
മൂന്ന് രാജാക്കന്മാർ
പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.
ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?
അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).
ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.

വെണ്ണീറിനു പകരംസൗന്ദര്യം
കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീപിടുത്തമായ മാർഷൽ ഫയറിന് ശേഷം, വിലപിടിപ്പുള്ള വസ്തുക്കൾക്കായി ചാരത്തിൽ തിരയുന്നതിനായി കുടുംബങ്ങളെ സഹായിക്കാമെന്ന്് ഒരു സംഘടന വാഗ്ദാനം ചെയ്തു. നശിക്കാതെ കിടപ്പുണ്ടെന്ന് കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് അവർ പരാമർശിച്ചു. അതു വളരെ കുറവായിരുന്നു. ഒരാൾ തന്റെ വിവാഹ മോതിരത്തെക്കുറിച്ച് ആർദ്രമായി സംസാരിച്ചു. അയാൾ അത് മുകൾ നിലയിലെ കിടപ്പുമുറിയിൽ തന്റെ മേശയിലാണ് വെച്ചിരുന്നത്. വീട് ഇപ്പോൾ ഇല്ലാതായി, അതിന്റെ സാധനങ്ങൾ താഴത്തെ നിലയിൽ അവശിഷ്ടങ്ങളുടെ ഒരു പാളിയായി ഉരുകിക്കിടന്നിരുന്നു. കിടപ്പുമുറി ഉണ്ടായിരുന്ന അതേ മൂലയിൽ അവർ മോതിരത്തിനായി തിരച്ചിൽ നടത്തി-പക്ഷേ വിജയിച്ചില്ല.
യെരൂശലേമിന്റെ ആസന്നമായ നാശത്തെക്കുറിച്ച് അത് ഇടിച്ചു നിരത്തപ്പെടും എന്ന് യെശയ്യാ പ്രവാചകൻ ദുഃഖത്തോടെ എഴുതി. അതുപോലെ, നമ്മൾ കെട്ടിപ്പടുത്ത ജീവിതം ചാരമായി മാറിയതായി നമുക്ക് തോന്നുന്ന സമയങ്ങളുണ്ട്. വൈകാരികമായും ആത്മീയമായും ഒന്നും അവശേഷിക്കുന്നില്ലെന്ന് നമുക്ക് തോന്നുന്നു. എന്നാൽ യെശയ്യാവ് നമുക്കു പ്രത്യാശ നൽകുന്നു: ''ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും ... അവൻ എന്നെ അയച്ചിരിക്കുന്നു'' (യെശയ്യാവ് 61:1-2). ദൈവം നമ്മുടെ ദുരന്തത്തെ മഹത്വമാക്കി മാറ്റുന്നു: '[അവൻ] അവർക്ക് വെണ്ണീറിന്നു പകരം അലങ്കാരമാല നൽകും' (വാ. 3). 'അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടു പോക്കുകയും ചെയ്യും” എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 4).
ആ മാർഷൽ ഫയർ മേഖലയിൽൽ, ഒരു സ്ത്രീ അതിനെതിർവശത്തുള്ള ചാരക്കൂമ്പാരത്തിൽ തിരഞ്ഞു. അവിടെ, അവളുടെ ഭർത്താവിന്റെ വിവാഹ മോതിരം അതിന്റെ കേസിനകത്ത് ഭദ്രമായി കിടപ്പുണ്ടായിരുന്നു. നിങ്ങളുടെ നിരാശയിൽ, ദൈവം നിങ്ങളുടെ ചാരത്തിൽ എത്തുകയും യഥാർത്ഥത്തിൽ വിലയേറിയ ഒരു വസ്തുവിനെ പുറത്തെടുക്കുകയും ചെയ്യുന്നു - നിങ്ങളെ.

