Category  |  odb

ജീവിതമാകുന്ന തീർത്ഥാടനം

വിവിധ മതങ്ങളിൽ നിന്നുള്ള ഇരുപത് കോടിയിലധികം ആളുകൾ ഓരോ വർഷവും തീർത്ഥാടനം നടത്തുന്നു. ഏതെങ്കിലും ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെനിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് പണ്ടുകാലം മുതൽ ആളുകൾ തീർത്ഥാടനത്തിന് പോകുന്നത്. ക്ഷേത്രം, കത്തീഡ്രൽ, പൂജ്യസ്ഥാനം അല്ലെങ്കിൽ, അനുഗ്രഹം ലഭിക്കാവുന്ന മറ്റ് ഉദ്ദിഷ്ടസ്ഥാനങ്ങൾ എന്നിവയിൽ എത്തിച്ചേരുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്‌ഷ്യം.

എന്നാൽ, ബ്രിട്ടനിലെ കെൽറ്റിക് ക്രിസ്ത്യാനികളുടെ തീർത്ഥാടനം വ്യത്യസ്തമായിരുന്നു. അവർ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ ഏതെങ്കിലും കാട്ടിലേക്ക് പുറപ്പെടുന്നു. അല്ലെങ്കിൽ, ഒരു ബോട്ടിൽ കയറി, സമുദ്രം അവരെ എവിടെ കൊണ്ടുപോകുന്നുവോ അവിടേക്ക് ഒഴുകിപ്പോകുന്നു. അവർക്ക് തീർത്ഥാടനമെന്നാൽ, അപരിചിതമായ പ്രദേശത്ത് ദൈവത്തെ ആശ്രയിക്കുന്നതാണ്; അനുഗ്രഹം ലഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തല്ല, യാത്രയ്ക്കിടയിലാണ്.

കെൽറ്റുകളെ സംബന്ധിച്ചിടത്തോളം എബ്രായർ 11 ഒരു പ്രധാന വേദഭാഗമായിരുന്നു. ക്രിസ്തുവിലുള്ള ജീവിതം, ലോകത്തിന്റെ വഴികൾ ഉപേക്ഷിച്ച് പരദേശികളെപ്പോലെ ദൈവത്തിന്റെ നഗരത്തിലേക്കുള്ള യാത്രയായതുകൊണ്ട്, ഒരു തീർത്ഥാടനം അവരുടെ ജീവിതയാത്രയുടെ പ്രതിഫലനമായിരുന്നു  (വാ. 13-16). തങ്ങളുടെ, ബുദ്ധിമുട്ടുള്ളതും, അപരിചിതവുമായ പാതയിലൂടെ ദൈവത്തിന്റെ കരുതലിൽ ആശ്രയിച്ചുകൊണ്ട്, ആ തീർത്ഥാടകർ പഴയകാല വിശ്വാസവീരന്മാർ ജീവിച്ചിരുന്ന തരത്തിലുള്ള വിശ്വാസം വളർത്തിയെടുത്തു (വാക്യം 1-12).

നാം ശാരീരികമായി യാത്രചെയ്താലും ഇല്ലെങ്കിലും പഠിക്കേണ്ട ഒരു പാഠം: യേശുവിൽ വിശ്വസിച്ചവർക്ക് ജീവിതം, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തേക്കുള്ള ഒരു തീർത്ഥാടനമാണ്. അത് ഇരുണ്ട വനങ്ങളും, അടഞ്ഞ വഴികളും, പരീക്ഷണങ്ങളും നിറഞ്ഞതാണ്. അതിലൂടെ നാം യാത്ര ചെയ്യുമ്പോൾ, വഴിയിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നതിനുള്ള അനുഗ്രഹം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

 

അന്യോന്യമുള്ള പഠനം

സൂം മീറ്റിംഗ് പ്രചാരത്തിലാകുന്നതിന് വളരെ മുമ്പ്, ഒരു പ്രോജക്റ്റ് ചർച്ച ചെയ്യുന്നതിനായി ഒരു സുഹൃത്ത് അവളുടെ ഒരു വീഡിയോ കോളിൽ ചേരാൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ, എനിക്ക് അതിനെക്കുറിച്ച് നല്ല ഗ്രാഹ്യമില്ലെന്ന് എന്റെ ഇമെയിലുകളിൽ നിന്ന് അവൾക്ക് മനസ്സിലായി. അതിനാൽ വീഡിയോ കോൾ വിളിക്കാൻ എന്നെ സഹായിക്കാൻ ഒരു കൗമാരക്കാരന്റെ സഹായം തേടാൻ അവൾ നിർദ്ദേശിച്ചു.

ഈ നിർദ്ദേശം, തലമുറകൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. 

