Category  |  odb

ഉദാരമായ വിശ്വാസം

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാഷ്ട്രീയ നേതൃത്വത്തിലെ പ്രക്ഷുബ്ധമായ മാറ്റത്തെത്തുടർന്ന് തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങളുടെ സഭക്ക് അവസരം ലഭിച്ചു. ഒരു ചെറിയ ബാഗിൽ ഒതുക്കാവുന്ന സാധനങ്ങൾ മാത്രം കൊണ്ടാണ് എല്ലാ കുടുംബങ്ങളും എത്തിയത്. ഞങ്ങളുടെ സഭയിലെ കുടുംബങ്ങളിൽ പലതും തങ്ങളുടെ വീടുകൾ തുറന്നു കൊടുത്തു, ചില വീടുകളിൽ സ്ഥലം തീരെ കുറവായിരുന്നു എങ്കിൽ പോലും.

ഈ ഉദാരമായ ആതിഥ്യം, വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോൾ യിസ്രായേല്യർക്ക് ലഭിച്ച ദൈവത്തിന്റെ ത്രിമുഖ കൽപ്പനയെ ഓർമ്മിപ്പിക്കുന്നു (ആവർത്തനം 24:19-21). ഒരു കാർഷിക സമൂഹം എന്ന നിലയിൽ അവർ വിളവെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അടുത്ത വർഷം വരെ ജീവിക്കുവാൻ അവർക്ക് കാർഷിക ഉൽപ്പന്നങ്ങൾ അത്യാവശ്യമായിരുന്നു. "അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ." (വാക്യം 19) എന്ന കൽപ്പന അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കാനുള്ള ഒരു അഭ്യർത്ഥനയായി മാറുന്നു. യിസ്രായേല്യർ ഔദാര്യം കാണിക്കേണ്ടത് തങ്ങൾക്ക് സമൃദ്ധിയുള്ളപ്പോൾ മാത്രമല്ല, ദൈവത്തിന്റെ കരുതലിൽ ആശ്രയിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് കൊടുക്കുന്നതിലൂടെയും ആണ്.

അത്തരം ആതിഥ്യം "[അവർ] ഈജിപ്തിൽ അടിമകളായിരുന്നു" എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു (വാ. 18, 22). അവർ ഒരിക്കൽ അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായിരുന്നു. അവർ ഔദാര്യം കാണിക്കുന്നതിലൂടെ, അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ദൈവത്തിന്റെ കൃപ അവർ ഓർക്കുന്നു.

അതുപോലെ, യേശുവിൽ വിശ്വസിക്കുന്നവരും  ഉദാരമനസ്കരായിരിക്കണമെന്ന് വേദപുസ്തകം ഉദ്ബോധിപ്പിക്കുന്നു. പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു, "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു ..." (2 കൊരിന്ത്യർ 8:9). അവൻ നമുക്ക് തന്നതിനാൽ നാമും നൽകുന്നു.

 

സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷ

സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളർന്നുപോയ ആളുകൾക്ക് ശുഭപ്രതീക്ഷ നൽകിക്കൊണ്ട് ജർമ്മൻ ഗവേഷകർ പേശികൾക്കും തലച്ചോറിനുമിടയിലുള്ള നാഡീവ്യൂഹത്തെ വീണ്ടും ബന്ധിപ്പിക്കുന്നതിന് നാഡീ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. തളർവാതം ബാധിച്ച എലികൾക്ക് വീണ്ടും നടക്കാൻ ഈ ചികിത്സാരീതി സഹായിച്ചു. ഈ ചികിത്സ മനുഷ്യർക്ക് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ പരിശോധന തുടരും.

പക്ഷാഘാതം ബാധിച്ചവർക്കു വേണ്ടി ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്ന കാര്യം, യേശു അത്ഭുതങ്ങളിലൂടെ ചെയ്തു. രോഗബാധിതർ പലരും സൗഖ്യം പ്രതീക്ഷിച്ച് കിടന്നിരുന്ന ബേഥെസ്ദായിലെ കുളം സന്ദർശിച്ചപ്പോൾ, "മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന" (യോഹന്നാൻ 5:5) ഒരു മനുഷ്യനെ യേശു കണ്ടു. ആ മനുഷ്യൻ തീർച്ചയായും സുഖപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, എഴുന്നേറ്റു നടക്കാൻ ക്രിസ്തു അവനോട് പറഞ്ഞു. “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു” (വാക്യം 9).

