നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Our Daily Bread

മുന്നേറുവാൻ നിങ്ങൾക്ക് കഴിയാതെ വരുമ്പോൾ

2006 ൽ , എന്റെ പിതാവിന് നാഡീസംബന്ധിയായ ഒരു രോഗം പിടിപെട്ടു. അത് തന്റെ ഓർമ്മയും സംസാരശേഷിയും ചലനനിയന്ത്രണവും കവർന്നു. 2011-ൽ അദ്ദേഹം കിടപ്പിലാകുകയും, തുടർന്ന് അമ്മയുടെ പരിചരണത്തിൽ വീട്ടിൽ കഴിയുന്നു. അദ്ദേഹത്തിന്റെ രോഗത്തിന്റെ ആരംഭത്തിൽ അത് തികച്ചും ഇരുളടഞ്ഞ ദിനങ്ങളായിരുന്നു. എനിക്ക് വലിയ ഭയം തോന്നി : ഒരു രോഗിയെ എങ്ങനെ ശുശ്രൂഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു ; സാമ്പത്തിക ബാധ്യതയെക്കുറിച്ചും അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും എനിക്ക് ആധിയായിരുന്നു.

എന്റെ മനസ്സ് പോലെ ഇരുളടഞ്ഞ ആ നാളുകളിൽ പല പ്രഭാതങ്ങളിലും കിടക്കവിട്ട് എഴുന്നേൽക്കുവാൻ എന്നെ ശക്തിപ്പെടുത്തിയത് വിലാപങ്ങൾ 3:22 ആണ്. "നാം മുടിഞ്ഞു പോകാതിരിക്കുന്നത് അവന്റെ ദയ ആകുന്നു. " " മുടിഞ്ഞു പോകുക " എന്നതിന് എബ്രായ ഭാഷയിൽ "ഉപയോഗിച്ച് തീരുക", "തീർന്നു പോകുക " എന്നൊക്കെയാണ് അർത്ഥം.

ദൈവത്തിന്റെ സ്നേഹം നമ്മെ മുമ്പോട്ടു പോകാനും മുമ്പിലുള്ളതിനെ അഭിമുഖീകരിക്കാനും ശക്തിപ്പെടുത്തുന്നു. നമുക്കുള്ള പരീക്ഷണങ്ങൾ തടുക്കാൻ കഴിയാത്തത്രയാകാം; എന്നാൽ അവയാലൊന്നും നാം തകർക്കപ്പെടുകയില്ല കാരണം, ദൈവസ്നേഹം അത്യധികമാണ്.

 ദൈവം തന്റെ വിശ്വസ്തതയിലും സ്നേഹത്തിലും ഞങ്ങളുടെ കുടുംബത്തോട് ഇടപെട്ട പല സന്ദർഭങ്ങളും എനിക്ക് ഓർക്കാൻ കഴിയും. ബന്ധുക്കളുടെയും സ്നേഹിതരുടെയും ദയയിലും നല്ല ഡോക്ടർമാരുടെ ഉപദേശത്തിലും സാമ്പത്തിക സഹായത്തിലും പല അവസരങ്ങളിൽ ദൈവത്തിന്റെ കരുതൽ കാണുവാൻ എനിക്ക് കഴിഞ്ഞു, ഒരു നാൾ എന്റെ പിതാവ് സ്വർഗത്തിൽ യാതൊരു ദൈന്യതയുമില്ലാത്തവനായി വസിക്കും എന്ന ബോധ്യവും ഉണ്ടായി.

നിങ്ങളും ഇരുണ്ട നാളുകളിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്നതൊന്നും നിങ്ങളെ മുടിച്ചു കളയില്ല. ദൈവത്തിന്റെ സുസ്ഥിര സ്നേഹത്തിലും കരുതലിലും ശരണപ്പെടുക.

ഒന്നിനും വേർപിരിക്കാനാവില്ല

ഒരു പാസ്റ്ററായിരുന്ന പ്രിസിന്റെ പിതാവ്, ഇന്തോനേഷ്യയിലെ ഒരു ചെറിയ ദ്വീപിൽ മിഷണറിയായി പോകുവാനുള്ള ദൈവവിളി അനുസരിച്ചപ്പോൾ, അവരുടെ കുടുംബം താമസിച്ചത് വളർത്തുമൃഗങ്ങളെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ഷെഡിലായിരുന്നു. ഒരിക്കൽ അവരുടെ കുടുംബം ക്രിസ്തുമസ്  ആഘോഷിക്കുവാനായി നിലത്തിരുന്ന് പാട്ടുപാടി സ്തുതിച്ചുകൊണ്ടിരുന്നപ്പോൾ പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങിയത് പ്രിസ് ഓർക്കുന്നു. അപ്പോൾ അവളുടെ പിതാവ് അവളെ ഓർമ്മപ്പെടുത്തി: "പ്രിസ്, നമ്മൾ ദരിദ്രരാണ് എന്നതുകൊണ്ട് ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്ന് അർത്ഥമില്ല".