രൂത്തിന്റെയും നവോമിയുടെയും കഥയിൽ കാണുന്ന ഒരു കാര്യമാണത്. രൂത്ത് വിശ്വസ്തയായ മരുമകളായി പ്രകീർത്തിക്കപ്പെടുന്നു. തന്റെ സ്വദേശം വിട്ട് നവോമിയുടെ കൂടെ ബേത്ത്ലേഹെമിലേക്ക് പോകാൻ രൂത്ത് തീരുമാനിച്ചു (രൂത്ത് 1:16-17). അവർ പട്ടണത്തിൽ എത്തിയപ്പോൾ യുവതി നവോമിയോട്, “ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ" എന്നു ചോദിച്ചു (2:2). അവൾ പ്രായമായ സ്ത്രീയെ സഹായിച്ചു, അവൾ ബോവസിനെ വിവാഹം കഴിക്കാൻ യുവതിയെ സഹായിച്ചു. രൂത്തിന്റെ ഭർതൃപിതാവിന്റെ സ്വത്ത് വാങ്ങുന്നതിനും രൂത്തിനെ "ഭാര്യയായി" സ്വീകരിക്കുന്നതിനും നടപടിയെടുക്കാൻ രൂത്തിനോടുള്ള നവോമിയുടെ ഉപദേശം ബോവസിന് പ്രേരകമായിത്തീർന്നു (4:9-10).

തങ്ങളുടെ അനുഭവജ്ഞാനം യുവതലമുറയുമായി പങ്കിടുന്നവരുടെ ഉപദേശം നാം തീർച്ചയായും മാനിക്കുന്നു. എന്നാൽ, നമ്മെക്കാൾ മുതിർന്നവരിൽ നിന്നും നാം പഠിക്കുന്നതുപോലെ, പ്രായം കുറഞ്ഞവരിൽ   നിന്നും നമുക്ക് ചിലത് പഠിക്കാനുണ്ട്. തലമുറകൾ തമ്മിലുള്ള ഗാഢമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് ശ്രമിക്കാം. അത് നമ്മെ അനുഗ്രഹിക്കുകയും നമുക്ക് അറിയാത്ത പലതും പഠിക്കാൻ സഹായിക്കുകയും ചെയ്യും.

 

വിനീതനായ ജോൺ

പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോർണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ  ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം  ഫലം പുറപ്പെടുവിക്കുകയും ചെയ്തു.

താൻ സേവിക്കുന്നവരെ സ്‌നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌ത അപ്പോസ്‌തലനായ പൗലോസിന്റെ മാതൃകയാണ്‌ ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് "ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ" നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി "പ്രകാശിപ്പിക്കണമെന്നും" പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.

ജോർണും, അപ്പോസ്‌തലനായ പൗലോസും, തങ്ങൾ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്‌തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യാം.

 

ദൈവഭയത്തിൽ

ചില കാര്യങ്ങളെയോ, സാഹചര്യങ്ങളെയോ കുറിച്ചുള്ള "യുക്തിരഹിതമായ ഭയം" എന്നാണ് ഒരു ഫോബിയയെ നിർവചിച്ചിരിക്കുന്നത്. അരക്നോഫോബിയ എന്നത് ചിലന്തികളെ ഭയപ്പെടുന്നതാണ് (ചിലർ വാദിച്ചേക്കാം, ഇത് തികച്ചും യുക്തിസഹമായ കാര്യമാണ്!). പിന്നെ ഗ്ലോബോഫോബിയയും, ചോക്കൊലേറ്റോഫോബിയയും ഉണ്ട്. ഇങ്ങനെ നാനൂറോളം ഭയങ്ങൾ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തിനേയും നാം ഭയപ്പെടാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം.

പത്തു കൽപ്പനകൾ ലഭിച്ചശേഷം യിസ്രായേല്യർ ഭയപ്പെട്ടിരുന്നതായി ബൈബിൾ പറയുന്നു: “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും . . . വിറെച്ചുകൊണ്ടു ദൂരത്തു നിന്നു” (പുറപ്പാട് 20:18). ഏറ്റവും രസകരമായ ഈ പ്രസ്താവന നൽകി മോശ അവരെ ആശ്വസിപ്പിച്ചു: “ഭയപ്പെടേണ്ട. ദൈവഭയം നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണ്ടതിന് നിങ്ങളെ പരീക്ഷിക്കാനാണ് ദൈവം വന്നിരിക്കുന്നത്” (വാക്യം 20). മോശ പറഞ്ഞതിൽ വിരോധാഭാസം തോന്നുന്നു: "ഭയപ്പെടേണ്ട, എന്നാൽ ഭയപ്പെടണം." വാസ്‌തവത്തിൽ, “ഭയം” എന്നതിനുള്ള എബ്രായ പദത്തിൽ കുറഞ്ഞത്‌ രണ്ട്‌ അർഥങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു—എന്തിനെയെങ്കിലും കുറിച്ചുള്ള ഭയം, അല്ലെങ്കിൽ ദൈവത്തോടുള്ള ആദരവോടെയുള്ള ഭയം.

