തോമസ് കീറ്റിങ്ങ് തന്റെ വിശിഷ്ട കൃതിയായ ദ ഹ്യൂമൻ കണ്ടീഷനിൽ ഒരു ശ്രദ്ധേയമായ കഥ പറയുന്നുണ്ട്. ഒരു അദ്ധ്യാപകന് തന്റെ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടു. ചുറ്റുപാടുമുള്ള പുല്ലിനിടയിൽ അദ്ദേഹം കൈയും കാലും ഒക്കെ ഉപയോഗിച്ച് താക്കോൽ പരതുകയായിരുന്നു. ഇതു കണ്ട അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും തിരയാൻ കൂടി; പക്ഷെ കണ്ടു കിട്ടിയില്ല. അവസാനം കൂട്ടത്തിൽ ബുദ്ധിമാനായ ഒരു കുട്ടി ചോദിച്ചു: “സാറേ, എവിടെയാണ് താക്കോൽ നഷ്ടപ്പെട്ടിരിക്കുവാൻ സാധ്യത?” അദ്ധ്യാപകൻ മറുപടി പറഞ്ഞു: “അതിന് സംശയമില്ല, വീട്ടിനകത്താണ് താക്കോൽ വീണു പോയത്.” “എങ്കിൽപ്പിന്നെ പുറത്ത് പുല്ലിൽ തിരയുന്നത് എന്തിനാണ്?” അതിശയത്തോടെ കുട്ടികൾ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “അതിനെന്താ ഇത്ര അതിശയം? പുറത്തല്ലേ തിരയാൻ കൂടുതൽ വെളിച്ചം ഉള്ളത്.”

നാം “ദൈവവുമായുള്ള അടുപ്പത്തിന്റെ, ദൈവത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ അനുഭവത്തിന്റെ” താക്കോൽ നഷ്ടപ്പെടുത്തിയിരിക്കുന്നു. “ആ താക്കോൽ കൂടാതെ ഒന്നും ചെയ്യാനാകില്ല; അതുണ്ടെങ്കിൽ എല്ലാം ചെയ്യാനുമാകും” – കീറ്റിങ്ങ് ഉപസംഹരിച്ചു.

ജീവിതത്തിന്റെ സകല ഉയർച്ചതാഴ്ചകൾക്കുമിടയിൽ, നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ആഴമായ ആവശ്യം ദൈവമെന്ന താക്കോൽ ആണെന്നത് മറന്നു പോകാൻ ഇടയുണ്ട്. ഈ താക്കോൽ തെറ്റായ ഇടങ്ങളിൽ നാം തിരയുന്നത് നിർത്തുന്നപക്ഷം, ദൈവത്തെ കണ്ടെത്താൻ കഴിയും; യഥാർത്ഥ സമാധാനത്തെയും. മത്തായി 11 ൽ, ദൈവത്തിന്റെ വഴികളെ “ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതു കൊണ്ട് ” (വാ.25) യേശു പിതാവിനെ മഹത്വപ്പെടുത്തുന്നുണ്ട്. അപ്പോൾത്തന്നെ “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരെയും” (വാ.28) യേശു തന്റെ ആശ്വാസം പ്രാപിക്കുവാൻ ക്ഷണിക്കുകയും ചെയ്യുന്നു. 

 “സൗമ്യതയും താഴ്മയും ഉള്ളവനായ” (വാ. 29) നമ്മുടെ ഗുരുവിന്റെ വഴികൾ ശിശുക്കളെപ്പോലെ തിരയുന്നതു വഴി നമുക്ക് യഥാർത്ഥ ആശ്വാസം കണ്ടെത്താനാകും. നമ്മെ തന്റെ വീട്ടിലേക്ക് സ്വീകരിക്കുവാൻ ആകാംഷയുള്ള ഒരു ദൈവം നമുക്കുണ്ട്.