എല്ലാവർക്കും ഒരു വാതിൽ
എന്റെ ബാല്യകാലത്ത് ഞങ്ങളുടെ അയൽപക്കത്തുള്ള റസ്റ്റോറന്റിലെ പ്രോട്ടോക്കോളുകൾ 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും നിലവിലിരുന്ന സാമൂഹികവും വംശീയവുമായ രീതികളുമായി പൊരുത്തപ്പെടുന്നവയായിരുന്നു. അടുക്കള സഹായികൾ-മേരി, പാചകക്കാരി, എന്നെപ്പോലെ പാത്രം കഴുകുന്നവർ-കറുത്തവരായിരുന്നു; എന്നിരുന്നാലും, റെസ്റ്റോറന്റിലെ മുതലാളിമാർ വെള്ളക്കാരായിരുന്നു. കറുത്തവർഗ്ഗക്കാരായ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു, പക്ഷേ അവർ അത് പിൻവാതിലിൽ വന്ന് വാങ്ങേണ്ടിവന്നു. അത്തരം നയങ്ങൾ ആ കാലഘട്ടത്തിൽ കറുത്തവർഗ്ഗക്കാരോടുള്ള അസമത്വത്തെ ശക്തിപ്പെടുത്തി. അതിനുശേഷം നാം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ആളുകൾ എന്ന നിലയിൽ നമ്മൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വളർച്ചയ്ക്ക് ഇനിയും ഇടമുണ്ട്.
റോമർ 10:8-13 പോലുള്ള തിരുവെഴുത്തുകൾ ദൈവകുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഉണ്ടെന്ന് കാണാൻ നമ്മെ സഹായിക്കുന്നു; അവിടെ പിൻവാതിൽ ഇല്ല. എല്ലാവരും ഒരേ വഴിയിൽ - ശുദ്ധീകരണത്തിനും പാപമോചനത്തിനും വേണ്ടിയുള്ള യേശുവിന്റെ മരണത്തിലുള്ള വിശ്വാസത്തിലൂടെ - പ്രവേശിക്കുന്നു. ഈ പരിവർത്തനാനുഭവത്തിന്റെ ബൈബിൾ പദം രക്ഷിക്കപ്പെട്ടവർ എന്നാണ് (വാ. 9, 13). നിങ്ങളുടെയോ മറ്റുള്ളവരുടെയോ സാമൂഹിക സാഹചര്യമോ വംശീയ നിലയോ സമവാക്യത്തിൽ പെടുന്നില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ, “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല.'' അതിനാൽ യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു'' (വാ. 11-12). യേശുവിനെക്കുറിച്ചുള്ള ബൈബിൾ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ വിശ്വസിക്കുന്നുണ്ടോ? കുടുംബത്തിലേക്ക് സ്വാഗതം!

അധൈര്യപ്പെടരുത്
എന്റെ അമ്മ ഡൊറോത്തിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്ന സമയം ഞാൻ ഓർക്കുന്നില്ല. ഒരു കടുത്ത പ്രമേഹരോഗിയായതിനാൽ വർഷങ്ങളോളം അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായിരുന്നു. സങ്കീർണ്ണതകൾ വികസിക്കുകയും തകരാറിലായ വൃക്കകൾക്ക് സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. ന്യൂറോപ്പതിയും ഒടുഞ്ഞ അസ്ഥികളും നിമിത്തം വീൽചെയറിന്റെ ഉപയോഗിക്കേണ്ട അവശ്യത്തിലേക്കു നയിച്ചു. അമ്മയുടെ കാഴ്ചയും മങ്ങാൻ തുടങ്ങി.
എന്നാൽ അമ്മയുടെ ശരീരം ബലഹീനമായപ്പോൾ, അമ്മയുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഊർജ്ജസ്വലമായി വളർന്നു. മറ്റുള്ളവർ ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി അവൾ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തിരുവെഴുത്തുകളിലെ വിലയേറിയ വാക്കുകൾ അവൾക്ക് മധുരമായി തീർന്നു. അവളുടെ കാഴ്ച മങ്ങുന്നതിനുമുമ്പ്, 2 കൊരിന്ത്യർ 4-ലെ വാക്കുകൾ ഉൾപ്പെടുത്തി അവൾ തന്റെ സഹോദരി മാർജോറിക്ക് ഒരു കത്ത് എഴുതി: ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു'' (വാ. 16).
“അധൈര്യപ്പെടുന്നത്'' എത്ര എളുപ്പമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 2 കൊരിന്ത്യർ 11-ൽ, അവൻ തന്റെ ജീവിതം -അപകടത്തിന്റെയും വേദനയുടെയും ഇല്ലായ്മയുടെയും - വിവരിക്കുന്നു (വാ. 23-29). എങ്കിലും അവൻ ആ ''പ്രശ്‌നങ്ങൾ'' താൽക്കാലികം എന്ന നിലയിൽ വീക്ഷിച്ചു. കാണുന്നതിനെക്കുറിച്ചു മാത്രമല്ല, നമുക്ക് കാണാൻ കഴിയാത്തതിനെ കുറിച്ചും - നിത്യമായവയെ - ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു ( 4:17-18).