നമ്മുടെ എല്ലാ ശാരീരിക രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. അന്ന് യേശു സൗഖ്യമാക്കാത്ത മറ്റു ചിലരും കുളക്കരയിൽ ഉണ്ടായിരുന്നല്ലോ. എന്നാൽ അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ നൽകുന്ന സൗഖ്യം അനുഭവിക്കാൻ കഴിയും—നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും, കയ്പ്പിൽ നിന്ന് കൃപയിലേക്കും, വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമിക്കാനുള്ള സന്നദ്ധതയിലേക്കും. ഒരു ശാസ്ത്രീയ കണ്ടുപിടുത്തത്തിനും (അല്ലെങ്കിൽ, കുളത്തിനും) നമുക്ക് അത്തരം രോഗശാന്തി നൽകാൻ കഴിയില്ല; അതു വിശ്വാസത്താൽ മാത്രം വരുന്നു.

 

സേവനത്തിന്റെ ഹൃദയം

എന്റെ "അമ്മാവൻ" എമറി അന്തരിച്ചപ്പോൾ, അദ്ദേഹത്തെക്കുറിച്ച് പലരും വ്യത്യസ്തമായ ഓർമ്മകൾ പങ്കുവച്ചു. എന്നാൽ, എല്ലാവരുടെയും ഓർമ്മകളിൽ പൊതുവായിട്ടുണ്ടായിരുന്ന ഒരു കാര്യം ഇതായിരുന്നു—മറ്റുള്ളവരെ സേവിക്കുന്നതിലൂടെ എമറി ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഏറ്റവും അധികം പ്രകടമായത് രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ അദ്ദേഹം 'കോർമെൻ' (യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിക്കുന്ന ആൾ) ആയിരുന്നപ്പോഴാണ്. ആയുധമില്ലാതെ യുദ്ധത്തിനിറങ്ങുന്ന ഒരു വൈദ്യനാണ് കോർമെൻ. ധീരതയ്ക്ക് ഉയർന്ന സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു, എന്നാൽ യുദ്ധകാലത്തും അതിനുശേഷവും എമറിയെ ആളുകൾ ഏറ്റവും കൂടുതൽ ഓർക്കുന്നത് അദ്ദേഹത്തിന്റെ അനുകമ്പയുള്ള സേവനത്തിന്റെ പേരിലാണ്.

പൗലോസ് ഗലാത്യരോട് ആഹ്വാനം ചെയ്ത കാര്യം എമറി തന്റെ നിസ്വാർത്ഥതയിലൂടെ പ്രാവർത്തികമാക്കി. പൗലോസ് എഴുതി, “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.” (ഗലാത്യർ 5:13). പക്ഷെ എങ്ങനെ? നമ്മുടെ തകർന്ന അവസ്ഥയിൽ, മറ്റുള്ളവരെക്കാൾ നമുക്കുതന്നെ ഒന്നാം സ്ഥാനം നൽകാൻ നാം കഠിനമായി ശ്രമിക്കുന്നു. അപ്പോൾ നമ്മുടെ സ്വഭാവത്തിൽ ഇല്ലാത്ത ഈ നിസ്വാർത്ഥത എവിടെ നിന്ന് വരും?

പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നു: “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫിലിപ്പിയർ 2:4-5). നമ്മോടുള്ള അവന്റെ വലിയ സ്നേഹത്താൽ ക്രൂശിൽ മരിക്കാൻ പോലും ക്രിസ്തു തയ്യാറായതിനെ പൗലോസ് വിവരിക്കുന്നു. പരിശുദ്ധാത്മാവ്, ക്രിസ്തുവിന്റെ ഭാവം നമ്മിൽ ഉളവാക്കുമ്പോൾ മാത്രമേ നാം മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ പ്രാപ്തരാകുകയുള്ളൂ. അപ്പോൾ, യേശു നമുക്കുവേണ്ടി സ്വയം സമർപ്പിച്ചതുവഴി ചെയ്ത പരമ ത്യാഗത്തെ പ്രതിഫലിപ്പിക്കാൻ നമുക്ക് കഴിയും. നമ്മിലുള്ള  പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമുക്ക്  കീഴടങ്ങാം.

ആശയക്കുഴപ്പങ്ങളും ആഴത്തിലുള്ള വിശ്വാസവും

ശനിയാഴ്ച രാവിലെ ഒരു ബൈബിൾ പഠനം നടക്കുന്നു. അതിൽ സംബന്ധിച്ച ഒരു പിതാവ് തന്റെ പ്രിയപ്പെട്ട, എന്നാൽ വഴിപിഴച്ച മകൾ നഗരത്തിലേക്ക് മടങ്ങിയെത്തിയതിനാൽ  ആശയക്കുഴപ്പത്തിലായിരുന്നു. അവളുടെ മോശം പെരുമാറ്റം കാരണം തന്റെ വീട്ടിൽ അവൾ താമസിക്കുന്നതിൽ അയാൾ അസ്വസ്ഥനായിരുന്നു. പഠനത്തിൽ സംബന്ധിച്ച മറ്റൊരു വ്യക്തി, ദീർഘകാല രോഗവും വാർദ്ധക്യവും മൂലം ക്ഷീണിതയായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും കാര്യമായ രോഗശമനം അവർക്ക് ലഭിച്ചിക്കാത്തതിനാൽ അവർ നിരാശയിലായിരുന്നു. ദൈവത്തിന്റെ ഹിതപ്രകാരം, അവർ അന്ന് പഠിച്ചത് മർക്കോസ് അഞ്ചാം അദ്ധ്യായം ആയിരുന്നു. ആ ബൈബിൾ പഠനം കഴിഞ്ഞപ്പോൾ അവർക്ക് എല്ലാം പ്രത്യാശയും സന്തോഷവും അനുഭവിച്ചറിയാൻ കഴിഞ്ഞു.

