചയത്തിലൂടെയും അമിത ഉപയോഗത്തിലൂടെയും സുവിശേഷത്തിന്റെ ആഴങ്ങളുമായും ദൈവത്തിനായുള്ള നമ്മുടെ ആവശ്യവുമായും ബന്ധം നഷ്ടപ്പെടുമ്പോള്‍, ദൈവശാസ്ത്രപരമായി സമ്പന്നമായ വിശ്വാസവാക്കുകള്‍ക്കു പോലും അവയുടെ സ്വാധീനത നഷ്ടപ്പെടുമെന്ന് ഒരു എഴുത്തുകാരന്‍ ഊന്നിപ്പറഞ്ഞു. അതു സംഭവിക്കുമ്പോള്‍, നമ്മുടെ ധാരണകളെ ഉപേക്ഷിച്ച്  സുവിശേഷത്തെ ആദ്യമായി കാണുന്നതിനായി, വിശ്വാസത്തിന്റെ ഭാഷ “ആദ്യം മുതല്‍'' തന്നെ നാം വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

''ആദ്യം മുതല്‍ ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍'' പഠിക്കുന്നതിനുള്ള ക്ഷണം എന്നെ ഓര്‍മ്മിപ്പിക്കുന്നതു പൗലൊസിനെക്കുറിച്ചാണ്. 'സുവിശേഷം നിമിത്തം ... എല്ലാവര്‍ക്കും എല്ലാമായി''ത്തീരുന്നതിനു പൗലൊസ് തന്റെ ജീവിതം സമര്‍പ്പിച്ചു (1 കൊരിന്ത്യര്‍ 9:22-23). യേശു ചെയ്ത കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുന്നതിനു തനിക്കു നന്നായി അറിയാമെന്ന് പൗലൊസ് ഒരിക്കലും കരുതിയില്ല. പകരം, നിരന്തരമായ പ്രാര്‍ത്ഥനയില്‍ അദ്ദേഹം ആശ്രയിക്കുകയും - സുവിശേഷം പങ്കിടുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്തുന്നതിനു തന്നെ സഹായിക്കുന്നതിനായി - സഹവിശ്വാസികളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുകയും ചെയ്തു(എഫെസ്യര്‍ 6:19).

ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തില്‍ വേരൂന്നുന്നതിനായി ഓരോ ദിവസവും താഴ്മയുള്ളവരും ക്രിസ്തുവില്‍നിന്നു സ്വീകരിക്കുന്നതിനുള്ള മനോഭാവമുള്ളവരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും അപ്പൊസ്തലന് അറിയാമായിരുന്നു (3:16-17). നമ്മുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക്് ആഴത്തിലിറങ്ങുമ്പോഴാണ് ഓരോ ദിവസവും അവിടുത്തെ കൃപയില്‍ ആശ്രയിക്കുന്നതിനെക്കുറിച്ചു നാം കൂടുതല്‍ ബോധവാന്മാരാകുന്നതും അവിടുന്നു നമുക്കുവേണ്ടി ചെയ്തതിന്റെ അതിശയകരമായ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ നമുക്കു കഴിയുന്നതും.

ഞങ്ങളുടെ ഏറ്റവും മോശമായ അവസ്ഥയില്‍

'അവള്‍ സഹിക്കാന്‍ കഴിയുന്നവളാണ്. പക്ഷേ എന്നെ പ്രലേഭിപ്പിക്കാന്‍ മാത്രം സുന്ദരിയല്ല' ജെയ്ന്‍ ഓസ്റ്റന്റെ പ്രൈഡ് ആന്‍ഡ് പ്രെജുഡിസില്‍ മിസ്റ്റര്‍ ഡാര്‍സി ഉച്ചരിച്ച ഈ വാക്യമാണ്, ആ നോവലും അത് എന്നില്‍ ചെലുത്തിയ സ്വാധീനതയും ഞാന്‍ ഒരിക്കലും മറക്കാത്തതിന്റെ കാരണം. ആ ഒരു വാചകം വായിച്ചതിനുശേഷം, മിസ്റ്റര്‍ ഡാര്‍സിയെ ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു.

പക്ഷേ എനിക്കു തെറ്റു പറ്റി. ഓസ്റ്റന്റെ കഥാപാത്രമായ എലിസബത്ത് ബെന്നറ്റിനെപ്പോലെ, പതുക്കെ, മനസ്സില്ലാമനസ്സോടെ, എന്റെ മനസ്സ് മാറുന്നതിന്റെ വിനീതമായ അനുഭവം എനിക്കുണ്ടായി. അവളെപ്പോലെ, ഡാര്‍സിയുടെ സ്വഭാവത്തെ മൊത്തത്തില്‍ അറിയാന്‍ ഞാന്‍ തയ്യാറായില്ല; അയാളുടെ ഏറ്റവും മോശമായ നിമിഷങ്ങളിലൊന്നിനോടുള്ള എന്റെ പ്രതികരണത്തില്‍ത്തന്നെ പിടിച്ചുതൂങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. നോവല്‍ പൂര്‍ത്തിയാക്കിയ ശേഷം, യഥാര്‍ത്ഥ ലോകത്ത് ആരോടാണ് ഞാന്‍ അതേ തെറ്റു ചെയ്തതെന്നു ഞാന്‍ ചിന്തിച്ചു. ഒരു നൈമിഷിക വിധിയെ വിട്ടുകളയാന്‍ ഞാന്‍ തയ്യാറാകാത്തതിനാല്‍ എനിക്ക് ഏതു സൗഹൃദമാണു നഷ്ടമായത്?

