ദൈവത്തെ പ്രസിദ്ധമാക്കുക
രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം. [ വെളിപ്പാട് 7:10 ]
ദൈവത്തെ പ്രസിദ്ധമാക്കുക
ദൈവത്തോടും ജനങ്ങളോടുമുള്ള സ്നേഹമാണ് കാതറിന്റെ ബൈബിൾ വിവർത്തന ശുശ്രൂഷയുടെ മുഖ്യ പ്രേരണ. ഇന്ത്യയിലെ സ്ത്രീകൾ അവരുടെ മാതൃഭാഷയിൽ തിരുവെഴുത്തുകൾ വായിക്കുകയും അത് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവൾ സന്തോഷിക്കുന്നു. അവർ അങ്ങനെ ചെയ്യുമ്പോൾ, “അവർ പലപ്പോഴും ആഹ്ലാദിക്കാനോ കൈയടിക്കാനോ തുടങ്ങും. അവർ യേശുവിനെക്കുറിച്ച് വായിക്കുകയും ‘അത്ഭുതകരം!’ എന്ന് പറയുകയും ചെയ്യുന്നു.’’
കൂടുതൽ ആളുകൾ സ്വന്ത ഭാഷയിൽ തിരുവെഴുത്തുകൾ വായിക്കണമെന്ന് കാതറിൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിൽ, അവൾ പത്മോസ് ദ്വീപിൽ വൃദ്ധനായ അപ്പൊസ്തലൻ യോഹന്നാന്റെ ദർശനത്തെ അവളുടെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ആത്മാവിലൂടെ, ദൈവം അവനെ സ്വർഗ്ഗത്തിന്റെ സിംഹാസന മുറിയിലേക്ക് ആനയിച്ചു, അവിടെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു’’ അവൻ കണ്ടു (വെളിപ്പാട് 7:9). “രക്ഷ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം’’ (വാ. 10) എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും ഒരുമിച്ച് ദൈവത്തെ ആരാധിച്ചു.
തന്നെ പുകഴ്ത്തുന്ന ആളുകളുടെ എണ്ണം കൂട്ടുന്നത് ദൈവം ഇപ്പോഴും തുടരുന്നു. ബൈബിൾ വിവർത്തകരുടെയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുടെയും മാത്രമല്ല, യേശുവിന്റെ സുവാർത്തയുമായി സ്നേഹത്തോടെ അയൽക്കാരെ സമീപിക്കുന്നവരെയും അവൻ ഉപയോഗിക്കുന്നു. “നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും’’ (വാ. 12) ഉണ്ടാകട്ടെ. എമി ബോഷർ പൈ
ദൈവത്തെ സ്തുതിക്കാനും ബഹുമാനിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിനെ
നിങ്ങൾ എങ്ങനെ കാണുന്നു? യേശുവിനെക്കുറിച്ചുള്ള സുവാർത്ത
പ്രചരിപ്പിക്കാനുള്ള അവന്റെ ദൗത്യത്തിൽ പങ്കുചേരാൻ അവൻ നിങ്ങളെ എങ്ങനെയാണ് ക്ഷണിക്കുന്നത്?
രക്ഷകനായ ദൈവമേ, യേശു എന്ന ദാനത്തിന് നന്ദി പറയുന്നു. അങ്ങയുടെ അത്ഭുതകരമായ സ്നേഹത്തെ മറ്റുള്ളവരുമായി പങ്കിടാൻ എന്നെ സഹായിക്കണമേ.

ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക
സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു. [ പുറപ്പാട് 31:4-5 ]
ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക
“ഇന്റർനാഷണൽ ബുക്ക് എക്സ്പോയിൽ ഒരു ഓൺസൈറ്റ് റേഡിയോ പ്രക്ഷേപണം സംഘടിപ്പിക്കുക എന്നതാണ് നിങ്ങളുടെ ജോലി,’’ എന്ന് എന്റെ ബോസ് എന്നോട് പറഞ്ഞു. ഇത് എനിക്ക് പരിചിതമല്ലാത്ത മേഖലയായതിനാൽ എനിക്ക് ഭയം തോന്നി. ദൈവമേ, ഞാൻ ഇതുപോലെ ഒന്നും ചെയ്തിട്ടില്ല, എന്നെ സഹായിക്കണമേ, ഞാൻ പ്രാർത്ഥിച്ചു.