 ധാരാളം സമ്പത്തും ആരോഗ്യവും ദീർഘായുസ്സും ഒക്കെയുള്ളതിനെയാണ് ചിലർ ദൈവാനുഗ്രഹമുള്ള ജീവിതമായി കാണുന്നത്. അതുകൊണ്ട് തന്നെ, പ്രയാസഘട്ടങ്ങളിൽ ദൈവം തങ്ങളെ സ്നേഹിക്കുന്നില്ലേയെന്ന് അവർ സന്ദേഹിക്കും. എന്നാൽ റോമർ 8:31-39 ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത് കഷ്ടതയോ പട്ടിണിയോ നഗ്നതയോ ആപത്തോ ഉപദ്രവമോ യാതൊന്നിനും യേശുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുവാൻ കഴിയുകയില്ല എന്നാണ് (വാ.35). ഇതാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന്റെ അടിസ്ഥാനം: ദൈവം തന്റെ പുത്രനായ യേശുവിനെ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിക്കാൻ അയച്ചതിലൂടെ നമ്മോടുള്ള സ്നേഹം പ്രകടമാക്കി. (വാ.32) ക്രിസ്തു മരിച്ചവരിൽ നിന്നുയിർത്ത് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യാനായി "പിതാവിന്റെ വലത്തുഭാഗത്ത് " ഇരിക്കുകയാണ്. (വാ.34)

നമ്മുടെ പ്രയാസ വേളകളിൽ, ക്രിസ്തു നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലാണ് നമ്മുടെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന സത്യത്തെ മുറുകെപ്പിടിച്ച് ആശ്വാസം പ്രാപിക്കാം. യാതൊന്നിനും - "മരണത്തിനോ ജീവനോ ... മറ്റ് യാതൊരു സൃഷ്ടിക്കോ" ( വാ. 8,39) - ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയില്ല. നമ്മുടെ സാഹചര്യം ഏതുമാകട്ടെ, പ്രതിസന്ധി ഏതുമാകട്ടെ, ദൈവം നമ്മോടു കൂടെയുണ്ട് എന്നും യാതൊന്നിനും നമ്മെ ദൈവവുമായി വേർപിരിക്കാനാകില്ല എന്നും നമുക്ക് മറക്കാതിരിക്കാം.

പങ്കുവെയ്ക്കപ്പെടുന്ന സാന്ത്വനം

എന്റെ മകൾ ഹെയ്ലി  എന്നെ കാണാൻ വന്നപ്പോൾ അവളുടെ 3 വയസുള്ള മകൻ ക്യാലം ഒരു അസാധാരണ വസ്ത്രം ധരിച്ചിരുന്നത് ഞാൻ കണ്ടു. നീളൻ കൈയും അറ്റത്ത് കയ്യുറയും പിടിപ്പിച്ച, സ്പർശനം തടയുന്ന ഒരു വസ്ത്രമായിരുന്നു അത്. ശരീരം ചൊറിഞ്ഞ് തടിച്ച് കുരുക്കൾ ഉണ്ടാകുന്ന കരപ്പൻ എന്ന ത്വക് രോഗം ബാധിച്ചിരുന്നു പേരക്കുട്ടി ക്യാലമിന് . "ഈ പ്രത്യേക വസ്ത്രം ശരീരം ചൊറിഞ്ഞ് തൊലി പൊട്ടിക്കാതെ ക്യാലമിനെ സഹായിക്കും , " ഹെയ്ലി വിശദീകരിച്ചു.