നമ്മുടെ ഏറ്റവും മോശമായ അവസ്ഥയില്‍ നമ്മെ കാണുകയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ അനുഭവമാണ് യേശുവിലുള്ള വിശ്വാസത്തിന്റെ ഹൃദയം (റോമര്‍ 5:8; 1 യോഹന്നാന്‍ 4:19). നാം ക്രിസ്തുവില്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ആരാണ് എന്നതിനു പകരമായി, നമ്മുടെ പഴയതും തെറ്റായതുമായ കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നതിന്റെ അത്ഭുതമാണത് (എഫെസ്യര്‍ 4:23-24). നമ്മള്‍ ഇപ്പോള്‍ ഒറ്റയ്ക്കല്ല, മറിച്ച് ''സ്‌നേഹത്തിന്റെ - യഥാര്‍ത്ഥവും നിരുപാധികവുമായ സ്‌നേഹത്തിന്റെ - വഴിയെ'' നടക്കാന്‍ ആഗ്രഹിക്കുന്നവരുടെ 'ശരീരം''മായ ഒരു കുടുംബത്തിന്റെ ഭാഗമാണ്, എന്നു മനസ്സിലാക്കുന്നതിന്റെ സന്തോഷമാണത് (5:2).

ക്രിസ്തു നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍ക്കുമ്പോള്‍ (വാ. 2), അവിടുന്നു നമ്മെ കാണുന്നതുപോലെ മറ്റുള്ളവരെ  കാണാന്‍ നമുക്ക് എങ്ങനെ കഴിയാതിരിക്കും?

ചെറുതെങ്കിലും ശക്തിയുള്ളത്

വടക്കേ അമേരിക്കയിലെ കഠിനമായ സോനോറന്‍ മരുഭൂമിയില്‍, രാത്രി വൈകി, പതിഞ്ഞതും എന്നാല്‍ ഗാംഭീര്യമുള്ളതുമായ അലര്‍ച്ച ചിലപ്പോഴൊക്കെ കേള്‍ക്കാം. പക്ഷേ, ശബ്ദത്തിന്റെ ഉറവിടം നിങ്ങള്‍ സംശയിക്കുന്നതേയല്ല - ചെറുതും എന്നാല്‍ ശക്തിയുള്ളതുമായ പുല്‍ച്ചാടി എലി, അതിന്റെ അധീശപ്രദേശം സ്ഥാപിക്കാനായി ചന്ദ്രനെ നോക്കി അലറുന്നതാണത്.

ഈ സവിശേഷ എലി ('വേര്‍വൂള്‍ഫ് മൗസ്' എന്ന് വിളിക്കപ്പെടുന്നു) മാംസഭോജിയാണ്. വാസ്തവത്തില്‍, തേളിനെപ്പോലെ, മറ്റു ജീവികള്‍ ഭക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ജീവികളെയാണ് ഇത് ഇരയാക്കുന്നത്. എന്നാല്‍ ആ പ്രത്യേക യുദ്ധത്തിന് വേര്‍വൂള്‍ഫ് മൗസ് പ്രത്യേകമായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇതിന് തേളിന്റെ വിഷത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കളെ വേദനസംഹാരിയാക്കി മാറ്റുവാനും കഴിയും!

അതികഠിനമേറിയ ജീവിതസാഹചര്യത്തോട് ഒത്തിണങ്ങിപ്പോകുവാനും പുരോഗമിക്കുവാനും അനുയോജ്യമായി നിര്‍മ്മിച്ചതായിത്തോന്നുന്ന ഈ കുഞ്ഞെലിയുടെ രീതിയില്‍ നമ്മെ പ്രചോദിപ്പിക്കുന്ന ചിലതുണ്ട്. അത്തരത്തിലുള്ള അത്ഭുതകരമായ കരകൗശലം, തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പനകളിലും തെളിയുന്നതായി എഫെസ്യര്‍ 2:10 ല്‍ പൗലൊസ് വിശദീകരിക്കുന്നു. നാം ഓരോരുത്തരും യേശുവിലുള്ള 'ദൈവത്തിന്റെ കൈപ്പണി' ആണ്, അവിടുത്തെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ അതുല്യമാംവിധം നമ്മെ സജ്ജീകരിച്ചിരിക്കുന്നു. ദൈവം നിങ്ങള്‍ക്കു നല്‍കിയ താലന്തുകള്‍ എന്തായിരുന്നാലും, വാഗ്ദാനം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ ധാരാളമുണ്ട്. ദൈവം നിങ്ങളെ ആരാക്കി എന്നതു നിങ്ങള്‍ ആത്മവിശ്വാസത്തോടെ സ്വീകരിക്കുമ്പോള്‍, ദൈവത്തിലുള്ള ജീവിതത്തിന്റെ പ്രത്യാശയ്ക്കും സന്തോഷത്തിനും നിങ്ങള്‍ ജീവനുള്ള സാക്ഷിയായിത്തീരും. 

അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്നത് ഏറ്റവും ഭയാനകമായതായിരുന്നാലും ധൈര്യപ്പെടുക. നിങ്ങള്‍ക്ക് ചെറുതായിത്തോന്നാം, പക്ഷേ ആത്മാവിന്റെ ദാനത്തിലൂടെയും ശക്തിയിലൂടെയും ദൈവത്തിന് നിങ്ങളെ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ കഴിയും.