എന്നെ നയിക്കാൻ ദൈവം വിഭവങ്ങളും ആളുകളെയും നൽകി: പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരും പ്രക്ഷേപകരും ഒപ്പം എക്സ്പോ സമയത്ത് ഞാൻ ശ്രദ്ധിക്കാതെ പോയ വിശദാംശങ്ങൾ ഓർമ്മപ്പെടുത്താൻ വ്യക്തികളെയും ദൈവം നൽകി. പിന്നിലേക്ക് നോക്കുമ്പോൾ, സംപ്രേക്ഷണം നന്നായി നടന്നുവെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്താണ് വേണ്ടതെന്ന് അവന് അറിയാമായിരുന്നു, അവൻ എനിക്ക് ഇതിനകം തന്നിട്ടുള്ള കഴിവുകൾ ഉപയോഗിക്കാൻ എന്നെ സഹായിച്ചു.
ദൈവം നമ്മെ ഒരു ജോലിക്ക് വിളിക്കുമ്പോൾ അതിനായി നമ്മെ സജ്ജരാക്കുന്നു. അവൻ സമാഗമനകൂടാരത്തിൽ വേല ചെയ്യാൻ ബെസലേലിനെ ഏൽപ്പിച്ചപ്പോൾ, ബെസലേൽ ഇതിനകം തന്നെ ഒരു വിദഗ്ധ ശില്പിയായിരുന്നു. ദൈവം അവനെ തന്റെ ആത്മാവിനാലും ജ്ഞാനം, വിവേകം, അറിവ്, എല്ലാത്തരം കഴിവുകൾ എന്നിവയാലും നിറച്ചുകൊണ്ട് അവനെ കൂടുതൽ സജ്ജനാക്കി (പുറപ്പാട് 31:3). ദൈവം അവനു ഒഹോലിയാബ് എന്ന ഒരു സഹായിയെയും വിദഗ്ധ തൊഴിലാളികളെയും നൽകി (വാക്യം 6). അവന്റെ വൈദഗ്ധ്യത്തോടെ, സംഘം സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും പുരോഹിതന്മാരുടെ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. യിസ്രായേല്യരുടെ ശരിയായ ദൈവാരാധനയിൽ ഇവ പ്രധാന പങ്കുവഹിച്ചു (വാ. 7-11).
ബെസലേൽ എന്ന വാക്കിനർത്ഥം “ദൈവത്തിന്റെ നിഴലിൽ’’ എന്നാണ്. ദൈവത്തിന്റെ സംരക്ഷണത്തിനും ശക്തിക്കും കരുതലിനും കീഴിൽ കരകൗശലക്കാരൻ ആജീവനാന്ത പദ്ധതിയിൽ പ്രവർത്തിച്ചു. നാം പൂർത്തിയാക്കേണ്ട ഒരു ദൗത്യം നിർവഹിക്കുമ്പോൾ നമുക്ക് ധൈര്യത്തോടെ അവന്റെ നിർദ്ദേശം അനുസരിക്കാം. നമുക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ, എപ്പോൾ നൽകണമെന്നും അവനറിയാം. കാരെൻ ഹുവാങ്
എന്ത് ദൗത്യം നിർവഹിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? ഏതെല്ലാം മേഖലകളിലെ അവന്റെ മാർഗ്ഗനിർദ്ദേശത്തിനായിട്ടാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്?
പിതാവേ, എനിക്ക് ആവശ്യമുള്ളതെല്ലാം നൽകി
എന്നെ സജ്ജനാക്കിയതിന് നന്ദി പറയുന്നു.

ഒരു വേദി മാറ്റം
ഞങ്ങൾ ... ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. [ 2 കൊരിന്ത്യർ 5:8 ]
ഒരു വേദി മാറ്റം
2020-ൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയ സമയത്ത് എന്റെ സ്നേഹിത ജോവാൻ ഒരു സ്ട്രോക്ക് മൂലം മരിച്ചു. അവളുടെ അനുസ്മരണ ചടങ്ങ് അവളുടെ പള്ളിയിൽ വെച്ചായിരിക്കുമെന്ന് അവളുടെ കുടുംബം ആദ്യം അറിയിച്ചു, എങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ചടങ്ങ് വീട്ടിൽ വെച്ചു നടത്തുന്നതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചു. ഓൺലൈനിൽ വന്ന പുതിയ അറിയിപ്പ് ഇങ്ങനെ ആയിരുന്നു: ജോവാൻ വാർണേഴ്സ്-വേദി മാറ്റം.
