ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ
രസകരവും മത്സരസ്വഭാവവുമുള്ള പാമ്പും കോണിയും കളിയിൽ വിജയിച്ച എന്റെ അഞ്ചുവയസ്സുകാരിയുടെ വിജയഘോഷ ചിത്രം കാണിച്ചുതന്നുകൊണ്ട് ഒരു ഫേസ്ബുക്ക് മെമ്മറി എനിക്കുവന്നു. കുട്ടിക്കാലത്തു ഞാനും എന്റെ സഹോദരീസഹോദരന്മാരും പാമ്പും കോണിയും പലപ്പോഴും കളിച്ചിരുന്നതിനാൽ, ഞാൻ അവരേയും ഈ പോസ്റ്റിൽ ടാഗു ചെയ്തു. വളരെയധികം രസകരമായ ഈ കളി, നിരവധി നൂറ്റാണ്ടുകളായി ആളുകൾ കളിക്കുന്ന ഒന്നാണ്. ഇതു കളിക്കാരെ എണ്ണൽ പഠിക്കാൻ സഹായിക്കുകയും കോണി കയറിക്കയറി ഏറ്റവും വേഗത്തിൽ 100-ൽ എത്തി കളി ജയിക്കുന്നതിലുള്ള ആവേശം നൽകുകയും ചെയ്യുന്നു. എന്നാൽ സൂക്ഷിക്കുക! നിങ്ങൾ 98-ാം ഇടത്തിൽ വന്നുചേരുകയാണെങ്കിൽ, അവിടെയുള്ള ഒരു പാമ്പു കാരണം നിങ്ങൾ വളരെ താഴേക്കു പോകാൻ ഇടയാകും. അതു നിങ്ങളുടെ വിജയത്തെ വൈകിപ്പിക്കുകയോ വിജയിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യും.
ജീവിതം പോലെ തന്നെയല്ലേ അതും? നമ്മുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്കായി യേശു നമ്മെ ഒരുക്കിയിരിക്കുന്നു. നാം “കഷ്ടം” അനുഭവിക്കേണ്ടിവരുമെന്ന് അവൻ പറഞ്ഞു (യോഹന്നാൻ 16:33). എന്നാൽ അവൻ സമാധാനത്തിന്റെ സന്ദേശവും പങ്കിട്ടു. നാം നേരിടുന്ന പരീക്ഷകളിൽ നാം കുലുങ്ങിപ്പോകേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ക്രിസ്തു ലോകത്തെ ജയിച്ചിരിക്കുന്നു! അവന്റെ ശക്തിയെക്കാൾ വലുതായി ഒന്നുമില്ല എന്നതിനാൽ നമുക്കു നേരെ വരുന്നതെന്തിനേയും അവൻ നമുക്കു ലഭ്യമാക്കിയിരിക്കുന്ന “ബലത്തിൻ വല്ലഭത്വത്താൽ” നേരിടാൻ കഴിയും (എഫെസ്യർ 1:19).
പാമ്പും കോണിയിലും ഉള്ളതുപോലെ, ചിലപ്പോഴൊക്കെ നമ്മെ സന്തോഷത്തോടെ കയറിപ്പോകാൻ അനുവദിക്കുന്ന ഒരു കോണി ജീവിതം സമ്മാനിക്കുന്നു. എന്നാൽ മറ്റുചിലപ്പോൾ ഒരു വഴുക്കലുള്ള പാമ്പിനാൽ നാം താഴേക്കു വീണുപോകാൻ ഇടയായിത്തീരുന്നു. പക്ഷേ, ജീവിതത്തിന്റെ ഈ കളി പ്രത്യാശയില്ലാതെ നാം കളിക്കേണ്ടതില്ല. അതിനെയെല്ലാം തരണം ചെയ്യാൻ നമ്മെ സഹായിക്കാൻ യേശുവിന്റെ ശക്തി നമുക്കുണ്ട്.

