വർഷങ്ങൾക്കുമുമ്പ് നന്ദിതയും ഭർത്താവ് വിശാലും വലിയ ശമ്പളമുണ്ടെങ്കിലും അതീവ സമ്മർദ്ദമനുഭവിച്ച കമ്പ്യൂട്ടർ മേഖലയിലെ ജോലി ഉപേക്ഷിച്ച് ലളിതവും സംഘർഷ രഹിതവുമായ കൃഷി ജീവിതം ആരംഭിച്ചു. കൂടുതൽ സമയം ദൈവത്തോടും തമ്മിൽ തമ്മിലും ഒരുമിച്ച് ചെലവഴിക്കാനായി അവർ ഒരു ശാന്തമായ മലമ്പ്രദേശത്തേക്ക് മാറി. പ്രകൃതി സുന്ദരമായ അവിടെ പ്രശാന്തമായ ഒരു ജീവിതം തുടങ്ങി – ഒരു “തോട്ടത്തിലേക്കുള്ള” മടങ്ങിപ്പോക്ക്.

ആരംഭത്തിൽ ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ച പറുദീസയായിരുന്നു ഏദൻ. ഇവിടെ ആദവും ഹവ്വയും സ്ഥിരമായി ദൈവത്തെ കണ്ടിരുന്നു – പിശാചിനോട് വിലപേശൽ തുടങ്ങുന്നതുവരെ (ഉല്പത്തി 3:6,7). ആ സമയം എല്ലാം വ്യത്യാസപ്പെട്ടു. “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെയിടയിൽ ഒളിച്ചു ” (വാ.8).

അവർ എന്താണ് ചെയ്തതെന്ന് ദൈവം ചോദിച്ചപ്പോൾ ആദവും ഹവ്വയും ആരോപണ പ്രത്യാരോപണങ്ങൾ നിരത്തി. അവർ ദൈവത്തെ തള്ളിക്കളഞ്ഞെങ്കിലും ദൈവം അവരെ ഉപേക്ഷിച്ചില്ല. ദൈവം “തോൽ കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു” (വാ.21). ഇത് പാപങ്ങളെ മറയ്ക്കുന്ന യേശുവിന്റെ യാഗമരണത്തിന്റെ ഒരു സൂചനയായിരുന്നു.

ദൈവം നമ്മെ ഏദനിലേക്കല്ല തിരികെ കൊണ്ടു പോകുന്നത്. നഷ്ടപ്പെട്ടു പോയ ദൈവബന്ധത്തിലേക്കാണ് വഴി തുറന്നത്. നമുക്കാ തോട്ടത്തിലേക്ക് തിരികെപ്പോകാനാകില്ല. എന്നാൽ തോട്ടത്തിലെ ദൈവത്തിന്റെ പക്കലേക്ക് മടങ്ങിച്ചെല്ലാം.