അതേ, അവളുടെ വേദി മാറിയിരിക്കുന്നു! അവൾ ഭൂമിയിലെ വേദിയിൽ നിന്ന് സ്വർഗ്ഗത്തിലെ വേദിയിലേക്ക് പോയി. വർഷങ്ങൾക്ക് മുമ്പ് ദൈവം അവളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. ഏകദേശം അമ്പത് വർഷക്കാലം അവൾ അവനെ സ്നേഹപൂർവ്വം സേവിച്ചു. ഹോസ്പിറ്റലിൽ മരണം കാത്ത് കിടക്കുമ്പോൾ പോലും, താൻ സ്നേഹിക്കുന്നവരിൽ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് അവൾ ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ അവന്റെ കൂടെയാണ്; അവൾ സ്ഥലങ്ങൾ മാറി.
അപ്പൊസ്തലനായ പൗലൊസിന് ക്രിസ്തുവിനോടൊപ്പം മറ്റൊരു സ്ഥലത്ത് ആയിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു (2 കൊരിന്ത്യർ 5:8), എന്നാൽ താൻ സേവിക്കുന്ന ആളുകൾ നിമിത്തം ഭൂമിയിൽ തുടരുന്നതാണ് നല്ലതെന്ന് അവനും തോന്നി. അവൻ ഫിലിപ്പിയർക്ക് എഴുതി, “എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം’’ (ഫിലിപ്പിയർ 1:24). ജോവാനെപ്പോലെയുള്ള ഒരാളെ ഓർത്ത് നാം ദുഃഖിക്കുമ്പോൾ, ഇതുപോലെ നാമും ദൈവത്തോട് നിലവിളിച്ചേക്കാം: എനിക്കും അവർ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മറ്റ് പലർക്കും അവരെ ഇവിടെ ആവശ്യമുണ്ട്. എന്നാൽ അവരുടെയും നമ്മുടെയും സ്ഥലങ്ങൾ മാറ്റുന്നതിനുള്ള ഏറ്റവും നല്ല സമയം ദൈവത്തിനറിയാം.
നാം അവനെ മുഖാമുഖം കാണുന്നതുവരെ — അത് അത്യന്തം കാമ്യമാണ് —ആത്മാവിന്റെ ശക്തിയിൽ, നാം ഇപ്പോൾ “[ദൈവത്തെ] പ്രസാദിപ്പിക്കുന്നവർ ആകുന്നതിൽ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9). ആനി സീറ്റാസ്
നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നയിടത്ത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള നിങ്ങളുടെ സ്നേഹം എങ്ങനെയാണ് നിങ്ങൾ വെളിപ്പെടുത്തുന്നത്?
ഇന്ന് നിങ്ങൾക്ക് അവനെ എങ്ങനെ സേവിക്കാൻ കഴിയും?
ദൈവമേ, ഞാൻ എന്നെ വീണ്ടും അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ
സ്നേഹത്തിന്റെ ആത്മാവിനാൽ എന്നെ നിറയ്ക്കുകയും എന്റെ ജീവിതം അങ്ങേയ്ക്കുള്ളതായി കണക്കാക്കുകയും ചെയ്യണമേ.
ഒ

ദൈവത്തിന്റെ കൈപ്പണി
പുതിയ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽനിന്നുള്ള അഗാധമായ ബഹിരാകാശത്തിന്റെ ആദ്യ ചിത്രങ്ങൾക്കായി, 2022 ജൂലൈ 12-ന് ശാസ്ത്രജ്ഞർ കാത്തിരുന്നു. അത്യാധുനിക ദൂരദർശിനിക്ക് മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്തതിലും കൂടുതൽ ആഴത്തിൽ പ്രപഞ്ചത്തിലേക്ക് നോക്കാൻ കഴിയും. പെട്ടെന്ന് ഒരു ചിത്രം സ്ക്രീനിൽ തെളിഞ്ഞു: കരീന നെബുലയുടെ ഒരു വർണ്ണ സ്പേസ്-സ്കേപ്പ് ചിത്രം. ഇതുപോലെയൊന്ന് മുമ്പൊരിക്കലും കണ്ടിട്ടില്ല. നാസയുടെ ഒരു ജ്യോതിശാസ്ത്രജ്ഞൻ കാൾ സാഗൻ എന്ന പ്രശസ്ത നിരീശ്വരവാദിയെ ഉദ്ധരിച്ചു: “എവിടെയോ, അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു.’’
