അവൾ വാതിൽ വലിച്ചടച്ചു. അവൾ വീണ്ടും വാതിൽ വലിച്ചടച്ചു. ഞാൻ ഗരേജിൽ പോയി ഒരു ചുറ്റികയും ഒരു സ്ക്രൂഡ്രൈവറും എടുത്തു മകളുടെ മുറിയിലേക്കു നടന്നു. ശാന്തമായി ഞാൻ പറഞ്ഞു, ”മോളേ, നിന്റെ കോപം നിയന്ത്രിക്കാൻ നീ പഠിക്കണം.” എന്നിട്ട് ഞാൻ അവളുടെ മുറിയുടെ കതകിന്റെ വിജാഗിരികൾ ഊരിമാറ്റി, കതക് ഗരേജിലേക്ക് കൊണ്ടുപോയി. വാതിൽ താൽക്കാലികമായി നീക്കംചെയ്യുന്നത് ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം ഓർമ്മിക്കാൻ അവളെ സഹായിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ.

സദൃശവാക്യങ്ങൾ 3:11-12 ൽ, ദൈവത്തിന്റെ ശിക്ഷ സ്വീകരിക്കാൻ ജ്ഞാനിയായ ഗുരു വായനക്കാരെ ക്ഷണിക്കുന്നു. ശിക്ഷ എന്ന പദത്തെ ”തിരുത്തൽ” എന്ന് വിവർത്തനം ചെയ്യാനാകും. നല്ലവനും സ്‌നേഹനിധിയുമായ ഒരു പിതാവെന്ന നിലയിൽ, സ്വയ-നാശത്തിനു ഹേതുവാകുന്ന സ്വഭാവം തിരുത്താൻ ദൈവം തന്റെ ആത്മാവിലൂടെയും തിരുവെഴുത്തുകളിലൂടെയും നമ്മോടു സംസാരിക്കുന്നു. ദൈവത്തിന്റെ ശിക്ഷണം ആപേക്ഷികമാണ് – അവന്റെ സ്‌നേഹത്തിലും നമുക്ക് ഏറ്റവും നല്ലത് എന്താണെന്നുള്ള ആഗ്രഹത്തിലും വേരൂന്നിയതാണത്. ചിലപ്പോൾ ഇത് പരിണതഫലങ്ങൾ പോലെ തോന്നും. ചിലപ്പോൾ നമ്മുടെ ഇരുണ്ട വശങ്ങൾ ചൂണ്ടിക്കാണിക്കാൻ ദൈവം ആരെയെങ്കിലും പ്രേരിപ്പിക്കും. പലപ്പോഴും, ഇത് അസുഖകരമാണ്, പക്ഷേ ദൈവത്തിന്റെ ശിക്ഷണം ഒരു ദാനമാണ്.  

എന്നാൽ നാം എല്ലായ്‌പ്പോഴും അതിനെ അങ്ങനെയല്ല കാണുന്നത്. ജ്ഞാനി ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു ”മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്” (വാ. 11). ചിലപ്പോൾ നാം ദൈവത്തിന്റെ ശിക്ഷണത്തെ ഭയപ്പെടുന്നു. മറ്റു ചിലപ്പോൾ, നമ്മുടെ ജീവിതത്തിലെ മോശമായ കാര്യങ്ങളെ ദൈവത്തിന്റെ ശിക്ഷണം എന്നു തെറ്റായി വ്യാഖ്യാനിക്കുന്നു. നമ്മിൽ ആനന്ദിക്കുകയും നമ്മെ സ്‌നേഹിക്കുന്നതിനാൽ നമ്മെ തിരുത്തുകയും ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവിന്റെ ഹൃദയത്തിൽ നിന്ന് ഇത് വളരെ അകലെയാണ്.

ദൈവത്തിന്റെ ശിക്ഷണത്തെ ഭയപ്പെടുന്നതിനുപകരം, അത് സ്വീകരിക്കാൻ നമുക്ക് പഠിക്കാം. തിരുത്തലിന്റെ ദൈവശബ്ദം നമ്മുടെ ഹൃദയത്തിൽ കേൾക്കുമ്പോഴോ അല്ലെങ്കിൽ തിരുവെഴുത്ത് വായിക്കുമ്പോൾ തെറ്റിനെക്കുറിച്ചുള്ള ബോധ്യം അനുഭവിക്കുമ്പോഴോ, നമുക്ക് ഏറ്റവും മികച്ചതെന്തോ അതിലേക്ക് നമ്മെ നയിക്കാൻ തക്കവണ്ണം അവൻ നമ്മിൽ സന്തോഷിക്കുന്നുവെന്നതിൽ നമുക്കു ദൈവത്തിന് നന്ദി പറയാം.