ഏഴ് മാസങ്ങൾക്ക് ശേഷം, ഹെയ്ലിയുടെ ത്വക്കിനും തടിപ്പ് തുടങ്ങി; അസഹ്യമായ ചൊറിച്ചിലും. "ക്യാലം എത്ര പ്രയാസമാണ് സഹിക്കുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് " ഹെയ്ലി എന്നോട് പറഞ്ഞു. " ഒരു പക്ഷേ എനിക്കും ആ പ്രത്യേക വസ്ത്രം ധരിക്കേണ്ടിവന്നേക്കും ! "

ഹെയ്ലിയുടെ ഈ അനുഭവം 2 കൊരിന്ത്യർ 1:3-5 വരെയുള്ള പൗലോസിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. " മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാൻ ശക്തരാകേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. "

ചിലപ്പോൾ ദൈവം നമ്മളെ രോഗം, നഷ്ടം, പ്രതിസന്ധികൾ എന്നീ പരീക്ഷണങ്ങളിലൂടെ കടത്തിവിടും. നമ്മുടെ ഈ സഹനത്തിലൂടെ, നമുക്ക് വേണ്ടി ക്രിസ്തു ക്രൂശിൽ അനുഭവിച്ച സഹനം അംഗീകരിക്കുവാൻ, ദൈവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം, സാന്ത്വനത്തിനും ശക്തിക്കുമായി അവനെ ശരണപ്പെടുമ്പോൾ മറ്റുള്ളവരെ അവരുടെ സഹനത്തിൽ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നാം കഴിവുള്ളവരാകുകയും ചെയ്യും.

വേർതിരിച്ചു

ഇന്ത്യയിലുള്ള മുച്ചക്രവാഹനമായ "ടുക് ടുക്കുകൾ" അല്ലെങ്കിൽ "ഓട്ടോറിക്ഷകൾ" അനേകർക്ക് വളരെ ഉപകാരപ്രദവും ആനന്ദകരവുമായ ഒരു യാത്രാ സംവിധാനമാണ്. ചെന്നൈയിലുള്ള മാല എന്ന പെൺകുട്ടിക്ക് അത് സുവിശേഷം പങ്കുവെക്കാനുള്ള ഒരു വേദിയാണെന്ന് തോന്നി. ഒരിക്കൽ ഒരു ഓട്ടോയിൽ കയറിയപ്പോൾ, അതിന്റെ ഡ്രൈവർ മതങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ ഏറെ സന്തോഷവാനാണെന്ന് അവൾ മനസ്സിലാക്കി. അടുത്ത തവണ ഞാൻ ഈ ഡ്രൈവറോട് സുവിശേഷം പങ്കു വയ്ക്കുമെന്ന് അവൾ അവളോടുതന്നെ പറഞ്ഞു.

റോമാലേഖനത്തിന്റെ ആരംഭത്തിൽ തന്നെ പൗലോസ് തന്നെത്തന്നെ "സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ടവൻ" എന്ന് വിശേഷിപ്പിക്കുന്നു. "സുവിശേഷത്തിന്റെ" ഗ്രീക്ക് വാക്ക് ഇവാഞ്ചലിയോൺ, അതിനർത്ഥം "നല്ല വാർത്ത" എന്നാണ്. ദൈവത്തിന്റെ സുവിശേഷം അറിയിക്കുക എന്നതായിരുന്നു തന്റെ പ്രധാന ഉദ്ദേശ്യമെന്ന് പോൾ അടിസ്ഥാനപരമായി പറയുകയായിരുന്നു.

എന്താണ് ഈ സദ്വാർത്ത? റോമർ 1: 3 പറയുന്നത് ദൈവത്തിന്റെ സുവിശേഷം "അവന്റെ പുത്രനെ സംബന്ധിച്ചുള്ളതാണ്" എന്നാണ്. സദ്വാർത്ത എന്നാൽ യേശുവാണ്! യേശു നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ വന്നതാണെന്ന് ലോകത്തോട് പറയാൻ എന്നാണ് ദൈവം ലോകത്തോട് പറയുന്നത്, അവൻ നമ്മെ അവന്റെ ആശയവിനിമയ മാർഗമായി തിരഞ്ഞെടുത്തു. എത്ര വിനീതമായ വസ്തുത!

യേശുവിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിക്കും നൽകിയിരിക്കുന്ന ഒരു പദവിയാണ് സുവിശേഷം പങ്കുവയ്ക്കുക എന്നത്. മറ്റുള്ളവരെ ഈ വിശ്വാസത്തിലേക്ക് ക്ഷണിക്കാൻ നമുക്ക് "കൃപ നൽകിയിരിക്കുന്നു"(വാ.5,6). നാം ടുക് ടുക്കിലായിരുന്നാലും എവിടെയായിരുന്നാലും ഈ മഹത്വകരമായ സുവിശേഷം നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുവാൻ നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നു. നാമും നമ്മുടെ ദൈനംദിന ജീവിതത്തിൽ മാലയെപ്പോലെ യേശുവാകുന്ന സുവിശേഷത്തെ പങ്കുവയ്ക്കുവാൻ അവസരങ്ങളെ കണ്ടെത്തണം.