ചിലപ്പോൾ ആളുകൾക്ക് ദൈവത്തിന്റെ കണ്ണിൽ തന്നെ നോക്കുമ്പോഴും അവനെ കാണാതെയിരിക്കാം. എന്നാൽ സങ്കീർത്തനക്കാരനായ ദാവീദ് ആകാശത്തേക്ക് നോക്കുകയും താൻ കാണുന്നതെന്താണെന്ന് കൃത്യമായി അറിയുകയും ചെയ്തു: “നീ ആകാശത്തിൽ നിന്റെ തേജസ്സ് വെച്ചിരിക്കുന്നു’’ (സങ്കീർത്തനം 8:1). “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’ എന്ന് സാഗൻ പറഞ്ഞത് ശരിയാണ്. പക്ഷേ ദാവീദ് വ്യക്തമായി മനസ്സിലാക്കിയ കാര്യം അംഗീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?’’ (വാ. 3-4).
അഗാധമായ ബഹിരാകാശത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ ആശ്ചര്യപ്പെടുന്നത് സാങ്കേതികതയുടെ മികവു കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ കരവിരുതിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണ്. സൃഷ്ടിയുടെ വിശാലതയിൽ ദൈവം നമ്മെ “[തന്റെ] കൈകളുടെ പ്രവൃത്തികൾക്ക് അധിപതിയാക്കി” (വാ. 6). ആയതിനാൽ നാം ആശ്ചര്യപ്പെടുന്നു. തീർച്ചയായും “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’— അത് യേശു തന്നിൽ വിശ്വസിക്കുന്നവരെ തന്റെ അടുക്കൽ കൊണ്ടുവരാനായി കാത്തിരിക്കുന്ന ദൈവമാണ്. അതാണ് ഏറ്റവും ആശ്വാസകരമായ ചിത്രം.

ഭോഷ്കും സത്യവും
വലിയ നുണകൾ ചെറിയ നുണകളേക്കാൾ ശക്തമാണെന്ന് അഡോൾഫ് ഹിറ്റ്ലർ വിശ്വസിക്കുകയും, നിർഭാഗ്യവശാൽ, തന്റെ സിദ്ധാന്തം വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ, മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിൽ താൻ സംതൃപ്തനാണെന്ന് അയാൾ അവകാശപ്പെട്ടു. അധികാരത്തിലെത്തിയപ്പോൾ ആരെയും പീഡിപ്പിക്കാൻ തന്റെ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മാധ്യമങ്ങളെ ഉപയോഗിച്ച് സ്വയം പിതൃവ്യക്തിയായും സദാചാര നേതാവായും ചിത്രീകരിച്ചു.
നമ്മുടെ ജീവിതത്തിൽ അധികാരം നേടാൻ സാത്താൻ നുണകൾ ഉപയോഗിക്കുന്നു. സാധ്യമാകുമ്പോഴെല്ലാം, അവൻ ഭയവും കോപവും നിരാശയും ഉണർത്തുന്നു, കാരണം അവൻ “ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു’’ (യോഹന്നാൻ 8:44). സാത്താന് സത്യം പറയാൻ കഴിയില്ല, കാരണം യേശു പറഞ്ഞതുപോലെ, അവന്റെ ഉള്ളിൽ ഒരു സത്യവുമില്ല.
ശത്രുവിന്റെ ചില നുണകൾ ഇതാ. ഒന്നാമതായി, നമ്മുടെ പ്രാർത്ഥനകൾകൊണ്ടു കാര്യമില്ല. സത്യമതല്ല, അവ പ്രധാനമാണ്. ബൈബിൾ പറയുന്നു, “നീതിമാന്റെ പ്രാർത്ഥന വളരെ ഫലിക്കുന്നു’’ (യാക്കോബ് 5:16). രണ്ടാമതായി, നമ്മൾ പ്രശ്നത്തിലാകുമ്പോൾ പുറത്തുകടക്കാൻ ഒരു വഴിയുമില്ല. ഇതും തെറ്റാണ്. “ദൈവത്തിന് സകലവും സാധ്യമാണ്’’ (മർക്കൊസ് 10:27), കൂടാതെ “അവൻ പോക്കുവഴിയും ഉണ്ടാക്കും’’ (1 കൊരിന്ത്യർ 10:13). മൂന്നാമതായി, ദൈവം നമ്മെ സ്നേഹിക്കുന്നില്ല. അത് കള്ളമാണ്. ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽ നിന്ന് “നമ്മെ വേർപിരിക്കാൻ’’ ഒന്നിനും കഴികയില്ല (റോമർ 8:38-39). ദൈവത്തിന്റെ സത്യം നുണയെക്കാൾ ശക്തമാണ്. നാം യേശുവിന്റെ കല്പനകളെ അവന്റെ ശക്തിയാൽ അനുസരിക്കുന്നുവെങ്കിൽ, നാം “സത്യം അറിയുകയും’’ അസത്യത്തെ തള്ളിക്കളയുകയും “സത്യം നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും’’ (യോഹന്നാൻ 8:31-32).
