എന്റെ മകൾ ഹെയ്ലി  എന്നെ കാണാൻ വന്നപ്പോൾ അവളുടെ 3 വയസുള്ള മകൻ ക്യാലം ഒരു അസാധാരണ വസ്ത്രം ധരിച്ചിരുന്നത് ഞാൻ കണ്ടു. നീളൻ കൈയും അറ്റത്ത് കയ്യുറയും പിടിപ്പിച്ച, സ്പർശനം തടയുന്ന ഒരു വസ്ത്രമായിരുന്നു അത്. ശരീരം ചൊറിഞ്ഞ് തടിച്ച് കുരുക്കൾ ഉണ്ടാകുന്ന കരപ്പൻ എന്ന ത്വക് രോഗം ബാധിച്ചിരുന്നു പേരക്കുട്ടി ക്യാലമിന് . “ഈ പ്രത്യേക വസ്ത്രം ശരീരം ചൊറിഞ്ഞ് തൊലി പൊട്ടിക്കാതെ ക്യാലമിനെ സഹായിക്കും , ” ഹെയ്ലി വിശദീകരിച്ചു.

ഏഴ് മാസങ്ങൾക്ക് ശേഷം, ഹെയ്ലിയുടെ ത്വക്കിനും തടിപ്പ് തുടങ്ങി; അസഹ്യമായ ചൊറിച്ചിലും. “ക്യാലം എത്ര പ്രയാസമാണ് സഹിക്കുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് ” ഹെയ്ലി എന്നോട് പറഞ്ഞു. ” ഒരു പക്ഷേ എനിക്കും ആ പ്രത്യേക വസ്ത്രം ധരിക്കേണ്ടിവന്നേക്കും ! “

ഹെയ്ലിയുടെ ഈ അനുഭവം 2 കൊരിന്ത്യർ 1:3-5 വരെയുള്ള പൗലോസിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. ” മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാൻ ശക്തരാകേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. “

ചിലപ്പോൾ ദൈവം നമ്മളെ രോഗം, നഷ്ടം, പ്രതിസന്ധികൾ എന്നീ പരീക്ഷണങ്ങളിലൂടെ കടത്തിവിടും. നമ്മുടെ ഈ സഹനത്തിലൂടെ, നമുക്ക് വേണ്ടി ക്രിസ്തു ക്രൂശിൽ അനുഭവിച്ച സഹനം അംഗീകരിക്കുവാൻ, ദൈവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം, സാന്ത്വനത്തിനും ശക്തിക്കുമായി അവനെ ശരണപ്പെടുമ്പോൾ മറ്റുള്ളവരെ അവരുടെ സഹനത്തിൽ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നാം കഴിവുള്ളവരാകുകയും ചെയ്യും.