രാജാവിന്റെ മേശയിൽ നിന്ന്

"അവൻ ജീവിക്കും", മൃഗഡോക്ടർ പറഞ്ഞു, "പക്ഷെ അവന്റെ കാൽ മുറിച്ചുമാറ്റണം." എന്റെ സുഹൃത്ത് കൊണ്ടുവന്ന സങ്കരയിനം നായകുട്ടിയുടെ കാലിൽ ഒരു കാർ കയറിയതായിരുന്നു. "ഇതിന്റെ ഉടമ താങ്കളാണോ" ശസ്ത്രക്രിയക്കായി അല്പം വലിയ ഒരു തുക ബില്ലുണ്ട്, ഒപ്പം നായകുട്ടി സുഖംപ്പെടുന്നതുവരെ പരിപാലിക്കുകയും വേണം. "ഇപ്പോൾ മുതൽ ഉടമ ഞാനാണ്" എന്റെ സുഹൃത്ത് മറുപടി പറഞ്ഞു. അവളുടെ കരുണ ആ നായകുട്ടിക്ക് സ്നേഹമുള്ള ഒരു വീട്ടിൽ ഒരു ഭാവി നൽകി.

മെഫിബോശേത്, തന്നെ പ്രീതി ലഭിക്കുവാൻ യോഗ്യതയില്ലാത്ത ഒരു "ചത്ത നായയാണ്" കണ്ടത് (2 ശമൂ. 9:8). ഒരു അപകടം മൂലം രണ്ടു കാലുകൾക്കും മുടന്ത് ഉള്ളതിനാൽ, തന്റെ സുരക്ഷക്കും പരിപാലനത്തിനും അദ്ദേഹത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരുന്നു (4:4 കാണുക). അതിലുപരിയായി, തന്റെ മുത്തച്ഛനായ ശൗൽ രാജാവിന്റെ മരണത്തിന് ശേഷം, പുതുതായി നിയമിതനായ ദാവീദ് രാജാവ്, നാട്ടുനടപ്പനുസരിച്ച് ശത്രുക്കളെയൊക്കെ കൊന്നുകളയുവാൻ ആജ്ഞാപിക്കുമോ എന്നും അദ്ദേഹം ഭയന്നു.

എന്നാൽ തന്റെ സുഹൃത്തായ യോനാഥനോടുള്ള സ്നേഹം മൂലം, അദ്ദേഹത്തിന്റെ മകനായ മെഫിബൊശേത് തന്റെ സ്വന്തം മകനെപ്പോലെ സുരക്ഷിതനായി പരിപാലിക്കപ്പെടുമെന്ന് ദാവീദ് ഉറപ്പുനൽകി (9:7). അങ്ങനെതന്നെ, ഒരിക്കൽ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാമും, മരണത്തിനായി മുദ്രയിടപ്പെട്ടു, യേശുവിനാൽ രക്ഷിക്കപ്പെട്ടു അവിടുത്തോടൊപ്പം എന്നേക്കും സ്വർഗത്തിൽ ഒരു സ്ഥലവും നൽകിയിരിക്കുന്നു. അതാണ് സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കുന്നവർ എന്ന് ലൂക്കോസ് തന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് (ലൂക്കോസ് 14:15). ഇവിടെ നാം ഒരു രാജാവിന്റെ പുത്രന്മാരും പുത്രിമാരുമാണ്. എത്ര അതിരുകവിഞ്ഞ യോഗ്യതയില്ലാത്ത കരുണയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കൃതജ്ഞതയോടും ഉല്ലാസത്തോടും നമുക്ക് ദൈവത്തോട് അടുത്ത് ചെല്ലാം. 

സാധാരണം എന്നൊന്നില്ല

തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ അനിത ഉറക്കത്തിൽ അന്തരിച്ചപ്പോൾ, ജീവിതത്തിലെ ശാന്തത അവളുടെ വേർപാടിലും പ്രതിഫലിച്ചു. ഒരു വിധവയായ അവൾ, തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പള്ളിയിലെ ഇളയ സ്ത്രീകൾക്ക് ഒരു സുഹൃത്ത് എന്ന നിലയിലും സമർപ്പിച്ച ജീവിതമായിരുന്നു.

