ജോൺ ലൂയിസ് എന്ന അമേരിക്കൻ രാഷ്ട്രീയ നേതാവ് 2020 ൽ മരണമടഞ്ഞപ്പോൾ, രാഷ്ട്രീയ രംഗത്തു നിന്നുള്ള നിരവധി ആളുകൾ വിലപിച്ചു. കറുത്ത പൗരന്മാർക്ക് വോട്ടവകാശം നേടുന്നതിനായി 1965 ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനോടൊപ്പം ലൂയിസ് മാർച്ച് നടത്തി. മാർച്ചിനിടെ, ലൂയിസിനു തലയോട്ടിയിൽ പരിക്കേറ്റു, അതിന്റെ അടയാളം ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ ശിരസ്സിലുണ്ടായിരുന്നു. ”ശരിയല്ലാത്തതും, നീതിയല്ലാത്തതും ന്യായമല്ലാത്തതുമായ എന്തെങ്കിലും നിങ്ങൾ കാണുമ്പോൾ, അതിനെതിരെ എന്തെങ്കിലും പറയാനോ ചെയ്യാനോ നിങ്ങൾക്ക് ധാർമ്മികമായ ബാധ്യതയുണ്ട്” അദ്ദേഹം പറഞ്ഞു, ”അതിനെതിരെ ശബ്ദമുയർത്താനും നല്ലതും അനിവാര്യവുമായ കുഴപ്പങ്ങളിൽ അകപ്പെടാനും ഭയപ്പെടരുത്.”

ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനും സത്യത്തോടു വിശ്വസ്തത പുലർത്തുന്നതിനും ”നല്ല” കുഴപ്പങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ലൂയിസ് നേരത്തെ മനസ്സിലാക്കി. ജനപ്രിയമല്ലാത്ത കാര്യങ്ങൾ താൻ സംസാരിക്കേണ്ടതുണ്ട്. ആമോസ് പ്രവാചകനും ഇത് അറിയാമായിരുന്നു. യിസ്രായേലിന്റെ പാപവും അനീതിയും കണ്ടിട്ട് അവനു മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ശക്തരായവർ ”വെട്ടുകല്ലുകൊണ്ടു വീട് പണിയുകയും” ”മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കുകയും” ചെയ്യുന്നതോടൊപ്പം, ”നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും” ചെയ്യുന്നു (ആമോസ് 5:11-12). മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നതിലൂടെ സ്വന്തം സുരക്ഷയും ആശ്വാസവും നിലനിർത്തുന്നതിനുപകരം ആമോസ് തിന്മയെ നേരിട്ടു. പ്രവാചകൻ നല്ലതും ആവശ്യമുള്ളതുമായ കുഴപ്പങ്ങൾ ഉണ്ടാക്കി.

എന്നാൽ ഈ പ്രശ്‌നം എല്ലാവർക്കുമുള്ള നീതി ലക്ഷ്യമിടുന്നതായിരുന്നു. ”നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ!” ആമോസ് ഉദ്‌ഘോഷിച്ചു (വാ. 24). നാം നല്ല കുഴപ്പങ്ങളിൽ അകപ്പെടുമ്പോൾ (നീതി ആവശ്യപ്പെടുന്ന ധാർമ്മികവും അഹിംസാത്മകവുമായ കുഴപ്പം), ലക്ഷ്യം എല്ലായ്‌പ്പോഴും നന്മയും സൗഖ്യവും ആയിരിക്കും.