ദൈവത്തിന്റെ നീതിയും കൃപയും
സംസ്കാരത്തിന്റെ നാശത്തെ ചിത്രീകരിക്കുന്ന മഹാദുരന്താനന്തര ഭൂപ്രകൃതി ചിത്രങ്ങൾക്ക് പേരുകേട്ട വ്യക്തിയായിരുന്നു ബ്രിട്ടീഷ് ചിത്രകാരനായ ജോൺ മാർട്ടിൻ (1789-1854). അതിമനോഹരമായ ഈ ചിത്രങ്ങളിൽ, നാശത്തിന്റെ വ്യാപ്തിയിലും ആസന്നമായ വിനാശത്തിനെതിരെ ചെറുത്തുനിൽക്കാനുള്ള ശക്തിയില്ലായ്മയിലും മനുഷ്യർ സംഭ്രമിച്ചുപോകുന്നു. ദി ഫാൾ ഓഫ് നിനെവേ എന്ന ഒരു പെയിന്റിംഗിൽ, ഇരുണ്ട മേഘങ്ങൾക്ക് കീഴിൽ ഉയർന്നുവരുന്ന തിരമാലകളുടെ വരാനിരിക്കുന്ന നാശത്തിൽ നിന്ന് പലായനം ചെയ്യുന്ന വ്യക്തികളെ ചിത്രീകരിക്കുന്നു.
മാർട്ടിന്റെ പെയിന്റിംഗിന് രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ്, നഹൂം പ്രവാചകൻ നിനവേയ്ക്കെതിരെ അതിന്റെ ന്യായവിധി പ്രവചിച്ചു. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ അടിച്ചമർത്തുന്നവരുടെ മേലുള്ള ദൈവക്രോധത്തെ പ്രതീകപ്പെടുത്താൻ പ്രവാചകൻ പർവതങ്ങൾ കുലുങ്ങുന്നതിന്റെയും കുന്നുകൾ ഉരുകിപ്പോകുന്നതിന്റെയും ഭൂമി ഞെട്ടിപ്പോകുന്നതിന്റെയും സാദൃശ്യങ്ങൾ ഉപയോഗിച്ചു (നഹൂം 1:5). എന്നിരുന്നാലും, പാപത്തോടുള്ള ദൈവത്തിന്റെ പ്രതികരണം കൃപയില്ലാത്തതല്ല. ദൈവത്തിന്റെ ശക്തിയെക്കുറിച്ച് നഹൂം തന്റെ ശ്രോതാക്കളെ ഓർമ്മിപ്പിക്കുമ്പോഴും, അവൻ “ദീർഘക്ഷമ” (വാക്യം 3) ഉള്ളവനെന്നും “തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു” (വാ. 7) എന്നും നഹൂം കുറിക്കുന്നു.
ന്യായവിധിയുടെ വിവരണങ്ങൾ വായിക്കുന്നതു മനഃപ്രയാസമുളവാക്കുന്നതാണ്. എങ്കിലും, തിന്മ എതിർക്കപ്പെടാത്ത ഒരു ലോകം ഭയങ്കരമായിരിക്കും. ഭാഗ്യവശാൽ പ്രവാചകൻ ആ കുറിപ്പിൽ അവസാനിപ്പിക്കുന്നില്ല. നല്ലതും നീതിയുക്തവുമായ ഒരു ലോകത്തെ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു: “ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ” (വാക്യം 15). ദൈവവുമായി നമുക്കു സമാധാനം പുലർത്താൻ കഴിയുന്നതിനായി പാപത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച യേശുവാണ് ആ സുവാർത്ത (റോമർ 5:1, 6).

ജ്ഞാനപൂർവ്വമായ സന്തോഷം കണ്ടെത്തുക
മഹാമാരി വിജയിച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു വലിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർക്ക് അങ്ങനെയാണ് തോന്നിയത്. തന്റെ ഏറ്റവും മികച്ച പ്രവർത്തനം എങ്ങനെ കാഴ്ചവയ്ക്കാനാകും? ഒഴിവുസമയങ്ങളിൽ, ചെറിയ സ്നോഫ്ലേക്കുകളുടെ വലുതാക്കിയ ഫോട്ടോകൾ എടുത്തുകൊണ്ട് അദ്ദേഹം വിശ്രമിച്ചു. കേൾക്കുമ്പോൾ “ഭ്രാന്താണെന്നു തോന്നാം,” ഡോക്ടർ പറയുന്നു. എന്നാൽ, ചെറുതെങ്കിലും മനോഹരമായ ഒന്നിൽ സന്തോഷം കണ്ടെത്തുന്നത് “എന്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിക്കാനും കുറച്ച് വ്യക്തികൾ മാത്രം ശ്രദ്ധിക്കാൻ ശ്രമിക്കുന്ന വിധത്തിൽ ലോകത്തെ കാണാനും ഉള്ള അവസരമാണ്.”