നമുക്ക് എന്തു സംഭവിച്ചാലും, നമ്മുടെ സ്‌നേഹവാനായ പിതാവ് എല്ലാ ദിവസവും നമ്മുടെ ആന്തരിക നവീകരണം തുടരുകയാണ്. നമ്മോടൊപ്പം അവന്റെ സാന്നിധ്യം ഉറപ്പാണ്. പ്രാർത്ഥന എന്ന ദാനത്തിലൂടെ, അവൻ ഒരു ശ്വാസം മാത്രം അകലെയാണ്. നമ്മെ ശക്തിപ്പെടുത്താനും പ്രത്യാശയും സന്തോഷവും നൽകാനുമുള്ള അവന്റെ വാഗ്ദാനങ്ങൾ സത്യമായി നിലകൊള്ളുന്നു.

ദൈവത്തിനു കീഴടങ്ങുക
സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നില്ല; തന്നിൽ ആശ്രയിക്കുകയും ചാരുകയും ചെയ്യുന്നവരെ അവൻ സഹായിക്കുന്നു. സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ ചോസൻ എന്ന വിജയകരമായ ടിവി സീരീസിൽ യേശുവിന്റെ വേഷം ചെയ്യുന്ന നടൻ ജോനാഥാൻ റൂമി ഇക്കാര്യം 2018 മെയ് മാസത്തിൽ തിരിച്ചറിഞ്ഞു. എട്ടു വർഷമായി ലോസ് ആഞ്ചലസിൽ താമസിക്കുന്ന റൂമി, ഏതാണ്ട് തകർന്ന അവസ്ഥയിലായി, അടുത്ത ദീവസത്തേക്കുള്ള ഭക്ഷണം പോലും ഇല്ലാതായി. ഒരു ജോലിയും ലഭിച്ചില്ല. എന്തു ചെയ്യണമെന്ന് അറിയാതെ, നടൻ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകരുകയും തന്റെ കരിയർ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. “ഞാൻ കീഴടങ്ങുന്നു” എന്ന വാക്കുകൾ ഞാൻ അക്ഷരാർത്ഥത്തിൽ [പ്രാർത്ഥിച്ചു]. ഞാൻ കീഴടങ്ങുന്നു' അദ്ദേഹം പറഞ്ഞു. അന്നുതന്നേ, തപാലിൽ നാല് ചെക്കുകൾ ലഭിച്ചു. മൂന്ന് മാസത്തിന് ശേഷം, ദ ചോസണിലെ യേശുവിന്റെ വേഷത്തിനായി അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. തന്നിൽ ആശ്രയിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് റൂമി കണ്ടെത്തി.
“ദുഷ്പ്രവൃത്തിക്കാരോടു മുഷിയുകയും നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയും” (സങ്കീർത്തനം 37:1) ചെയ്യാതെ എല്ലാം ദൈവത്തിന് സമർപ്പിക്കാൻ സങ്കീർത്തനക്കാരൻ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ജീവിതം അവനിൽ കേന്ദ്രീകരിക്കുമ്പോൾ, “[അവനിൽ] ആശ്രയിച്ചു നന്മചെയ്യാനും ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കാനും യഹോവയിൽ തന്നേ രസിച്ചുകൊള്ളാനും” (വാ. 3-4) നമുക്കു കഴിയും. നമ്മുടെ എല്ലാ ആഗ്രഹങ്ങളും പ്രശ്‌നങ്ങളും ഉത്കണ്ഠകളും ദൈനംദിന കാര്യങ്ങളും അവനു സമർപ്പിക്കുക. നമ്മുടെ ജീവിതത്തിലെ സംഭവങ്ങൡലൂടെ ദൈവം നമ്മുടെ ജീവിതത്തെ നയിക്കുകയും നമുക്ക് സമാധാനം നൽകുകയും ചെയ്യും (വാ. 5-6). യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതം എന്തായിരിക്കണമെന്ന് നിർണ്ണയിക്കാൻ അവനെ അനുവദിക്കേണ്ടത് പ്രധാനമാണ്.
നമുക്ക് കീഴടങ്ങാം, ദൈവത്തിൽ വിശ്വസിക്കാം. നമ്മൾ ചെയ്യുന്നതുപോലെ, അവൻ നടപടിയെടുക്കുകയും ആവശ്യമായതും മികച്ചതും ചെയ്യുകയും ചെയ്യും.