ഗ്ലോബോഫോബിയ ബലൂണുകളോടുള്ള ഭയമാണെന്നും, ചോക്കൊലേറ്റോഫോബിയ ചോക്കൊലേറ്റിനോടുള്ള ഭയമാണെന്നും മനസ്സിലാക്കുമ്പോൾ നാം ചിരിച്ചുപോകും. എല്ലാത്തരം കാര്യങ്ങളെയും നമുക്ക് ഭയപ്പെടാം എന്നതാണ് ഫോബിയയെക്കുറിച്ചുള്ള കൂടുതൽ ഗുരുതരമായ സത്യം. ചിലന്തികളെപ്പോലെ ഭയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ലോകം നമ്മെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമായി മാറാം. ഫോബിയയോടും, ഭയത്തോടും പോരാടുമ്പോൾ, നമ്മുടെ ദൈവം ഭയങ്കരനായ ദൈവമാണെന്നും, ഇരുട്ടിന്റെ നടുവിൽ അവൻ ഏറ്റവും അടുത്ത ആശ്വാസം ആകുന്നു എന്നും ഓർമ്മിക്കുന്നത് നല്ലതാണ്.

 

സൽപ്രവൃത്തികളിൽ സമ്പന്നൻ

കൈകൊണ്ട്, വസ്ത്രങ്ങൾ ബ്രഷ് ചെയ്ത്, അലക്കിയുണക്കി, ഇസ്തിരിയിടുന്ന ഒരു അലക്കുകാരിയായി എഴുപത് വർഷം കഠിനാധ്വാനം ചെയ്ത ശേഷം ഒടുവിൽ എൺപത്തിയാറാം വയസ്സിൽ ഓസിയോള മെക്കാർടി വിരമിക്കാൻ തയ്യാറായി. അത്രയും വർഷങ്ങൾ തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് അവർ കരുതലോടെ മിച്ചംപിടിച്ച $150,000 (ഏകദേശം ₹1.24 കോടി), തന്റെ കൂടെയുള്ളവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, നിർദ്ധനരായ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഫണ്ട് ഉണ്ടാക്കുന്നതിനായി, ഓസിയോള അടുത്തുള്ള സർവകലാശാലയ്ക്ക്  സംഭാവന നൽകി. അവരുടെ ത്യാഗപൂർണ്ണമായ സംഭാവനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നൂറുകണക്കിന് ആളുകൾ സംഭാവന നൽകി. അതുമൂലം അവരുടെ സ്‌കോളർഷിപ്പ് ഫണ്ട് മൂന്നിരട്ടിയായി വർധിച്ചു.

സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുമ്പോളല്ല, മറ്റുള്ളവരുടെ അനുഗ്രഹത്തിനായി ഉപയോഗിക്കുമ്പോളാണ് തന്റെ സമ്പത്തിന് മൂല്യമുണ്ടാകുന്നത് എന്ന് ഓസിയോള മനസ്സിലാക്കി.   

ഈ ലോകത്തിൽ സമ്പന്നരായവരോട് "സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ" (1 തിമൊഥെയൊസ് 6:18) കൽപ്പിക്കാൻ അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. നമുക്ക് ഓരോരുത്തർക്കും കാര്യവിചാരകന്മാരായി ഉപയോഗിക്കുവാനാണ് സമ്പത്ത് നൽകിയിട്ടുള്ളത്. അത് പണമോ മറ്റ് വിഭവങ്ങളോ ആകാം. നമ്മുടെ വിഭവങ്ങളിൽ ആശ്രയിക്കുന്നതിനുപകരം, ദൈവത്തിൽ മാത്രം പ്രത്യാശ വെക്കാൻ പൗലോസ് മുന്നറിയിപ്പ് നൽകുന്നു (വാക്യം 17). നാം "ദാനശീലരും ഔദാര്യമുള്ളവരുമായി" സ്വർഗത്തിൽ  നിക്ഷേപം ഉണ്ടാക്കണം (വാക്യം 18).

ദൈവത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ, പിശുക്ക് കാണിക്കുന്നതും, ഉദാരമനസ്കത കാണിക്കാത്തതും ഒന്നുമില്ലായ്മയിലേക്ക് നയിക്കുന്നു. സ്നേഹപൂർവ്വം മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ നമുക്ക് ചാരിതാർഥ്യം ലഭിക്കുന്നു. കൂടുതലായി വേണമെന്ന് ആഗ്രഹിക്കുന്നതിന് പകരം ദൈവഭക്തിയും സംതൃപ്തിയും ഉണ്ടായിരിക്കുന്നത് വലിയ നേട്ടമാണ് (വാക്യം 6). ഓസിയോളയെപ്പോലെ നമുക്ക് എങ്ങനെ ഔദാര്യമായി നൽകാൻ സാധിക്കും? ദൈവഹിതപ്രകാരം സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ ഇന്ന് നമുക്ക് പരിശ്രമിക്കാം.