തന്റെ കഴിവുകളിലും നേട്ടങ്ങളിലും അനിത ഒട്ടും തന്നെ ശ്രദ്ധേയ ആയിരുന്നില്ല. എന്നാൽ, ദൈവത്തിലുള്ള അവളുടെ അടിയുറച്ച വിശ്വാസം അവളെ പരിചയമുള്ള പലർക്കും ഒരു ഉത്തേജനമായിരുന്നു. എന്റെ ഒരു സുഹൃത് ഇങ്ങനെ പറഞ്ഞു, "ഒരു പ്രതിസന്ധിയിൽ എന്ത് ചെയ്യണമെന്ന് അറിയാത്തപ്പോൾ" "ഞാൻ പ്രശസ്തരായ പ്രസംഗകരുടെയോ എഴുത്തുകാരുടെയോ വാക്കുകളല്ല, മറിച്ച് അനിത പറഞ്ഞതെന്താണ് എന്ന്  ഞാൻ ചിന്തിക്കും".

നാം പലരും അനിതയെപ്പോലെയാണ് - സാധാരണ ജീവിതം നയിക്കുന്ന സാധരണക്കാർ. നമ്മുടെ പേരുകൾ വർത്തകളിലോ നമ്മുടെ പുകഴയ്ക്കായ് സ്മാരകങ്ങളോ ഉണ്ടാവില്ല. എന്നാൽ യേശുവിലുള്ള വിശ്വാസത്തിൽ ജീവിക്കുന്ന ജീവിതം സാധാരണമല്ല. എബ്രായർ 11 ൽ രേഖപ്പെടുത്തിയിരിക്കുന്ന പലർക്കും പേരില്ല (വാ.35-38); അവർ സങ്കീര്‍ണ്ണത നിറഞ്ഞ പാതയിൽ നടന്നു എങ്കിലും അവരുടെ ഈ ലോക ജീവിതത്തിൽ വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല (വാ.39). എന്നാൽ, അവർ ദൈവത്തെ അനുസരിച്ചതുകൊണ്ടു അവരുടെ വിശ്വാസം വൃഥാവായില്ല. അവരുടെ കുപ്രസിദ്ധിയുടെ അഭാവത്തിനപ്പുറത്തേക്ക് ദൈവം അവരുടെ ജീവിതം ഉപയോഗിച്ചു. (വാ. 40)

നിങ്ങളുടെ ജീവിതത്തിലെ സാധാരണ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് നിരുത്സാഹമുണ്ടെങ്കിൽ, ദൈവത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്ന ഒരു ജീവിതം നിത്യതയിലുടനീളം സ്വാധീനം ചെലുത്തുമെന്ന് ഓർക്കുക. നമ്മൾ സാധാരണക്കാരാണെങ്കിൽ പോലും, അസാധാരണമായ വിശ്വാസമുള്ളവരാകാം.

നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം

ഭക്ഷണമേശയ്ക്കരികിലിരുന്ന്, എനിക്കു ചുറ്റുമുള്ള സന്തോഷമുളവാക്കുന്ന അലങ്കോലങ്ങൾ ഞാൻ നോക്കി. അമ്മായിമാർ, അമ്മാവന്മാർ, കസിനുകൾ, അനന്തരവർ, മരുമക്കൾ എന്നിവർ ഭക്ഷണം ആസ്വദിക്കുകയും ഞങ്ങളുടെ കുടുംബ പുനഃസമാഗമത്തെ ഒരുമിച്ച് സന്തോഷിക്കുകയും ചെയ്തു. ഞാനും അതെല്ലാം ആസ്വദിക്കുകയായിരുന്നു. എന്നാൽ ഒരു ചിന്ത എന്റെ ഹൃദയത്തെ തുളച്ചു: കുട്ടികളില്ലാത്ത, സ്വന്തമെന്നു വിളിക്കാൻ കുടുംബമില്ലാത്ത ഒരേയൊരു സ്ത്രീ നീ മാത്രമാണ്. 

എന്നെപ്പോലെ അവിവാഹിതരായ പല സ്ത്രീകൾക്കും സമാനമായ അനുഭവങ്ങളുണ്ട്. എന്റെ സംസ്കാരത്തിൽ, വിവാഹത്തെയും കുട്ടികളെയും വളരെയധികം വിലമതിക്കുന്ന ഒരു ഏഷ്യൻ സംസ്കാരത്തിൽ, സ്വന്തമായി ഒരു കുടുംബം ഇല്ലാത്തത് അപൂർണ്ണതയുടെ ഒരു പരിവേഷമാണു നൽകുന്നത്. നിങ്ങൾ ആരാണെന്ന് നിർവചിക്കുകയും നിങ്ങളെ സമ്പൂർണ്ണമാക്കുകയും ചെയ്യുന്ന ഒന്ന് നിങ്ങൾക്കില്ലെന്നാണതിനർത്ഥം.