മർക്കോസ് 5:23-ൽ, അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുടെ പിതാവായ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണു, "എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു." പെൺകുട്ടിയെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ, പേര് എഴുതപ്പെടാത്ത ഒരു സ്ത്രീയുടെ ദീർഘകാലമായ രോഗം  യേശു സുഖപ്പെടുത്തി, "മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (വാക്യം 34). യേശുവിലുള്ള വിശ്വാസത്താൽ പ്രേരിതരായ യായീറൊസും, സ്ത്രീയും അവനെ അന്വേഷിച്ചു, അവർ നിരാശരാക്കപ്പെട്ടില്ല. എന്നാൽ, യേശുവിനെ കണ്ടുമുട്ടി പ്രശ്നം പരിഹരിക്കപ്പെടുന്നതിന് മുമ്പ്  

ആ രണ്ടുപേരുടെയും കാര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികൾ ആരെയും വെറുതെ വിടുന്നില്ല. സ്ത്രീ പുരുഷ വർഗ വർണ്ണ ഭേദമെന്യേ നാമെല്ലാം നമ്മെ വലക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നു. എന്നാൽ നാം നേരിടുന്ന വെല്ലുവിളികൾ നമ്മെ യേശുവിൽ നിന്ന് അകറ്റരുത്, മറിച്ച്, വിശ്വാസത്തിൽ ഉറപ്പിക്കുകയാണ് വേണ്ടത്. കാരണം നാം സ്പർശിക്കുന്നത് അറിഞ്ഞ് (വാ. 30)നമ്മെ സൗഖ്യമാക്കുന്നവനാണ് യേശു.

യേശുവിനെ പ്രതീക്ഷിച്ചുകൊണ്ട്

എന്റെ സുഹൃത്ത് പോൾ തന്റെ റഫ്രിജറേറ്റർ നന്നാക്കാൻ ഒരു ടെക്നീഷ്യന്റെ വരവും കാത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഗൃഹോപകരണ കമ്പനിയുടെ ഒരു സന്ദേശം വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “യേശു യാത്രയിലാണ്, ഏകദേശം 11:35 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ടെക്നീഷ്യന്റെ പേര് യഥാർത്ഥത്തിൽ യേശു (സ്പാനിഷ് ഭാഷയിൽ, hay-SOOS) ആണെന്ന് പോളിന് ഉടനെ മനസ്സിലായി.

എന്നാൽ ദൈവപുത്രനായ യേശു എപ്പോൾ വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അവൻ ഒരു മനുഷ്യനായി വന്ന് നമ്മുടെ പാപത്തിന്റെ ശിക്ഷ അനുഭവിച്ചപ്പോൾ, താൻ മടങ്ങിവരുമെന്ന് അവൻ പറഞ്ഞു—എന്നാൽ അവന്റെ മടങ്ങിവരവിന്റെ കൃത്യമായ "നാളും നാഴികയും" പിതാവിന് മാത്രമേ അറിയൂ (മത്തായി 24:36). നമ്മുടെ രക്ഷകൻ ഭൂമിയിലേക്ക് മടങ്ങിവരുന്ന നിമിഷം അറിയുകയാണെങ്കിൽ അത് നമ്മുടെ ദൈനംദിന മുൻഗണനകളിൽ എന്ത് വ്യത്യാസം വരുത്തും? (യോഹന്നാൻ 14:1-3).

യേശുവിന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്കാൻ യേശു നിർദ്ദേശം നൽകി: "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരും" (മത്തായി 24:44). അവൻ നമ്മെ ഓർമ്മിപ്പിച്ചു, "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ"  (വാക്യം 42).

ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ദിവസം, നമുക്ക് ഒരു മുന്നറിയിപ്പ് നൽകാൻ നമ്മുടെ ഫോണിൽ ഒരു അലർട്ട് ലഭിക്കില്ല. അതിനാൽ, നമ്മിലൂടെ പ്രവർത്തിക്കുന്ന ആത്മാവിന്റെ ശക്തിയിലൂടെ, നമുക്ക് നിത്യതയുടെ വീക്ഷണത്തോടെ ഓരോ ദിവസവും ജീവിക്കാം. ദൈവത്തെ സേവിക്കുകയും അവന്റെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.