സമ്മർദ്ദം ലഘൂകരിക്കാനും പ്രതിരോധശേഷി വളർത്തിയെടുക്കാനുമായി അത്തരം സന്തോഷത്തിനുവേണ്ടി വിവേകപൂർവ്വം തിരയുന്നത് വൈദ്യശാസ്ത്ര തൊഴിലുകളിൽ ഉയർന്ന മൂല്യമുള്ള ഒന്നാണ്, ഡോക്ടർ പറഞ്ഞു. എന്നാൽ എല്ലാവർക്കും വേണ്ടി അദ്ദേഹത്തിന്റെ പക്കൽ ഈ ഉപദേശമുണ്ട്: “നിങ്ങൾ ശ്വാസമെടുക്കണം. ശ്വാസമെടുക്കാനും ജീവിതം ആസ്വദിക്കാനും നിങ്ങൾ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.”
സങ്കീർത്തനക്കാരനായ ദാവീദ് 16-ാം സങ്കീർത്തനത്തിൽ ദൈവത്തിൽ ആനന്ദം കണ്ടെത്തുന്നതിന്റെ ജ്ഞാനം പ്രഖ്യാപിച്ചപ്പോൾ ഈ ചിന്ത പ്രകടിപ്പിച്ചു. “എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു,” അവൻ എഴുതി. “അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.” (വാ. 5, 9).
വിശ്രമത്തിനും വിനോദത്തിനും ശ്രമിക്കുമ്പോൾ വ്യക്തികൾ ചെയ്യുന്ന ബുദ്ധിശൂന്യമായ പല കാര്യങ്ങളുണ്ട്. എന്നാൽ ഈ ഡോക്ടർ വിവേകത്തോടെ ഒരു മാർഗ്ഗം കണ്ടെത്തി - തന്റെ സാന്നിധ്യത്തിന്റെ സന്തോഷം നമുക്ക് പ്രദാനം ചെയ്യുന്ന സ്രഷ്ടാവിലേക്ക് അവനെ നയിക്കുന്ന ഒരു മാർഗ്ഗം. “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു” (വാക്യം 11). അവനിൽ നാം എന്നെന്നേക്കും ആനന്ദം കണ്ടെത്തും.

ദൈവത്തിന്റെ ക്ഷമാപൂർവ്വമായ സ്നേഹം
സുന്ദരിയായ, മൃദുരോമങ്ങളുള്ള ഞങ്ങളുടെ പൂച്ചയുടെ വയറു തടവിക്കൊണ്ട് അതിനോടൊപ്പം കളിക്കുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം അത് എന്റെ മടിയിൽ കിടന്നുറങ്ങുമ്പോൾ, വർഷങ്ങൾക്കു മുമ്പു ഞങ്ങൾ കണ്ടുമുട്ടിയ അതേ പൂച്ചയാണെന്നു വിശ്വസിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്. തെരുവുകളിൽ ജീവിച്ചിരുന്ന, ഭക്ഷണം ലഭിക്കാതെ ഭാരം കുറവുള്ള, എല്ലാവരേയും ഭയപ്പെട്ട് ജീവിച്ചിരുന്ന ഒന്നായിരുന്നു എന്റെ വളർത്തു പൂച്ച. എന്നാൽ ദിവസേന ഞാൻ അതിനു ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്രമേണ അതിനു മാറ്റമുണ്ടായി. ഒടുവിൽ ഒരു ദിവസം അതു ലാളിക്കാൻ എന്നെ അനുവദിച്ചു, ബാക്കി ചരിത്രം.
ക്ഷമയും സ്നേഹവും കാട്ടുന്നതിൽ നിന്നു വരുന്ന സുഖപ്പെടുത്തലിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ പൂച്ചയുടെ പരിവർത്തനം. യെശയ്യാവു 42-ൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ ഹൃദയത്തെ അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവന്റെ ആത്മാവിനാൽ നിറഞ്ഞ, വരാനിരിക്കുന്ന ഒരു ദാസനെക്കുറിച്ച് ആ വാക്യം നമ്മോട് പറയുന്നു (വാ. 1). അവൻ അശ്രാന്തമായും “വിശ്വസ്തതയോടെയും” “ഭൂമിയിൽ” ദൈവത്തിന്റെ “ന്യായം” സ്ഥാപിക്കാൻ പരിശ്രമിക്കും (വാക്യം 3-4).