അതുകൊണ്ടാണ് ദൈവം എന്റെ ''ഓഹരി'' എന്ന സത്യം എന്നെ ആശ്വസിപ്പിക്കുന്നത് (സങ്കീർത്തനം 73:26). യിസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭൂമി അനുവദിച്ചു നൽകിയപ്പോൾ, പുരോഹിത ഗോത്രമായ ലേവിക്ക് ഒന്നും ലഭിച്ചില്ല. പകരം, ദൈവം അവരുടെ ഓഹരിയും അവകാശവും ആയിരിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (ആവർത്തനം 10:9). അവർക്ക് അവനിൽ പൂർണ്ണ സംതൃപ്തി കണ്ടെത്താനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അവനിൽ ആശ്രയിക്കാനും കഴിഞ്ഞു.

നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം, ഇല്ലായ്മ എന്ന ബോധത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. ഒരുപക്ഷേ ഒരു മികച്ച ജോലിക്കോ ഉയർന്ന വിദ്യാഭ്യാസ നേട്ടത്തിനോ വേണ്ടി നാം ആഗ്രഹിക്കുന്നു. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവത്തെ നമ്മുടെ ഓഹരിയായി സ്വീകരിക്കാൻ നമുക്കു കഴിയും. അവൻ നമ്മെ സമ്പൂർണ്ണരാക്കുന്നു. അവനിൽ നമുക്ക് ഒന്നിനും കുറവില്ല.  

ഒരു ജീവനുള്ള രേഖ

തന്റെ മുത്തച്ഛന്റെ കൃതികളെ അനുസ്മരിച്ച് പീറ്റർ ക്രോഫ്റ്റ് എഴുതി, ''തന്റെ ബൈബിൾ എടുക്കുന്ന വ്യക്തിയെക്കുറിച്ച്, അവർ ഏത് പതിപ്പ് ഉപയോഗിച്ചാലും, എന്റെ ആഴമായ ആഗ്രഹം, അവരതിനെ മനസ്സിലാക്കുക മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളവർ ചെയ്തതുപോലെ തിരുവെഴുത്തുകളെ പ്രസക്തവും അപകടകരവും ആവേശകരവുമായ ജീവനുള്ള രേഖകളായി അനുഭവിക്കുകയും ചെയ്യുക എന്നതാണ്.'' രണ്ടാം ലോകമഹായുദ്ധ സമയത്ത് തന്റെ സഭയിലെ വിദ്യാർത്ഥികൾക്ക് തിരുവെഴുത്തിനെ സജീവമാക്കി നൽകുന്നതിനായി ഇംഗ്ലീഷിൽ ബൈബിളിന്റെ ഒരു പുതിയ പരാവർത്തനം തയ്യാറാക്കിയ യുവശുശ്രൂഷകനായിരുന്ന ജെ.ബി. ഫിലിപ്‌സ് ആയിരുന്നു പീറ്ററിന്റെ മുത്തച്ഛൻ.

ഫിലിപ്‌സിന്റെ വിദ്യാർത്ഥികളെപ്പോലെ, തിരുവെഴുത്ത് വായിക്കുന്നതിനും അനുഭവിക്കുന്നതിനും നാമും തടസ്സങ്ങൾ നേരിടുന്നു, പക്ഷേ അതു നമ്മുടെ ബൈബിൾ പരിഭാഷ കാരണം അല്ല. നമുക്ക് സമയമോ അച്ചടക്കമോ മനസ്സിലാക്കാനുള്ള ശരിയായ ഉപകരണങ്ങളോ ഇല്ലായിരിക്കാം. എന്നാൽ സങ്കീർത്തനം 1 നമ്മോട് പറയുന്നത്, ''യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ'' (വാ. 2) എന്നാണ്. നാം എന്ത് പ്രയാസങ്ങൾ നേരിട്ടാലും ദിവസേന തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എല്ലാ കാലത്തും ''അഭിവൃദ്ധി പ്രാപിക്കാൻ'' നമ്മെ സഹായിക്കുന്നു.

