ഒരിക്കലും മറക്കാനാവാത്തവിധം ശക്തമായ ചില ചിത്രങ്ങളുണ്ട്. അന്തരിച്ച വെയിൽസിലെ രാജകുമാരി ഡയാനയുടെ പ്രസിദ്ധമായ ഒരു ഫോട്ടോ കണ്ടപ്പോൾ എന്റെ അനുഭവം അതായിരുന്നു. ഒറ്റനോട്ടത്തിൽ, അതൊരു സാധാരണ ചിത്രമാണെന്ന് തോന്നും: രാജകുമാരി ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്, അജ്ഞാതനായ ഒരു മനുഷ്യനു ഹസ്തദാനം നൽകുന്നു. എന്നാൽ ചിത്രത്തിന്റെ പിന്നിലെ കഥയാണ് അതിനെ ശ്രദ്ധേയമാക്കുന്നത്.

1987 ഏപ്രിൽ 19 ന് ഡയാന രാജകുമാരി ലണ്ടൻ മിഡിൽസെക്‌സ് ആശുപത്രി സന്ദർശിച്ചപ്പോൾ, ഇംഗ്ലണ്ട് എയ്ഡ്‌സ് മഹാമാരിയെ നേരിടുന്നതിന്റെ പരിഭ്രാന്തിയിലായിരുന്നു. ഭയാനകമായ വേഗതയിൽ ആളുകളെ കൊല്ലുന്ന ഈ രോഗം എങ്ങനെയാണ് പടർന്നതെന്ന് അറിയാതെ, ചില സമയങ്ങളിൽ എയ്ഡ്‌സ് ബാധിതരെ സാമൂഹിക ഭ്രഷ്ടരായിട്ടാണ് പൊതുജനങ്ങൾ കണ്ടിരുന്നത്.

അതിനാൽ ആ ദിവസം, ഡയാന, യഥാർത്ഥ പുഞ്ചിരിയോടെ ഗ്ലൗസിടാത്ത കൈകൾകൊണ്ട് ഒരു എയ്ഡ്‌സ് രോഗിയുടെ കൈ കുലുക്കിയത് ഞെട്ടിക്കുന്ന നിമിഷമായിരുന്നു. ആദരവിന്റെയും ദയയുടെയും ആ ചിത്രം രോഗബാധിതരോട് സമാനമായ കരുണയോടും അനുകമ്പയോടും കൂടെ പെരുമാറാൻ ലോകത്തെ പ്രേരിപ്പിച്ചു.

യേശുവിന്റെ സ്‌നേഹം മറ്റുള്ളവർക്ക് സൗജന്യമായും ഉദാരമായും വാഗ്ദാനം ചെയ്യുന്നത് മൂല്യവത്തായ കാര്യമാണ് എന്ന് ഞാൻ പലപ്പോഴും മറന്നുപോകുന്നു എന്ന് ചിത്രം എന്നെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്തുവിലുള്ള ആദ്യകാല വിശ്വാസികളെ യോഹന്നാൻ ഓർമ്മിപ്പിച്ചത്, നമ്മുടെ ഭയത്തിന്റെ മുൻപിൽ സ്‌നേഹം വാടിപ്പോകാനും അല്ലെങ്കിൽ മറയ്ക്കപ്പെടാനും അനുവദിക്കുന്നത് യഥാർത്ഥത്തിൽ ”മരണത്തിൽ” വസിക്കുന്നതിനു തുല്യമാണ് എന്നാണ് (1 യോഹന്നാൻ 3:14). ആത്മാവിന്റെ സ്വയ-ത്യാഗ സ്‌നേഹത്താൽ നിറയുകയും ശക്തിപ്പെടുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായും ഭയരഹിതമായും സ്‌നേഹിക്കുന്നത്, പുനരുത്ഥാനജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുന്നതിനു തുല്യമാണ് (വാ. 14, 16).