എന്നാൽ ആ ദാസൻ - യേശു (മത്തായി 12:18-20) - അക്രമത്തിലൂടെയോ അധികാരം അടിച്ചേൽപ്പിക്കുന്നതിലൂടെയോ ആയിരിക്കില്ല ദൈവത്തിന്റെ ന്യായം കൊണ്ടുവരിക. പകരം, അവൻ ശാന്തനും സൗമ്യനുമായിരിക്കും (യെശയ്യാവ് 42: 2). മറ്റുള്ളവർ തള്ളിക്കളയുന്നവരെ - “ചതഞ്ഞവരെയും” മുറിവേറ്റവരെയും - ആർദ്രമായും ക്ഷമയോടെയും പരിപാലിക്കുന്നവനായിരിക്കും അവൻ (വാക്യം 3).
ദൈവം തന്റെ മക്കളെ ഒരിക്കലും കൈവിടുകയില്ല. മുറിവേറ്റ നമ്മുടെ ഹൃദയങ്ങളെ, അവ ഒടുവിൽ സുഖപ്പെടാൻ ആരംഭിക്കുന്നതുവരെ പരിചരിക്കാനായി ആവശ്യമായ സമയം അവന്റെ പക്കലുണ്ട്. അവന്റെ സൗമ്യവും ക്ഷമയും നിറഞ്ഞ സ്നേഹത്തിലൂടെ നാം ക്രമേണ ഒരിക്കൽ കൂടി സ്നേഹിക്കാനും വിശ്വസിക്കാനും പഠിക്കുന്നു.

ദൈവകുടുംബത്തിലേക്ക് ഒട്ടിച്ചു ചേർത്തു
ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവിനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജന്മനഗരം സന്ദർശിച്ചപ്പോൾ, അദ്ദേഹം വളർന്ന കുടുംബ ഫാം ഞങ്ങൾ സന്ദർശിച്ചു. വിചിത്രമായ ഒരു കൂട്ടം മരങ്ങൾ ഞാൻ അവിടെ ശ്രദ്ധിക്കാൻ ഇടയായി. കുട്ടിക്കാലത്ത് തനിക്കു കുസൃതി കാണിക്കാൻ തോന്നുമ്പോൾ, ഒരു ഫലവൃക്ഷത്തിൽ നിന്ന് ഒരു ശിഖരമെടുത്ത്, മറ്റൊരു വർഗ്ഗത്തിൽപെട്ട ഫലവൃക്ഷത്തിൽ ഒരു കീറലുണ്ടാക്കി, മുതിർന്നവർ ചെയ്യുന്നതുപോലെ ആദ്യത്തെ ശിഖരം രണ്ടാമത്തെ തടിയിൽ ചേർത്തുകെട്ടുമായിരുന്നുവെന്നു പിതാവു വിശദീകരിച്ചു. ആ മരങ്ങൾ പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായ ഫലം കായ്ക്കാൻ തുടങ്ങുന്നതുവരെ ആ തമാശകൾ ശ്രദ്ധിക്കപ്പെടാതെ പോയി.
എൻഗ്രാഫ്റ്റിങ്ങ് പ്രക്രിയയെക്കുറിച്ച് എന്റെ പിതാവു വിവരിച്ചപ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് ഒട്ടിച്ചുചേർക്കുന്നതിന്റെ അർത്ഥമെന്താണെന്നതിനെപ്പറ്റി എനിക്ക് ഒരു ചിത്രം ലഭിച്ചു. യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവകുടുംബത്തിലേക്ക് അദ്ദേഹത്തെ ഒട്ടിച്ചുചേർത്തതിനാൽ, അന്തരിച്ച എന്റെ പിതാവ് സ്വർഗ്ഗത്തിലാണെന്ന് എനിക്കറിയാം.
ആത്യന്തികമായി സ്വർഗ്ഗത്തിലായിരിക്കുമെന്ന ഉറപ്പു നമുക്കുമുണ്ടായിരിക്കും. ജാതികൾക്ക് അഥവാ യഹൂദരല്ലാത്തവർക്കു തന്നോട് നിരപ്പാകാൻ ദൈവം ഒരു വഴിയൊരുക്കിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസു റോമിലെ വിശ്വാസികളോടു വിശദീകരിച്ചു: “കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു…” (റോമർ 11:17). നാം ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, നമ്മെ അവനുമായി ഒട്ടിച്ചുചേർത്തുകൊണ്ടു ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാക്കിത്തീർക്കുന്നു. “ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും” (യോഹന്നാൻ 15:5).
ഒട്ടിച്ചുചേർക്കപ്പെട്ട മരങ്ങൾ പോലെ, ക്രിസ്തുവിൽ നാം ആശ്രയിക്കുമ്പോൾ, നാം ഒരു പുതിയ സൃഷ്ടിയായിത്തീർന്നു ധാരാളം ഫലം കായ്ക്കും.