നിങ്ങളുടെ ബൈബിളിനെ നിങ്ങൾ എങ്ങനെ കാണുന്നു? ഇന്നു ജീവിക്കാനുള്ള ഉൾക്കാഴ്ച നൽകിക്കൊണ്ട് അത് ഇപ്പോഴും പ്രസക്തമാണ്, യേശുവിനെ വിശ്വസിക്കാനും പിന്തുടരാനുമുള്ള ആഹ്വാനത്തിൽ ഇപ്പോഴും അപകടകരമാണ്, ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള അറിവു നൽകുന്നതിലൂടെ അത് ഇപ്പോഴും ആവേശകരമാണ്. ദിനംപ്രതി നമുക്ക് ആവശ്യമായ പോഷണം നൽകുന്ന ഒരു നീരൊഴുക്കു പോലെയാണത് (വാ. 3). ഇന്ന്, നമുക്ക് അതിലേക്കു ചായാം—സമയം ഉണ്ടാക്കുകയും ശരിയായ ഉപകരണങ്ങൾ നേടുകയും ഒരു ജീവനുള്ള രേഖയായി തിരുവെഴുത്ത് അനുഭവിക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യാം.

എന്നെ അയയ്ക്കേണമേ

1890 കളുടെ അവസാനത്തിൽ സ്വീഡിഷ് മിഷനറി എറിക് ലണ്ടിന് സ്‌പെയിനിലേക്ക് പോകാൻ ദൈവം വിളിച്ചതായി തോന്നിയപ്പോൾ അദ്ദേഹം അത് അനുസരിച്ചു. അവിടെ വലിയ വിജയമൊന്നും കണ്ടില്ലെങ്കിലും ദൈവവിളിയെക്കുറിച്ചുള്ള തന്റെ ബോധ്യത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു ദിവസം, ബ്രൗലിയോ മനിക്കൻ എന്ന ഫിലിപ്പിനോക്കാരനെ അദ്ദേഹം കണ്ടുമുട്ടുകയും അയാളോടു സുവിശേഷം പങ്കുവെക്കുകയും ചെയ്തു. ലണ്ടും മനിക്കനും ചേർന്ന് പ്രാദേശിക ഫിലിപ്പൈൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്തു, പിന്നീട് അവർ ഫിലിപ്പൈൻസിൽ ആദ്യത്തെ ബാപ്റ്റിസ്റ്റ് മിഷൻ സ്‌റ്റേഷൻ ആരംഭിച്ചു. പലരും യേശുവിങ്കലേക്ക് തിരിഞ്ഞു - യെശയ്യാ പ്രവാചകനെപ്പോലെ ലണ്ട് ദൈവത്തിന്റെ വിളിയോട് പ്രതികരിച്ചതായിരുന്നു അതിനു കാരണം. 

യെശയ്യാവ് 6:8 ൽ, വർത്തമാനകാല ന്യായവിധിയുടെയും ഭാവികാല പ്രത്യാശയുടെയും സന്ദേശം പ്രഖ്യാപിക്കുന്നതിന് യിസ്രായേലിലേക്ക് പോകാൻ സന്നദ്ധനായ ഒരാളെ ദൈവം അന്വേഷിച്ചു. യെശയ്യാവ് ധൈര്യപൂർവ്വം സന്നദ്ധനായി: ''അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ!'' താൻ യോഗ്യനാണെന്ന് അവൻ കരുതിയില്ല, കാരണം ''ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ'' (വാ. 5) എന്നവൻ ഏറ്റുപറഞ്ഞു. എന്നാൽ അവൻ ദൈവത്തിന്റെ വിശുദ്ധിക്ക് സാക്ഷ്യം വഹിക്കുകയും സ്വന്തം പാപത്തെ തിരിച്ചറിയുകയും ശുദ്ധീകരണം പ്രാപിക്കുകയും ചെയ്തതിനാലാണ് അവൻ മനസ്സോടെ പ്രതികരിച്ചത് (വാ. 1-7).

ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ അവൻ നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ മടിച്ചുനിൽക്കുകയാണോ? അങ്ങനെയാണെങ്കിൽ, യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം ചെയ്തതെല്ലാം ഓർക്കുക. നമ്മെ സഹായിക്കാനും നയിക്കാനും അവൻ പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നു (യോഹന്നാൻ 14:26; 15:26-27), അവന്റെ വിളിക്ക് ഉത്തരം നൽകാൻ അവൻ നമ്മെ ഒരുക്കും. യെശയ്യാവിനെപ്പോലെ, ''അടിയനെ അയയ്ക്കേണമേ'' എന്ന് നമുക്കു പ്രതികരിക്കാം.

ശിക്ഷണം നൽകുന്ന സ്‌നേഹം

അവൾ വാതിൽ വലിച്ചടച്ചു. അവൾ വീണ്ടും വാതിൽ വലിച്ചടച്ചു. ഞാൻ ഗരേജിൽ പോയി ഒരു ചുറ്റികയും ഒരു സ്‌ക്രൂെ്രെഡവറും എടുത്തു മകളുടെ മുറിയിലേക്കു നടന്നു. ശാന്തമായി ഞാൻ പറഞ്ഞു, ''മോളേ, നിന്റെ കോപം നിയന്ത്രിക്കാൻ നീ പഠിക്കണം.'' എന്നിട്ട് ഞാൻ അവളുടെ മുറിയുടെ കതകിന്റെ വിജാഗിരികൾ ഊരിമാറ്റി, കതക് ഗരേജിലേക്ക് കൊണ്ടുപോയി. വാതിൽ താൽക്കാലികമായി നീക്കംചെയ്യുന്നത് ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം ഓർമ്മിക്കാൻ അവളെ സഹായിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ.

സദൃശവാക്യങ്ങൾ 3:11-12 ൽ, ദൈവത്തിന്റെ ശിക്ഷ സ്വീകരിക്കാൻ ജ്ഞാനിയായ ഗുരു വായനക്കാരെ ക്ഷണിക്കുന്നു. ശിക്ഷ എന്ന പദത്തെ ''തിരുത്തൽ'' എന്ന് വിവർത്തനം ചെയ്യാനാകും. നല്ലവനും സ്‌നേഹനിധിയുമായ ഒരു പിതാവെന്ന നിലയിൽ, സ്വയ-നാശത്തിനു ഹേതുവാകുന്ന സ്വഭാവം തിരുത്താൻ ദൈവം തന്റെ ആത്മാവിലൂടെയും തിരുവെഴുത്തുകളിലൂടെയും നമ്മോടു സംസാരിക്കുന്നു. ദൈവത്തിന്റെ ശിക്ഷണം ആപേക്ഷികമാണ് - അവന്റെ സ്‌നേഹത്തിലും നമുക്ക് ഏറ്റവും നല്ലത് എന്താണെന്നുള്ള ആഗ്രഹത്തിലും വേരൂന്നിയതാണത്. ചിലപ്പോൾ ഇത് പരിണതഫലങ്ങൾ പോലെ തോന്നും. ചിലപ്പോൾ നമ്മുടെ ഇരുണ്ട വശങ്ങൾ ചൂണ്ടിക്കാണിക്കാൻ ദൈവം ആരെയെങ്കിലും പ്രേരിപ്പിക്കും. പലപ്പോഴും, ഇത് അസുഖകരമാണ്, പക്ഷേ ദൈവത്തിന്റെ ശിക്ഷണം ഒരു ദാനമാണ്.  

എന്നാൽ നാം എല്ലായ്‌പ്പോഴും അതിനെ അങ്ങനെയല്ല കാണുന്നത്. ജ്ഞാനി ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു ''മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്'' (വാ. 11). ചിലപ്പോൾ നാം ദൈവത്തിന്റെ ശിക്ഷണത്തെ ഭയപ്പെടുന്നു. മറ്റു ചിലപ്പോൾ, നമ്മുടെ ജീവിതത്തിലെ മോശമായ കാര്യങ്ങളെ ദൈവത്തിന്റെ ശിക്ഷണം എന്നു തെറ്റായി വ്യാഖ്യാനിക്കുന്നു. നമ്മിൽ ആനന്ദിക്കുകയും നമ്മെ സ്‌നേഹിക്കുന്നതിനാൽ നമ്മെ തിരുത്തുകയും ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവിന്റെ ഹൃദയത്തിൽ നിന്ന് ഇത് വളരെ അകലെയാണ്.

ദൈവത്തിന്റെ ശിക്ഷണത്തെ ഭയപ്പെടുന്നതിനുപകരം, അത് സ്വീകരിക്കാൻ നമുക്ക് പഠിക്കാം. തിരുത്തലിന്റെ ദൈവശബ്ദം നമ്മുടെ ഹൃദയത്തിൽ കേൾക്കുമ്പോഴോ അല്ലെങ്കിൽ തിരുവെഴുത്ത് വായിക്കുമ്പോൾ തെറ്റിനെക്കുറിച്ചുള്ള ബോധ്യം അനുഭവിക്കുമ്പോഴോ, നമുക്ക് ഏറ്റവും മികച്ചതെന്തോ അതിലേക്ക് നമ്മെ നയിക്കാൻ തക്കവണ്ണം അവൻ നമ്മിൽ സന്തോഷിക്കുന്നുവെന്നതിൽ നമുക്കു ദൈവത്തിന് നന്ദി പറയാം.